വിവാഹങ്ങൾ
വിവാഹങ്ങൾ മനുഷ്യ ജീവിതത്തിലെ പ്രധാന സാമൂഹിക ബന്ധമാണ്. ഇസ്‌ലാമിക നിയമങ്ങള്‍ വിവാഹത്തെ വിശുദ്ധവും നിലനില്‍ക്കേണ്ട ബന്ധവുമാക്കി കാണിക്കുന്നു. വേദക്കാരുമായുള്ള വിവാഹം, പ്രേമവിവാഹം, ശൈശവവിവാഹം, രജിസ്റ്റര്‍ വിവാഹം തുടങ്ങിയ വിവിധ രീതികള്‍ വിശദീകരിക്കുകയാണിവിടെ. ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും ഖുര്‍ആനും സുന്നത്തും അനുവദിക്കുന്ന ചില സാഹചര്യങ്ങളിലും നിയന്ത്രിതവും, നിബന്ധിതവുമായ രീതിയിലാണ് അനുവദിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമങ്ങളും രീതികളും സമൂഹത്തിന് വിവാഹബന്ധങ്ങള്‍ ശരിയായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
വേദക്കാരുമായുള്ള വിവാഹം
ആദര്‍ശപ്പൊരുത്തമാണ് ദമ്പതിമാരെ കൂട്ടിയിണക്കാനുള്ള പ്രധാന കണ്ണി. അതുകൊണ്ട് ആദര്‍ശപരമായ യോജിപ്പിനാണ് വിവാഹാലോചനവേളയില്‍ പ്രാമുഖ്യം നല്‍കേണ്ടത്. എന്നാല്‍ യഹൂദരിലും ക്രൈസ്തവരിലും പെട്ട വേദസ്ത്രീകളെ വിവാഹം കഴിക്കാന്‍ മുസ്‌ലിംകള്‍ക്ക് അനുവാദമുണ്ട്. ജൂത-ക്രൈസ്തവര്‍ മുസ്‌ലിംകളോട് തത്ത്വത്തില്‍ ഏക ദൈവ വിശ്വാസത്തില്‍ യോജിപ്പുള്ളവരാണ്. തൗറാത്തിന്റെയും ഇന്‍ജീലിന്റെയും പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുന്ന യഹൂദരും ക്രൈസ്തവരും വേദക്കാര്‍ (അഹ്‌ലുല്‍ കിതാബ) എന്ന നിലയ്ക്കാണ് അല്ലാഹു പരിചയ പ്പെടുത്തുന്നത്.
എന്നാല്‍ മുസ്‌ലിം പെണ്‍കുട്ടികളെ വേദക്കാര്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. ത്രിത്വസിദ്ധാന്തത്തെയും ദൈവപുത്രവാദത്തെയും നിശിതമായി വിമര്‍ശിച്ചിട്ടുള്ള വിശുദ്ധ ഖുര്‍ആനില്‍ വേദക്കാരികളെ വിവാഹം ചെയ്യാന്‍ അനുവദിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: ”എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങള്‍ക്ക് അനുവദനീയമാണ്. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്ന് പതിവ്രതകളായ സ്ത്രീകളും നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും-നിങ്ങളവര്‍ക്ക് വിവാഹമൂല്യം നല്‍കിയിട്ടുണ്ടെങ്കില്‍- നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു (5:5).
