സകാതിന്റെ അവകാശികള്‍
ഇസ്‌ലാമിൻറെ അടിസ്ഥാന ആരാധനകളിൽ പെട്ട സകാത്ത് എന്തെല്ലാം വസ്തുക്കൾക്ക് നൽകേണ്ടത്. ആരെല്ലാം നൽകണം. എന്നതുപോലെ പ്രധാനമാണ്, സകാതിന്റെ അവകാശികള്‍ ആരെല്ലാമാണ് എന്നത്. ഇത് വിശുദ്ധ ഖുർആൻ തന്നെ നിർണയിച്ചിട്ടുണ്ട്. ദരിദ്രരും അഗതികളും, സകാത്തിന്റെ ജോലിക്കാർ, മനസ്സുകൾ ഇണക്കപ്പെട്ടവർ, അടിമത്ത മോചനം, കടം കൊണ്ട് വിഷമിക്കുന്നവർ, ദൈവമാർഗത്തിൽ പ്രവർത്തിക്കുന്നവർ, വഴിയാത്രക്കാർ എന്നിവരാണ് അവർ. ഈ അവകാശികളെ കുറിച്ച് വിശദമായി ഇവിടെ ചർച്ച ചെയ്യുന്നു. അതേപോലെ, സകാത്ത് എങ്ങനെ നൽകണം എന്നതും പ്രധാനമാണ്. ഓരോ വ്യക്തിയും സ്വന്തമായല്ല, ഉത്തരവാദപ്പെട്ട ഭരണകൂടമോ അല്ലെങ്കിൽ മുസ്‌ലിം സമൂഹത്തിൻറെ നേതൃത്വമോ ആണ് അത് ശേഖരിച്ച് വിതരണം ചെയ്യേണ്ടത്. ഈ കാര്യവും അതിന് എതിരെയുള്ള ചില വിമർശനങ്ങളും സകാത്ത് നൽകേണ്ട വിധം, സംഘടിത സകാത്തിന് എതിരെയുള്ള വിമർശങ്ങൾ എന്നെ അധ്യായങ്ങളിലൂടെ ഇവിടെ വായിക്കാം.
ഇസ്‌ലാമിന് മുമ്പും പിമ്പും പല ഭരണാധികാരികളും ഭരണകൂടങ്ങളും പലതരം നികുതികളും ജന ങ്ങളില്‍ നിന്ന് സംഭരിച്ച് തങ്ങള്‍ക്കും തങ്ങളുടെ ബന്ധുമിത്രാതികള്‍ക്കും വേണ്ടി ചെലവഴിക്കാറാണ് പതിവ്. എന്നാല്‍ ഇസ്‌ലാമില്‍ സകാത്ത് ആരില്‍ നിന്ന് എത്രയൊക്കെയാണ് സമാഹരിക്കേണ്ടത് എന്നത് പോലെത്തന്നെ പ്രധാനപ്പെട്ടതാണ് ആരിലൊക്കെയാണ് വിനിയോഗിക്കേണ്ടത് എന്നതും. അത് ലഭിക്കേണ്ടവര്‍ക്കു ലഭിക്കാതെ പോവുകയോ ലഭിക്കേണ്ടതല്ലാത്തവര്‍ക്കു ലഭിക്കുകയോ ചെയ്യാന്‍ പാടില്ല. സകാത്ത് ചോദിച്ചു വന്ന വ്യക്തിയോട് പ്രവാചകന്‍(സ്വ) പറഞ്ഞ മറുപടി, അബുദാവൂദ് റിപ്പോര്‍ട് ചെയ്യുന്നു:
പ്രവാചകന്‍(സ്വ) പറഞ്ഞു: ”ഒരു പ്രവാചകന്റെയോ അല്ലെങ്കില്‍ മറ്റൊരാളുടെയോ സകാത്ത് സംബ ന്ധമായ വിധി അല്ലാഹു തൃപ്തിപ്പെടുകയില്ല. അല്ലാഹുതന്നെ അതില്‍ ഒരു വിധി പറഞ്ഞിട്ടുണ്ടായി രിക്കെ. അവന്‍ അതിന് അര്‍ഹതപ്പെട്ടവരെ എട്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. നീ ആ വിഭാഗങ്ങളില്‍പെടുന്നുവെങ്കില്‍ നിനക്ക് നിന്റെ അവകാശം ഞാന്‍ നല്‍കുന്നതാണ്” (ഇര്‍വാഉല്‍ ഗലീല്‍) 1.
ഈ എട്ടു വിഭാഗമാണ് അല്ലാഹു സൂറ: അത്തൗബയില്‍ 60 ആമത്തെ ആയത്തില്‍ വിവരിക്കുന്നത്. ”ദാനധര്‍മങ്ങള്‍ ദരിദ്രന്‍മാര്‍ക്കും അഗതികള്‍ക്കും അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തി ക്കുന്നവര്‍ക്കും മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ കാര്യത്തിലും കടംകൊണ്ട് വിഷമിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്’‘ (അത്തൗബ: 60).
ദരിദ്രരും അഗതികളും
തനിക്കും തന്റെ ആശ്രിതര്‍ക്കും അത്യാവശ്യചിലവിന് ആവശ്യമായ തുക വരുമാനമായോ എടുത്തു ചിലവഴിക്കാന്‍ കഴിയുന്ന സ്വത്തായോ തീരെ ഇല്ലാത്തതോ അല്ലെങ്കില്‍ വളരെകുറച്ച് മാത്രം ഉള്ളതോ ആയ വ്യക്തിയെ ദരിദ്രന്‍(ഫഖീര്‍) എന്നും നിശ്ചിതവരുമാനം ഉണ്ടെങ്കിലും അതുകൊണ്ട് തന്റെയും തന്റെ ആശ്രിതരുടെയും അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വ്യക്തിയെ അഗതി (മിസ്‌കീന്‍) എന്നുമാണ് ഭൂരിപക്ഷ പണ്ഡിതന്‍മാരും നിര്‍വചിച്ചിരിക്കുന്നത്.
