സകാത്തിന്റെ ഇനങ്ങള്‍-2
സകാത്തിന്റെ ഇനങ്ങള്‍ എന്ന അധ്യായത്തിൽ വ്യവസായത്തിന്റെ സകാത്ത്, വാടക കെട്ടിടങ്ങളുടെ സകാത്ത്, വാഹനങ്ങളുടെ സകാത്ത്, കൃഷിയുടെ സകാത്ത്, നാണ്യവിളകളുടെ സകാത്ത്, ഷെയറുകളുടെ സകാത്ത്, ശമ്പളത്തിന്റെയും മറ്റു വരുമാനങ്ങളുടെയും സകാത്ത്, നിധിയുടെ സകാത്ത്, സകാത്ത് നൽകേണ്ട മറ്റു ഇനങ്ങൾ എന്നിങ്ങനെ സകാത്ത് ബാധകമാകുന്ന വരുമാനങ്ങളുടെ സമഗ്ര വിവരങ്ങളാണ് പ്രതിപാദിക്കുന്നത്.
വ്യവസായത്തിന്റെ സകാത്ത്
ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങള്‍ക്കും ഹോട്ടലുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ക്കും അവയുടെ വരുമാനത്തിന് സകാത്ത് ബാധകമാണ്. ഇത്തരം വ്യാവസായിക സ്ഥാപനങ്ങളുടെ കെട്ടിടം, യന്ത്രസാമിഗ്രികള്‍, ഫര്‍ണീച്ചര്‍, ഓഫീസ്, വാഹനങ്ങള്‍ തുടങ്ങിയ ആസ്തികല്ക്ക് സകാത്തില്ല. അതില്‍ നിന്നു ലഭിക്കുന്ന വരുമാനം (അറ്റാദായം) കാര്‍ഷികോത്പന്നങ്ങള്‍ എന്ന ഇനത്തില്‍ ഉള്‍പ്പെടുത്തി പത്തു ശതമാനം സകാത്തു നല്‍കണം. കൂടുതല്‍ അധ്വാനവും ഉത്പാദനച്ചെലവും വരുന്നവയെങ്കില്‍ വരുമാനത്തിന്റെ അഞ്ചു ശതമാനം സകാത്തു നല്‍കണം. വര്‍ഷത്തില്‍ ഒരിക്കല്‍ കണക്കു നോക്കണം. കൈവശവും ബാങ്കിലുമുള്ള പണം, കിട്ടാനുള്ള കടം, ഉത്പന്നങ്ങളുടെയും അസംസ്കൃത സാധനങ്ങളുടെയും മാര്‍ക്കറ്റുവില എന്നിവ ചേര്‍ത്തുകൊണ്ടാണ് സകാത്ത് കണക്കാക്കേണ്ടത്.
ആസ്തിയും വരുമാനവും ചേര്‍ത്ത് രണ്ടര ശതമാനം സകാത്ത് കൊടുക്കുകയാണ് വേണ്ടത് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുമുണ്ട്.
വാടക്കക്കെട്ടിടങ്ങളുടെ സകാത്ത് , വാഹനങ്ങളുടെ സകാത്ത്
ഇന്നത്തെ സാമ്പത്തിക സ്രോതസ്സുകളില്‍ ഒരു പ്രധാന ഇനമാണ് വാടക. അതിന് സകാത്ത് ബാധകമാണ്. നബിചര്യയില്‍ ഇതു കാണില്ല. കാരണം അക്കാലത്ത് ഈ സമ്പ്രദായം ഇല്ല. ആയതിനാല്‍ ഈ വിഷയത്തില്‍ ഭിന്നവീക്ഷണങ്ങള്‍ കാണും. മൂന്നുതരത്തില്‍ വാടകക്കെട്ടിടങ്ങളുടെ സകാത്ത് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
- വസ്തുവിന്റെ വിലയും ലഭിച്ച വാടകയും ചേര്‍ത്ത് രണ്ടര ശതമാനം സകാത്ത് കണക്കാക്കുക. നിസ്വാബ് പണത്തിന്റെതാണ് കണക്കാക്കേണ്ടത്.
