മര്യാദകള്‍ – 1
മനുഷ്യ സംസ്കാരം മഹിതമാകുന്നത് അവർ പുലർത്തുന്ന വിശ്വാസവും കർമ്മവും സ്വഭാവവും എല്ലാം മാനവികമാകുമ്പോഴാണ്. സമൂഹമായി ജീവിക്കേണ്ട മനുഷ്യൻ സമൂഹത്തിൽ ഇടപെടുമ്പോൾ പലതരത്തിലുമുള്ള മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. സ്രഷ്ടാവായ അല്ലാഹു വിശുദ്ധ ഖുർആനിലും പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ സുന്നത്തിലുമായി ഇത് വിശദമായി വിശദീകരിക്കുന്നുണ്ട്. ആഹാര മര്യാദകള്‍, വസ്ത്രധാരണ മര്യാദകള്‍, പ്രകൃതിപരമായ മര്യാദകള്‍, വിസർജന മര്യാദകള്‍, യാത്രയിലെ മര്യാദകള്‍, ആതിഥ്യ മര്യാദകള്‍ എന്നിവയെക്കുറിച്ച ഇസ്ലാമിക അധ്യാപനങ്ങൾ ഇവിടെ വായിക്കാം.
ജീവിതത്തിലെ സമസ്ത രംഗങ്ങളിലും ഉദാത്ത സംസ്കാരവും ഉന്നത മൂല്യങ്ങളും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ് മുസ്ലിം. വിശ്വാസത്തിലെ വിശുദ്ധിയും അനുഷ്ഠാനങ്ങളിലെ നിഷ്കര്‍ഷയും നിലനിര്‍ത്തുമ്പോള്‍ തന്നെ സഹവാസത്തില്‍ ഇസ്ലാം പഠിപ്പിക്കുന്ന മര്യാദകള്‍ ശീലിക്കുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് ഉത്കൃഷ്ട വ്യക്തിത്വം ഉണ്ടായിത്തീരുന്നത്. മാറ്റാന്‍ തയ്യാറാകാത്തവിധം ശീലിച്ച രീതികളും സ്വഭാവങ്ങളുമായി മുന്നോട്ട് പോകുക എന്ന നിലപാട് വിശ്വാസികള്‍ക്ക് യോജിച്ചതല്ല. കാരണം സാമൂഹിക ജീവിതത്തിന്റെ ഓരോ രംഗത്തും ഉത്കൃഷ്ട വ്യക്തിത്വത്തിന്റെ അനുകരണീയ മാതൃക വിശ്വാസികള്‍ക്ക് മുന്നിലുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അത് ഇപ്രകാരം ഉണര്‍ത്തി. ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്”(33:21).
ജീവിതത്തിലെ ചര്യകളും രീതികളും ഒരാളുടെ വ്യക്തിത്വത്തിന്റെ ഭാഗമായിതീരുന്നതിനാലാണ് മുഹമ്മദ് നബി(സ്വ)യിലൂടെ വിശ്വാസികള്‍ക്ക് ജീവിത രംഗങ്ങളിലെ മഹിതമായ സ്വഭാവങ്ങളും ഇടപഴകലിലെ മര്യാദകളും (Manners) പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. സാമൂഹികമായി ഇടപെടാന്‍ സാധ്യതയുള്ള ഏതൊക്കെ മേഖലകള്‍ ഉണ്ടോ അവിടെയെല്ലാം മനുഷ്യര്‍ക്കിടയില്‍ സ്നേഹവും സൗഹാര്‍ദവും നിലനിര്‍ത്താനുതകുന്ന ചിട്ടകളും മര്യാദകളും പാലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിശുദ്ധഖുര്‍ആനിലും പ്രവാചകചര്യയിലുമുണ്ട്. കൂടാതെ ദൈനംദിന ജീവിതത്തില്‍ നിര്‍ബന്ധമായും ഏര്‍പ്പെടേണ്ടിവരുന്ന കാര്യങ്ങളില്‍ ലളിതമായി നിര്‍വഹിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ കൂടി മര്യാദകളായി പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണകാര്യങ്ങളില്‍, വേഷവിധാനങ്ങളില്‍, സംഭാഷണങ്ങളില്‍, സംവാദങ്ങളില്‍, യാത്രകളില്‍, സദസ്സുകളില്‍, അങ്ങാടികളില്‍, അന്യ വീടുകളില്‍, ആരാധനാലയങ്ങളില്‍… ഓരോന്നിലും വിശ്വാസി പാലിച്ചുപോരേണ്ട മര്യാദകള്‍ എവ്വിധമാണെന്ന് പ്രവാചക വചനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ‘ഉത്തമ സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഞാന്‍ നിയുക്തനായത്’ എന്ന നബിവചനം ഇവിടെ അന്വര്ഥമാക്കുന്നു. മേല്പറഞ്ഞ ഓരോ കാര്യത്തിലും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത നിര്‍ബന്ധ ബാധ്യതകളുണ്ട്. അവയ്ക്കു പുറമെയാണ് പൂര്‍ണതയ്ക്കു വേണ്ടി പാലിക്കേണ്ട മര്യാദകള്‍ അഥവാ അദബുകള്‍.