ഒരാള്‍ക്ക് ഭക്ഷിക്കാനും, കുടിക്കാനും, താമസിക്കാനും, ധരിക്കാനുമുണ്ടോ എന്നത് ദാരിദ്ര്യത്തിന്റെ മാനദണ്ഡമായി പരിഗണിക്കുന്നു. അതുപോലെത്തന്നെ, ഒരാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും അയാളുടെ പക്കല്‍ മഹറിനുള്ള പണം തികയാതെ വരികയും ചെയ്താല്‍, അയാള്‍ക്ക് വിവാഹം കഴിക്കാന്‍ ആവശ്യമായ പണവും ഒരു വിദ്യാര്‍ഥി അവന്‍ ആവശ്യക്കാരനാണെങ്കില്‍ അവന് ആവശ്യമായ പുസ്തകം മറ്റുകാര്യങ്ങള്‍ക്കുംവേണ്ട പണവും സകാത്തില്‍ നിന്നു നല്‍കാവുന്നതാണ് .
അല്ലാഹു പറയുന്നു: ”ആ കപ്പലാകട്ടെ കടലില്‍ ജോലിചെയ്യുന്ന ഏതാനും പാവങ്ങളുടെടെതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. കാരണം അവരുടെ പിറകെ എല്ലാ നല്ല കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു”(18: 79).
ഈ സൂക്തത്തില്‍ കപ്പലിന്റെ ഉടമകളായ കടലില്‍ ജോലിചെയ്യുന്നവരെ മിസ്‌കീനുകള്‍ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. തൊഴിലെടുക്കുന്നവരും ഒരു കപ്പലിന്റെ ഉടമസ്ഥത യില്‍ പങ്കാളികളും ആയിരുന്നിട്ടുംപോലും അവര്‍ക്കു തങ്ങളുടെ സമ്പാദ്യം അത്യാവശ്യങ്ങള്‍ ക്കുതികയുന്ന വരായിരുന്നില്ല എന്നതിനാലാണ് അവരെ മിസ്‌കീന്‍(അഗതി) എന്നു വിശേഷിപ്പിച്ചത്.
ദരിദ്രനോ അഗതിയോ എന്ന് തെറ്റിദ്ധരിച്ച് അര്‍ഹതയില്ലാത്ത ഒരാള്‍ക്ക് സകാത്തു നല്‍കിയാല്‍ നല്‍കിയവര്‍ക്ക് തെറ്റില്ല. എന്നാല്‍ അത് സ്വീകരിക്കുന്നവന് ഹറാമായിരിക്കും.
ജോലിയെടുക്കാന്‍ ശാരീരിക ശേഷിയുള്ളവന്‍ സകാത്തിന് അര്‍ഹനല്ല.
അബുഹുറയ്‌റ പറയുന്നു: പ്രവാചകന്‍(സ്വ) പറഞ്ഞു: ധനികനോ ശാരീരികശേഷിയും ആരോഗ്യവുമുള്ളവനോ സകാത്ത് അനുവദനീയമല്ല.(അഹ്‌മദ്) 2
ഇതിന്റെ അടിസ്ഥാനത്തില്‍ തന്റെ ശാരീരികശേഷി ഉപയോഗിച്ച കുടുംബം പുലര്‍ത്താന്‍ കഴിയുന്ന ഒരാള്‍ക്കു സകാത്ത് നല്‍കാന്‍ പാടില്ല എന്ന് മനസ്സിലാക്കാം. എന്നാല്‍ അയാള്‍ക്ക് തൊഴിലെടുക്കാ നുള്ള ശേഷിയോടൊപ്പം തന്റെ ഉപജീവനത്തിന് ആവശ്യമായത് സമ്പാദിക്കാനുള്ള തൊഴില്‍ ലഭ്യ മായിരിക്കുക, ആ തൊഴില്‍ അനുവദനീയവും തനിക്ക്‌ചെയ്യാന്‍ കഴിയുന്നതുമായിരിക്കുക, ആ തൊഴിലില്‍ നിന്ന് തനിക്കും തന്റെ കീഴില്‍ കഴിയുന്നവര്‍ക്കും ആവശ്യമായ ചെലവുകള്‍ക്ക് പര്യാ പ്തമായത് ലഭിക്കുന്നതുമയിരിക്കുക എന്നിവകൂടി ഇവിടെ പരിഗണിക്കേണ്ടതാണെന്നു പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
ശാരീരികശേഷിയുള്ള ഒരു വ്യക്തി ഉപജീവനത്തിനുള്ള തൊഴിലെടുക്കാതെ മതപരമോ സമൂഹത്തിനു ഉപകാരപ്പെടുന്നതോ ആയ വിജ്ഞാന സമ്പാദന മാര്‍ഗത്തില്‍ പ്രവര്‍ത്തി ക്കുകയാണെങ്കില്‍ അത്തരം വ്യക്തികള്‍ക്കും സകാത്ത് സ്വീകരിക്കാവുന്നതാണ്.
എന്നാല്‍ തന്റെ വ്യക്തിപരമായ ആരാധന കര്‍മങ്ങളില്‍ മുഴുകാനായി തൊഴിലെടുക്കാതെ കഴിയുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് സകാത്ത് നല്‍കാവതല്ല.
ഒരാള്‍ തന്റെ മാതാപിതാക്കള്‍ ഭാര്യമാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് അവര്‍ അഗതികളോ ദരിദ്രരോ ആണെങ്കിലും തന്റെ സകാത്തില്‍നിന്ന് അവര്‍ക്കു നല്‍കാന്‍ പാടില്ല. കാരണം ഇവര്‍ക്ക് ചെലവിനു നല്‍കേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. അവര്‍ക്കു ചെലവിനു നല്‍കല്‍ അദ്ദേഹത്തിന്റെ അടിസ്ഥാനാവശ്യങ്ങളില്‍പെട്ടതാണ്. അതിനാല്‍ ഇത്തരം ചെലവുകള്‍ കഴിച്ചാണ് സകാത്ത് കണക്കുകൂട്ടേണ്ടത്. വിവാഹിതരായി സ്വന്തം ചെലവില്‍ കഴിയുന്ന മക്കള്‍ക്ക് അവര്‍ സകാത്തിനര്‍ഹരുമാണെങ്കില്‍ അവര്‍ക്കും സകാത്ത് നല്‍കാവുന്നതാണ്.
ഒരാളുടെ മാതാപിതാക്കള്‍ ഭാര്യമാര്‍ മക്കള്‍ എന്നിവരാരെങ്കിലും കടംകൊണ്ട് പ്രയാസപ്പെടുന്നവര്‍ എന്ന വിഭാഗത്തിലാണെങ്കില്‍ അദ്ദേഹത്തിന് തന്റെ സകാത്തില്‍നിന്ന് അവര്‍ക്കു നല്‍കാവുന്നതാണ്. കാരണം അവര്‍ക്കു ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ നല്‍കാന്‍ മാത്രമേ ഇദ്ദേഹത്തിന്റെ മേല്‍ ബാധ്യതയുള്ളു. അവരുടെ കടത്തിന് ഇദ്ദേഹം ബാധ്യസ്ഥനല്ല.