ദമ്പതിമാരുടെ ഇസ്‌ലാമാശ്ലേഷണം
ദമ്പതിമാരായ അമുസ്‌ലിംകളുടെ ഇസ്‌ലാമാശ്ലേഷണം മൂന്ന് അവസ്ഥയിലാണ് ഉണ്ടാവുന്നത്. സ്ത്രീയും പുരുഷനും ഒന്നിച്ച് ഒരേ സമയം ഇസ്‌ലാമിലേക്ക് വരികയോ സ്ത്രീ ആദ്യം ഇസ്‌ലാമിലേക്ക് വന്നശേഷം പുരുഷന്‍ മുസ്‌ലിമാവുകയോ പുരുഷന്‍ ഇസ്‌ലാമാശ്ലേഷിച്ചശേഷം സ്ത്രീ മുസ്‌ലിമാവുകയോ ചെയ്യുക എന്നതാണത്. അമുസ്‌ലിംകളായ ദമ്പതിമാര്‍ ഒന്നിച്ച് ഇസ്‌ലാം സ്വീകരിക്കുന്നപക്ഷം അവര്‍ക്ക് ഭാര്യാഭര്‍ത്താക്കളായി തുടരാം. വേറെ നിക്കാഹോ മഹ്‌റോ ആവശ്യമില്ല. അതേയവസരത്തില്‍ ആ ദമ്പതികള്‍ ഇസ്‌ലാം വിവാഹബന്ധം നിഷിദ്ധമാക്കിയ ഗണത്തില്‍ പെട്ടവരാണെങ്കില്‍ അവരെ വേര്‍പിരിക്കണം. അവരുടെ വിവാഹബന്ധത്തിന് നിയമസാധുത ഉണ്ടായിരിക്കുന്നതുമല്ല. ഒരു ഭര്‍ത്താവിന്റെ കൂടെ ഭാര്യമാരായി രണ്ട് സഹോദരിമാരുണ്ടാവുകയും മൂന്നുപേരും ഒരുമിച്ച് ഇസ്‌ലാം സ്വീകരിക്കുകയുമാണെങ്കില്‍ ഒരു ഭാര്യ അഥവാ സഹോദരിയെ ഒഴിവാക്കണം.
ദഹ്ഹാകുബ്‌നുഫയ്‌റൂസിന്റെ പിതാവ് ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ സഹോദരിമാരായ രണ്ടു ഭാര്യമാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അവരില്‍ ഒരുവളെ പിരിച്ചയക്കാന്‍ നബി(സ്വ) അദ്ദേഹത്തോട് കല്പിച്ചു. നാലിലധികം ഭാര്യമാരുള്ള ഘട്ടത്തില്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ നാലുപേരെ നിലനിര്‍ത്തി കൂടുതലുള്ളവരെ ഒഴിവാക്കുകയാണു വേണ്ടത്.
ദമ്പതിമാരില്‍ ഭാര്യ മാത്രം ഇസ്‌ലാം സ്വീകരിച്ചാല്‍ ആ വിവാഹം ദുര്‍ബലപ്പെടുന്നു. ശേഷം അവള്‍ ഇദ്ദ ആചരിക്കണം. ഇദ്ദകാലയളവില്‍ ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിച്ചാല്‍ അവര്‍ക്ക് വീണ്ടും ദമ്പതിമാരായി കഴിയുന്നതില്‍ ഇസ്‌ലാമികദൃഷ്ട്യാ വിലക്കില്ല. പുരുഷന്‍ ആദ്യം മുസ്‌ലിമായാല്‍ അമുസ്‌ലിമായ തന്റെ ഭാര്യയുമായി ലൈംഗികബന്ധം സ്ഥാപിക്കുവാന്‍ പാടില്ല. വേദക്കാരിയാണെങ്കില്‍ വിരോധമില്ല. പ്രവാചക പുത്രി സൈനബ(റ) മുസ്‌ലിമായശേഷം 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് അവരുടെ ഭര്‍ത്താവ് മുസ്‌ലിമാവുന്നത്. അവിശ്വാസിനികളായ സ്ത്രീകളുമായി വിവാഹബന്ധം പാടില്ലെന്ന് നിര്‍ദേശിക്കുന്ന ആയത്ത് അവതരിച്ച് ആറുവര്‍ഷം കഴിഞ്ഞതിന്റെ ശേഷമായിട്ടുകൂടി നബി(സ്വ) തന്റെ പുത്രി സൈനബ്(റ)യെ അവളുടെ ഭര്‍ത്താവ് അബൂആസ്വിന് ആദ്യവിവാഹത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ തിരിച്ചുകൊടുത്തു. ഈ നിയമം അവതരിച്ചപ്പോള്‍ നബി(സ്വ) പുത്രിയോട് ഭര്‍ത്താവിന് എല്ലാ ശുശ്രൂഷയും ചെയ്തുകൊടുക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ലൈംഗികബന്ധം പാടില്ലെന്ന് കല്പിച്ചു. പുത്രിയുടെയും ഭര്‍ത്താവിന്റെയും ഇസ്‌ലാം ആശ്ലേഷത്തിന്റെ ഇടയില്‍ ദീര്‍ഘകാലയളവുണ്ടായിട്ടും നബി(സ്വ) അവര്‍ക്ക് പുതിയ വിവാഹം നടത്തുകയുണ്ടായിട്ടില്ല. ഇക്‌രിമ(റ) മുസ്‌ലിമാകുന്നതിനു മുമ്പുതന്നെ ഭാര്യ ഉമ്മുഹകീം മുസ്‌ലിമായി. അബൂസുഫ്‌യാന്‍ മുസ്‌ലിമായി കുറെ കഴിഞ്ഞ ശേഷമാണ് ഭാര്യ ഹിന്ദ് മുസ്‌ലിമാകുന്നത്. തന്റെ ഭാര്യ മുസ്‌ലിമാകുന്നതിന് കുറെ മുമ്പുതന്നെ ഹകീമുബ്‌നുഹിസാം മുസ്‌ലിമായി. ഇവരുടെ ഇടയില്‍ ഒന്നും തന്നെ നബി(സ്വ) പുതിയ വിവാഹം നടത്തുവാന്‍ നിര്‍ദേശിച്ചിട്ടില്ല.