- വസ്തുവിനെ ഒഴിവാക്കി വരുമാനത്തിനു മാത്രം കൃഷിയുടെ തോതില്‍ സകാത്ത് നല്‍കുക. അപ്പോള്‍ വാടക 6 ക്വിന്റല്‍ അരിയുടെ വിലയ്ക്കു സമാനമോ അധികമോ ഉണ്ടെങ്കില്‍ പത്തു ശതമാനം സകാത്ത് നല്‍കണം. വര്‍ഷത്തില്‍ കൊടുത്താല്‍ മതി. ഭാരിച്ച ചെലവുള്ളതാണെങ്കില്‍ നനച്ചുണ്ടാക്കുന്ന കൃഷിക്കുതുല്യം അഞ്ചുശതമാനം സകാത്ത് നല്കിയാല് മതിയാകുന്നതാണ്.
- വാടകക്കെട്ടിടങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രതിവര്‍ഷ വാടക 590 ഗ്രാം വെള്ളിയുടെ കമ്പോളവിലയ്ക്കു തുല്യമോ അതിലധികമോ ഉണ്ടെങ്കില്‍ ആകെ വാടകയുടെ രണ്ടര ശതമാനം സകാത്തു നല്‍കുക.മൂന്നാമത്തെ വീക്ഷണമാണ് കൂടുതല്‍ യുക്തവും പ്രായോഗികവുമെന്ന് തോന്നുന്നു. (അല്ലാഹു അഅ്ലം)
പങ്കാളിത്തം
ഒന്നിലേറെ പേര് ചേര്‍ന്നു ചെയ്യുന്ന കൃഷി, കച്ചവടം, വ്യവസായം എന്നിവയ്ക്കും സകാത്ത് ബാധകമാണ്. എത്ര പങ്കാളികളുണ്ടെങ്കിലും ഒരു സംരംഭത്തിന് ഒന്നിച്ചാണ് സകാത്ത് കണക്കാക്കേണ്ടത്. ഓരോ പങ്കാളിയും തന്റെ ഷെയറിന് പ്രത്യേകം സകാത്ത് കൊടുക്കേണ്ടതില്ല. സകാത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കമ്പനികള്‍ കൂട്ടുപിരിയുകയോ സകാത്ത് ചുമത്താന്‍ വേണ്ടി ഉദ്യോഗസ്ഥന്മാര് പലരുടെ സ്വത്തിന് ഒന്നിച്ച് സകാത്ത് നിശ്ചയിക്കുകയോ ചെയ്യാന്‍ പാടില്ല.
കൃഷിയുടെ സകാത്ത്
കാര്‍ഷിക വിളകളുടെ സകാത്തുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആനിലെ പരാമര്‍ശം ഇപ്രകാരമാണ്. ”പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങള്‍, ഈന്തപ്പനകള്‍, വിവധതരം കനികളുള്ള കൃഷികള്‍, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. വിളവെടുപ്പു ദിവസം അതിലുള്ള ബാധ്യതയായ സകാത്ത് നിങ്ങള്‍ കൊടുത്തു വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല’‘ (6:141).
മനുഷ്യര്‍ കൃഷിചെയ്തുണ്ടാക്കുന്ന എല്ലാ ഭക്ഷ്യ വിളകള്‍ക്കും സകാത്ത് ബാധകമാണ് എന്നാണ് വിശുദ്ധ ഖുര്‍ആനിലെ ഈ പരാമര്‍ശ (6:141) ത്തില്‍ നിന്നും മനസ്സിലാകുന്നത്
കൃഷിഭൂമി സ്വന്തം ഉടമസ്ഥതയില്‍ അല്ലെങ്കിലും കൃഷിക്കാരന് തന്റെ കൃഷിക്ക് സകാത്ത് നല്‍കേണ്ടതാണ്.
