ഹോം > നമസ്കാരം... > നമസ്‌കാരത്തിന്റെ രൂപം

1 മിനിറ്റ് വായിച്ചില്ല

നമസ്‌കാരത്തിന്റെ രൂപം

ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങളെല്ലാം കൃത്യമായ പ്രമാണങ്ങളുടെ, വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും പിന്‍ബലമുള്ളവയാണ്. അതുപോലെ നമസ്‌കാരത്തിന്റെ രൂപം  വിശുദ്ധ ഖുര്‍ആനിലും അതിന്റെ വിശദീകരണമായ പ്രവര്‍ത്തന രൂപം മുഹമ്മദ് നബി(സ്വ)യുടെ ചര്യയിലും വ്യക്തമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ നിന്ന് ഭിന്നമായി വരുന്ന നമസ്‌കാരം അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായിരിക്കില്ലെന്നതിനാല്‍, തന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ കര്‍മമായ നമസ്‌കാരം നബി(സ്വ) പഠിപ്പിച്ച അതേ രൂപത്തിലായിരിക്കാന്‍ ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടതുണ്ട്.

അതിനാല്‍ തന്നെ ഇസ്‌ലാമിക കര്‍മശാസ്ത്രം നമസ്‌കാരത്തിന്റെ രൂപം വളരെ വിശദമായി ചര്‍ച്ചചെയ്യുകയും പ്രമാണങ്ങളുടെ പിന്‍ബലത്തിലുള്ള നമസ്‌കാരത്തിന്റെ പൂര്‍ണരൂപം സംശയമില്ലാത്ത രൂപത്തില്‍ വിശദീകരിക്കുകയുംചെയ്തിട്ടുണ്ട്. നിയ്യത്ത്, ഖിയാം അഥവാ നിൽപ്, തക്ബീറത്തുൽ ഇഹ്റാം, പ്രാരംഭ പ്രാർത്ഥന, ഖുർആൻ പാരായണം, റുകൂഅ്, ഇഅ്തിദാൽ, സുജൂദ്, സുജൂദുകൾക്കിടയിൽ, രണ്ടാമത്തെ തശഹ്ഹുദ് , വിരമിക്കൽ, തുമഅ്നീന എന്നിങ്ങനെ നമസ്കാരത്തിന്റെ എല്ലാ ഭാഗങ്ങളും പ്രാമാണികമായി ഇവിടെ ചർച്ച ചെയ്യുന്നു

അല്ലാഹു അക്ബര്‍ എന്നു പറഞ്ഞുകൊണ്ട് രണ്ടു കൈപ്പടങ്ങളും ഖിബ്‌ലക്ക് അഭിമുഖമായി ചെവി വരെ ഉയര്‍ത്തുന്നതില്‍ (തക്ബീറതുല്‍ ഇഹ്‌റാം) തുടങ്ങി അസ്സലാമു അലൈകും വറഹ്‌മതുല്ലാഹ് എന്നു പറഞ്ഞ് വലത്തും ഇടത്തും ഭാഗങ്ങളിലേക്ക് അഭിവാദ്യം (സലാം) അര്‍പ്പിച്ചുകൊണ്ട് അവസാനിക്കുന്ന, ചില പ്രത്യേക പ്രാര്‍ഥനകളും സ്‌തോത്രകീര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനമാണ് ഇസ്‌ലാമിലെ നമസ്‌കാരം.

നിയ്യത്ത്

ഏത് ആരാധനാ കര്‍മവും അല്ലാഹു സ്വീകരിക്കുന്നത് ചെയ്യുന്ന നിയ്യത്ത് പരിഗണിച്ചാണ്. അതായത് ലക്ഷ്യബോധത്തോടെയും ശരിയായ ഉദ്ദേശ്യത്തോടെയുമായിരിക്കണം മുസ്‌ലിമിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. കൂടാതെ അവ മതം കല്‍പിച്ചതുമായിരിക്കണം. അതിനാല്‍ ‘നാഥാ നിന്റെ പ്രീതിക്കും നിന്റെ കല്‍പന അനുസരിച്ചും ഞാന്‍ ഈ കര്‍മം നിര്‍വഹിക്കുന്നു’ വെന്ന് മനസ്സില്‍ കരുതണം. ഏതു കര്‍മത്തിനു മുമ്പും അതുണ്ടാകണം. അല്ലാഹു പറയുന്നു: ”കീഴ്‌വണക്കം അല്ലാഹുവിനു മാത്രമാക്കിക്കൊണ്ട് ഋജുമാനസരായി അവനെ ആരാധിക്കാനും നമസ്‌കാരം നിലനിര്‍ത്തുവാനും സകാത്ത് നല്കുവാനുമല്ലാതെ അവര്‍ കല്പിക്കപ്പെട്ടിട്ടില്ല’‘ (98:5).

നബി(സ്വ) പറഞ്ഞു: ‘പ്രവര്‍ത്തനങ്ങള്‍ നിയ്യത്തനുസരിച്ച് മാത്രമാണ്. ഓരോ മനുഷ്യനും അവന്‍ കരുതിയതുണ്ട്” (ബുഖാരി) 1.

നമസ്‌കാരത്തിന് നിയ്യത്ത് ചൊല്ലിപ്പറയുന്ന സമ്പ്രദായം ജനങ്ങള്‍ക്കിടയിലുണ്ട്. അങ്ങനെ നാവുകൊണ്ട് ചൊല്ലുന്നത് കൂടുതല്‍ സ്പഷ്ടതയ്ക്ക് സഹായിക്കുമെന്ന് ചില കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഹദീസുകളില്‍ തെളിവുകളില്ല. ഇമാമായി നില്‍ക്കുന്നവന്‍ ഇമാമാണെന്നു കരുതുന്നത് നല്ലതാണ്. നിയ്യത്തോടു കൂടിയായിരിക്കണം നമസ്‌കാരത്തില്‍ പ്രവേശിക്കുന്നത്. എന്നാല്‍ നിയ്യത്ത് തക്ബീറുമായി ചേര്‍ന്നുവരാന്‍ വേണ്ടി ചിലര്‍ കാണിക്കുന്ന തത്രപ്പാടുകളും കൃത്രിമത്വങ്ങളും ഒഴിവാക്കേണ്ടതാണ്.

ഖിയാം അഥവാ നില്പ്

നമസ്‌കാരം നിര്‍വഹിക്കേണ്ടത് നിന്നുകൊണ്ടാണ്. നിന്ന് നമസ്‌കരിക്കുക എന്നത് നിര്‍ബന്ധമാണ്. വൃത്തിയുള്ള വസ്ത്രം ധരിച്ച് ഖിബ്‌ലക്ക് അഭിമുഖമായി ഭക്തിപുരസ്സരം ഒതുങ്ങിനിന്ന് അല്ലാഹുവിന്റെ തിരുമുമ്പില്‍ നില്‍ക്കുന്നുവെന്ന ബോധത്തോടെയാണ് നമസ്‌കരിക്കേണ്ടത്. നില്‍ക്കാന്‍ ശാരീരിക പ്രയാസങ്ങളുണ്ടെങ്കില്‍ ഇരിക്കാവുന്നതും അതിനും പ്രയാസമുണ്ടെങ്കില്‍ കിടക്കാവുന്നതുമാണ്. കിടന്നുകൊണ്ട് യഥാവിധി നിര്‍വഹിക്കാന്‍ പോലും പ്രയാസമുണ്ടെങ്കില്‍ മനസ്സില്‍ നമസ്‌കാരത്തിന്റെ രൂപം സങ്കല്പിക്കുകയെങ്കിലും വേണം.

”ഇംറാനുബ്‌നു ഹുസൈന്‍(റ) പറയുന്നു: എനിക്ക് മൂലക്കുരു രോഗമുണ്ടായിരുന്നു. അപ്പോള്‍ എങ്ങനെ നമസ്‌കരിക്കണമെന്നതിനെക്കുറിച്ച് നബി(സ്വ)യോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു: ‘നീ നിന്നുകൊണ്ട് നമസ്‌കരിക്കുക. അതിനു കഴിയാത്ത പക്ഷം ഇരുന്നുകൊണ്ടും അതിനും കഴിയാത്തപക്ഷം കിടന്നുകൊണ്ടും.” (ബുഖാരി) 2.

മറ്റൊരിക്കല്‍ നബി(സ്വ) പറഞ്ഞു: ”നിന്നു നമസ്‌കരിക്കലാണ് ശ്രേഷ്ഠമായത്. ആരെങ്കിലും ഇരുന്നു നമസ്‌കരിച്ചാല്‍ നില്‍ക്കുന്നവന്റെ പകുതി പ്രതിഫലമാണ് അവനുള്ളത്. ആരെങ്കിലും കിടന്നു നമസ്‌കരിച്ചാല്‍ ഇരിക്കുന്നവന്റെ പകുതി പ്രതിഫലമുണ്ട്” (ബുഖാരി) 3.

സുന്നത്തു നമസ്‌കാരങ്ങള്‍ ഇരുന്നു നമസ്‌കരിച്ചാലും മതി എന്ന ധാരണ ശരിയല്ല. നിന്നു നമസ്‌കരിക്കാന്‍ കഴിയുന്നവര്‍ ഇരുന്നു നമസ്‌കരിക്കുന്നത് കുറ്റകരമാണ്. നിന്നു നമസ്‌കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായത് എന്നതിനാല്‍ അല്പമെല്ലാം പ്രയാസങ്ങളുണ്ടെങ്കിലും കഴിയുന്നവരെല്ലാം നിന്നു നമസ്‌കരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. നമസ്‌കാരത്തില്‍ സുജൂദിന്റെ സ്ഥാനത്തേക്കാണ് നോക്കേണ്ടത്. നേരെ മുമ്പിലേക്ക് നോക്കാമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ചരിഞ്ഞ് നില്ക്കുക, കണ്ണ് അനാവശ്യമായി അടച്ചു പിടിക്കുക, നോട്ടം മുകളിലേക്കും വശങ്ങളിലേക്കും തിരിക്കുക എന്നിവയെല്ലാം നമസ്‌കാരത്തിന്റെ പൂര്‍ണത നഷ്ടപ്പെടുത്തുന്നതാണ്.