ഒരാള്‍ തന്റെ സകാത്ത് അത് വ്യവസ്ഥാപിതമായി സംഭരിച്ചു വിതരണംചെയ്യുന്നവരെ ഏല്പിക്കുക യും അവര്‍ തന്റെചെലവില്‍ കഴിയുന്നവരിലാര്‍ക്കെങ്കിലും അര്‍ഹതയുടെ അടിസ്ഥാനത്തില്‍ സകാത്ത് നല്‍കുകയും ചെയ്യതാല്‍ അത് തെറ്റല്ല .
എത്രയാണ് നല്‍കേണ്ടത്?
സകാത്ത് നല്‍കുന്ന വ്യക്തികളില്‍ നിന്ന് ഏതെല്ലാം സ്വത്തിനു എത്രയെല്ലാം സകാത്ത് നല്‍കേണ്ടത് എന്ന് കൃത്യമായി ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ സകാത്ത് സ്വീകരിക്കുന്നവര്‍ക്ക് എത്രയാണ് നല്‍കേണ്ടത് എന്ന് കൃത്യമായി പരാമര്‍ശിക്കപ്പെടാത്തതുകൊണ്ട് പണ്ഡിതന്മാര്‍ ഇതില്‍ രണ്ടഭിപ്രായക്കാരാണ്.
1. എന്നെന്നേക്കുമായി ദാരിദ്ര്യമുക്തനാക്കാന്‍ വേണ്ടുന്ന സഹായം നല്‍കുക
2. ഒരുവര്‍ഷത്തേക്ക് ഉപജീവനത്തിനു വേണ്ടുന്ന സഹായം നല്‍കുക
ഈ രണ്ട് അഭിപ്രായങ്ങളും ഒന്നിച്ചെടുത്താല്‍ സകാത്ത് സ്വീകരിക്കുന്ന വ്യകതികളുടെ അവസ്ഥ കള്‍ക്കനുസരിച്ച് രണ്ടും നടപ്പിലാക്കാവുന്നതാണ്.
ഒരു തൊഴിലറിയുന്ന ദരിദ്രനായ ഒരു വ്യക്തിക്ക് തൊഴിലുപകരണങ്ങള്‍ സകാത്തായി നല്‍കിയും ഒരുപാവപെട്ട കൃഷിക്കാരനെ കൃഷിയുപകരണങ്ങളും വിത്തും മറ്റും നല്‍കിയും മറ്റും സ്വയം പര്യാപ്തനാക്കുകവഴി നടപ്പിലാക്കാവുന്നതാണ്..
ഒരു വര്‍ഷത്തേക്ക് ഉപജീവനത്തിനു വേണ്ടുന്ന സഹായം സകാത്തായി നല്‍കുക എന്ന അഭിപ്രായപ്രകാരം നിത്യരോഗം, അംഗവൈകല്യം, പ്രായാധിക്യം എന്നിവമൂലം ഒരു തൊഴിലും എടുക്കാന്‍ തീരെകഴിയാത്ത വ്യക്തികളില്‍ നടപ്പിലാക്കാവുന്നതാണ്.
പാവപ്പെട്ടവര്‍ക്ക് ഏതാനും നാണയത്തുട്ടുകള്‍ കാലാകാലങ്ങളിലായി നല്കികൊണ്ടിരിക്കുന്ന ഒരു സംമ്പ്രദായമല്ല സകാത്ത്. മറിച്ച്, പാവപ്പെട്ട ഒരു തൊഴിലാളിക്ക് തൊഴിലുപകരണങ്ങള്‍ നല്‍കിയും കച്ചവടം ചെയ്യാന്‍ കഴിയുന്ന പാവപ്പെട്ട ഒരു വ്യക്തിക്ക് കച്ചവടത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ് തുകൊടുത്തും തൊഴിലോ കച്ചവടമോ ചെയ്യാന്‍ കഴിയാത്ത അവശതയനുഭവിക്കുന്ന പാവപ്പെട്ടവന് നിത്യവരുമാനത്തിനുള്ള ഒരു മാര്‍ഗമുണ്ടാക്കികൊടുത്തുകൊണ്ടും അവരെ സ്വയം പര്യാപ്തരാക്കി തുടര്‍ന്നുള്ള കാലങ്ങളില്‍ അവര്‍ക്ക് സകാത്ത് നല്‍കേണ്ടതില്ലാത്ത അവസ്ഥയിലാക്കിത്തീര്‍ക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഇത്തരം വ്യക്തികള്‍ പിന്നീട് സകാത്ത് നല്‍കേണ്ട അത്രയും സമ്പത്തുള്ളവരും ആയിത്തീര്‍ന്നേക്കാം. അതാണ് ചരിത്രം.
സകാത്തിന്റെ ജോലിക്കാര്‍
സകാത്ത് സെല്‍, സകാത്ത് ഫണ്ട് പോലെയുള്ള സകാത്ത് ശേഖരിച്ച് വിതരണം ചെയ്യുന്ന സമിതികളുടെയോ ഇതിനായുള്ള സര്‍ക്കാര്‍ സംവിധാനത്തിലെയോ ഉദ്യോഗസ്ഥരാണ് സകാത്തിന്റെ മൂന്നാമത്തെ അവകാശികള്‍. സകാത്ത് ശേഖരിച്ച് വിതരണംചെയ്യുന്ന പ്രക്രിയയിലെ മുഴുവന്‍ ജോലിക്കാരും ഈ ഗണത്തില്‍പെടുന്നതാണ്. ഇവര്‍ സാമ്പത്തിക ശേഷി ഉള്ളവരാണെങ്കിലും ഇവ ര്‍ക്ക് സകാത്തില്‍നിന്ന് ഇവരുടെ ജോലിക്കുള്ള വേതനം നല്‍കാവുന്നതും അവര്‍ക്കത് സ്വീകരിക്കാവുന്നതുമാണ്.