മനുഷ്യജീവിതത്തെ അര്ഥവത്താക്കുന്നത് ബന്ധങ്ങളാണ്. ബന്ധവിശുദ്ധിയുടെ ബലിഷ്ഠപാശം മനുഷ്യഹൃദയങ്ങളെ ഒരുമയുടെ ചരടില്‍ കോര്‍ത്തിണക്കുന്നു. അതുകൊണ്ട് തന്നെ കുടുംബ സാമൂഹിക ബന്ധങ്ങളുടെ ഓരോ തലത്തിലും വിശ്വാസി ബാധ്യതകള്‍ നിര്‍വഹിക്കുകയും മര്യാദകള്‍ പാലിക്കുകയും ചെയ്യുമ്പോള്‍ ജീവിതം സന്തോഷകരമായിത്തീരുന്നു. സ്നേഹമെന്ന വികാരം കുടുംബത്തില്‍നിന്ന് തുടങ്ങി അയല്പക്കത്തു കൂടെ സമൂഹത്തിലേക്ക് പകരുന്ന ഉന്നതമായ സ്വഭാവവും സംസ്കാരവുമാകുന്നു. ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കാതെ നിലനില്ക്കണമെങ്കില് സഹജീവിതത്തിലും സഹവര്‍ത്തനത്തിലും പഠിപ്പിച്ചിട്ടുള്ള മര്യാദകള്‍ കണിശമായി പാലിച്ചേ തീരൂ.
ആഹാരമര്യാദകള്‍
ആഹാരം പ്രാഥമികാവശ്യമാണ്. മനുഷ്യന്ന് അത് സംസ്കാരമാണ്. അതിനാല്‍ അന്തസ്സും മാന്യതയുമുള്ള ഭക്ഷണശീലങ്ങള്‍ നബി(സ്വ) നിര്‍ദേശിക്കുന്നു. ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടനവധി മര്യാദകള്‍ പ്രവാചകന് പഠിപ്പിച്ചിട്ടുണ്ട്. ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നുമായി അവയെ ഇങ്ങനെ സംഗ്രഹിക്കാം:
- ഭക്ഷണം അനുവദനീയവും വിശിഷ്ഠവുമായിരിക്കണം.
- ഭക്ഷണം മാന്യവും ഹിതകരവുമാവണം.
- വിശക്കുമ്പോള്‍ മാത്രം കഴിക്കുക.
- അമിതമായി ആഹരിക്കരുത്.
- വിനയത്തോടും ആദരവോടും ഭക്ഷണത്തെ സമീപിക്കണം.
- താഴ്മയോടെ ഇരിക്കണം.
- ഭക്ഷണത്തിനു മുമ്പ് കൈയും വായയും വൃത്തിയാക്കണം.
- തുടക്കത്തില്‍ ബിസ്മില്ലാഹ്-അല്ലാഹുവിന്റെ നാമത്തില്‍- എന്ന് ഉച്ചരിക്കണം.
- മറന്നുപോയാല്‍ ഓര്മ വന്ന ഉടനെ ബിസ്മില്ലാഹി അവ്വലഹു വ ആഖിറഹു എന്നു പറയണം.
- കുടിക്കുന്നതും ഭക്ഷിക്കുന്നതും വലതു കൈ കൊണ്ടായിരിക്കണം.
- അല്പാല്പമായി സാവകാശം കഴിക്കണം.
- ഭക്ഷണത്തിലേക്ക് ഊതരുത്, വെള്ളം ഒറ്റ വലിക്കു കുടിച്ചു തീര്‍ക്കരുത്.
- പാത്രത്തിന്റെ പൊട്ടിയ ഭാഗത്ത് വായ വെച്ച് കുടിക്കരുത്.
- അടഞ്ഞ പാത്രത്തില്‍ കുഴലിട്ട് കുടിക്കരുത്.
- പൊതുപാത്രത്തില് ചുണ്ടു വെച്ച് കുടിക്കരുത്.
- വെള്ളി-സ്വര്‍ണ പാത്രങ്ങളില്‍ ആഹരിക്കരുത്.
- വാസനയുള്ള വെളുത്തുള്ളി പോലെയുള്ളവ കഴിച്ചാല്‍ വായ പ്രത്യേകമായി കഴുകണം.
- ഭക്ഷണത്തെ ആക്ഷേപിക്കരുത്.
- ഭക്ഷണം പാഴാക്കാതിരിക്കുക.
- ധൂര്‍ത്തിനും പൊങ്ങച്ചത്തിനും ഉപയോഗിക്കാതിരിക്കുക.
- ഒറ്റയ്ക്കും കൂട്ടമായും കഴിക്കാം.
- ഒന്നിച്ച് ആഹാരം കഴിക്കുമ്പോള്‍ വലതു ഭാഗത്തു നിന്ന് വിതരണം ആരംഭിക്കണം.
- എല്ലാവര്ക്കും എത്തിയ ശേഷമേ കഴിക്കാന്‍ ആരംഭിക്കാവൂ.
- മുതിര്‍ന്ന/പ്രധാന വ്യക്തി കഴിച്ചു തുടങ്ങണം.
- അതിഥിക്കായി സാധിക്കാത്തത് ഉണ്ടാക്കി വിഷമിപ്പിക്കരുത്.