ഇഖാമത്ത് വിളി തുടങ്ങിക്കഴിഞ്ഞാല്‍ അണിയായി നില്‍ക്കണമെന്ന് ഉമറുബ്‌നു അബ്ദുല്‍അസീസ്, മുഹമ്മദുബ്‌നു കഅ്ബ്, സാലിം, അബൂഖിലാബ, സുഹ്‌രി, അത്വാഅ് എന്നിവരില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ‘ഖദ്ഖാമത്തിസ്സ്വലാ’ എന്നു പറയുമ്പോഴാണ് നില്‍ക്കേണ്ടതെന്ന് ഇമാം മാലിക് അഭിപ്രായപ്പെടുന്നു. ഇഖാമത്ത് വിളി കഴിഞ്ഞശേഷമാണ് നില്‍ക്കേണ്ടതെന്ന് ഇമാം ശാഫിഈ അഭിപ്രായപ്പെടുന്നു. പ്രവാചകചര്യ പരിശോധിക്കുമ്പോള്‍ ഇഖാമത്ത് വിളി കഴിയുമ്പോഴേക്കും വരികള്‍ നിരന്നു കഴിഞ്ഞിട്ടുണ്ടാകണമെന്ന് മനസ്സിലാകുന്നു. നബി(സ്വ) ഇഖാമത്ത് വിളി കഴിഞ്ഞാല്‍ മുന്നോട്ടു നിന്ന് അണികള്‍ ശരിപ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു.

അനസ്(റ) പറയുന്നു: ‘നിങ്ങള്‍ വരികള്‍ ചൊവ്വാക്കി നില്‍ക്കുക. സ്വഫ്ഫ് ശരിയാക്കി നിര്‍ത്തല്‍ ഇഖാമത്തിന്റെ ഭാഗമാണ്’ (ബുഖാരി) 4. മടമ്പുകള്‍ ഒരേ വരിയില്‍ വരത്തക്ക വിധമായിക്കൊണ്ടാണ് നില്‍ക്കേണ്ടത്. കാലിന്റെ മുന്‍ഭാഗം ശരിയാക്കി നില്‍ക്കുന്ന സമ്പ്രദായം ചിലേടങ്ങളില്‍ കാണപ്പെടുന്നത് ശരിയല്ല.

തക്ബീറത്തുല്‍ ഇഹ്‌റാം

നിറുത്തം ശരിയായിക്കഴിഞ്ഞാല്‍ മനസ്സില്‍ ശരിയായ നിയ്യത്തുണ്ടാവുകയും ഇരുകൈകളും ചുമലിനു നേരെ ഉയര്‍ത്തി ‘അല്ലാഹു അക്ബര്‍’ എന്നു പറഞ്ഞ് നമസ്‌കാരത്തില്‍ പ്രവേശിക്കുകയും വേണം. നബി(സ്വ) പറഞ്ഞു: ”നമസ്‌കാരത്തിന്റെ താക്കോല്‍ ശുദ്ധിയും അതിനെ മറ്റു കാര്യങ്ങളില്‍നിന്ന് തടയുന്നത് തക്ബീറും അതില്‍ നിന്ന് ഒഴിവാകുന്നത് സലാം വീട്ടലുമാകുന്നു” (തിര്‍മുദി) 5.

തക്ബീറത്തുല്‍ ഇഹ്‌റാം നമസ്‌കാരത്തിലെ പ്രധാന ഘടകമായി നിശ്ചയിക്കപ്പെട്ടതിനാല്‍ മറന്നുകൊണ്ടോ മന:പൂര്‍വമോ അത് ഉപേക്ഷിച്ചാല്‍ നമസ്‌കാരം സാധുവാകുകയില്ല. റബീഅ, മാലിക്, സൗരി, ശാഫിഈ, ഇസ്ഹാഖ്, അബൂസൗര്‍, ഇബ്‌നുമുന്‍ദിര്‍ എന്നിവരെല്ലാം ഈ അഭിപ്രായക്കാരാണ്.

ഇമാമായി നമസ്‌കരിക്കുന്നവര്‍ മഅ്മൂമുകള്‍ കേള്‍ക്കെ ഉറക്കെ അല്ലാഹു അക്ബര്‍ എന്നു പറയണം. കാരണം, ഇമാമിന്റെ തക്ബീറിനു ശേഷമേ മറ്റുള്ളവര്‍ക്ക് തക്ബീര്‍ ചൊല്ലാന്‍ പാടുള്ളൂ.

ഇഹ്‌റാമിന്റെ തക്ബീര്‍ ചൊല്ലുന്നതോടൊപ്പം ഇരുകൈകളും മേല്‍പ്പോട്ടുയര്‍ത്തി ചുമലിനു നേരെ പിടിക്കണം. വിരലുകള്‍ പൂര്‍ണമായി വിടര്‍ത്തുകയോ പറ്റെ കൂട്ടിപ്പിടിക്കുകയോ ചെയ്യരുത്.

”ഇബ്‌നുഉമര്‍(റ) പറയുന്നു: നബി(സ്വ) നമസ്‌കാരം ആരംഭിക്കുമ്പോള്‍ രണ്ടു കൈകളും ചുമലിനു നേരെ ഉയര്‍ത്തിപ്പിടിച്ചിരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുപോലെ റുകൂഇലേക്ക് പോകുമ്പോഴും റുകൂഇല്‍നിന്ന് തല ഉയര്‍ത്തുമ്പോഴും ചെയ്തിരുന്നു. രണ്ടു സുജൂദുകള്‍ക്കിടയില്‍ കൈ ഉയര്‍ത്തിയിരുന്നില്ല” (ബുഖാരി) 6.

‘തക്ബീറത്തുല്‍ ഇഹ്‌റാം’ ചൊല്ലിക്കഴിഞ്ഞാല്‍ കൈകള്‍ രണ്ടും ഒതുക്കി വെക്കണം. നബി (സ്വ)യുടെ നടപടി ഇടതു കൈക്കുമേലെ വലതുകൈ വച്ച് നെഞ്ചില്‍ വെക്കുകയായിരുന്നു.

ഖബീസ്വത്ത് അദ്ദേഹത്തിന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു: റസൂല്‍(സ്വ) ഇടതുകൈ അദ്ദേഹത്തിന്റെ നെഞ്ചില്‍ വെക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പൊക്കിളിനു താഴെ കൈ വെക്കണമെന്നും നെഞ്ചിനു താഴെ വെക്കണമെന്നും എവിടെയും വെക്കാതെ കൈ തൂക്കിയിടണമെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. പ്രസ്തുത അഭിപ്രായങ്ങള്‍ക്ക് ഉപോദ്ബലകമായി ഉദ്ധരിക്കപ്പെടുന്ന തെളിവുകളൊന്നും തന്നെ പ്രബലമല്ല.

പ്രാരംഭ പ്രാര്‍ഥന

തക്ബീറത്തുല്‍ ഇഹ്‌റാം ചൊല്ലി കൈകള്‍ നെഞ്ചില്‍ വച്ചുകഴിഞ്ഞാല്‍ പ്രാരംഭപ്രാര്‍ഥന നിര്‍വഹിക്കണം. ഇതിന് ‘ദുആഉല്‍ ഇസ്തിഫ്താഹ്’ എന്ന് പറയുന്നു. അതു പതുക്കെയാണ് ചൊല്ലേണ്ടത്. മാലികി മദ്ഹബ് പ്രകാരം ഇപ്രകാരമൊരു പ്രാര്‍ഥനയില്ല. എന്നാല്‍ പ്രാര്‍ഥന നടത്തിയിരുന്നതായി സ്ഥിരപ്പെട്ട ഹദീസുകളിലുണ്ട്. നബി(സ്വ) തക്ബീറത്തുല്‍ ഇഹ്‌റാമിനുശേഷം അല്പസമയം നിശ്ശബ്ദനായി നില്‍ക്കുമായിരുന്നു. അബൂഹുറയ്‌റ(റ) ചോദിച്ചു: പ്രവാചകരേ, തക്ബീറിന്റെയും ഖുര്‍ആന്‍ ഓതുന്നതിന്റെയും ഇടയ്ക്ക് അങ്ങ് മൗനമായി നില്‍ക്കുന്നു. ആ സമയത്ത് എന്താണ് പറയുന്നത്? അവിടുന്ന് പറഞ്ഞു: ഞാന്‍ ഇപ്രകാരം പറയുന്നു:

اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللَّهُمَّ نَقِّنِي مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ

(അല്ലാഹുമ്മ ബാഇദ് ബൈനീ വബൈന ഖത്വായായ കമാ ബാഅത്ത ബൈനല്‍ മശ്‌രിഖി വല്‍മഗ്‌രിബ്, അല്ലാഹുമ്മ നഖ്ഖിനീ മിന്‍ ഖത്വായായ കമാ യുനഖ്ഖ സ്സൗബുല്‍ അബ്‌യദു മിന ദ്ദനസ്, അല്ലാഹുമ്മഗ്‌സില്‍നീ മിന്‍ ഖത്വായായ ബില്‍മാഇ വസ്സല്‍ജി വല്‍ബറദ്)

(അല്ലാഹുവേ, ഉദയാസ്തമയ സ്ഥാനങ്ങള്‍ തമ്മില്‍ നീ വിദൂരമാക്കിയതു പോലെ എന്നെയും എന്റെ പാപങ്ങളെയും തമ്മില്‍ നീ അകറ്റേണമേ. അല്ലാഹുവേ, മാലിന്യത്തില്‍നിന്ന് വെളുത്ത വസ്ത്രത്തെ ശുദ്ധമാക്കുന്നതുപോലെ എന്റെ പാപത്തില്‍നിന്ന് എന്നെ ശുദ്ധമാക്കേണമേ. അല്ലാഹുവേ, എന്റെ പാപത്തില്‍നിന്ന് എന്നെ വെള്ളംകൊണ്ടും മഞ്ഞുകൊണ്ടും ഹിമശകലങ്ങള്‍കൊണ്ടും കഴുകി ശുദ്ധിയാക്കേണമേ) (ബുഖാരി) 7.