കൃഷിയുടെ നിസ്വാബ്
റസൂല്‍(സ) പറഞ്ഞു: ”അഞ്ചു വസ്ഖില്‍ താഴെയാണ് വിളയെങ്കില്‍ അതിന് സകാത്ത് ബാധകമല്ല” (ബുഖാരി) 1.
ഒരു വസ്ഖ് = 60 സ്വാഅ്, അഞ്ച് വസ്ഖ് = 300 സ്വാഅ്. ഒരു സ്വാഅ് = 2.040 Kg അഥവാ രണ്ട് കിലോ നാല്പത് ഗ്രാം. 300 x 2.040= 612 കിലോഗ്രാം. ഇതാണ് കാര്‍ഷികോത്പന്നങ്ങളുടെ സകാത്ത് നിര്‍ബന്ധമാകുന്ന പരിധി (നിസ്വാബ്). ഇത് അഞ്ച് വസ്ഖ് എന്ന അളവില്‍ ഗോതമ്പ് കിട്ടുന്ന തൂക്കമാണ്. വിള മാറുന്നതിനനുസരിച്ച് തൂക്കവും മാറും. ഉദാഹരണത്തിന് നെല്ല്. നെല്ലിന്റെ തൊലി കളഞ്ഞ ശേഷം അരി 612 കിലോഗ്രാം ഉണ്ടെങ്കില്‍ മാത്രമേ സകാത്ത് നിര്‍ബന്ധമുള്ളൂ.
വിളവെടുപ്പ് സമയത്തു നിസ്വാബ് തികയുന്നുവെങ്കില്‍ അതാതു വിളവെടുപ്പ് സമയത്തു തന്നെ സകാത്ത് നല്‍കേണ്ടതാണ്. എന്നാല്‍ നിസ്വാബ് തികയുന്നില്ലെങ്കില്‍ അടുത്ത വിളവെടുപ്പിനു ശേഷം അതും കൂടി കണക്കുകൂട്ടി നിസാബ് തികയുന്നുവെങ്കില്‍ സകാത്ത് നല്‍കണം. ഒരു വര്‍ഷത്തിലെ മൊത്തം വിളവെടുപ്പ് നിസ്വാബ് തികയുന്നില്ലെങ്കില്‍ സകാത്ത് നല്‍കേണ്ടതില്ല.
പലതരം കൃഷികള്‍ ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഓരോ ഇനം കൃഷിയുത്പന്ന ങ്ങള്‍ക്കും പ്രത്യേകം നിസാബ് പൂര്‍ത്തിയാകേണ്ടതുണ്ട്. എല്ലാം കൂടി ഒന്നിച്ചു നിസ്വാബ് കണക്കാ ക്കുകയില്ല.
സകാത്തായി നല്‍കേണ്ട വിഹിതം
റസൂല്‍ (സ്വ)പറഞ്ഞു: ‘അരുവികളാലും മഴയാലും ഉണ്ടാകുന്നതോ, തന്നത്താന്‍ ഉണ്ടാകുന്നതോ ആയ കൃഷിയില്‍ നിന്ന് പത്തിലൊന്നും (10%), നനച്ചുണ്ടാക്കുന്നതില്‍ നിന്ന് ഇരുപതിലൊന്നിന്റെ പകുതിയും (5%) സകാത്ത് നല്‍കണം’ (ബുഖാരി) 2.
കൃഷി നട്ടത് മുതല്‍ വിളവെടുപ്പ് വരെയുള്ള ഏറിയ കാലവും മഴയും അരുവികളും മാത്രം അവലം ബമാക്കിയുള്ള കൃഷികള്‍ക്കും, നനയ്ക്കല്‍ ആവശ്യമില്ലാതെ സ്വയം ഉണ്ടാകുന്നവക്കും വിളയുടെ 10% സകാത്തായി നല്‍കണം. കൃഷിയുടെ ഏറിയ പങ്കും അധ്വാനിച്ച് നനച്ചുണ്ടാക്കുന്നവയ്ക്ക് വിളയുടെ 5% സകാത്തായി നല്‍കണം.