പ്രേമവിവാഹം
മനുഷ്യരെ ഇണകളായി സൃഷ്ടിക്കുകയും ആ ഇണകള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തവനാണ് അല്ലാഹു. ഇണയുമൊത്തുള്ള ജീവിതത്തിലൂടെ സമാധാനം അനുഭവിക്കാനാവണമെന്നതാണ് മതത്തിന്റെ താല്പര്യം. സ്‌നേഹവും കാരുണ്യവും അല്ലാഹു ഇരുവരുടെയും മനസ്സില്‍ ഇട്ടുകൊടുത്ത വികാരമാണ്. വിശുദ്ധ ഖുര്‍ആനില്‍(30:21) ചിന്തനീയമായ ദൈവികദൃഷ്ടാന്തമായി ഇത് എടുത്തുപറഞ്ഞിട്ടുണ്ട്.
സ്‌നേഹവും കാരുണ്യവുമാണ് ദാമ്പത്യബന്ധത്തിന്റെ അഴകും അര്‍ഥവും നിലനിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഇണകളായി ജീവിക്കുന്നതിന്റെ മുന്നോടിയായി നടക്കേണ്ട വിവാഹകര്‍മത്തിലേക്ക് വധൂവരന്മാര്‍ എത്തുന്നത് പരസ്പരം കണ്ടും അറിഞ്ഞും തൃപ്തിപ്പെട്ടുമായിരിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. മനസ്സിനിണങ്ങിയവളെ വധുവായി കിട്ടണമെന്ന് ആഗ്രഹിക്കുകയും മതം നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ട് യോജിച്ച ഇണയെ അന്വേഷിക്കുകയുമാവാം. മതബോധവും സംസ്‌കാരവുമുള്ളവര്‍ക്ക് മുന്തിയ പരിഗണന നല്‍കി യോജിച്ച ഇണയെ കണ്ടെത്തിയാല്‍ അവളുടെ ഇഷ്ടം നേടാന്‍ വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്യാം. വലിയ്യ്(രക്ഷാധികാരി) പെണ്‍കുട്ടിയെ വരന് വിവാഹം ചെയ്തുകൊടുക്കുന്നതു വരെ വിവാഹിതരാവാന്‍ പോകുന്നവര്‍ അന്യസ്ത്രീയും പുരുഷനും തന്നെയാണ്. അതുകൊണ്ടു തന്നെ അന്യ സ്ത്രീയും പുരുഷനും ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെല്ലാം ഇരുവരും പാലിക്കണം. നേരത്തെ പരിചയമുള്ളവരാണെങ്കിലും വിവാഹം നടക്കുന്നതിന് മുമ്പ് പ്രതിശ്രുത വധുവിനോടൊപ്പം യാത്ര ചെയ്യുകയോ അവര്‍ മാത്രമായി ഒന്നിച്ചുകൂടുകയോ ഒന്നിച്ചു താമസിക്കുകയോ ചെയ്യുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല.
അന്യ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ കൂടുതല്‍ ഇടപഴകാന്‍ അവസരം ലഭിക്കുന്നത് അവിഹിതമായ ബന്ധത്തിലേക്ക് എത്തിക്കും. ഒടുവില്‍ വിവാഹം കഴിക്കാമെന്ന വാഗ്ദാനവുമായി ഇരുവരും പ്രേമജീവിതം നയിക്കും. വിവാഹത്തിലൂടെ തനിക്ക് അവകാശപ്പെട്ടവളാവാന്‍ പോകുന്നുവെന്ന ന്യായത്തില്‍ വിവാഹത്തിന് മുമ്പ് ഒന്നിച്ചുള്ള യാത്രയും അന്യസ്ത്രീ പുരുഷന്മാര്‍ തമ്മില്‍ പാലിക്കേണ്ട നിയമങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള കൂടിച്ചേരലുകളും മതവിരുദ്ധമാണ്. ഇഷ്ടപ്പെട്ടവളെ ഇണയായി സ്വീകരിക്കുന്നതിന് മതം എതിരല്ല. എന്നാല്‍ വിവാഹത്തിന് മുമ്പും ശേഷവും ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ള ജീവിതരീതിയാണ് സ്വീകരിക്കേണ്ടത്.