ആഇശ(റ)യില്‍നിന്ന് അബൂദാവൂദും നസാഈയും ഇബ്‌നുമാജയും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം. നബി(സ്വ) നമസ്‌കാരം ആരംഭിച്ചാല്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു:

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلَا إِلَهَ غَيْرُكَ (സുബ്ഹാനകല്ലാഹുമ്മ വബിഹംദിക വതബാറകസ്മുക വതആലാ ജദ്ദുക വലാഇലാഹ ഗൈറുക)

(അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ മഹത്വത്തെ വാഴ്ത്തുന്നു. നിന്റെ നാമം അനുഗൃഹീതവും നിന്റെ അവസ്ഥ ഉന്നതവുമായിരിക്കുന്നു. നീയല്ലാതെ യാതൊരു ആരാധ്യനുമില്ല.) (അബീദാവൂദ്) 8.

ഇതുപോലെ ദീര്‍ഘമായതും ചുരുങ്ങിയതുമായ വേറെയും പ്രാര്‍ഥനകളുണ്ട്.(20) ഈ പ്രാര്‍ഥനക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഇബ്‌നുതീമിയ(റ) അഭിപ്രായപ്പെടുന്നു (മജ്മൂഅ് അല്‍ ഫതാവാ) 9. ഫര്‍ദ് നമസ്‌കാരത്തിലും നബി (സ്വ) ഈ പ്രാര്‍ഥന നിര്‍വഹിച്ചിരുന്നു (ഇബ്‌നു ഖുസൈമ) 10.

ഖുര്‍ആന്‍ പാരായണം

പ്രാരംഭ പ്രാര്‍ഥനക്ക് ശേഷം ഓരോ റക്അത്തിലും ഇമാമും മഅ്മൂമും വിശുദ്ധ ഖുര്‍ആനിലെ ആദ്യ അധ്യായമായ സൂറത്തുല്‍ ഫാതിഹ(21) ഓതേണ്ടതാണ്. മഗ്‌രിബ്, ഇശാ, സ്വുബ്ഹ് എന്നീ നമസ്‌കാരങ്ങളില്‍ ഇമാമും തനിച്ചു നമസ്‌കരിക്കുന്നവനും ആദ്യത്തെ രണ്ടു റക്അത്തുകളില്‍ ഫാതിഹ ഉറക്കെ ഓതണം. അതുപോലെ ഫാതിഹക്കുശേഷം സൗകര്യമുള്ള ആയത്തുകളോ സൂറത്തുകളോ ഉറക്കെ ഓതണം. മഅ്മൂമുകള്‍ ഇമാമിന്റെ ഖുര്‍ആന്‍ പാരായണം ശ്രദ്ധിച്ചു കേട്ടുനിന്നാല്‍ മതി. എന്നാല്‍ ഫാതിഹ മഅ്മൂമുകളും ഓതണം. നബി(സ്വ) പറഞ്ഞു: ”സൂറത്തുല്‍ ഫാതിഹ ഓതാത്തവന് നമസ്‌കാരമില്ല” (ബുഖാരി) 11.

ഉബാദതുബ്‌നു സ്സ്വാമിത്(റ) പറയുന്നു: ഞങ്ങളുമൊത്ത് നബി(സ്വ) സ്വുബ്ഹ് നമസ്‌കരിച്ചു. നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ്വ) ചോദിച്ചു: ‘എന്റെ പിറകില്‍നിന്ന് നിങ്ങള്‍ ഖുര്‍ആന്‍ ഓതുന്നുണ്ടോ? അവര്‍ പറഞ്ഞു: ‘അതേ റസൂലേ, ഞങ്ങള്‍ അത് ഓതുന്നുണ്ട്.’ നബി(സ്വ) പറഞ്ഞു: ‘അങ്ങനെ ചെയ്യരുത്; സൂറത്തുല്‍ ഫാതിഹ ഒഴികെ. കാരണം, അതു കൂടാതെ നമസ്‌കാരം ശരിയാവുകയില്ല.”(അബൂദാവൂദ്) 12.

സൂറത്തുല്‍ ഫാതിഹ ഓതുന്നതിനു മുമ്പായി അഊദുബില്ലാഹി മിനശ്ശൈത്വാനിര്‍റജീം(22) (ശപിക്കപ്പെട്ട പിശാചില്‍ നിന്നും ഞാന്‍ അല്ലാഹുവോട് രക്ഷതേടുന്നു.)എന്നും ബിസ്മില്ലാഹിര്‍റഹ്‌മാനിര്‍റഹീം(23) (പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു) എന്നും പതുക്കെ ചൊല്ലേണ്ടതാണ്. എന്നാല്‍ ബിസ്മി പതുക്കെ വേണോ ഉറക്കെ വേണോ എന്ന വിഷയത്തില്‍ ഭിന്നാഭിപ്രായമുണ്ട്. നബി(സ്വ)യും മഹാന്മാരായ സ്വഹാബികളും അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍ (സര്‍വലോക പരിപാലകനായ അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും) എന്നു ചൊല്ലിക്കൊണ്ടാണ് നമസ്‌കാരം തുടങ്ങിയിരുന്നത്.

മഅ്മൂം ഇമാമിന്റെ തൊട്ടുപിന്നാലെ, ഇമാമിനെ മുന്‍ കടക്കാത്തവിധത്തിലാണ് ഫാതിഹ പാരായണംചെയ്യേണ്ടത്. ഇമാം ഫാതിഹ ഓതിക്കഴിഞ്ഞ ശേഷം മഅ്മൂമീങ്ങള്‍ക്ക് വേണ്ടി കാത്തുനില്‍ക്കുകയോ അത്രയും നേരം ഇമാം മറ്റു സൂറത്തുകള്‍ മൗനമായി പാരായണം നടത്തുകയോ ചെയ്യുന്നതിന് ഇസ്‌ലാമിക പ്രമാണങ്ങളില്‍ വ്യക്തമായ തെളിവുകളില്ല.

ഇമാം ഫാതിഹ ഓതിക്കഴിഞ്ഞാല്‍ ആമീന്‍ എന്ന് ഉറക്കെ പറയേണ്ടതാണ്. നബി(സ്വ) വലദ്ദാല്ലീന്‍ എന്നു ചൊല്ലിക്കഴിഞ്ഞാല്‍ സ്വഹാബികള്‍ ഉറക്കെ ആമീന്‍ പറയാറുണ്ടായിരുന്നു (ബൈഹഖീ) 13. ഇമാമിനോടൊപ്പം ഓതി എത്തിയിട്ടില്ലാത്ത മഅ്മൂമുകളും ഇമാം ആമീന്‍ ചൊല്ലുമ്പോള്‍ കൂടെ ആമീന്‍ പറയുകയാണ് വേണ്ടത്. സ്ത്രീകളായ മഅ്മൂമുകളും ഇങ്ങനെ ആമീന്‍ പറയുന്നതിന് വിരോധമില്ല.

ആമീന്‍ എന്നു ചൊല്ലുന്നത് മലക്കുകളുടെ ആമീനുമായി യോജിച്ചുവന്നാല്‍ സര്‍വ പാപങ്ങളും പൊറുക്കപ്പെടുമെന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസിലുണ്ട്. 14. ഇമാമിനോടൊപ്പമാണ് മലക്കുകള്‍ ആമീന്‍ എന്ന് പറയുക.

ഫാതിഹയ്ക്കു പുറമെ ഖുര്‍ആനിന്റെ മറ്റുഭാഗങ്ങള്‍ ഓതുന്നത് നമസ്‌കാരത്തില്‍ നിര്‍ബന്ധമല്ലെങ്കിലും സൗകര്യപ്പെടുന്ന ഏതെങ്കിലും സൂറത്തുകളോ ആയത്തുകളോ ഓതുന്നത് ഇമാമിന് നല്ലതാണ്. മഅ്മൂമുകള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കണം. തനിയെ നമസ്‌കരിക്കുന്നവരും അപ്രകാരം ഓതേണ്ടതാണ്. ആദ്യ രണ്ടു റക്അത്തുകളിലേ അത് ഓതേണ്ടതുള്ളൂ. സൗകര്യമുള്ള ഏതു സൂറത്തുകളും ആയത്തുകളും ഓതാവുന്നതാണ്. ഇതില്‍ ആയത്തുകള്‍ ക്രമം തെറ്റാന്‍ പാടില്ലെങ്കിലും സൂറത്തുകള്‍ ക്രമം പാലിക്കാതെ പാരായണം ചെയ്യുന്നതില്‍ തെറ്റില്ല.