പ്രവാചകന്റെ കാലത്തു പ്രധാന ചെലവ് നനയ്ക്കല്‍ മാത്രമായിരുന്നു എന്നത് കൊണ്ടാണ് അതിനു മാത്രം ഇളവ് നിശ്ചയിച്ചത്. ഇന്ന് ശാസ്ത്രീയ രീതിയില്‍ കൃഷി ചെയ്യുവാന്‍ ഏറെ ചെലവ് ആവശ്യമാണ് എന്നതിനാല്‍ അത്തരം കൃഷികളെ നനച്ചുണ്ടാക്കിയതിന്റെ ഗണത്തില്‍പെടുത്തി അഞ്ചു ശതമാനം സകാത്ത് നല്കിയാല് മതി എന്നാണു പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നത്.
നാണ്യവിളകളുടെ സകാത്ത്
കാര്‍ഷികോത്പന്നങ്ങളായ നാണ്യവിളകള്‍ക്കും ധാന്യവിളകളെ അപേക്ഷിച്ച് വിലയില്‍ വളരെ വലിയ അന്തരം ഉള്ള ഉത്പന്നങ്ങള്‍ക്കും സകാത്ത് കണക്കാക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഏലം, ഗ്രാമ്പൂ, കുരുമുളക് മുതലായ വിലകൂടിയവയും ചേന, ചേമ്പ്, ചക്ക തുടങ്ങിയവയുടെയും നിസ്വാബായി ആറു ക്വിന്റല്‍ കണക്കാക്കാന്‍ കഴിയില്ല. അത്തരം ഉത്പന്നങ്ങള്‍ നാട്ടിലെ മുഖ്യ ആഹാര വസ്തുവിന്റെ മൂല്യത്തോട് താരതമ്യപ്പെടുത്തിയാണ് സകാത്ത് കണക്കാക്കേണ്ടത്.
ഒരു ഉദാഹരണം: ഏലം കര്ഷകന് ആറു ക്വിന്റല്‍ (അഞ്ച് വസ്ഖ്) ഏലം ഉണ്ടെങ്കിലേ സകാത്ത് നല്‍കേണ്ടതുള്ളൂ എന്നത് ശരിയല്ല. ആറു ക്വിന്റല്‍ അരിയുടെ കമ്പോള നിലവാരമനുസരിച്ചുള്ള വിലയ്ക്കു തുല്യമായ ഏലം ഒരാള്‍ ഉത്പാദിപ്പിക്കുന്നുവെങ്കില്‍ അയാള്‍ സകാത്തു നല്‍കണം. നല്‍കേണ്ടത് പത്തു ശതമാനം/അഞ്ചു ശതമാനം എന്ന തോതില്‍ തന്നെയാണ്. അതുപോലെ ആറു ക്വിന്റല്‍ അരിയുടെ വിലയ്ക്കു തുല്യമായ ചേന, ചേമ്പ് മുതലായ ഉത്പന്നങ്ങള്‍ക്ക് സകാത്ത് നല്കിയാല് മതി.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
- കാര്‍ഷികോത്പന്നങ്ങള്‍ അളന്നോ തൂക്കിയോ തൊലി കളഞ്ഞോ അല്ലാതെയോ എങ്ങനെയാണോ നാട്ടുനടപ്പ് അതനുസരിച്ചാണ് സകാത്തിന്റെ പരിധിയും സകാത്തിന്റെ വിഹിതവും കണക്കാക്കേണ്ടത്. റസൂല്‍(സ)യുടെ കാലത്ത് മുന്തിരിയും ഈത്തപ്പഴവും ഉണക്കമെത്തിയ ശേഷമായിരുന്നു സകാത്ത് നിശ്ചയിച്ചിരുന്നത്.