സകാത്തിന്റെ ഉദ്യോഗസ്ഥര്‍ മുസ്‌ലിംകളും പ്രായപൂര്‍ത്തിയും വിവേകവും ഉള്ളവരും സകാത്തിന്റെ വിധികളെക്കുറിച്ച് ധാരണയുള്ളവരും സത്യസന്ധരുമായിരിക്കണം. അവര്‍ സകാത്ത് ദാതാക്കളില്‍ നിന്ന് യാതൊരു പാരിതോഷികങ്ങളോ സമ്മാനങ്ങളോ കൈപ്പറ്റരുത്. അവര്‍ സകാത്ത് ദാതാക്ക ള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതാണ്. ”അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന സകാത്ത് അവരുടെ സ്വത്തുകളില്‍നിന്ന് നീ സ്വീകരിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (വി.ഖു 9:103).
വ്യക്തികള്‍ തങ്ങളുടെ സകാത്ത് സ്വയം നല്കുകയല്ല, സകാത്തിനായി വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സമിതികളെയോ സര്‍ക്കാര്‍ സംവിധാനത്തെയോ ഏല്‍പ്പിക്കുകയാണ് വേണ്ടത് എന്ന മഹത്തായ സന്ദേശമാണ് സകാത്തിന്റെ ജോലിക്കാരെ സകാത്ത് ലഭിക്കേണ്ടവരില്‍ മൂന്നാമത്തെ വിഭാഗമാക്കുന്നതിലൂടെ ഇസ്ലാം മുന്നോട്ടുവെക്കുന്നത്.
മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍
ഇസ്‌ലാമിലേക്ക് പുതുതായി കടന്നുവന്ന വിശ്വാസികള്‍, മുസ്‌ലിംകളുമായി സൗഹൃദത്തില്‍ കഴിയു കയും ദാനധര്‍മങ്ങളോ മറ്റോ ലഭിക്കുകവഴി മുസ്‌ലിംകളുമായി കൂടുതല്‍ അടുക്കാനും തദ്വാരാ ഇസ്‌ലാം സ്വീകരിക്കാനും സാധ്യതയുള്ളവര്‍, മുസ്‌ലിംകളുമായി അനുഭാവം പുലര്‍ത്തുകയും ഇസ് ലാമിനെയും മുസ്‌ലിംകളെയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ എന്നിവരെയാണ് ഈ വിഭാഗ ത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗങ്ങളെ തിരഞ്ഞെടുക്കേണ്ടത് മുസ്‌ലിം നേതൃത്വമാണ് എന്നത് സകാത്ത് സംഘടിതമായാണ് ശേഖരിച്ചുവിതരണം നടത്തേണ്ടത് എന്നതിലേക്കുള്ള വ്യക്ത മായ സൂചനയാണ്.
അടിമത്ത മോചനം
മുഹമ്മദ് നബിയുടെ കാലത്ത് നടപ്പിലുണ്ടായിരുന്ന അടിമത്വസമ്പ്രദായമനുസരിച്ച് അടിമക ളായിരുന്നവര്‍ക്ക് രണ്ട് രീതിയില്‍ അടിമത്വത്തില്‍ നിന്ന്‌മോചനം ലഭിച്ചിരുന്നു.
ഒന്ന്: ഒരു അടിമ തന്റെ യജമാനനോട് ഒരു നിശ്ചിത തുക താന്‍ തരാമെന്നും തന്നെ മോചിപ്പിക്ക ണമെന്നും അഭ്യര്‍ത്ഥിക്കുകയും യജമാനാനതു അംഗീകരിക്കുകയും അതനുസരിച്ച് ഒരു മോചന കരാര്‍ എഴുതുകയും ചെയ്യുന്നു. ഈ അടിമകള്‍ തങ്ങളുടെ അധ്വാനത്തിലൂടെയും മറ്റും ആ തുക സമ്പാദിച്ച് ഉടമക്ക് നല്‍കുകയും അങ്ങനെ മോചിതരാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ മോചനക്കരാറില്‍ ഏര്‍പ്പെടാന്‍ ഖുര്‍ആന്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട് .
അല്ലാഹു പറയുന്നു: ”നിങ്ങളുടെ വലതു കൈകള്‍ ഉടമപ്പെടുത്തിയ അടിമകളില്‍ നിന്ന് മോചനക്കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങള്‍ മോചനക്കരാറില്‍ ഏര്‍ പ്പെടുക’‘ (24:33).
ധര്‍മിഷ്ഠരായ വ്യക്തികള്‍ പീഡിപ്പിക്കപ്പെടുന്ന അടിമകളെ അവരുടെ യജമാനന്മാരില്‍ നിന്ന് വിലക്ക്‌വാങ്ങി മോചിപ്പിക്കുക എന്നതാണ് രണ്ടാമത്തെ രീതി.
ഇവിടെ സകാത്തിന്റെ അവകാശികളായി പറഞ്ഞവരില്‍ രണ്ടുവിഭാഗവുംപെടുമെന്നാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം.. ഇസ്‌ലാം അടിമത്വസമ്പ്രദായം ക്രമാനുഗതമായി അവസാനിപ്പിക്കുകയും ലോകത്ത് ഇന്ന് അത് ഏതാണ്ട് ഇല്ലാതാവുകയും ചെയ്ത അവസ്ഥയില്‍ ഈ വിഷയം ഇവിടെ കൂടുതല്‍ വിവരിക്കുന്നില്ല.
എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ അന്യായമായി തടവിലാക്കപ്പെടുന്ന വിശ്വാസികളെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതണെന്നാണ് ചില പണ്ഡിതരുടെ വീക്ഷണം.
കടംകൊണ്ട് വിഷമിക്കുന്നവര്‍
അനുവദനീയവും അത്യാവശ്യവുമായ കാര്യങ്ങള്‍ക്കുമായി കടംവാങ്ങുകയും എന്നാല്‍ പ്രതികൂലസാഹചര്യത്തങന്റ അത് തിരിച്ചടക്കാന്‍ പ്രയാസപ്പെടുകയും ചെയ്യുന്നവരാണ് സകാത്തിന്റെ അവകാശികളായ ആറാമത്തെ വിഭാഗം.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി കടംവാങ്ങിയതുപോലെത്തന്നെ സമുദായത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി കടംവാങ്ങിയ വ്യക്തികളും സംഘടനകളും സമിതികളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്.