ഇശാ നമസ്‌കാരത്തിനും സ്വുബ്ഹ് നമസ്‌കാരത്തിനും കൂടുതല്‍ ഓതുന്നത് പ്രവാചകന്റെ ചര്യയില്‍ പെടുന്നു. ”ആ രണ്ട് നമസ്‌കാരത്തിനും കൂടുതല്‍ പ്രതിഫലമുണ്ട്. അതെത്രയാണെന്ന് ജനം അറിഞ്ഞിരുന്നുവെങ്കില്‍ നിരങ്ങിയിട്ടെങ്കിലും അതില്‍ പങ്കെടുക്കാന്‍ അവര്‍ എത്തുമായിരുന്നു” എന്ന് നബി(സ്വ) അരുളിയിട്ടുണ്ട്. (ബുഖാരി) 15.

വെള്ളിയാഴ്ച രാവിലെ സ്വുബ്ഹ് നമസ്‌കാരത്തില്‍ സൂറത്തുസ്സജദയും (32) സൂറത്തുല്‍ ഇന്‍സാനും (76) ആയിരുന്നു പ്രവാചകന്‍ ഓതിയിരുന്നത്. അതുപോലെ വ്യാഴാഴ്ച ഇശാഅ് നമസ്‌കാരത്തില്‍ സൂറത്തുല്‍ അഅ് ലായും (87) സൂറത്തുല്‍ഗാശിയയും (88) അല്ലെങ്കില്‍ സൂറത്തുല്‍ജുമുഅയും (62) സൂറത്തുല്‍മുനാഫിഖൂനും (63) ഓതാറുണ്ടായിരുന്നു.

ഖുര്‍ആന്‍ എല്ലാ ഭാഗങ്ങളും കേള്‍ക്കാനും അതിനെക്കുറിച്ച് ചിന്തിക്കാനുമുള്ള അവസരമുണ്ടാകുമാറ് വിവിധ ഭാഗങ്ങളില്‍നിന്ന് ഓതുന്നതാണ് പതിവായി ഒരേ സൂറത്തുകളോതുന്നതിനേക്കാള്‍ അഭികാമ്യം.

റുകൂഅ്

സൂറത്ത് ഓതിക്കഴിഞ്ഞാല്‍ ഇരുകൈകളും ചുമലിനുനേരെ ഉയര്‍ത്തി ‘അല്ലാഹു അക്ബര്‍’ എന്നു പറഞ്ഞുകൊണ്ട് രണ്ടു കൈപ്പടങ്ങളും വിരലുകള്‍ നിവര്‍ത്തി കാല്‍ മുട്ടുകളില്‍ പിടിച്ചുകൊണ്ട് കുനിഞ്ഞു നില്‍ക്കണം. ഇതിന് റുകൂഅ് എന്നു പറയുന്നു. രണ്ടു കൈകള്‍കൊണ്ടും കാല്‍മുട്ടില്‍ പിടിച്ച് മുതുകും തലയും ഒരേ നിരപ്പിലാക്കിക്കൊണ്ടാണ് നില്‍ക്കേണ്ടത്. ഈ അവസ്ഥയില്‍ അല്പസമയം അടങ്ങി നില്‍ക്കണം. റുകൂഇല്‍, سُبْحَانَ رَبِّيَ الْعَظِيمِ  (സുബ്ഹാന റബ്ബീ അല്‍ അദ്വീം) (മഹാനായ എന്റെ നാഥനെ ഞാന്‍ വാഴ്ത്തുന്നു) എന്നു മൂന്നുതവണ പതുക്കെ ചൊല്ലേണ്ടതാണ്. ഇത് ഇമാമും മഅ്മൂമും ചൊല്ലണം. ഇതിനോടൊപ്പം ‘വബിഹംദിക’ എന്നുകൂടി ചേര്‍ത്തു പറയാറുണ്ടെങ്കിലും ഈ ഭാഗം ഹദീസുകളില്‍ സ്ഥിരപ്പെട്ട നിലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇത് കൂടാതെ سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي (സുബ്ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദികല്ലാഹുമ്മഗ്ഫിര്‍ലീ) (ഞങ്ങളുടെ പരിപാലകനായ അല്ലാഹുവേ നീ പരിശുദ്ധനായിരിക്കുന്നു, അല്ലാഹുവേ നിന്റെ പരിശുദ്ധിയാല്‍ എനിക്ക് പൊറുത്തു തരേണമേ) എന്ന പ്രാര്‍ഥനയും നബി(സ്വ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (ബുഖാരി) 16.

സാധാരണ നിലയില്‍ ഈ ദിക്‌റുകള്‍ മൂന്നുതവണയാണ് ചൊല്ലേണ്ടതെങ്കിലും അതിലേറെയും കുറച്ചുമെല്ലാം ചൊല്ലാവുന്നതാണ്. പ്രത്യേകിച്ചും തഹജ്ജുദ് പോലുള്ള സുന്നത്ത് നമസ്‌കാരങ്ങളിലും ഇമാമിനോടൊപ്പം നമസ്‌കരിക്കുമ്പോള്‍ മൂന്നു തവണ ചൊല്ലിയ ശേഷം ബാക്കി വരുന്ന സമയത്തുമെല്ലാം ഈ ദിക്‌റുകള്‍ അധികരിപ്പിക്കാവുന്നതാണ്.

സുജൂദിലും റുകൂഇലും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പാടില്ലാത്തതാണ്.

റുകൂഅ് നമസ്‌കാരത്തിന്റെ മുഖ്യഘടകമാണ്. ഇരുന്നു നമസ്‌കരിക്കുന്നവര്‍ സൗകര്യപ്രദമായ നിലയില്‍ അല്പം കുനിഞ്ഞാല്‍ മതി.

ഇഅ്തിദാല്‍

റുകൂഅ് നിര്‍വഹിച്ചു കഴിഞ്ഞാല്‍ സമിഅല്ലാഹു ലിമന്‍ ഹമിദ(26) (അല്ലാഹു തന്നെ സ്തുതിച്ചവനെ കേട്ടിരിക്കുന്നു) എന്നു പറഞ്ഞുകൊണ്ട് നിവര്‍ന്നു നില്‍ക്കണം. നിവരുന്ന ഘട്ടത്തില്‍ കൈകള്‍ ചുമലിനു നേരെ ഉയര്‍ത്തിപ്പിടിക്കേണ്ടതാണ്. ശേഷം അത് തൂക്കിയിട്ട് നേരെ നില്‍ക്കണം. തനിച്ചു നമസ്‌കരിക്കുന്നവരും ഇമാമായി നില്‍ക്കുന്നവരും മാത്രമേ സമിഅല്ലാഹു ലിമന്‍ ഹമിദ എന്നു പറയേണ്ടതുള്ളൂ. മഅ്മൂമായി നമസ്‌കരിക്കുന്നവര്‍   رَبَّنَا لَكَ الْحَمْدُ
(റബ്ബനാ ലകല്‍ഹംദ്) (ഞങ്ങളുടെ രക്ഷിതാവേ നിനക്കാകുന്നു സര്‍വസ്തുതിയും) എന്നു പറഞ്ഞാല്‍മതി. എന്നാല്‍ മഅ്മൂമും അങ്ങനെ പറഞ്ഞാല്‍ അത് തെറ്റാവുകയില്ല. അബൂഹുറയ്‌റ(റ) ഇമാമിന്റെ പിന്നില്‍നിന്ന് നമസ്‌കരിക്കുന്ന സന്ദര്‍ഭത്തിലും ഇങ്ങനെ പറയാറുണ്ടെന്ന് ഉദ്ധരിക്കപ്പെടുന്നു. ഇമാം ശാഫിഈ(റ)ക്ക് ഈ അഭിപ്രായമാണുള്ളത്.

”അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ഇമാം സമിഅല്ലാഹു ലിമന്‍ ഹമിദ എന്നു പറഞ്ഞാല്‍ നിങ്ങള്‍ اللَّهُمَّ رَبَّنَا لَكَ الْحَمْدُ (അല്ലാഹുമ്മ റബ്ബനാ വ ലകല്‍ ഹംദ്) എന്നു പറയുക. കാരണം, മലക്കുകളുടെ വാക്കുമായി അതുയോജിച്ചു വന്നാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും” (ബുഖാരി) 17.

ഈ പ്രാര്‍ഥന വേറെയും വിധത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَاوَاتِ وَمِلْءَ الْأَرْضِ وَمِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ (റബ്ബനാ ലകല്‍ഹംദു മില്‍അ സ്സമാവാതി വ മില്‍അല്‍ അര്‍ദി വ മില്‍അ മാ ശിഅ്ത മിന്‍ ശൈഇന്‍ ബഅ്ദ) (ഞങ്ങളുടെ രക്ഷിതാവേ, ആകാശഭൂമികള്‍ നിറയെയും അതിനു പുറമെ നീ ഉദ്ദേശിച്ചതെല്ലാം നിറയെ, നിനക്കാകുന്നു സ്തുതി) എന്ന രൂപം സാധാരണയായി എല്ലാവര്‍ക്കും പരിചിതമാണ്. നബി(സ്വ)യില്‍ നിന്ന് അബൂസഈദ്(റ) ഉദ്ധരിക്കുന്ന വേറെയും പ്രാര്‍ഥനകളുണ്ട്.(30)

ഇഅ്തിദാലില്‍ നില്ക്കുമ്പോള്‍ കൈകള്‍ താഴ്ത്തിയിട്ട് ചൊവ്വായി നില്‍ക്കേണ്ടതാണ്. ഇഅ്തിദാലില്‍ നില്‍ക്കുമ്പോള്‍ കൈ തൂക്കിയിടാതെ കൈകെട്ടി നില്‍ക്കണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പക്ഷേ, അതിനു തെളിവായി ഹദീസുകളൊന്നും തന്നെ ഇല്ല. മുതുകിന് ഒട്ടും കുനിവു വരാത്ത വിധമായിരിക്കണം നില്‍ക്കേണ്ടത്. മുകളില്‍ ഉദ്ധരിച്ച ഏതെങ്കിലും ഒരു പ്രാര്‍ഥന അടക്കത്തോടെ നിന്നുചൊല്ലണം.