ശൈശവവിവാഹം
ശാരീരികവും മാനസികവുമായ പക്വത എത്തുന്നതിന് മുന്‍പ് ആണ്‍കട്ടിയും പെണ്‍കുട്ടിയും തമ്മില്‍ നടക്കുന്ന വിവാഹത്തെയാണ് ശൈശവ വിവാഹം എന്ന് പറയുന്നത്. ശാരീരികമായി അപക്വമായ പ്രായത്തിലുള്ള വിവാഹമാകയാല്‍ യു എന്‍ വനിതാസമിതി ശൈശവവിവാഹത്തെ 18 വയസ്സിന് മുന്‍പുള്ള നിര്‍ബന്ധിത വിവാഹം എന്നുകൂടി വിളിക്കുന്നു. പെണ്‍കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് ഒരു ബാധ്യതയാണെന്ന തെറ്റായ സങ്കല്പമോ ചെറുപ്രായത്തില്‍ വിവാഹം ചെയ്തുകൊടുക്കുന്നതിലൂടെ സ്ത്രീധനം കുറച്ചുകൊടുത്താല്‍ മതിയെന്ന വിശ്വാസമോ പെണ്‍കുട്ടിയുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആവലാതികളോ ഒക്കെയാണ് ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നത്. ഇത് കൂടുതല്‍ ചൂഷണത്തിനുള്ള വഴിതുറക്കുമെന്നതിനാല്‍ 1930 ഏപ്രില്‍ 1ന് ശൈശവവിവാഹ നിയന്ത്രണനിയമം പ്രാബല്യത്തില്‍വന്നു. 2007ല്‍ ശൈശവവിവാഹ നിരോധന നിയമവും പ്രാബല്യത്തില്‍ വരികയുണ്ടായി. 2006ലെ ശൈശവ വിവാഹനിരോധന നിയമപ്രകാരം 18 വയസ്സിന് മുകളിലുള്ള ഒരു പുരുഷന്‍ 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്ന പക്ഷം അവന്‍ 2 വര്‍ഷം വരെയുള്ള കഠിനതടവോ ഒരു ലക്ഷംരൂപ പിഴയോ രണ്ടും കൂടിയോ ഉള്ള ശിക്ഷക്ക് അര്‍ഹനാണ്.
മതദൃഷ്ട്യാ വിവാഹമെന്നത് കുടുംബ ജീവിതത്തിന് അടിത്തറ പാകുന്ന മംഗള കര്‍മമാണ്. പക്വതയും ബുദ്ധിയും വിവേകവും എത്തുന്ന പ്രായത്തില്‍ വിവാഹിതാരകുമ്പോള്‍ മാത്രമേ ദമ്പതികള്‍ക്ക് വിവാഹത്തിന്റെ ലക്ഷ്യം ഉള്‍ക്കൊണ്ട് സന്തോഷപ്രദമായ കുടുംബജീവിതം നയിക്കാന്‍ സാധിക്കുകയുള്ളൂ. ഇസ്‌ലാം വിവാഹത്തിന് നിര്‍ണിതമായ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. പക്വതയും വിവേകവും എത്തുക എന്നതാണ് നിബന്ധന. ഇണയില്‍ നിന്ന് കിട്ടേണ്ട സംതൃപ്തിയും സന്തോഷവും ലഭിച്ച് ജീവിത്തില്‍ മനഃസമാധാനം നിലനിര്‍ത്താന്‍ പക്വതയുടെ പ്രായത്തില്‍ എത്താത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിലൂടെ സാധിക്കുകയില്ല. സ്ത്രീ പുരുഷരഹസ്യം മനസ്സിലാക്കിയിട്ടില്ലാത്ത ശൈശവ പ്രായത്തിലുള്ളവരെ വിവാഹം ചെയ്യാന്‍ ഇസ്‌ലാം സമ്മതിക്കുന്നില്ല. വിവാഹത്തിന്റെ പ്രായപരിധിയായി ഇസ്‌ലാം കാണുന്നത് ബുദ്ധിയും വിവേകവും എത്തുക എന്നതാണെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു:
”അനാഥകുട്ടികളെ നിങ്ങള്‍ പരീക്ഷിച്ചുനോക്കുക. അങ്ങനെ അവര്‍ വിവാഹപ്രായം എത്തുകയും അവരില്‍ പക്വത(വിവേകം) നിങ്ങള്‍ കാണുകയും ചെയ്താല്‍ അവരുടെ ധനം അവര്‍ക്ക് നിങ്ങള്‍ വിട്ടുകൊടുക്കുവിന്‍ (4:6).