രണ്ടുപേര്‍ക്കിടയില്‍ പ്രശ്‌നം പരിഹരിക്കാനായി അന്യന്റെ ബാധ്യത ഏറ്റെടുത്തവനെ അവന്‍ ധനി കനാണെങ്കില്‍പോലും സകാത്തിന്റെ ഈ ഇനത്തില്‍ നിന്നുംസഹായം നല്‍കേണ്ടതാണ് എന്ന്ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
നിബന്ധനകള്‍
- കടം വാങ്ങിയവന്‍ കടം വീട്ടാനാവശ്യമായ സ്വത്തില്ലാത്തവനായിരിക്കണം. കടം വീട്ടാനാവശ്യമായ സ്വത്ത് കടം തന്റെ പക്കലുണ്ടെങ്കില്‍ അയാള്‍ അത് വിനിയോഗിച്ച് കടം വീട്ടേണ്ടതാണ്. അദ്ദേഹത്തിന് സകാത്ത് നല്‍കാന്‍ പാടില്ല. എന്നാല്‍ അധമര്‍ണന്‍ തീരെ അഗതിയാ യിരിക്കണമെന്ന നിബന്ധനയില്ല. തന്റെയും തന്റെ ആശ്രിതരുടെയും അത്യാവശ്യത്തിനുള്ള വീട്, വീട്ടുപകരണങ്ങള്‍, വാഹനം തൊഴിലുപകരണങ്ങള്‍ എന്നിവയുണ്ടെങ്കിലും അവ കടം വീട്ടാന്‍ വിനിയോഗിക്കേണ്ടതില്ല. എന്നാല്‍ അത്യാവശ്യം കഴിച്ച് ബാക്കിയുള്ളത് കടം വീട്ടാന്‍ തികയുന്നി ല്ലെങ്കില്‍ ആ തികയാതെ വരുന്ന ബാക്കി തുകമാത്രം സകാത്തായി നല്‍കാവുന്നതാണ്.
- കടംവാങ്ങിയത് ഇസ്ലാമികമായി അനുവദനീയമായ കാര്യത്തിനായിരിക്കണം.
- കടംതിരിച്ചടക്കേണ്ട അവധി എത്തിയിരിക്കണം. അവധിയെത്തുന്നതിനു മുമ്പ് അധമര്‍ണന്‍ തിരിച്ചടവിനു കഴിയാത്തവനാണെങ്കിലും അവധിവരെ കാത്തിരിക്കണം. പ്രസ്തുത അവധിക്കും തിരിച്ചടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ സകാത്ത് സ്വീകരിക്കാനാവൂ.
- വ്യക്തികള്‍ക്ക് കൊടുക്കാനുള്ള കടമായിരിക്കണം. അല്ലാതെ നേരത്തെ കൊടുക്കാനുള്ള സകാ ത്ത് തുക അല്ലെങ്കില്‍ പ്രായശ്ചിത്തമായോ നേര്‍ച്ചയായോ നല്‍കേണ്ട വല്ല തുകക്കോ അത് കൊടു ത്തുവീട്ടാന്‍ കഴിയാതെവന്നാല്‍ അത് വീട്ടാനായി സകാത്ത് നല്‍കേണ്ടതില്ല.
പലിശരഹിത വായ്പകള്‍ നല്‍കാനായി സകാത്തിന്റെ ധനം വിനിയോഗിക്കാവുന്നതാണ് എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് .
ദൈവമാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍
അല്ലാഹുവിന്റെ പ്രീതി ലഭിക്കാനായി വ്യക്തികള്‍ തനിച്ചോ കൂട്ടായോ നിര്‍വഹിക്കുന്ന ഏതു പ്രവര്‍ ത്തനങ്ങളും ഫീ സബീലില്ലാഹ് എന്നതിന്റെ വിശാലപരിധിയില്‍ വരുന്നതാണ്.
ഇസ്‌ലാമിന്റെ സംരക്ഷണാര്‍ഥം സായുധസമരത്തിലേര്‍പ്പെടുന്നവര്‍, മതവിദ്യഭ്യാസ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍, പള്ളികള്‍ മുതലായവയുടെ പ്രവര്‍ത്തനങ്ങള്‍, ദൈവീകമാര്‍ഗത്തില്‍ പ്രബോധന സംബന്ധമായും മറ്റും വരുന്ന ആവശ്യങ്ങള്‍ എന്നിവക്കായി സകാത്തിന്റെ ഈ വിഹിതത്തില്‍ നിന്ന് ചെലവഴിക്കാവുന്നതാണ്.
റോഡുകളും പാലങ്ങളും പോലെയുള്ള പൊതുആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നവയ്ക്ക് ഈ വിഹിതത്തില്‍ നിന്ന് ചെലവഴിക്കാന്‍ പാടില്ല എന്നാണു ഭൂരിപക്ഷ പണ്ഡിതന്മാരുടെ അഭിപ്രായം.
ഹജ്ജും ഉംറയും ചെയ്യാനാഗ്രഹിക്കുന്ന ദരിദ്രരായവര്‍ക്ക് സകാത്തിന്റെ ഈ ഇനത്തില്‍ നിന്ന് ചെല വഴിക്കാമെന്നു ചില പണ്ഡിതന്മാര്‍ അഭിപ്രായപെട്ടിട്ടുണ്ട്. എന്നാല്‍ റഷീദ് റിദായെ പോലുള്ളവരുടെ അഭിപ്രായം: ഹജ്ജും ഉംറയും അതിനുള്ള സാമ്പത്തികശേഷിയുള്ളവര്‍ക്കു മാത്രം നിര്‍ബന്ധമു ള്ളതാണ്. അതിനാല്‍ സകാത്തിന്റെ ഈ വിഹിതത്തില്‍നിന്ന് ദരിദ്രരായ ഹജ്ജും ഉംറയും ചെയ്യാനാ ഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ പാടില്ല. മറിച്ച് ഹജ്ജ് ചെയ്യാന്‍ വേണ്ടുന്ന പൊതുസൗ കര്യങ്ങള്‍ അതായത് ഹാജിമാര്‍ക്ക് ആവശ്യമായ താമസസൗകര്യങ്ങള്‍, റോഡുകള്‍, വാഹനങ്ങള്‍ എന്നിവക്ക്‌വേണ്ടി സകാത്തിന്റെ ഈ വിഹിതം ഉപയോഗിക്കാവുന്നതാണ്.