- വിളയോ, അതല്ലെങ്കില്‍ അതിന് തുല്യമായ പണമോ സകാത്തായി നല്‍കാം. പാവങ്ങള്‍ക്ക് ഏതാണോ കൂടുതല്‍ പ്രയോജനപ്രദം എന്നതാണ് പരിഗണിക്കപ്പെടേണ്ടത്.
- പാകമായി നില്ക്കുന്ന കൊയ്തെടുക്കാത്ത വിളകള്‍ മതിച്ച് സകാത്ത് കണക്കാക്കുമ്പോള്‍ അതില്‍നിന്ന് ദാനമായി നല്കുന്നവയും, പക്ഷികള്‍ തിന്നുപോകുന്നവയും എല്ലാം ഉണ്ടാകു മെന്നതിനാല്‍ മൂന്നിലൊന്നോ, ചുരുങ്ങിയത് കാല്‍ഭാഗമോ ഒഴിവാക്കി കണക്കാക്കണം എന്ന് റസൂല്‍ (സ്വ) നിര്‍ദേശിച്ചതായി ഉമര്‍(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
- ഒരിക്കല്‍ സകാത്ത് കൊടുത്ത കൃഷിയുത്പന്നങ്ങള്‍ തന്റെ പക്കല്‍ വര്‍ഷങ്ങളോളം സൂക്ഷിക്കുന്നു എന്നിരിക്കട്ടെ. ആ സൂക്ഷിച്ചുവച്ച ഉത്പന്നത്തിന് സകാത്ത് നല്‍കേണ്ടതില്ല.
ശമ്പളത്തിന്റെയും മറ്റു വരുമാനങ്ങളുടെയും സകാത്ത്
ശമ്പളം ഒരു വരുമാനം എന്ന നിലക്ക് തന്റെ മറ്റു വരുമാനത്തോടൊപ്പം ചേര്‍ത്ത് നിസ്വാബും വര്‍ഷ വും പൂര്‍ത്തിയായാല്‍ സകാത്ത് നല്‍കേണ്ടതാണ്. തന്റെ അത്യാവശ്യ ചെലവുകള്‍ കഴിച്ചു മിച്ചമു ള്ളത് ഒരു വര്‍ഷം തികയുമ്പോള്‍ കണക്കു കൂട്ടി നിസ്വാബ് തികയുന്നുവെങ്കില്‍ ആകെയുള്ള വരുമാനത്തിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കേണ്ടതാണ്. പണത്തിന്റേതു തന്നെയാണ് നിസ്വാബ്. നിസ്വാബ് തികഞ്ഞ ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഒന്നു മുതല്‍ പന്ത്രണ്ട് മാസം വരെ ഓരോ മാസത്തെ ശമ്പളവും അതിലേക്ക് വന്നു ചേര്‍ന്നിട്ടുണ്ടാവും. അതിന്റെയൊന്നും വര്‍ഷം പൂര്ത്തിയായിട്ടുമുണ്ടാവില്ല ഈ ഒരു പ്രശ്നം പരിഹരിക്കാനായി പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നത്. നിസ്വാബ് തികഞ്ഞത് മുതല്‍ ഒരു വര്‍ഷം കണക്കാക്കുകയും ആസമയത്തു എത്രയാണോ കൈവശമുള്ള പണം അതിനു മുഴുവനായി സകാത്ത് നല്‍കുക എന്നതാണ്.
ഇങ്ങനെ സകാത്ത് നല്കുമ്പോള് കുറച്ചു പണത്തിനു വര്‍ഷം തികയുന്നതിന്ന് മുമ്പുതന്നെ സകാത്ത് നല്‍കേണ്ടിവരുന്നു, എന്നാല്‍ വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പായി സകാത്ത് നല്കല് അനുവദനീയമാണ് എന്നത് പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടിട്ടുള്ളതിനാല്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല.