ദമ്പതിമാര്‍ ലൈംഗിക സംതൃപ്തി അനുഭവിക്കുന്നവരും പരസ്പരം ബാധ്യതകളും അവകാശങ്ങളും തിരിച്ചറിഞ്ഞ്(2:228) ജീവിക്കുന്നവരുമാകണം. പക്വതയുടെ പ്രായത്തില്‍ എത്താത്ത സാഹചര്യത്തില്‍ ദമ്പതികള്‍ക്ക് സ്‌നേഹബന്ധം നിലനിര്‍ത്തി ജീവിക്കുക സാധ്യമല്ല. അതുകൊണ്ട് മനശാസ്ത്രപരവും ശാരീരികവുമായ വിജ്ഞാനങ്ങളുടെ വെളിച്ചത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് ദമ്പതിമാര്‍ തമ്മില്‍ പ്രായവ്യത്യാസം ഉണ്ടാവണമെന്നാണ്. ദാമ്പത്യജീവിതത്തില്‍ ഭാര്യയേക്കാള്‍ അഞ്ചോ ആറോ വയസ്സെങ്കിലും ഭര്‍ത്താവിന് അധികമുണ്ടാകുന്നതാണ് അഭിലഷണീയം.
രജിസ്റ്റര്‍ വിവാഹം
വധൂവരന്മാര്‍ പരസ്പരം തൃപ്തിപ്പെട്ട് രജിസ്റ്റര്‍ ഓഫീസില്‍വെച്ച് ‘ഞങ്ങള്‍ ഒരുമിച്ച് ദമ്പതിമാരായി കഴിയാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന’ കരാര്‍ ചെയ്യുന്ന രീതിക്കാണ് രജിസ്റ്റര്‍ വിവാഹം എന്ന് സാധരണ പറയുന്നത്. മഹ്‌റോ വലിയ്യോ മതപരമായ കര്‍മങ്ങളോ ഒന്നും തന്നെ ഇല്ലാതെ കേവലം രജിസ്റ്റര്‍ ചെയ്യുക എന്നത് ഇസ്‌ലാമിക വിവാഹമായി പരിഗണിക്കപ്പെടില്ല. എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ വ്യവസ്ഥയുടെ ഭാഗമായി മതപരമായി നിക്കാഹ് നടന്നശേഷം വധൂവരന്മാര്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് ആവശ്യമാണ്. ഔദ്യോഗിക ആനുകൂല്യത്തിനോ നിയമാനുസൃത സര്‍ട്ടിഫിക്കറ്റുകള്‍ക്കോ അത് അനിവാര്യമാണുതാനും.
ബഹുഭാര്യത്വം
വൈയക്തികവും സാമൂഹികവുമായ സുപ്രധാന മാനുഷിക പരിഗണനകള്‍ വെച്ചു കൊണ്ട് കണിശമായ നിബന്ധനകള്‍ക്കു വിധേയമായി ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം ചെയ്യാന്‍ ഇസ്‌ലാം പുരുഷന് അനുവാദം നല്‍കുന്നു. ഏകപത്‌നിയുമായി ജീവിതാന്ത്യംവരെ കഴിയാന്‍ പ്രയാസമുള്ള സാഹചര്യങ്ങളില്‍ മനുഷ്യപ്രകൃതിക്ക് അനുസൃതമായി ഇസ്‌ലാം നിശ്ചയിച്ച ഈ വിവാഹനിയമത്തിലും വ്യക്തമായ യുക്തിയും ലക്ഷ്യവും കാണാന്‍ കഴിയുന്നു.