വഴിയാത്രക്കാര്‍
വഴിയാത്രക്കാരന്‍: ‘തെരുവിന്റെസന്തതി’ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന ഈ വിഭാഗം ഇസ്‌ലാ മിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കോ ഹജ്ജ് ഉംറ എന്നീ ആരാധന കര്‍മങ്ങള്‍ക്കു വേണ്ടിയോ അനുവദനീയമായ തന്റെ ഉപജീവനത്തിന് വേണ്ടിയോ, തന്റെയോ മറ്റുള്ളവരുടെയോ വല്ല അത്യാവശ്യകാര്യം നിര്‍വഹിക്കാനോ വേണ്ടിയുള്ള യാത്രയില്‍ കൈവശമുള്ള പണം തീര്‍ന്നുപോവുകയോ നഷ്ടപ്പെട്ടുപോവുകയോ ചെയ്തു പ്രയാസപ്പെടുന്ന വ്യക്തിയെയാണ് ഇബ്‌നു സബീല്‍ കൊണ്ട് വിവക്ഷ. ഇത്തരം വ്യക്തികള്‍ സ്വദേശത്തു സമ്പത്തുള്ളവരാണെങ്കിലും സക്കാത്തിന്റെ അവകാശികള്‍ തന്നെയാകുന്നു.
സ്വന്തം നാട്ടില്‍നിന്നു വിശ്വാസത്തിന്റെ പേരില്‍ അടിച്ചോടിക്കപ്പെടുകയോ അല്ലെങ്കില്‍ സ്വയം വീ ടും നാടും ഉപേക്ഷിച്ചു ഓടിപ്പോകേണ്ടിവരികയോ, കലാപങ്ങളില്‍ സമ്പത്തു മുഴുവന്‍ കൊള്ളയടി ക്കപ്പെട്ടു വഴിയാധാരമാക്കപ്പെടുകയോ ചെയ്തവരും ഈ വിഭാഗത്തില്‍ പെടുന്നതാണ്. ഭൂമിയിലൂ ടെ യാത്രചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഇസ്ലാം ആ യാത്രയില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രയാ സത്തെ നേരിടാനുള്ള ഒരു സാമൂഹിക സുരക്ഷാപദ്ധതിയാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. ആധു നിക ലോകത്തു നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് പ്രീമിയം അടച്ചു അംഗമാവുന്നവര്‍ക്കു മാത്രമേ അതിന്റെ ഗുണഭോക്താവ് ആവാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇസ്‌ലാം പ്രീമിയം അടക്കാ തെതന്നെ വ്യക്തികളെ ഗുണഭോഗത്താക്കളാക്കി സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു.
എത്രയാണ് നല്‍കേണ്ടത്?
സ്വദേശത്തു തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷണം വസ്ത്രം താമസം എന്നിവക്കു അത്യാവശ്യ ചിലവിന് വേണ്ടത് സകാത്തില്‍നിന്ന് നല്‌കേണ്ടതാണ്. എന്നാല്‍ യാത്രക്കാരന്റെ പക്കല്‍ കുറച്ച് പണമുണ്ടെങ്കില്‍ അത് കഴിച്ച് ബാക്കി നല്‍കിയാല്‍ മതി. സ്വദേശത്തു എത്തിയശേഷവും സകാത്തില്‍ നിന്ന് ലഭിച്ച പണം ബാക്കിയുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കേണ്ടതാണ് എന്നാണ് ഭൂരിപക്ഷപണ്ഡിതാഭിപ്രായം ഈ വിഭാഗം അവകാശികള്‍ ജോലിയെടുക്കാന്‍ ശേഷിയുള്ളവനാ ണെങ്കിലും ഇവര്‍ക്ക് സകാത്ത് നല്‍കാവുന്നതാണ്.
ഈ കാലഘട്ടത്തില്‍
ബാങ്കിങ് സംവിധാനം വളരെയധികം പുരോഗതി പ്രാപിച്ച ഈ ആധുനിക കാലഘട്ടത്തില്‍ സ്വന്തം ബാങ്ക് അക്കൗണ്ടിലുള്ള പണം എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം അല്ലെ ങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആവശ്യമുള്ള സാധനങ്ങളോ സേവനങ്ങളോ എവിടെ നിന്നും ലഭ്യമാക്കാവുന്നതാണ്. എന്നാല്‍ ഒരു വ്യക്തി സ്വദേശത്ത് സമ്പത്തുള്ളവനാണെങ്കിലും തന്റെ അക്കൗണ്ടില്‍ വേണ്ടത്ര ബാലന്‍സ് ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ ഈ സൗകര്യങ്ങള്‍ തന്റെ പക്കലോ അല്ലെങ്കില്‍ താന്‍ എത്തിയ നാട്ടിലോ ഇല്ലെങ്കില്‍ അത്തരം വ്യക്തികള്‍ക്ക് സകാത്തിന്റെ വിഹിതം അദ്ദേഹത്തിന് സ്വീകരിക്കാവുന്നതാണ് .
സകാത്ത് നല്‍കേണ്ട വിധം
ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥാപിതമായ രീതിയില്‍ നടപ്പില്‍വരുത്തിയിരുന്ന കാലഘട്ടങ്ങളില്‍ അത് സമൂഹത്തില്‍ നിന്ന് ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കിയിരുന്നുവെന്നത് ചരിത്രം.
ഖലീഫഃ ഉമറി(റ)ന്റെ ഭരണകാലത്ത് യമനിലെ ഗവര്‍ണറായിരുന്ന മുആദുബ്നു ജബല്‍ (റ) യമ നില്‍നിന്ന് ശേഖരിച്ച സകാത്ത് വിഭവങ്ങള്‍ അവിടെയുള്ള ദരിദ്രരായ ജനങ്ങള്‍ക്കിടയില്‍ വിതര ണം ചെയ്തശേഷം ആദ്യവര്‍ഷം ബാക്കിവന്ന മൂന്നിലൊന്നും രാംവര്‍ഷം ബാക്കിവന്ന പകു തിയും മൂന്നാംവര്‍ഷം സകാത്ത് വാങ്ങാന്‍ അര്‍ഹരായ ഒരാള്‍പോലും അവിടെയില്ലാത്തതിനാല്‍ പിരിച്ചെടുത്ത മുഴുവന്‍ സകാത്ത് വിഭവങ്ങളും മദീനയിലേക്ക് കൊടുത്തയച്ച സംഭവം വളരെ പ്രസിദ്ധമാണ്. ഇത് സൂചിപ്പിക്കുന്നത് ഇസ്ലാം വിഭാവന ചെയ്യുന്ന രൂപത്തില്‍ സകാത്ത് ശേഖരിച്ചു വിതരണം ചെയ്താല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാവും എന്നതാണ്.