- അതിഥിക്ക് വിളമ്പിക്കൊടുക്കണം.
- ഭര്‍തൃസാന്നിധ്യത്തില്‍ ഭാര്യ സുഹൃത്തുക്കള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാം.
- ചിലരെ (വികലാംഗര്‍, രോഗികള്‍, ദരിദ്രര്‍,…) മോശമായി കരുതി കൂടെ ക്ഷണിക്കാതിരിക്കുകയോ വേറെ പന്തിയില്‍ വിളമ്പുകയോ ചെയ്യരുത്.
- സംഘം ചേര്‍ന്ന് കഴിക്കുന്നതില്‍ അനുഗ്രഹം കൂടും.
- സംഘത്തില്‍ ഒരാള്‍ വേഗം കഴിക്കരുത്.
- എല്ലാവരും അവസാനിപ്പിക്കും മുമ്പ് അവസാനിപ്പിക്കുകയും എഴുന്നേല്ക്കുകയും ചെയ്യരുത്.
- ആവശ്യം കഴിഞ്ഞാല്‍ പാത്രം അടച്ചു വെക്കുക.
- ഭക്ഷണ വസ്തുക്കള്‍ പാകം ചെയ്യാന്‍ അളന്നെടുക്കുക.
- പാകം ചെയ്തവരെ കൂടെ ഇരുത്തുകയോ അവര്‍ക്കു വേണ്ടി പ്രത്യേകം എടുത്തു വെക്കുകയോ ചെയ്യുക.
- ഏതു ചെറിയ ഭക്ഷണത്തിനു ക്ഷണിച്ചാലും സ്വീകരിക്കുക.
- നോമ്പുകാരനാണെങ്കില്‍ ക്ഷണിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക.
- ഭക്ഷണം കഴിഞ്ഞാല്‍ വിരലുകള്‍ നക്കി വൃത്തിയാക്കുക.
- പാത്രത്തില്‍ ഭക്ഷണം ബാക്കിയാക്കാതിരിക്കുക.
- താഴെ വീണുപോയ ആഹാരസാധനം മാലിന്യമായിട്ടില്ലെങ്കില് എടുത്തുപയോഗിക്കുക.
- വര്‍ത്തമാനങ്ങള്‍ പറയാം. അമിതമാവരുത്.
- സലാം മടക്കാം.
- ഇരുന്ന് തിന്നുകയും കുടിക്കുകയും ചെയ്യുക.
- വയറിന്റെ മൂന്നിലൊന്ന് ഭാഗം ആഹരിക്കുക.
- ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം വായുവിനുമായി മാറ്റി വെക്കുക.
- നന്നായി ചവച്ചരയ്ക്കുക.
- ഒരു പാത്രത്തില്‍ നിന്ന് ഒന്നിച്ചു കഴിക്കുമ്പോള്‍ നടുവില്‍ നിന്ന് തുടങ്ങരുത്.
- ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കാര്ക്കിക്കുയോ അപശബ്ദമുണ്ടാക്കുകയോ ചെയ്യരുത്.
- ഭക്ഷണത്തിലേക്ക് ശ്വാസം വിടരുത്.
- സംസാരമോ പ്രവൃത്തിയോ കൊണ്ട് മറ്റുള്ളവരെ വെറുപ്പിക്കരുത്.
- ആഹാരം കഴിച്ചു കഴിഞ്ഞാല്‍ അല്‍ഹംദുലില്ലാഹ്-അല്ലാഹുവിന് സ്തുതി എന്ന് പറയുക.
- ആതിഥേയനു വേണ്ടി പ്രാര്‍ഥിക്കുക.
വസ്ത്രധാരണ മര്യാദകള്‍
മുസ്ലിമിന്റെ വ്യക്തിത്വം വൃത്തിക്കും അലങ്കാരത്തിനും പ്രാധാന്യം കല്പിക്കുന്നതായിരിക്കേണ്ടതുണ്ട്. വസ്ത്രങ്ങള്‍, ശരീരങ്ങള്‍, വീടുകള്‍, വഴികള്‍ എന്നിവയെല്ലാം വൃത്തിയും വെടിപ്പുമുള്ളതായി നിലനിര്‍ത്താന്‍ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക വീക്ഷണത്തില്‍ വസ്ത്രം നഗ്നത മറയ്ക്കാനുള്ളത് മാത്രമല്ല, അലങ്കാരത്തിന് കൂടിയാണ്. അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹങ്ങളുടെ കൂട്ടത്തിലാണ് അതുള്‍പ്പെടുത്തിയിരിക്കുന്നത്.