ഇസ്‌ലാമിനു മുമ്പുള്ള പല സമൂഹങ്ങളും വളരെ കൂടുതല്‍ സ്ത്രീകളെ വിവാഹം ചെയ്യാന്‍ അനുവദിച്ചിരുന്നു. നിയന്ത്രണങ്ങള്‍ക്കോ നിബന്ധനകള്‍ക്കോ വിധേയമല്ലാതെ ഇങ്ങനെ ബഹുഭാര്യത്വം സ്വീകരിക്കുന്നത് ഇസ്‌ലാം എതിര്‍ത്തു. ബഹുഭാര്യത്വത്തിന് പരിധിയും നിബന്ധനയും നിശ്ചയിക്കുകയും ഭാര്യമാര്‍ യാതൊരു കാരണവശാലും നാലില്‍ കൂടുതല്‍ ആവാന്‍ പാടില്ലെന്ന് നിഷ്‌ക്കര്‍ഷിക്കുകയും ചെയ്തു. ഇസ്‌ലാം പ്രചരിച്ചുവന്ന കാലത്ത് അറബികള്‍ക്ക് എട്ടും പത്തും അതിലധികവും ഭാര്യമാരുണ്ടായിരന്നു. ഇവരോടെല്ലാം നബി(സ്വ) പറഞ്ഞത് നിങ്ങള്‍ക്കിഷ്ടപ്പെട്ടവരെ തെരഞ്ഞെടുത്ത് നാലില്‍ പരിമിതപ്പെടുത്തുകയും ബാക്കിയുള്ളവരെ വിവാഹമോചനം നടത്തുകയും ചെയ്യുകയെന്നായിരുന്നു.
പുരുഷന്‍ തന്റെ ഭാര്യയില്‍ നിന്ന് അഭിമുഖീകരിക്കുന്ന വ്യക്തിപരമായ പ്രയാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ബഹുഭാര്യത്വം അനിവാര്യമാകുന്ന സാഹചര്യങ്ങളുണ്ടാവുന്നു. വന്ധ്യത, വാര്‍ധക്യം, നിത്യരോഗം, ആര്‍ത്തവത്തിന്റെ ദൈര്‍ഘ്യം, നിരന്തര പ്രസവം, നിരന്തരയാത്രയും ദീര്‍ഘനാള്‍ നാടുവിട്ട താമസവും ഒക്കെ പുരുഷനെ സംബന്ധിച്ചിടത്തോളം ഏകപത്‌നി മതിയാവാത്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. വൈകാരിക ശമനത്തിന് നിഷിദ്ധവഴികള്‍ തേടാതിരിക്കാനും അവിഹിതബന്ധങ്ങളില്‍ ചെന്നു പെടാതിരിക്കാനും നിയമാനുസൃത മാര്‍ഗത്തിലൂടെ മറ്റൊരുവളെക്കൂടി വിവാഹം ചെയ്യുന്നതിന് മതം അനുവാദം നല്‍കുന്നു.
നിയമവിധേയമായ നിലയില്‍ ബഹുഭാര്യാത്വം സ്വീകരിക്കുമ്പോള്‍ ആദ്യ ഭാര്യയെ നിലനിര്‍ത്തിക്കൊ ണ്ട് രണ്ടുപേര്‍ക്കുമുള്ള സംരക്ഷണവും മറ്റു ജീവിതച്ചെലവുകളും നല്‍കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. ബഹുഭാര്യാത്വം അനിവാര്യമായിത്തീരുന്ന സാമൂഹിക സാഹചര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്.
ഇസ്‌ലാം ബഹുഭാര്യത്വത്തിന് നിര്‍ബന്ധമാക്കിയ നിബന്ധന, ഭാര്യമാര്‍ക്കിടയില്‍ പൂര്‍ണമായ നീതി പാലിച്ചുകൊണ്ടായിരിക്കണം പുരുഷന്‍ ജീവിക്കേണ്ടത് എന്നാണ്. അതിനുള്ള ആത്മവിശ്വാസം പുരുഷന് ഉണ്ടായിരിക്കണമെന്ന് സാരം. ഭക്ഷണം, പാനീയം, വസ്ത്രം, താമസം, സഹശയനം, ചെലവിന് നല്‍കല്‍ തുടങ്ങിയവയിലെല്ലാം നീതി പാലിക്കേണ്ടതാണ്. ഈ അവകാശങ്ങള്‍ നീതിപൂര്‍വം നിര്‍വഹിച്ചുകൊടുക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്തവര്‍ ഒന്നിലധികം വിവാഹം ചെയ്യല്‍ നിഷിദ്ധമാണെന്ന് അല്ലാഹു പറയുന്നു: ‘അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തു കൊള്ളുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം വിവാഹം കഴിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയായി) സ്വീകരിക്കുക. നിങ്ങള്‍ അതിരുവിട്ടുപോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത് (4:3).