പ്രവാചകനും അദ്ദേഹത്തിന്‌ശേഷം സച്ചരിതരായ അവിടുത്തെ പിന്‍ഗാമികളും സകാത്ത് മുസ്‌ലിം കളില്‍നിന്ന് ശേഖരിച്ചു പൊതുഖജനാവില്‍ (ബൈത്തുല്‍മാല്‍) സംഭരിച്ചു അര്‍ഹരായ പാവപ്പെട്ട വര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു ചെയ്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക ഭരണകൂടത്തിനു കീഴില്‍ കഴിയുന്ന മുസ്‌ലിംകള്‍ സകാത്ത് ഭരണകൂടത്തെ ഏല്പിക്കുകയും അവരതു സംഭരിച്ചു അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയുമാണ് വേത് എന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.
ഇസ്ലാമിക ഭരണകൂടങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സകാത്ത് സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേി മുസ്ലിംകള്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ പ്രത്യകം സകാത്ത് സമിതി കള്‍ രൂപവല്‍കരിക്കുകയും സകാത്ത് സംഭരിച്ചു വിതരണം ചെയ്യുകയും ചെയ്യേതാണെന്നു ഭൂരിപക്ഷ പണ്ഡിതരും അഭിപ്രായപ്പെടുന്നു. വ്യവസ്ഥാപിതമായ രൂപത്തില്‍ നമസ്‌കാരം നിര്‍വഹിക്കാനാവശ്യമായ സംവിധാനവും വ്യവസ്ഥാപിതമായ രൂപത്തില്‍ സകാത്ത് ശേഖരിച്ചു വിതരണം ചെയ്യാനുള്ള സംവിധാനവും പ്രബോധന പ്രവര്‍ത്തനത്തിനുള്ള സംവിധാനവും ഉാക്കേത് ഇസ്ലാമിക ഭരണാധികാരികളുടെ പ്രഥമ ബാധ്യതകളായി ഖുര്‍ആന്‍ നമുക്ക് വിവരി ച്ചുതരുന്നു. അല്ലാഹു പറയുന്നു: ”ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്തു നല്‍കുകയും നന്‍മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരാണ് ആ മര്‍ദിതര്‍” (22: 41).
ഇസ്‌ലാമിക ഭരണകൂടങ്ങളില്ലാത്ത സ്ഥലങ്ങളില്‍ ദിനേനയുള്ള നമസ്‌കാരങ്ങള്‍ക്കും ജുമുഅ പെരു ന്നാള്‍ നമസ്‌കാരങ്ങള്‍ക്കും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും വേ സംവിധാനങ്ങള്‍ ഓരോ പ്രദേശത്തെയും മുസ്‌ലിംകള്‍ ചെയ്യാറു്. അതിലാര്‍ക്കും അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ഇക്കൂട്ടത്തില്‍തന്നെ ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞ സകാത്ത് ശേഖരിച്ചു വിതരണം ചെയ്യാനുള്ള സംവിധാനം ഉാക്കുന്നതിനെക്കുറിച്ചു ചിലര്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് വിചിത്രമാണ്. ഇസ്ലാമിക ഭരണകൂടങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വ്യക്തികള്‍ നേരിട്ട് തങ്ങളുടെ സകാത്ത് അര്‍ഹ രായവര്‍ക്ക് വിതരണം ചെയ്യുകയാണ് വേണ്ടത് എന്ന് ഒരു ന്യൂനപക്ഷം വാദിക്കുന്നു. എന്നാലിത് ഖുര്‍ആനിന്റെയും ഹദീസിന്റെയും അധ്യാപനങ്ങള്‍ക്കും പ്രവാചകന്റെ അനുചരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എതിരാണ്.
ഇസ്ലാമിക ഭരണകൂടങ്ങള്‍ എന്നുപറയുന്നത് മുസ്‌ലിംകളാല്‍ തിരഞ്ഞെടുക്കപെടുന്ന വ്യക്തികളാ ണെങ്കില്‍, മുസ്‌ലിംകളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ തന്നെയാണ് സകാത്ത് സമിതിയുടെയും ഭാരവാഹികള്‍. ഇവരെ ഏല്‍പ്പിക്കുന്നതോടെ സകാത്ത് നല്‍കുന്നവരുടെ ബാധ്യത അവസാനിക്കുന്നതാണ്.
മുസ്‌ലിം രാഷ്ട്രങ്ങളില്‍ വഖഫ് മന്ത്രാലയങ്ങള്‍ ഉായിട്ടുപോലും സകാത്ത് വളരെ വ്യവസ്ഥാപിത മായി ശേഖരിച്ചു വിതരണം ചെയ്യാനായി സകാത്ത് ഫുകള്‍ എന്ന പേരില്‍ സ്വതന്ത്ര സമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം നടത്തിവരികയാണ്. ഇതിനുദാഹരങ്ങളാണ് കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍, യു,എ,ഇ, എന്നിവിടങ്ങളിലെ സകാത്ത് ഫുകള്‍. എന്നിരിക്കെ ഇസ്ലാമിക ഭരണമോ മന്ത്രാലയങ്ങളോ ഇല്ലാത്ത പ്രദേശങ്ങളില്‍ ഇത്തരം സകാത്ത് സമിതികള്‍ രൂപികരിച്ചു പ്രവര്‍ത്തിക്കേത് വളരെയേറെ അത്യാവശ്യമാണ് എന്നത് സുവ്യക്തമാണ്.
ലോകത്തിന്റെ പലയിടങ്ങളിലും പ്രാദേശികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം സകാത്ത് സംരംഭങ്ങളു് അതിനു പുറമെ സകാത്ത് ഫൗഷേന്‍ ഓഫ് അമേരിക്ക, മലേഷ്യന്‍ പ്രധാന മന്ത്രി ചെയര്‍മാനായുള്ള ഇന്റനാഷ്നല്‍ സകാത്ത് ഓര്‍ഗനൈസേഷന്‍ എന്നീ ആഗോളാടിസ്ഥാന ത്തില്‍ പ്രവര്‍ത്തിക്കുന്ന പല സകാത് സംരഭങ്ങളും ഇന്നുണ്ട്.