‘ആദം സന്തതികളേ, നിങ്ങള്‍ക്ക് നാം നിങ്ങളുടെ ഗുഹ്യസ്ഥാനം മറയ്ക്കാനും ശരീരം അലങ്കരിക്കാനുമായി വസ്ത്രങ്ങളുത്പാദിപ്പിച്ചു തന്നിരിക്കുന്നു, ഭക്തിയുടെ വസ്ത്രത്തെയും. അതാണ് ഏറ്റവും ഉത്തമം” (7:26). അലങ്കാരത്തിന്റെയും സൗന്ദര്യത്തിന്റെയും സമുന്നത ഭാവങ്ങള്‍ എല്ലാം തിരസ്കരിച്ച് മുഷിഞ്ഞ വസ്ത്രവുമായി കഴിയുന്നതാണ് ഭക്തിയുടെ അടയാളമെന്ന് മതം പഠിപ്പിക്കുന്നില്ല. അത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ നിരാസവും നിഷേധവുമാണ്. അല്ലാഹു പറയുന്നു. ”ചോദിക്കുക, അല്ലാഹു തന്റെ ദാസന്മാര്ക്കായുണ്ടാക്കിയ അലങ്കാരവും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയത് ആരാണ്? പറയുക, അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്ത്തെഴുന്നേല്പ് നാളിലോ അവര്‍ക്ക് മാത്രവും. കാര്യം മനസ്സിലാക്കുന്നവര്‍ക്കായി നാം ഇവ്വിധ തെളിവുകള്‍ വിശദീകരിക്കുന്നു” (7:32).
ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിയനുസരിച്ച് മാന്യവും വൃത്തിയുള്ളതുമായ വസ്ത്രമാണ് ധരിക്കേണ്ടത്. താണതരം വസ്ത്രം ധരിച്ച ഒരാള്‍ നബി(സ്വ)യുടെ അടുക്കല്‍ വന്നു. അപ്പോള്‍ അവിടുന്ന് ചോദിച്ചു. താങ്കള്‍ക്ക് സ്വത്തുണ്ടോ? അയാള്‍ പറഞ്ഞു. അതേ. തിരുമേനി ചോദിച്ചു. ഏതുതരം സ്വത്താണുള്ളത്. അദ്ദേഹം പറഞ്ഞു. അല്ലാഹു എല്ലാതരം സമ്പത്തും എനിക്ക് നല്‍കിയിട്ടുണ്ട്. അവിടുന്ന് അരുള്‍ ചെയ്തു: ”തന്റെ അടിമക്ക് താന്‍ ചെയ്ത അനുഗ്രഹത്തിന്റെ അയൊളം അവനില്‍ കാണപ്പെടുവാന്‍ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നു (സുനനുത്തിര്‍മുദി) 1 ജുമുഅ, പെരുന്നാള്‍ തുടങ്ങിയ സമ്മേളന സ്ഥലങ്ങളില്‍, വിശേഷപ്പെട്ട അവസരങ്ങളില്‍ സാധാരണ ധരിക്കുന്നതല്ലാത്ത വസ്ത്രമണിയണമെന്ന് നബി(സ്വ) തിരുമേനി നിര്‍ദേശിക്കുന്നു. ജുന്‍ദുബ്നു മകീസ പറയുന്നു: നബി(സ്വ) നിവേദക സംഘം വരുമ്പോള്‍ ഏറ്റവും നല്ല വസ്ത്രം ധരിക്കുകയും തന്റെ അനുചരന്മാരിലെ നേതാക്കളോട് അതിനാവശ്യപ്പെടുകയും ചെയ്യുമായിരുന്നു. കിന്ദയില് നിന്നുള്ള നിവേദകസംഘം വന്ന ദിവസം പ്രവാചകന് യമനില്‍ നിന്നുള്ള മേല്‍വസ്ത്രം ധരിച്ചതായി ഞാന്‍ കണ്ടു. അബൂബക്റും ഉമറും അവ്വിധം തന്നെ ചെയ്തു.
സ്ത്രീയും പുരുഷനും മറയ്ക്കല്‍ നിര്‍ബന്ധമായ ശരീരഭാഗങ്ങള്‍ കൃത്യമായി മറയുന്ന വസ്ത്രമാണ് ധരിക്കേണ്ടത്. അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും അടയാളങ്ങള്‍ വസ്ത്രധാരണത്തില്‍ പ്രതിഫലിക്കാന്‍ പാടില്ല. മെച്ചപ്പെട്ടതും അന്തസ്സാര്‍ന്നതുമായ വസ്ത്രം ധരിക്കുന്നതിന് തെറ്റില്ല. ഇബ്നു മസ്അൂദ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. മനസ്സില്‍ അണുത്തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അപ്പോള്‍ ഒരാള്‍ ചോദിച്ചു. ഒരാള്‍ തന്റെ വസ്ത്രവും ചെരിപ്പും മെച്ചപ്പെട്ടതാകണമെന്നാഗ്രഹിക്കുന്നത് അഹങ്കാരത്തില്‍പെടുമോ? നബി(സ്വ) പറഞ്ഞു: അല്ലാഹു ഭംഗിയുള്ളവനാണ്. അവന് ഭംഗി ഇഷ്ടപ്പെടുന്നു. സത്യത്തെ നിരാകരിക്കുകയും ആളുകളെ അവഹേളിക്കലുമാണ് അഹങ്കാരം. (സ്വഹീഹ് ഇബ്നു ഹിബാന്‍) 2
സുഗന്ധദ്രവ്യമുപയോഗിക്കുന്നതിന് ഇസ്ലാം വളരെ പ്രോത്സാഹിപ്പിക്കുന്നു. നബി(സ്വ) ധാരാളമായി അത് ഉപയോഗിച്ചിരുന്നു. സുഗന്ധദ്രവ്യം സമ്മാനിക്കപ്പെട്ടാല്‍ സന്തോഷപൂര്‍വ്വം അത് സ്വീകരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ സ്ത്രീകള്‍ സൗന്ദര്യം പ്രകടിപ്പിക്കുന്നവിധം, മറ്റുള്ളവരെ ആകര്‍ഷിക്കുന്ന തരത്തില്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കാന്‍ പറ്റില്ല. സുഗന്ധം പൂശി ജനങ്ങള്‍ക്കിടയിലൂടെ ആകര്ഷണീയതയുളവാക്കുന്ന രൂപത്തില്‍ നടന്നുപോകുന്ന സ്ത്രീ വ്യഭിചാരിണിയാണ് എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് 3.