സുജൂദ്

ഇഅ്തിദാല്‍ നിര്‍വഹിച്ചു കഴിഞ്ഞാല്‍ അല്ലാഹുഅക്ബര്‍ എന്നു പറഞ്ഞു കൊണ്ട് സുജൂദ് നിര്‍വഹിക്കണം. ആദ്യം രണ്ടു കാല്‍മുട്ടുകളും കാല്‍ വിരലുകളും പിന്നീട് കൈപ്പത്തികളും തുടര്‍ന്ന് നെറ്റിയും മൂക്കും നിലത്തുവെച്ചാണ് സുജൂദ് ചെയ്യേണ്ടത്. അടിമ തന്റെ നാഥന്റെ മുമ്പില്‍ പ്രകടിപ്പിക്കുന്ന വിനയത്തിന്റെയും ഭക്തിയുടെയും പരമമായ പ്രകടനമാണ് സുജൂദ്. തന്റെ അടിമ സുജൂദിലായിരിക്കുന്ന അവസ്ഥയെയാണ് അല്ലാഹു കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അതിനാല്‍ ദീര്‍ഘസമയം സുജൂദ് ചെയ്യാന്‍ നബി (സ്വ) കല്പിച്ചിരിക്കുന്നു.

സുജൂദ് ചെയ്യുമ്പോള്‍ ഏഴ് അവയവങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിക്കേണ്ടതാണ്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരിക്കുന്നു: ഏഴ് എല്ലുകളിന്മേലായി സുജൂദ് ചെയ്യാന്‍ ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു. നെറ്റി – മൂക്കിന് നേരെയും നബി(സ്വ) കൈചൂണ്ടി-ഇരുകൈപ്പത്തികള്‍, രണ്ടുകാല്‍മുട്ടുകള്‍, രണ്ടു പാദങ്ങളുടെവിരലുകള്‍ എന്നിവയാണവ” (ബുഖാരി) 18.

ഇബ്‌നുബുഹൈന(റ) പറയുന്നു: ”നബി(സ്വ) സുജൂദ് ചെയ്യുകയും ചെയ്യുമ്പോള്‍ അവിടുത്തെ കക്ഷത്തിന്റെ വെളുപ്പ് ഞങ്ങള്‍ കാണുമാറ് കൈകള്‍ വിടര്‍ത്തി വെക്കാറുണ്ടായിരുന്നു’ (ബുഖാരി) 19.

ബറാഅ്(റ) പറയുന്നു: ”അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞിരിക്കുന്നു: നീ സുജൂദ് ചെയ്യുകയാണെങ്കില്‍ നിന്റെ ഇരുകൈപ്പത്തികളും നിലത്തുവെക്കുകയും കൈമുട്ടുകള്‍ ഉയര്‍ത്തിവെക്കുകയും ചെയ്യുക” (മുസ്‌ലിം) 20). സ്ത്രീ പുരുഷവ്യത്യാസം ഇവിടെയില്ല.

രണ്ടു പാദങ്ങളിലെ വിരലുകള്‍ ഖിബ്‌ലക്ക് അഭിമുഖമായി വെക്കണം. നിര്‍ബന്ധതിത സാഹചര്യങ്ങളിലല്ലാതെ കാലുകള്‍ ഒന്നിനു മീതെ ഒന്നായി വെക്കുകയോ നിലത്തുനിന്ന് പൊക്കിവെക്കുകയോ വിരലുകളുടെ പുറഭാഗം നിലത്തുവരുമാറ് വെക്കുകയോ ചെയ്യാന്‍ പാടില്ല.

സുജൂദ് ചെയ്യുമ്പോള്‍ മൂക്ക് നിലത്ത് വെക്കണമെന്നാണ് മുമ്പ് ഉദ്ധരിച്ച ഹദീസിന്റെ ബാഹ്യാര്‍ഥത്തില്‍നിന്ന് വ്യക്തമാകുന്നത്. അപ്രകാരം മൂക്ക് നിലത്ത് പതിയേണ്ടതില്ലെന്ന അഭിപ്രായമാണ് അത്വാഅ്, ത്വാഊസ്, ഇക്‌രിമ, ഹസന്‍, ഇബ്‌നുസീരീന്‍, ശാഫിഈ, അബൂസൗര്‍, അബൂഹനീഫയുടെ രണ്ടു ശിഷ്യന്മാര്‍ എന്നിവര്‍ക്കുള്ളത്. മുകളില്‍ പറഞ്ഞ ഏഴ് അവയവങ്ങളില്‍ മറയോടു കൂടി സുജൂദ് ചെയ്താലും ശരിയാകും. നിലത്തുതന്നെ നെറ്റി പതിയണമെന്നില്ല. കഠിന ചൂടും കഠിന തണുപ്പുമുണ്ടാകുമ്പോള്‍ വസ്ത്രം വെച്ച് അതിന്മേല്‍ സുജൂദ് ചെയ്താല്‍ മതിയെന്ന് അത്വാഅ്, ത്വാഊസ്, നഖ്ഈ, ശുഅബീ, ഔസാഈ, മാലിക്, ഇസ്ഹാഖ് എന്നിവര്‍ അഭിപ്രായപ്പെടുന്നു (മുഗ്‌നി) 21. തലപ്പാവ് നിലത്തു സ്പര്‍ശിക്കുമാറ് സുജൂദ് ചെയ്താല്‍ തെറ്റില്ലെന്ന് ഹസന്‍, മക്ഹൂല്‍, അബ്ദുര്‍റഹ്‌മാനിബ്‌നു സൈദ് എന്നിവര്‍ക്ക് അഭിപ്രായമുണ്ട്.

അനസ്(റ) പറയുന്നു: ”നബി(സ്വ)യുടെ കൂടെ ഞങ്ങള്‍ നമസ്‌കരിക്കുമ്പോള്‍ ശക്തമായ ചൂടുനിമിത്തം വസ്ത്രത്തിന്റെ ഒരു ഭാഗം നിലത്തുവെച്ചിരുന്നു” (ബുഖാരി) 22.

”ബനൂ അബ്ദില്‍ അശ്ഹല്‍ ഗോത്രത്തില്‍വെച്ച് നബി(സ്വ) നമസ്‌കരിച്ചപ്പോള്‍ ചരല്‍ക്കല്ലിന്റെ തണുപ്പില്‍നിന്ന് രക്ഷയ്ക്കായി ചുരുട്ടിവെച്ച വസ്ത്രത്തില്‍ കൈവച്ചു” (ഇബ്‌നുമാജ) 23.

സുജൂദ് ചെയ്യുമ്പോള്‍ കൈവിരലുകള്‍ നിവര്‍ത്തി തോള്‍ഭാഗത്തിന്റെ നേരെയായാണ് വെക്കേണ്ടത്. മുഴംകൈകള്‍ നിലത്ത് പതിച്ചുവെക്കരുത്. അനസ്(റ) പറയുന്നു: ”നബി(സ്വ) പറഞ്ഞു: സുജൂദില്‍ നിങ്ങള്‍ (കൈകള്‍) നേരെ വെക്കുക. നായയെപ്പോലെ മുഴം കൈകള്‍ നിലത്ത് പരത്തിവെച്ചുകൊണ്ട് നിങ്ങള്‍ സുജൂദ് ചെയ്യരുത്” (ബുഖാരി) 24.

സുജൂദില്‍ പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കുകയും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും വേണം. എന്നാല്‍ ആ സമയത്ത് ഖുര്‍ആന്‍ ഓതാന്‍ പാടുള്ളതല്ല. നബി(സ്വ) പറഞ്ഞു: ”റുകൂഇലും സുജൂദിലുമായിരിക്കെ ഖുര്‍ആന്‍ ഓതുന്നതില്‍നിന്ന് ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു. (മുസ്‌ലിം) 25). ആ അവസരത്തില്‍ നിങ്ങള്‍ ധാരാളം പ്രാര്‍ഥിക്കുക. നിങ്ങള്‍ക്ക് ഉത്തരം കിട്ടുവാന്‍ അത് അര്‍ഹമാണ്.” നിരവധി പ്രാര്‍ഥനകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

സുജൂദ് ചെയ്യുമ്പോള്‍ മൂന്നുതവണ سُبْحَانَ رَبِّيَ الْأَعْلَى (സുബ്ഹാന റബ്ബീ അല്‍അഅ്‌ലാ) (അത്യുന്നതനായ എന്റെ നാഥനെ ഞാന്‍ വാഴ്ത്തുന്നു) എന്നു പറയുക. ഇവിടെ ‘വബിഹംദിഹി’ എന്ന വര്‍ധന ഹദീസില്‍ സ്ഥിരപ്പെട്ടിട്ടില്ല.

”നബി(സ്വ) റുകൂഇലും സുജൂദിലും ഇപ്രകാരം ധാരാളം ചൊല്ലാറുണ്ടായിരുന്നു.

سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي (സുബ്ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദികല്ലാഹുമ്മഗ്ഫിര്‍ലീ)

(ഞങ്ങളുടെ പരിപാലകനായ അല്ലാഹുവേ നീ പരിശുദ്ധനായിരിക്കുന്നു, അല്ലാഹുവേ നിന്റെ പരിശുദ്ധിയാല്‍ എനിക്ക് പൊറുത്തു തരേണമേ) (ബുഖാരി) 26.

വേറെയും പ്രാര്‍ഥനകള്‍ നബി(സ്വ) സുജൂദില്‍ ചൊല്ലാറുണ്ടായിരുന്നു. ആവശ്യങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുകയും ചെയ്യും. എന്നാല്‍ ഫര്‍ദ് നമസ്‌കാരങ്ങളിലും ഇമാമായി നമസ്‌കരിക്കുമ്പോഴുമെല്ലാം നബി(സ) ചെയ്തതു പോലെ മൂന്നു പ്രാവശ്യം നിര്‍വഹിക്കുന്നതാണ് ഉത്തമം. ഇമാമിനോടൊപ്പവും മറ്റും നമസ്‌കരിക്കുമ്പോള്‍ കൂടുതല്‍ സമയം കിട്ടുന്നുവെങ്കില്‍ കൂടുതല്‍ തവണ ഇതോ ഇതല്ലാത്തതോ ആയ പ്രാര്‍ഥനകള്‍ നിര്‍വഹിക്കാവുന്നതാണ്.

സുജൂദുകള്‍ക്കിടയില്‍

സുജൂദിലെ പ്രാര്‍ഥനകള്‍ കഴിഞ്ഞാല്‍ ‘അല്ലാഹു അക്ബര്‍’(33) എന്നു പറഞ്ഞുകൊണ്ട് ഇരിക്കുക. ‘അല്ലാഹു അക്ബര്‍‘(33) എന്നു പറയുന്നതിന്റെ തുടക്കത്തോടെ സുജൂദില്‍നിന്ന് തല ഉയര്‍ത്തുകയും പറഞ്ഞു കഴിയുമ്പോള്‍ ഇരുന്നു കഴിയുകയും വേണം. ഇടതുകാലിന്റെ പാദം പരത്തിവെച്ച് അതിന്മേല്‍ ഇരിക്കുകയും വലതുകാലിന്റെ പാദം നാട്ടിവെക്കുകയും വേണം. നബി(സ്വ)യുടെ ഇരുത്തത്തിന്റെ രൂപം ഹദീസില്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: ‘നമസ്‌കാരത്തിലെ സുന്നത്ത്, നീ വലതു കാല്‍ നാട്ടി വെക്കുകയും ഇടതു കാല്‍ വളച്ചു വയ്ക്കുകയും ചെയ്യുക എന്നതാകുന്നു’ (ബുഖാരി) 27.

വിരലുകള്‍ ഖിബ്‌ലക്ക് അഭിമുഖമായി വരത്തക്കവിധം രണ്ടു കൈപ്പത്തികളും തുടമേല്‍ പരത്തി വെക്കണം.
ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ”നബി(സ്വ) രണ്ടു സുജൂദുകള്‍ക്കിടയിലെ ഇരുത്തത്തില്‍ ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു:

اللَّهُمَّ اغْفِرْ لِي، وَارْحَمْنِي، وَاهْدِنِي، وَعَافِنِي، وَارْزُقْنِي (അല്ലാഹുമ്മഗ്ഫിര്‍ ലീ വര്‍ഹം നീ വഹ്ദിനീ വ ആഫിനീ വര്‍സുഖ്‌നീ )

അല്ലാഹുവേ, എനിക്കു നീ പൊറുത്തുതരേണമേ, എന്നോട് കാരുണ്യം കാണിക്കണേ, എന്നെ നേര്‍വഴിക്ക് നയിക്കണേ, എനിക്ക് സൗഖ്യം തരേണമേ, എനിക്ക് ഉപജീവനം തരേണമേ) (അബൂദാവൂദ്) 28.

ഒറ്റത്തവണ മാത്രമേ ഇതു ചൊല്ലേണ്ടതുള്ളൂ. ഹുദൈഫ(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് പ്രകാരം മൂന്നുതവണ اللَّهُمَّ اغْفِرْ لِي (അല്ലാഹുമ്മഗ്ഫിര്‍ലീ) എന്നു പറഞ്ഞാല്‍ മതിയെന്ന് അഹ്‌മദുബ്‌നു ഹമ്പല്‍ അഭിപ്രായപ്പെടുന്നു (ഇബ്‌നു ഖുദാമയുടെ മുഗ്‌നി) 29.

ഈ പ്രാര്‍ഥന കഴിഞ്ഞാല്‍ ‘അല്ലാഹു അക്ബര്‍‘(33) എന്നു പറഞ്ഞ് വീണ്ടും സുജൂദ് ചെയ്യുക. സുജൂദിലെ പ്രാര്‍ഥനകള്‍ ചൊല്ലുക. അതുകഴിഞ്ഞാല്‍ ‘അല്ലാഹു അക്ബര്‍’(33) എന്നു പറഞ്ഞ് എഴുന്നേറ്റു നില്‍ക്കുക. ഇതോടെ ഒരു റക്അത്ത് പൂര്‍ത്തിയായി. അപ്പോള്‍ ഒരു നിറുത്തം, ഒരു റുകൂഅ്, ഒരു ഇഅ്തിദാല്‍, രണ്ടു സൂജൂദ്, അവയ്ക്കിടയിലെ ഇരുത്തം എന്നിവ അടങ്ങിയതാണ് ഒരു ‘റക്അത്ത്’.

തശഹ്ഹുദ്

രണ്ടു റക്അത്ത് കഴിഞ്ഞാല്‍ സുജൂദില്‍ നിന്നുയര്‍ന്ന് ഇരിക്കേണ്ടതാണ്. അടുത്ത റക്അത്തിലേക്ക് എഴുന്നേറ്റുനില്ക്കരുത്. ആ ഇരുത്തത്തില്‍ ഒരു പ്രാര്‍ഥന ചൊല്ലണം. അതിന് ‘തശഹ്ഹുദ്’ എന്നു പറയുന്നു. എല്ലാ നമസ്‌കാരങ്ങളിലും രണ്ടു റക്അത്ത് കഴിഞ്ഞാലും അവസാന റക്അത്തിലും ഇപ്രകാരം തശഹ്ഹുദ് ചൊല്ലണം. രണ്ടു റക്അത്ത് കഴിഞ്ഞാല്‍ ചൊല്ലുന്ന തശഹ്ഹുദ് അഭികാമ്യവും അവസാന റക്അത്തിലേത് നിര്‍ബന്ധവുമാണ്.

ജാബിറുബ്‌നു അബ്ദില്ല(റ)ന് നബി(സ്വ) പഠിപ്പിച്ചതു പ്രകാരം തശഹ്ഹുദിന്റെ രൂപം ഇപ്രകാരമാണ്:

التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ

(അത്തഹിയ്യാത്തു ലില്ലാഹി വസ്സ്വലവാതു വത്ത്വയ്യിബാത്തു അസ്സലാമു അലൈക അയ്യുഹ ന്നബിയ്യു വറഹ്‌മതുല്ലാഹി വബറകാതുഹു, അസ്സലാമു അലൈനാ വ അലാ ഇബാദില്ലാഹി സ്സ്വാലിഹീന്‍. അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലാല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു)(അല്‍ ബദ്‌റുല്‍ മുനീര്‍) 30.

(എല്ലാ അഭിവാദനങ്ങളും പ്രാര്‍ഥനകളും പരിശുദ്ധ വചനങ്ങളും അല്ലാഹുവിനാകുന്നു. പ്രവാചകരേ, അങ്ങയ് ക്ക് അല്ലാഹുവിന്റെ സമാധാനമുണ്ടാവട്ടെ; അവന്റെ കരുണയും അനുഗ്രഹവും. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ ദാസന്മാര്‍ക്കും (അല്ലാഹുവിങ്കല്‍ നിന്നുള്ള) സമാധാനമുണ്ടാവട്ടെ. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു) (ബുഖാരി) 31.

ഇതാണ് ഏറ്റവും പ്രസിദ്ധമായ രൂപം. തിര്‍മിദി, സൗരി, ഇസ്ഹാഖ്, അബൂസൗര്‍, അഹ്‌മദുബ്‌നു ഹമ്പല്‍ എന്നിവരും നബി(സ്വ)യുടെ ഭൂരിപക്ഷ സ്വഹാബികളും അംഗീകരിച്ച രൂപമാണിത്. അല്പം പദവ്യത്യാസത്തോടെ വേറെയും രൂപങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (37). ഇബ്‌നു അബ്ബാസില്‍നിന്ന് ഇമാം മുസ്‌ലിമും തിര്‍മിദിയും റിപ്പോര്‍ട്ട് ചെയ്തത് ചില പദവ്യത്യാസങ്ങളോടെയാണ്. ഇമാം ശാഫിഈ അംഗീകരിച്ചിട്ടുള്ളത് അതാണ്.