സ്ത്രീകള്‍ക്കിടയില്‍ സ്‌നേഹവും നീതിയും തുല്യരൂപത്തില്‍ വീതിക്കാന്‍ പുരുഷന് സാധ്യമല്ലെന്ന് അല്ലാഹു വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് ഒരുവളിലേക്ക് മാത്രം പൂര്‍ണമായി തിരിഞ്ഞ് മറ്റവളെ ഭാര്യയുമല്ല മോചിതയുമല്ല എന്ന നിലയില്‍ വിട്ടേക്കാനും പാടില്ലെന്ന് അല്ലാഹു ഉണര്‍ത്തുന്നു. നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ (ഒരുവളിലേക്ക്) പൂര്‍ണമായി തിരിഞ്ഞുകൊണ്ട് മറ്റുള്ളവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ പെരുമാറ്റം നന്നാക്കിത്തീര്‍ക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നപക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (4:129). നബി(സ്വ) പറഞ്ഞു: രണ്ട് ഭാര്യമാരുള്ളയാള്‍ ഒരുവളിലേക്ക് മറ്റവളെക്കാള്‍ കൂടുതലായി ചായുന്നുവെങ്കില്‍ ഒരുവശം വീണോ ചരിഞ്ഞോ ആണയാള്‍ അന്ത്യദിനത്തില്‍ ഹാജരാക്കപ്പെടുക. (അല്‍മുഹല്ല) 1
ബഹുഭര്‍തൃത്വം
ബഹുഭാര്യത്വം ഇസ്‌ലാം ഉപാധികളോടെ അംഗീകരിക്കുന്നുണ്ടെങ്കില്‍ ബഹുഭര്‍തൃത്വം കര്‍ശനമായി വിലക്കുകയാണ് ചെയ്യുന്നത്. കാരണം, ബഹുഭര്‍തൃത്വം മനുഷ്യപ്രകൃതിയോട് യോജിച്ചതല്ല. ബഹുഭര്‍തൃത്വത്തിലൂടെ സ്ത്രീക്ക് വ്യക്തിതലത്തിലും നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു. വൈവാഹിക ജീവിതത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങളിലൊന്നുപോലും ബഹുഭര്‍തൃത്വം മുഖേന നിറവേറ്റപ്പെടുന്നില്ല.
കുടുംബജീവിതത്തിന്റെ പവിത്രത നഷ്ടപ്പെടുകയും സാമൂഹികഭദ്രത തകര്‍ന്നുപോവുകയും ചെയ്യുന്നു. കുട്ടിയെ പാലൂട്ടി താരാട്ടി വളര്‍ത്തുന്ന ഉമ്മയോട് കുട്ടിയുടെ മാനസികബന്ധം കൂടുതല്‍ അടുത്തുനില്ക്കുമെങ്കിലും ആ മാതാവിന്റെ കൂടി സംരക്ഷണച്ചുമതലയുള്ള പിതാവിന്റെ പേരിലേ കുട്ടി സമൂഹത്തില്‍ അറിയപ്പെടുന്നുള്ളൂ. ബഹുഭര്‍തൃത്വം നിലനിന്നിരുന്ന അപരിഷ്‌കൃത സമൂഹങ്ങളില്‍ പുരുഷന്റെ കുടുംബത്തിലുള്ള നേതൃപദവി നഷ്ടപ്പെടുകയും കുടുംബത്തില്‍ മക്കളെ ചേര്‍ത്തുപറയാന്‍ പിതാവില്ലാത്ത സ്ഥിതിയുണ്ടാവുകയും ചെയ്തു. കുടുംബത്തിലെ ഈ അനിശ്ചിതത്വം ഇല്ലായ്മ ചെയ്ത് സ്ഥിരതയുള്ള സംസ്‌കാരവും പാരമ്പര്യവുമുള്ള സമൂഹത്തില്‍ കുടുംബനായകനായ പിതാവിനോട് ചേര്‍ത്തുകൊണ്ട് പറയുന്ന രീതിയാണ് ഇസ്‌ലാം അംഗീകരിക്കുന്നത്.