ഇസ്ലാം പ്രകൃതി മതമാണ്. പ്രകൃതിയില്‍ സ്ത്രീക്കും പുരുഷനും അവരുടേതായ സ്വത്തമുണ്ട്. അതുകൊണ്ട് അതിനെ കളങ്കപ്പെടുത്തി ജീവിക്കാന്‍ സ്ത്രീക്കും പുരുഷനും സാധ്യമല്ല. വസ്ത്രധാരണത്തിലും ആണ്‍പെണ്‍ വ്യതിരിക്തത പുലര്‍ത്തണമെന്നാണ് ഇസ്ലാമിക കാഴ്ചപ്പാട്. സ്ത്രീ പുരുഷന്റെ വസ്ത്രം ധരിക്കുന്നതും പുരുഷന് സ്ത്രീയുടെ വേഷമണിയുന്നതും നിഷിദ്ധമാണെന്ന് നബി(സ്വ) പ്രഖ്യാപിച്ചിട്ടുണ്ട്. പുരുഷന്മാര് കുങ്കുമച്ചായം മുക്കിയ വലിയ ചിത്രവേലകളുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നബി(സ്വ) വിലക്കിയിട്ടുണ്ട്. അലി(റ) പറയുന്നു. പ്രവാചകന് എന്നോട് സ്വര്‍ണമോതിരം അണിയുന്നതും പര്‍ദ്ദ ധരിക്കുന്നതും കുങ്കുമഛായം മുക്കിയ വസ്ത്രം ധരിക്കുന്നതും റുകൂഇലും സുജൂദിലും ഖുര്‍ആന്‍ പാരായണം നടത്തുന്നതും നിരോധിച്ചിരിക്കുന്നു (മുസ്ലിം) 4
പുരുഷന് വസ്ത്രം ധരിക്കുമ്പോള്‍ നെരിയാണിക്ക് താഴെ വസ്ത്രം വലിച്ചിഴക്കാന്‍ പാടില്ല. അബ്ദുല്ലാഹിബ്നു ഉമര്‍ (റ) നിവേദനം. നബി(സ്വ) പറഞ്ഞു. ആരെങ്കിലും ആ അഹങ്കാരപൂര്‍വ്വം തന്റെ വസ്ത്രത്തെ നെരിയാണിക്ക് താഴെ വലിച്ചിഴക്കുന്നുണ്ടെങ്കില് അവനിലേക്ക് അല്ലാഹു നോക്കുകയില്ല (പരിഗണിക്കുകയില്ല) (സ്വഹീഹു മുസ്ലിം) 5
വസ്ത്രധാരണം ഇസ്ലാമിക വ്യക്തിത്വത്തെ പ്രകാശിപ്പിക്കുന്നവിധം മാന്യവും അന്തസ്സുറ്റതുമാകാനാവശ്യമായ എല്ലാ നിയമ നിര്‍ദേശങ്ങളും പാലിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്.
വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഇസ്ലാം പഠിപ്പിച്ച മര്യാദകള്‍ ഇങ്ങനെ സംഗ്രഹിക്കാം.
- വസ്ത്രം നഗ്നത മറയ്ക്കുന്നതാവണം.
- വസ്ത്രത്തിന്റെ പേരില്‍ അഹങ്കാരവും പൊങ്ങച്ചവും പാടില്ല.
- പുരുഷന്മാര് പട്ടു വസ്ത്രം ധരിക്കുന്നത് നിഷിദ്ധമാണ്.
- കുങ്കുമ വര്‍ണമുള്ള വസ്ത്രവും പ്രവാചകന് നിരോധിച്ചിട്ടുണ്ട്.
- നഗ്നത വെളിപ്പെടുന്ന വസ്ത്രം നിഷിദ്ധമാണ്.
- പുരുഷന്മാരുടെ വസ്ത്രം നെരിയാണിക്ക് താഴെയാവാന്‍ പാടില്ല.
- വസ്ത്രത്തിനു വേണ്ടി ധനം ധൂര്‍ത്തടിക്കരുത്.
- പ്രശസ്തിക്കു വേണ്ടി വസ്ത്രം ധരിക്കുന്നവര്‍ അന്ത്യനാളില്‍ നിന്ദ്യരാണ്.
- വസ്ത്രം ധരിക്കുമ്പോള്‍ വലതു ഭാഗത്തുനിന്ന് ആരംഭിക്കണം.
- വെള്ള വസ്ത്രമാണ് ഉത്തമമായത്.