സംഘടിതസകാത്തിന് എതിരെയുള്ള വിമര്‍ശങ്ങള്‍
നമ്മുടെ നാട്ടിലെ ചിലയാളുകള്‍ സംഘടിത സകാത്തിനെ നിശിതമായി വിമര്‍ശിക്കുന്നു. അവര്‍ അവകാശപ്പെടുന്നത് വ്യക്തികള്‍ തങ്ങളുടെ സകാത്ത് അതിന്റെ അവകാശികള്‍ക്കു നേരിട്ട് കൊടുക്കുകയാണ് വേണ്ടത് എന്നാണ് കാരണം. മുസ്‌ലിം ഭരണാധികാരിയെയോ ഇമാമിനെയോ, താന്‍ ചുമതലപ്പെടുത്തുന്ന ഒരു വ്യക്തിയെയോ അല്ലാതെ മറ്റാരെയും ഏല്പിക്കാന്‍ പാടില്ല എന്നും സകാത്ത് സമിതികള്‍ ഇതിലൊന്നുംപെടുകയില്ല എന്നതിനാല്‍ അത്തരം സമിതികളെ ഏല്‍പ്പിച്ചാല്‍ തങ്ങളുടെ സകാത്ത് നിര്‍വഹിക്കപ്പെടുകയില്ല എന്നും ഇവര്‍ വാദിക്കുന്നു. ഈ വാദം തികച്ചും ബാലിശമാണ്. മൂന്ന് വിഭാഗത്തെ മാത്രമേ ഏല്പിക്കാന്‍ പാടുള്ളു എന്നത് വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍ തന്നെയും ഇത്തരം സമിതികളെ മൂന്നാമതായി പറഞ്ഞ ചുമതലപ്പെടുത്തപ്പെടുന്ന വ്യക്തി (വകീല്‍)എന്നതില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ധനം വിശ്വസ്തതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ സകാത്ത് ദാതാവ് തന്റെ ബാധ്യതയില്‍നിന്ന് മുക്തനാവുകയില്ല എന്നാണ് ഈ വാദക്കാര്‍ ഉന്നയിക്കുന്ന ഒരു പ്രശ്‌നം. എന്നാല്‍ പ്രാമാണികമായി ഈവാദം ശരിയല്ല. സകാത്ത് കൊടുക്കുന്ന വ്യക്തിയെ സംബന്ധിച്ചേടത്തോളം സകാത്ത് സംഭരിച്ചു വിതരണം ചെയ്യുന്നവര്‍ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് പരിശോധിക്കേണ്ടതില്ല. അനസ്(റ) പറയുന്നു: ”ഒരാള്‍ വന്നു റസൂലിനോട് ചോദിച്ചു: ഞാന്‍ എന്റെ സകാത്ത് അങ്ങയുടെ ദൂതനെ ഏല്‍പിച്ചാല്‍ അല്ലാഹുവിന്റെയും റസൂലിന്റെയും മുമ്പില്‍ ഞാന്‍ കുറ്റമുക്തനായോ? നബി(സ്വ) പറഞ്ഞു: അതേ. നിനക്കതിന്റെ പ്രതിഫലം കിട്ടി. കുറ്റം അതില്‍ കൃത്രിമം ചെയ്തവര്‍ക്കാണ്” (ഇമാം അഹ്‌മദ്) 3.
ഇതിനെ ബലപ്പെടുത്തുന്ന മറ്റൊരു റിപ്പോര്‍ട്ട് ‘സഹ്ലുബ്നു സഅ്ദ് തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു: സകാത്ത് ബാധകമാവുന്നത്ര സമ്പത്ത് ഒരിക്കല്‍ എന്റെ കൈയില്‍ ഒരു മിച്ചുകൂടി. ഞാന്‍ അത് തനിച്ചുവിതരണം ചെയ്യുകയോ അതല്ല അധികാരികള്‍ക്കു കൊടുക്കുകയോ ഏതാണ് വേണ്ടതെന്ന് സഅ്ദ്ബ്നു അബീവഖാസ്, ഇബ്നു ഉമര്‍, അബൂഹുറയ്റ, അബൂസഈദില്‍ ഖുദ് രി(റ) എന്നിവരോടൊക്കെ ചോദിച്ചു. ഞാന്‍ പറഞ്ഞു: ഈ അധികാരികള്‍ ചെയ്യുന്നത് നിങ്ങള്‍ കാണുന്നുണ്ടല്ലോ. എന്റെ സകാത്ത് ഞാന്‍ അവര്‍ക്കു കൊടുക്കണമോ? കൊടുക്കണമെന്നാണ് അവരെല്ലാവരും നല്‍കിയ മറുപടി.”
അവരുടെ മറ്റൊരു വിമര്‍ശനം, സകാത്ത് സമിതികളെ ഏല്‍പ്പിച്ചാല്‍ സകാത്തിന്റെ അര്‍ഹനായ തന്റെ ചില ബന്ധുക്കള്‍ക്ക് തനിക്കു സകാത്ത് നല്‍കാന്‍ കഴിയാത്ത അവസ്ഥാവിശേഷം ഉണ്ടാകുമെന്നാണ്.
ചെലവിനു നല്‍കാന്‍ തന്റെമേല്‍ ബാധ്യതയില്ലാത്ത ദരിദ്രരും അഗതികളുമായ ബന്ധുക്കള്‍ക്ക് സകാത്തില്‍നിന്ന് നല്‍കാമെന്ന് ഹദീസിന് നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇബ്നു മസ്ഊദിന്റെ പത്നി സൈനബ് തന്റെ ഭര്‍ത്താവിനും സഹോദരപുത്രിമാരായ അനാഥകള്‍ക്കും സകാത്തു നല്‍കുന്നതിനെ കുറിച്ച് പ്രവാചകനോട് അനുവാദം ചോദിച്ചപ്പോള്‍ അവിടുന്നു അത് അതനുവദിച്ചതായി ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 4
താന്‍ സകാത്ത് നല്‍കുന്ന സകാത്ത് സമിതിയുടെ പരിധിയിലല്ലാത്ത, സകാത്തിനര്‍ഹരായ ബന്ധുക്കള്‍ ഒരാള്‍ക്കുണ്ടെങ്കില്‍ സകാത്തില്‍ നിന്ന് ഒരു വിഹിതം അവര്‍ക്കു മാറ്റിവെക്കുകയും ബാക്കി സകാത്ത് സമിതികളെ ഏല്‍പിക്കുകയും ചെയ്യാവുന്നതാണ്.
References
- ഇര്‍വാഉല്‍ ഗലീലി ഫീ തഖ്‌രീജി അഹാദീസി മനാറിസ്സബീല്‍, മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനീ, അല്‍ മക്തബതുല്‍ ഇസ്‌ലാമി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 387, ഹദീസ് 882[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നി ഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 14, പേജ് 483, 484, ഹദീസ് 8908[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 19, പേജ് 386, ഹദീസ് 12394[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 533, ഹദീസ് 1397[↩]