എന്നാല്‍ ഒരു സ്ത്രീക്ക് ഒരു പുരുഷനില്‍ ഒരു വര്‍ഷത്തില്‍ ഒരുതവണ മാത്രമേ പ്രസവിക്കാനാവൂ. ഒന്നിലേറെ ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്നത് അനുവദനീയമാകുമെന്ന് വരുമ്പോള്‍ കുഞ്ഞിന്റെ പിതൃത്വവും ഒരു പ്രശ്‌നമാവുന്നു. എന്നാല്‍ പുരുഷന്‍ ഒന്നിലേറെ വിവാഹം കഴിച്ചതുകൊണ്ട് ഇത്തരത്തിലുള്ള ഒരു പ്രത്യാഘാതം സമൂഹത്തില്‍ ഉണ്ടാവുന്നില്ല. ബഹുഭാര്യത്വത്തെ അനുവദനീയമാക്കിയ ഇസ്‌ലാം ബഹുഭര്‍തൃത്വം നിരോധിച്ചതിന്റെ യുക്തി ഇവിടെയും കാണാന്‍ കഴിയും.
കുടുംബത്തിന്റെ നേതൃത്വവും സംരക്ഷണ ഉത്തരവാദിത്വവും പുരുഷന് നല്‍കുകയെന്നതില്‍ ലോകത്തുള്ള പൂര്‍വിക മതങ്ങളെല്ലാം യോജിച്ചിരിക്കുന്നു. ബഹുഭര്‍തൃത്വ സംവിധാനത്തില്‍ കുടുംബത്തിന്റെ നേതൃത്വം ആര്‍ക്ക് എന്നത് സങ്കീര്‍ണമായ പ്രശ്‌നമായി അവശേഷിക്കുന്നു. എല്ലാ ഭര്‍ത്താക്കന്മാരുടെയും ഇംഗിതങ്ങള്‍ക്ക് വിധേയയാവുക എന്നത് ഒരു സ്ത്രീക്ക് അസാധ്യമാണ്. ഏതെങ്കിലും ഒരു ഭര്‍ത്താവിനു മാത്രം കീഴൊതുങ്ങുകയെന്നത് മറ്റുള്ളവരെ പ്രകോപിപ്പിക്കുകയും ചെയ്യും. ചുരുക്കത്തില്‍ കുടുംബത്തിന്റെ ഭദ്രത തകര്‍ക്കുകയും മുഖ്യലക്ഷ്യത്തെ വേരോടെ പിഴുതെറിയുകയും ചെയ്യുന്ന ദുഃസമ്പ്രദായമാണ് ബഹുഭര്‍തൃത്വം. ഗര്‍ഭധാരണത്തിനുശേഷം സ്ത്രീ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, കുട്ടികളുടെ പിതൃത്വം, അനന്തരാവകാശം, വാര്‍ധക്യ സംരക്ഷണം എന്നീ മേഖലകളിലെ പ്രശ്‌നങ്ങള്‍, പുരുഷന്മാര്‍ തമ്മിലുള്ള കലഹം തുടങ്ങിയ തീര്‍ത്തും അരക്ഷിതമായതും അസമാധാനം നിറഞ്ഞതുമായ ജീവിത ചുറ്റുപാടിലേക്ക് സ്ത്രീയെ കൊണ്ടെത്തിക്കുന്നതിന് ബഹുഭര്‍തൃത്വം നിമിത്തമാകുന്നു. അതുകൊണ്ടുതന്നെ ബഹുഭാര്യത്ത്വമനുവദിച്ച ഇസ്‌ലാം ബഹുഭര്‍തൃത്വം കര്‍ശനമായി വിലക്കി. കാമുകി കാമുകന്മാരെയും രഹസ്യവേഴ്ചക്കാരെയും സ്വീകരിക്കാതെ, സംശുദ്ധമായ ദാമ്പത്യജീവിതമാണ് ഇസ്‌ലാം വിവാഹത്തിലൂടെ ലക്ഷ്യംവെക്കുന്നത്.
References
- അല്‍ മുഹല്ല ബില്‍ ആസാര്‍, അബൂ മുഹമ്മദ് അലിയ്യുബ്‌നു അഹ്‌മദ് ബനൂഹസം അല്‍ ഖുര്‍ത്വുബി അളള്വാഹിരി, ദാറുല്‍ ഫിക്ര്‍, ബൈറൂത്ത്, വാള്യം 09, പേജ് 176[↩]