- വസ്ത്രം ധരിക്കുമ്പോള്‍ താഴെ പറയുന്ന പ്രാര്‍ഥന ചൊല്ലല്‍ പ്രവാചക ചര്യയാണ്.
الْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلَا قُوَّةٍ
എന്റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്ക് ഈ വസ്ത്രം നല്‍കുകയും എന്നെ ഇത് അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും.
- പുതുവസ്ത്രം ധരിക്കുമ്പോള്‍ നബി(സ്വ) ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു.
اَللّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ ، أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ، وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ
അല്ലാഹുവേ, നിനക്കാണ് എല്ലാ സ്തുതിയും. നീയാണ് എന്നെ ഇത് അണിയിച്ചത്. ഇതിലു ള്ള നന്മയും ഇത് നിര്‍മിക്കപ്പെട്ടതിലുള്ള നന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇതിലുള്ള തിന്മയില് നിന്നും ഇത് നിര്‍മിക്കപ്പെട്ടതിലുള്ള തിന്മയില് നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.
പ്രകൃതിപരമായ മര്യാദകള്‍
മാനസിക ശുദ്ധിപോലെത്തന്നെ ശാരീരിക വൃത്തിക്കും ഇസ്ലാം പ്രാധാന്യം നല്‍കിയിട്ടുണ്ട്. ശരീരഭാഗങ്ങള്‍ ശുചീകരിക്കാനും ഭംഗിയാക്കാനും ഇസ്ലാം നിഷ്കര്‍ഷിച്ചതില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് പ്രകൃതിപരമായ കാര്യങ്ങള്‍. അബൂഹുറയ്റ (റ) പറയുന്നു. നബി(സ്വ) പറഞ്ഞു: ”അഞ്ചു കാര്യങ്ങള്‍ പ്രകൃതിപരമായ കര്‍മങ്ങളില്‍ പെട്ടതാണ്. ചേലാകര്‍മം, ഗുഹ്യസ്ഥാനത്തെ രോമം നീക്കല്‍, കക്ഷത്തിലെ മുടി നീക്കല്‍, മീശ വെട്ടല്‍, നഖം മുറിക്കല്‍ എന്നിവയാണവ”(ബുഖാരി) 6 ഇവയെല്ലാം കൂടെയുള്ളവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ദുര്‍ഗന്ധം, അഴുക്ക് തുടങ്ങിയവയില്‍ നിന്നും മനുഷ്യനെ മുക്തമാക്കുകയും അവന് സ്വന്തമായൊരു വ്യക്തിത്വവും മാന്യതയും കൈവരുത്തുകയും ചെയ്യുന്നു. ഇവയെപ്പറ്റി ചുരുങ്ങിയ രൂപത്തില്‍ മനസ്സിലാക്കാം.
ഗുഹ്യരോമം നീക്കല്‍
ഗുഹ്യരോമം നീക്കുന്നതിന് പ്രത്യേക സമയമോ ദിവസമോ നിശ്ചയിക്കപ്പെട്ടിട്ടില്ല. എങ്കിലും നാല്പതു ദിവസത്തേക്കാള്‍ പിന്തിക്കരുത്. അനസുബ്നു മാലിക്(റ) പറഞ്ഞു: മീശ വെട്ടുന്നതും നഖം മുറിക്കുന്നതും കക്ഷത്തിലെ മുടി കളയുന്നതും ഗുഹ്യരോമം നീക്കുന്നതും ഒരു തവണ ചെയ്യാന്‍ നാല്പതു ദിവസം സമയമായി അവിടുന്ന് നിശ്ചയിച്ചു തന്നിരിക്കുന്നു (അബൂദാവൂദ്) 7
നഖം മുറിക്കല്‍
നഖം വളരുന്നതിനനുസരിച്ച് മുറിക്കല്‍ ശാരീരിക വൃത്തിയുടെ ഭാഗമാണ്. നഖത്തിനുള്ളില്‍ അഴുക്കും മറ്റും തങ്ങി നില്‍ക്കുകയും ആ കൈ കൊണ്ടു തന്നെ നാം ഭക്ഷണം കഴിക്കുകയും ചെയ്യുന്നത്ശാരീരിക രോഗങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ തന്നെ നഖം വളര്‍ത്താതെ മുറിച്ചു കളയുകയാണ് വേണ്ടത്. അത് ആഴ്ചയിലെ ഏതു ദിവസവുമാകാം. വ്യാഴാഴ്ച, വെള്ളിയാഴ്ച എന്നീ ദിവസങ്ങളില്‍ നഖം മുറിക്കുന്നതിന് പ്രത്യേകം പ്രാധാന്യമില്ല.
മീശ വെട്ടല്‍
പ്രകൃതിപരമായ കര്‍മങ്ങളില്‍ പ്രവാചകന് പഠിപ്പിച്ച ഒരു കാര്യമാണ് മീശവെട്ടുക എന്നുള്ളത്. ഇബ്നു ഉമര്‍(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മീശ കളയുകയും താടി വളരാന്‍ അനുവദിക്കുകയും ചെയ്യുക (ബുഖാരി). അഗ്നിയാരാധകരോട് എതിരാവാന്‍ വേണ്ടിയാണ് പ്രവാചകന് ഇതു പഠിപ്പിച്ചത് എന്ന് മറ്റൊരു ഹദീസില്‍ കാണാവുന്നതാണ്. ഇവ്വിഷയകമായി വന്ന ഹദീസുകളില്‍ മീശ വെട്ടണമെന്നും, മീശ വടിക്കണമെന്നുമുള്ള ഹദീസുകള്‍ ഉണ്ട്. ഇവയിലേതും സ്വീകരിക്കാമെന്നാണ് പണ്ഡിതന്മാരുടെ വീക്ഷണം. ഏതായാലും മീശ അമിതമായി വളര്‍ത്തുന്നത് അഭികാമ്യമല്ല.