മൂന്നോ നാലോ റക്അത്തുള്ള നമസ്‌കാരമാണെങ്കില്‍ തശഹ്ഹുദ് കഴിഞ്ഞാല്‍ ‘അല്ലാഹു അക്ബര്‍’(33) എന്നു പറഞ്ഞ് എഴുന്നേറ്റു നില്‍ക്കണം. തുടര്‍ന്ന് മൂന്നാമത്തെ റക്അത്തും നാലാമത്തെ റക്അത്തും നമസ്‌കരിക്കുക. മൂന്നും നാലും റക്അത്തുകളില്‍ ഫാതിഹയ്ക്കു ശേഷം സൂറത്തുകളൊന്നും ഓതാന്‍ പാടില്ല. ഫാതിഹയാവട്ടെ, ഇമാമും മഅ്മൂമും പതുക്കെയാണ് ഓതേണ്ടത്. മൂന്നു റക്അത്തുള്ള മഗ്‌രിബ് നമസ്‌കാരത്തില്‍ മൂന്നാമത്തെ റക്അത്തിലെ രണ്ടു സുജൂദുകള്‍ക്ക് ശേഷവും നാലുറക്അത്തുള്ള ദുഹ്ര്‍, അസ്ര്‍, ഇശാ എന്നീ നമസ്‌കാരങ്ങളില്‍ നാലാമത്തെ റക്അത്തിലെ രണ്ടു സുജൂദുകള്‍ക്കു ശേഷവും അവസാനത്തെ തശഹ്ഹുദിനു വേണ്ടി ഇരിക്കണം. ഈ ഇരുത്തത്തില്‍ ഇടതുകാല്‍ വലതുവശത്തേക്ക് ചരിച്ചുവെക്കുകയും വലതുപാദം കുത്തിനിര്‍ത്തുകയും വേണം. പൃഷ്ഠം നിലത്തു പതിച്ചുകൊണ്ടാണ് ഇരിക്കേണ്ടത്. ഇപ്രകാരം ഇരിക്കുന്നതിനാല്‍ ഈ ഇരുത്തത്തിന് ‘തവര്‍റുക്കി’ന്റെ ഇരുത്തമെന്നു പറയും. രണ്ടു റക്അത്ത് കഴിഞ്ഞുള്ള തശഹ്ഹുദിന്റെ ഇരുത്തത്തിന് ‘ഇഫ്തിറാശി’ന്റെ ഇരുത്തമെന്നാണ് പറയുന്നത്. ഈ ഇരുത്തത്തില്‍ ആദ്യത്തെപ്പോലെ തശഹ്ഹുദ് ചൊല്ലുക.

തശഹ്ഹുദിന് ഇരിക്കുമ്പോള്‍ മുമ്പു പറഞ്ഞതുപോലെ രണ്ടു കൈപ്പത്തികളും തുടമേല്‍ വെക്കണം. എന്നാല്‍ വലതു കൈവിരലുകള്‍ മടക്കിവെച്ച് ചൂണ്ടുവിരല്‍ ചൂണ്ടിപ്പിടിക്കണം. ഈ അവസ്ഥ നമസ്‌കാരം തീരുന്നതുവരെ തുടരണം.

ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ്വ) നമസ്‌കാരത്തില്‍ (തശഹ്ഹുദിനുവേണ്ടി) ഇരുന്നുകഴിഞ്ഞാല്‍ വലതു കൈപ്പത്തി വലതു കാല്‍തുടയില്‍ വെക്കുകയും വിരലുകള്‍ മടക്കിപ്പിടിച്ച് ചൂണ്ടുവിരല്‍ ചൂണ്ടുകയും ചെയ്തിരുന്നു. ഇടതു കൈപ്പത്തി ഇടതുതുടയില്‍ വെക്കുകയും ചെയ്യും (മുസ്‌ലിം) 32).

എന്നാല്‍ വിരല്‍ നമസ്‌കാരം കഴിയുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണമെന്ന് അഭിപ്രായപ്പെടുന്നവര്‍ വാഇലുബ്‌നു ഹുജ്‌റില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീഥാണ് അവലംബമാക്കുന്നത്. നബി(സ്വ) വിരല്‍ ഉയര്‍ത്തി ഇളക്കുന്നത് കണ്ടുവെന്ന് അഹ്‌മദ്, നസാഈ, എന്നിവര്‍ ഉദ്ധരിച്ച ഈ ഹദീഥില്‍ വന്നിട്ടുണ്ട്. എന്നാല്‍ അബ്ദുല്ലാഹിബ്‌നു സുബൈറില്‍ നിന്ന് സ്വീകാര്യയോഗ്യമായ പരമ്പരവഴി അബൂദാവൂദ് ഉദ്ധരിച്ച ഹദീസില്‍ ഇപ്രകാരമുണ്ട്.
”(തശഹ്ഹുദില്‍) പ്രാര്‍ഥിക്കുമ്പോള്‍ നബി തന്റെ വിരല്‍ ചുണ്ടാറുണ്ടായിരുന്നു. ഇളക്കാറുണ്ടായിരുന്നില്ല” (അബൂദാവൂദ്) 33. ഈ റിപ്പോര്‍ട്ടിന്റെ സ്വീകാര്യതയില്‍ ആക്ഷേപം ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌.

ഈ രണ്ട് ഹദീസുകളെയും വിലയിരുത്തിക്കൊണ്ട് ബൈഹക്വി പറയുന്നു. ”ഇളക്കുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ചൂണ്ടുക എന്നായിരിക്കാം. ഇളക്കിക്കൊണ്ടിരിക്കുക എന്നായിരിക്കില്ല. എന്തുകൊണ്ടെന്നാല്‍ നബി (സ്വ) പ്രാര്‍ഥിക്കുമ്പോള്‍ വിരല്‍ ചൂണ്ടുമായിരുന്നു. അതിളക്കിയിരുന്നില്ല’ എന്ന് ഇബ്‌നുസുബൈറിന്റെ റിപ്പോര്‍ട്ടുമായി യോജിക്കാന്‍ പ്രസ്തുത അര്‍ഥം കല്പിക്കേണ്ടിയിരിക്കുന്നു” (സുനനുല്‍കുബ്‌റാ) 34.

രണ്ടാമത്തെ തശഹ്ഹുദ്

തശഹ്ഹുദ് ഓതിക്കഴിഞ്ഞാല്‍ നബി(സ്വ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലണം. ഈ പ്രാര്‍ഥന വിവിധ രൂപങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആശയത്തില്‍ വലിയ വ്യത്യാസങ്ങളൊന്നും തന്നെയില്ല. കഅ്ബുബ്‌നു അജ്‌റ(റ) വില്‍ നിന്ന് ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസില്‍ വന്ന രൂപം ഇതാണ്:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

(അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലൈത്ത അലാ ഇബ്‌റാഹീമ ഇന്നക ഹമീദുമ്മജീദ്. വബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്ത അലാ ഇബ്‌റാഹീമ ഇന്നക ഹമീദുമ്മജീദ്)

(അല്ലാഹുവേ, മുഹമ്മദ് നബിക്കും മുഹമ്മദ് നബിയുടെ കുടുംബത്തിനും നീ കരുണ ചെയ്യേണമേ, ഇബ്‌റാഹീം നബിയുടെ കുടുംബത്തിന് നീ കരുണ ചെയ്തപോലെ. നീ സ്തുത്യര്‍ഹനും മഹത്വമേറിയവനുമാകുന്നു. മുഹമ്മദ് നബിക്കും മുഹമ്മദ് നബിയുടെ കുടുംബത്തിനും നീ അനുഗ്രഹം ചെയ്യേണമേ, ഇബ്‌റാഹീം നബിയുടെ കുടുംബത്തിന് നീ അനുഗ്രഹം ചെയ്തതുപോലെ. തീര്‍ച്ചയായും നീ സ്തുത്യര്‍ഹനും മഹത്വമേറിയവനുമാകുന്നു) (ബുഖാരി) 35.

മറ്റു രൂപങ്ങളിലും നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലാം.(39)

സ്വലാത്തിനു ശേഷം ഓരോരുത്തര്‍ക്കും ആവശ്യമായ പ്രാര്‍ഥനകള്‍ ചൊല്ലാം. നബി(സ്വ) യില്‍നിന്ന് ഉദ്ധരിക്കപ്പെട്ട പ്രാര്‍ഥനകള്‍ക്ക് പ്രാമുഖ്യം നല്‍കണം. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം: നബി(സ്വ) തശഹ്ഹുദിനു ശേഷം ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു:

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ

(അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന്‍ അദാബില്‍ ഖബ്‌രി വമിന്‍ അദാബിന്നാര്‍, വമിന്‍ ഫിത്‌നതില്‍ മഹ്‌യാ വല്‍ മമാതി വമിന്‍ ഫിത്‌നതില്‍ മസീഹിദ്ദജ്ജാല്‍) (ബുഖാരി) 36.

(നാഥാ, ഖബ്‌റിലെ ശിക്ഷയില്‍നിന്നും നരകത്തിലെ ശിക്ഷയില്‍നിന്നും ജീവിതത്തിലെയും മരണത്തിലെയും ക്ലേശങ്ങളില്‍നിന്നും മസീഹുദ്ദജ്ജാലിന്റെ ശല്യത്തില്‍നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു).

അബൂബക്ര്‍(റ) നബി(സ്വ)യോട് പറഞ്ഞു: ”നമസ്‌കാരത്തില്‍ പ്രാര്‍ഥിക്കാന്‍ എനിക്ക് ഒരു പ്രാര്‍ഥന പഠിപ്പിച്ചുതരണം.” നബി(സ്വ) പറഞ്ഞു: ഇപ്രകാരം പ്രാര്‍ഥിക്കുക:

اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا، وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ، وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ

(അല്ലാഹുമ്മ ഇന്നീ ദ്വലംതു നഫ്‌സീ ദ്വുല്‍മന്‍ കസീറന്‍ വലാ യഗ്ഫിറുദ്ദുനൂബ ഇല്ലാ അന്‍ത. ഫഗ്ഫിര്‍ലീ മഗ്ഫിറതന്‍ മിന്‍ ഇന്‍ദിക. വര്‍ഹംനീ ഇന്നക അന്‍തല്‍ ഗഫൂറുര്‍റഹീം) (ബുഖാരി) 37.