ശമ്പളത്തിലൂടെയുള്ള വരുമാനത്തിന്റെ വിധിതന്നെയാണ് തൊഴിലാളികളുടെ ദിവസവേതനത്തി ന്റെയും പ്രൊഫഷനലുകള്‍ക്ക് ലഭിക്കുന്ന ഫീസിന്റെയും മറ്റും വിധി.
ഷെയറുകളുടെ സകാത്ത്
ഷെയര്‍ മാര്‍ക്കറ്റും സ്റ്റോക്ക് എക്സ്ചെയ്ഞ്ചും ഇന്നത്തെ സമ്പദ് ഘടനയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ശരിയായ രീതിയിലുള്ള കമ്പനി ഷെയറുകള്‍ക്ക് വര്‍ഷാവസാനം പ്രഖ്യാപിക്കപ്പെടുന്ന അല്ലെങ്കില്‍ ലഭ്യമാകുന്ന വില കണക്കാക്കി സകാത്ത് നല്‍കണം. നിസ്വാബ്, തോത് എന്നിവ പണത്തിന്റേതു തന്നെ. 595 ഗ്രാം വെള്ളിയുടെ വിലയുണ്ടെങ്കില്‍ രണ്ടര ശതമാനം സകാത്ത് കൊടുക്കണമെന്നര്‍ഥം.
എല്ലാവിധ ഷെയറുകളും കണക്കിലെടുത്ത് കമ്പനി തന്നെ സകാത്ത് നല്കുന്ന ഒരു ഇസ്ലാമിക സംരംഭമാണെങ്കില്‍ ഷെയറുടമ പ്രത്യേകം തന്റെ വിഹിത്തിനോ ലാഭത്തിനോ സകാത്ത് നല്‍കേണ്ടതില്ല.
നിധിയുടെ സകാത്ത്
മനുഷ്യര്‍ പിന്‍തലമുറകള്‍ക്കുവേണ്ടിയോ കൊള്ളയോ നഷ്ടമോ പേടിച്ചോ സ്വര്‍ണം, വെള്ളി മുതലായവ കുഴിച്ചിടുകയോ മറ്റു രീതിയില്‍ സൂക്ഷിക്കുകയോ ചെയ്തത് ചിലപ്പോള്‍ പില്കാലത്ത് മറ്റുള്ളവര്‍ക്ക് ലഭിക്കാറുണ്ട്. ഇതിന് നിധി എന്നു പറയുന്നു. സ്രഷ്ടാവ് മനുഷ്യര്‍ക്കായി ഭൂമിയില്‍ നിക്ഷേപിച്ച ധാതുക്കളും ഉണ്ട്. സ്വര്‍ണം, വെള്ളി, പെട്രോളിയം തുടങ്ങിയ ഖനിജദ്രവ്യങ്ങളെ മഅ്ദിന്‍ എന്നു പറയുന്നു. ഇവ രണ്ടിനും രികാസ് എന്നു പറയാം. ‘രികാസിന് അഞ്ചില്‍ ഒന്ന് സകാത്ത് നല്‍കണം’ എന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു (ബുഖാരി) 3.