പ്രകൃതിപരമായ കര്‍മങ്ങളില്‍ പ്രധാനപ്പെട്ടവ ഈ അഞ്ചു കാര്യങ്ങളാണെങ്കിലും ആഇശ (റ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇതിനു പുറമെ താടി വളര്‍ത്തുക, മൂക്കില്‍ വെള്ളം കയറ്റി കഴുകുക, ദന്തശുദ്ധി വരുത്തുക, ശൗചം ചെയ്യുക, വായില്‍ വെള്ളം കൊപ്ലിക്കുക തുടങ്ങിയ അഞ്ചു കാര്യങ്ങള്‍ കൂടി പ്രകൃതിപരമായ കാര്യങ്ങളായി പഠിപ്പിക്കുന്നുണ്ട്.
വിസര്‍ജന മര്യാദകള്‍
- അല്ലാഹുവിന്റെ നാമങ്ങള്‍ എഴുതിയ വസ്തുക്കള്‍ ശരീരത്തിലുണ്ടെങ്കില്‍ അവ അഴിച്ചു വെച്ചാകണം വിസര്‍ജന സ്ഥലത്തേക്ക് പ്രവേശിക്കേണ്ടത്.
- വിസര്‍ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ ഇടതു കാല് വെച്ച് اَللّهمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ (അല്ലാഹുവേ! എല്ലാ ഖുബ്ഥില്‍ നിന്നും, ഖബാഇഥില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു) എന്നു പറഞ്ഞ് പ്രവേശിക്കുക. വലതു കാല് വെച്ച് പുറത്തിറങ്ങുമ്പോള്‍ ُغُفْرَانَكَ (അല്ലാഹുവേ, നിന്നോട് ഞാന്‍ പാപമോചനം തേടുന്നു) എന്നും പറയണം.
- വിസര്‍ജനത്തിനായി ഇടതു ഭാഗത്തേക്ക് ഊന്നിയിരിക്കണം.
- വിസര്‍ജന സമയത്ത് സലാം മടക്കുകയോ ബാങ്കിന് ഉത്തരം നല്‍കുകയോ ചെയ്യരുത്.
- പരസ്പരം സംസാരിക്കുന്നത് ഒഴിവാക്കണം.
- ജനങ്ങള്‍ വിശ്രമിക്കുന്ന സ്ഥലം, കെട്ടി നില്ക്കുന്ന വെള്ളം, ഫലം കായ്ക്കുന്ന മരച്ചുവട് എന്നിവിടങ്ങളില്‍ മലമൂത്രവിസര്‍ജനം പാടില്ല.
- മറയില്ലാത്ത അവസരത്തില്‍ ഖിബ്ലയ്ക്ക് മുന്നിട്ടോ പിന്നിട്ടോ മലമൂത്രവിസര്‍ജനം ചെയ്യുവാന്‍ പാടില്ല.
- ഇരുന്ന് മൂത്രമൊഴിക്കലാണ് ഏറ്റവും ഉത്തമം.
- മലമൂത്രവിസര്‍ജനം ചെയ്താല്‍ വെള്ളം കൊണ്ട് ശുചീകരിക്കണം.
- വെള്ളമില്ലെങ്കില്‍ കല്ലു പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ശുചീകരിക്കാവുന്നതാണ്.
- കല്ലു കൊണ്ടു ശുചീകരിക്കുമ്പോള്‍ മൂന്നു കല്ലില്‍ കുറയാന്‍ പാടില്ല.
- വൃത്തിയാക്കുവാന്‍ ഇടതു കൈയാണ് ഉപയോഗിക്കേണ്ടത്.
യാത്രയിലെ മര്യാദകള്‍
യാത്ര മനുഷ്യജീവിതത്തിലെ അനിവാര്യതകളിലൊന്നാണ്. ജീവിത സന്ധാരണത്തിനായി രാപകല്‍ ഭേദമന്യേ മനുഷ്യന് യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു. കാലവും ലോകവും പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ അതോടൊപ്പം പുതിയ യാത്ര മാര്‍ഗങ്ങളും സഞ്ചാര സങ്കേതങ്ങളും മനുഷ്യര്‍ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. മനുഷ്യജീവിതവുമായി സര്‍വ്വകാലത്തും യാത്രകള്‍ ബന്ധപ്പെട്ട് നില്ക്കുന്നതിനാല് മതത്തിന്റെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇക്കാര്യത്തിലുമുണ്ട്.