(നാഥാ, ഞാന്‍ എന്നോട് വളരെ കൂടുതല്‍ അക്രമം കാണിച്ചിരിക്കുന്നു. നീയല്ലാതെ പാപം പൊറുക്കുന്നവനില്ല. അതുകൊണ്ട് നിന്റെ പക്കല്‍ നിന്നെനിക്ക് പാപമോചനം തരേണമേ. എന്നോട് കാരുണ്യം കാണിക്കേണമേ. തീര്‍ച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമാകുന്നു) (ബുഖാരി, മുസ്‌ലിം).

വേറെയും പ്രാര്‍ഥനകള്‍ നബി(സ്വ) ഈ സന്ദര്‍ഭത്തില്‍ നിര്‍വഹിക്കാറുണ്ടായിരുന്നു.(42), (32)

വിരമിക്കല്‍

പ്രാര്‍ഥനകള്‍ കഴിഞ്ഞാല്‍ നമസ്‌കാരത്തില്‍നിന്ന് വിരമിക്കണം. ‘അസ്സലാമു അലൈകും വ റഹ്‌മത്തുല്ലാഹ്’(43) (അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും താങ്കളുടെ മേല്‍ വര്‍ഷിക്കട്ടെ) എന്നു പറഞ്ഞ് വലതുഭാഗത്തേക്ക് മുഖം തിരിക്കണം. വീണ്ടും ‘അസ്സലാമു അലൈകും വ റഹ്‌മത്തുല്ലാഹ്'(43) എന്നു പറഞ്ഞ് ഇടതു ഭാഗത്തേക്കും മുഖം തിരിക്കണം. ഇങ്ങനെ ചെയ്യുന്നതായിരുന്നു പ്രവാചകന്റെ രീതി.

നബി(സ്വ) എപ്രകാരമാണ് സലാം വീട്ടിയിരുന്നതെന്ന് അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നിന്ന് വ്യക്തമാകും. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ”നബി(സ്വ) വലതു വശത്തേക്കും ഇടതുവശത്തേക്കും ‘അസ്സലാമു അലൈകും വ റഹ്‌മതുല്ലാ'(43) എന്നു പറഞ്ഞു കൊണ്ടാണ് സലാം വീട്ടിയിരുന്നത് അപ്പോള്‍ നബിയുടെ കവിളിലെ വെളള കാണാമായിരുന്നു'(അബൂദാവൂദ്) 38.

രണ്ടു സലാം വീട്ടുന്നതോടെ നമസ്‌കാരം പൂര്‍ത്തിയായി.

ത്വുമഅ്‌നീന

നമസ്‌കാരം അല്ലാഹുവിന് അവന്റെ ദാസന്‍ അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരാധനയാണ്. തനിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ചെയ്തു തരുന്ന പരമകാരുണികനോടുള്ള നന്ദിപ്രകടനം കൂടിയാണത്. അല്ലാഹുവാകട്ടെ പരമ പരിശുദ്ധനും ഏറെ മഹത്വമുള്ളവനുമാണ്. അതിനാല്‍ അവന് അര്‍പ്പിക്കുന്ന ഏതു തരം ആരാധനകളും ഏറെ ആത്മാര്‍ഥതയും ഭംഗിയും ശ്രദ്ധയുമുള്ളതാകണം. അതിനാലാണ് ഇസ്‌ലാമിക കര്‍മശാസ്ത്രം നമസ്‌കരാത്തിന്റെ നിര്‍ബന്ധ ഘടകങ്ങള്‍ വിശദീകരിക്കുമ്പോള്‍ ത്വുമഅ്‌നീന എന്ന ഒരു നിബന്ധന പരിഗണിക്കുന്നത്. നമസ്‌കാരത്തിന്റെ ആദ്യാവസാനമുള്ള എല്ലാ കര്‍മങ്ങളും ഏറെ സൂക്ഷ്മതയോടെയും ആവശ്യമായ സാവകാശത്തോടെയുമാകണം. കടപടവിശ്വാസികളുടെ നേരം വൈകിയുള്ള നമസ്‌കാരത്തെ വര്‍ണിക്കവെ മുഹമ്മദ് നബി(സ) പറഞ്ഞത്, ധൃതിയില്‍ അവര്‍ ചെയ്യുന്ന സുജൂദ് കോഴി ധാന്യംകൊത്തുന്നത് പോലെയാണ് എന്നാണ്.

ചുരുക്കത്തില്‍ നമസ്‌കാരത്തിലെ ഓരോ ഭാഗവും ആവശ്യമായ സമയമെടുത്ത് സാവകാശത്തില്‍ നിര്‍വഹിക്കണം. പ്രത്യേകിച്ചും സുജൂദ്, റുകൂഅ് എന്നിവ ഏറെ ശ്രദ്ധിക്കണം.

 

References
  1. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 06, ഹദീസ് 01[]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 48, ഹദീസ് 1117[]
  3. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 47, ഹദീസ് 1116[]
  4. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 254, ഹദീസ് 690[]
  5. സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 08, ഹദീസ് 03[]
  6. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 148, ഹദീസ് 735[]
  7. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 149, ഹദീസ് 744[]
  8. സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 206, ഹദീസ് 776[]
  9. അല്‍ മജ്മൂഅ് അല്‍ ഫതാവാ, അല്‍ ഫതാവല്‍ കുബ്‌റാ, തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്‌മദ് ഇബ്‌നുതൈമിയ്യ, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, ഒന്നാം പതിപ്പ്, വാള്യം 22, പേജ് 395[]
  10. സ്വഹീഹു ഇബ്‌നി ഖുസൈമ, അബൂബക്ര്‍ മുഹമ്മദുബ്‌നു ഇസ്ഹാഖ് ബ്‌നു ഖുസൈമ അരുുലമി അന്നൈസാബൂരി, അല്‍ മക്തബതുല്‍ ഇസ്‌ലാമി, ബൈറൂത്, വാള്യം 01, പേജ് 306, പേജ് 607[]
  11. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 151, ഹദീസ് 756[]
  12. സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 303, ഹദീസ് 823[]
  13. അസ്സുനനുല്‍ കുബ്‌റാ, അഹ്‌മദുബ്‌നുല്‍ ഹുസൈനിബ്‌നി അലി, അബൂബക്‌റുല്‍ ബൈഹഖീ, ദാറു കുതുബുല്‍ ഇല്‍മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 02, പേജ് 83, ഹദീസ് 2445[]
  14. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2351, ഹദീസ് 6039[]
  15. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 126, ഹദീസ് 615[]
  16. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 158, ഹദീസ് 794[]
  17. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 114, ഹദീസ് 3228[]
  18. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 162, ഹദീസ് 812[]
  19. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 190, ഹദീസ് 3564[]
  20. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 356, ഹദീസ് 234 (494[]
  21. അല്‍ മുഗ്‌നി ലി ഇബ്‌നു ഖുദാമ, അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്‌നു അഹ്‌മദ് ബ്‌നി ഖുദാമ, ഇബ്‌നു ഖുദാമ, മക്തബതുല്‍ ഖാഹിറ, 1968, വാള്യം 01, പേജ് 372[]
  22. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 86, ഹദീസ് 385[]
  23. സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 01, പേജ് 329, ഹദീസ് 1032[]
  24. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 164, ഹദീസ് 822[]
  25. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 348, ഹദീസ് 207 (479[]
  26. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 178, ഹദീസ് 4968[]
  27. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 165, ഹദീസ് 827[]
  28. സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 224, ഹദീസ് 850[]
  29. അല്‍ മുഗ്‌നി ലി ഇബ്‌നു ഖുദാമ, അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്‌നു അഹ്‌മദ് ബ്‌നി ഖുദാമ, ഇബ്‌നു ഖുദാമ, മക്തബതുല്‍ ഖാഹിറ, 1968, വാള്യം 01, പേജ് 377[]
  30. അല്‍ ബദ്‌റുല്‍ മുനീറു ഫീ തഖ്‌രീജില്‍ അഹാദീസി വല്‍ ആസാറില്‍ വാഖിഅത്തി ഫിശ്ശര്‍ഹില്‍ കബീര്‍, ഇബ്‌നു മുല്‍ഖിന്‍ സിറാജുദ്ദീന്‍ അബൂഹഫ്‌സ്വ് ഉമറുബ്‌നു അലി, ദാറുല്‍ ഹിജ്‌റ ലിന്നശ്അരി വത്തൗസീഅ്, റിയാദ്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 28, ഹദീസ് 114[]
  31. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 116, ഹദീസ് 7381[]
  32. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 408, ഹദീസ് 116 (580[]
  33. സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 260, ഹദീസ് 989[]
  34. അസ്സുനനുല്‍ കുബ്‌റാ, അഹ്‌മദുബ്‌നുല്‍ ഹുസൈനിബ്‌നി അലി, അബൂബക്‌റുല്‍ ബൈഹഖീ, ദാറു കുതുബുല്‍ ഇല്‍മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 02, പേജ് 189, ഹദീസ് 2787[]
  35. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06 പേജ് 120, ഹദീസ് 4797[]
  36. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 99, ഹദീസ് 1377[]
  37. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 118, ഹദീസ് 7387[]
  38. സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 351, ഹദീസ് 933[]
മുൻപത്തെ ലേഖനം നമസ്‌കാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അടുത്ത ലേഖനം ബാങ്കും ഇഖാമത്തും

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History