നിധിക്ക് സകാത്ത് നിര്‍ബന്ധമാവാന്‍ വര്‍ഷം പൂര്‍ത്തിയാവേണ്ടതില്ല. കിട്ടിയാല്‍ ഉടനെ കൊടുക്കുകയാണു വേണ്ടത്. ഇതിന് നിസ്വാബ് ആവശ്യമില്ല എന്നും വെള്ളിയുടെ നിസ്വാബ് പരിഗണിക്കണം എന്നും രണ്ടു പക്ഷമുണ്ട്. കടലില്‍ നിന്ന് ലഭിക്കുന്ന മുത്ത്, പവിഴം മുതലായവ ഈ ഗണത്തില്‍ പെടുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
സകാത്ത് നല്‍കേണ്ട മറ്റിനങ്ങള്‍
സമ്പത്ത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. ‘നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക’ എന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനം’ (2:254).ചെലവഴിക്കലിന്റെ നിയതമായ രൂപമാണ് സകാത്ത്. സകാത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സമ്പത്തിന്റെ രീതിയും സ്വഭാവവും എല്ലാം കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. നബി(സ്വ)യുടെ കാലത്തെ സാമ്പത്തിക സംവിധാനമല്ല ഇന്നുള്ളത്. അന്ന് സമ്പത്തായത് ഇന്ന് സമ്പത്തല്ല. അക്കാലത്ത് സമ്പത്തിനായി ഗണിക്കാത്തവ പില്കാലത്ത് വലിയ സമ്പത്തായി വരും. എന്നാല്‍ സമ്പത്തിന്റെ നിശ്ചിത വിഹിതം സകാത്തായി മാറ്റിവയ്ക്കണം എന്നതിന് മാറ്റമില്ല.
സമ്പത്തിന്റെ കാലികമായ മാറ്റത്തിനനുസരിച്ച് ഓരോന്നും ഏത് ഇനത്തില്‍പെടുന്നു എന്നിത്യാദി കാര്യങ്ങളില്‍ പണ്ഡിതന്മാര്ക്കിടയില് ഭിന്ന വീക്ഷണങ്ങള്‍ കണ്ടേക്കാം. സകാത്ത് കൊടുക്കണമെന്നതില്‍ തര്‍ക്കമില്ല. ഇക്കാലത്ത് നിലവിലുള്ളതും നബിയുടെ കാലത്തില്ലാത്തതുമായ ചിലതിന്റെ സകാത്ത് എങ്ങനെ കണക്കാക്കാമെന്നു നോക്കാം.
ഉമറുബ്നു അബ്ദില്‍ അസീസ് ഒമാനിലെ ഉദ്യോഗസ്ഥരോട് പണത്തിന്റെ നിസ്വാബ് കണക്കാക്കി മത്സ്യത്തിന്റെ സകാത്ത് സ്വീകരിക്കാന്‍ പറഞ്ഞതായി കാണാം. ഇത് നബിയുടെ കാലത്തില്ലാത്തതാണ്. മീന്‍ വളര്‍ത്തല്‍, ചെമ്മീന്‍ കൃഷി എന്നിവ ഇന്ന് വ്യാപകമാണ്. അതിന്റെ വരുമാനത്തിന് കാര്‍ഷികോത്പന്നങ്ങളുടെ നിസ്വാബ് നിശ്ചയിച്ച് പത്തു ശതമാനമോ അഞ്ചു ശതമാനമോ സകാത്ത് നല്‍കണം. 6 ക്വിന്റല്‍ അരിയുടെ വിലയ്ക്കു സമാനമായതാണ് കൃഷിയുടെ നിസ്വാബ് (5 വസ്ഖ്).
താറാവ്-കോഴി ഫാം, പട്ടുനൂല്‍ പുഴു തുടങ്ങിയവയില്‍ നിന്നുള്ള വരുമാനത്തിന് പണത്തിന്റെ നിസ്വാബും തോതും പരിഗണിക്കണമെന്നാണ് ഭൂരിപക്ഷാഭിപ്രായം.
കിട്ടുമെന്നുറപ്പുള്ള കടത്തിന്റെ ഇനത്തിലാണ് കടപ്പത്രങ്ങള്‍ കണക്കാക്കേണ്ടത്. അതുകൊണ്ട് വര്‍ഷാവസാനത്തില്‍ മറ്റു ധനത്തോടുകൂട്ടിച്ചേര്ത്ത് അതിനും സകാത്ത് നല്‍കണം. നിസ്വാബും തോതും പണത്തിന്റേതു തന്നെ.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 119, ഹദീസ് 1459[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 126, ഹദീസ് 1483[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 12, ഹദീസ് 6913[↩]