യാത്രയ്ക്ക് ഗുണകരമാവുന്ന ഏതു സമയവും ദിവസവും തിരഞ്ഞെടുക്കാവുന്നതാണ്. ചില പ്രത്യേക ദിവസങ്ങളിലോ സമയങ്ങളിലോ യാത്രകള്‍ ചെയ്യാന്‍ പാടില്ല എന്ന് നബി(സ്വ) നിഷ്കര്‍ഷിച്ചിട്ടില്ല. ദുശ്ശകുനത്തിന്റെ(നഹ്സ്) പേരില്‍ ചില ദിവസങ്ങളിലെ യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തിന് കടകവിരുദ്ധവുമാണ്. സൗകര്യപ്പെടുമെങ്കില്‍ വിദൂരയാത്രക്ക് വ്യാഴാഴ്ച തിരഞ്ഞെടുക്കുന്നത് നല്ലതാണെന്ന് തിരുചര്യയില്‍ നിന്ന് മനസ്സിലാകുന്നു. കഅ്ബ്നു മാലിക്(റ) പറയുന്നു: നബി(സ്വ) തബൂക് യുദ്ധത്തിന് പുറപ്പെട്ടത് വ്യാഴാഴ്ചയായിരുന്നു. അവിടുന്ന് വ്യാഴാഴ്ച യാത്ര പുറപ്പെടുന്നത് ഇഷ്ടപ്പെട്ടിരുന്നു (സ്വഹീഹുല്‍ ബുഖാരി) 8 പ്രഭാത സമയത്ത് യാത്ര പുറപ്പെടുന്നത് നബി(സ്വ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നബി(സ്വ) പ്രാര്‍ഥിച്ചു: എന്റെ സമുദായത്തിന് പ്രഭാതത്തിലെ യാത്രയില്‍ അനുഗ്രഹം നല്‍കേണേ (മജ്മഉസവാഉഇദ്) 9
ഒറ്റയ്ക്കുള്ള യാത്രയില്‍ (വിദൂരസ്ഥലത്തേക്ക് ആണെങ്കില്‍) അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സഹയാത്രികരായി ആരെങ്കിലും ഉണ്ടാവുന്നത് ഉത്തമമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. നബി(സ്വ) യാത്ര ഉദ്ദേശിച്ചാല്‍ ഭാര്യമാര്‍ക്കിടയില്‍ നറുക്കിടുകയും ആര്‍ക്കാണോ അവസരം ലഭിച്ചത് അവരെ കൊണ്ടുപോകുകയും ചെയ്തിരുന്നു. വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട ബന്ധുക്കളില്‍(മഹ്റം) ആരെങ്കിലുമില്ലാതെ സ്ത്രീ ഒറ്റയ്ക്ക് വിദൂരയാത്ര യാത്ര ചെയ്യുന്നത് നബി(സ്വ) വിലക്കിയിട്ടുണ്ട്. ദീര്‍ഘയാത്രയാകുമ്പോള്‍ സംഘാംഗങ്ങള്‍ക്ക് സ്വീകാര്യനായ ഒരാളെ നേതാവാക്കുക എന്നും നബി(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്.
അബൂഹുറയ്റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ഒരു യാത്രയില്‍ മൂന്നു പേര് പുറപ്പെട്ടാല്‍ അവരിലൊരാളെ നേതാവായി നിശ്ചയിച്ചു കൊള്ളട്ടെ (സുനനു അബീദാവൂദ്) 10 യാത്രസംഘത്തിലെ ദുര്ബലരെപ്പോലും പരിഗണിക്കുകയും അവര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കുകയും വേണം. ദുര്‍ബലരെ കൂടി പരിഗണിച്ച് കൊണ്ടുള്ള ക്രമീകരണങ്ങള്‍ നടപ്പിലാക്കേണ്ടത് നേതാവിന്റെ ബാധ്യതയാണ്. യാത്രാ വാഹനമായി ഒട്ടകപ്പുറത്ത് സഞ്ചരിക്കേണ്ടിവന്ന സന്ദര്‍ഭത്തില്‍ ആ മൃഗത്തെ കൂടി പരിഗണിച്ചു കൊണ്ട് പെരുമാറാന്‍ നബി(സ്വ) നിര്‍ദേശിച്ചു. പുല്ല് സമൃദ്ധമായി വളരുന്ന പ്രദേശത്തു കൂടി യാത്ര ചെയ്യുമ്പോള്‍ ആ ഒട്ടകത്തിന് പുല്ല് തിന്നാന്‍ അവസരം കൊടുക്കുകയും പരന്ന പ്രദേശത്ത് കൂടി കടന്ന് പോവുമ്പോള്‍ വേഗം കടന്നുപോവാനും നബി(സ്വ) നിര്‍ദേശിച്ചു.
ഉറക്കം, ഭക്ഷണം, പാനീയം തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന ക്ലേശകരമായ ഒരു കാര്യംകൂടിയാണ് യാത്രകള്‍. അതു കൊണ്ട് ആവശ്യം നിറവേറ്റിയാല്‍ യാത്രകള്‍ ദീര്‍ഘിപ്പിക്കുകയല്ല, ചുരുക്കുകയാണ് വേണ്ടത്. അബൂഹുറയ്റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ്വ) പറഞ്ഞു. യാത്ര ക്ലേശത്തിന്റെ ഒരു കഷണമാണ്. അത് നിങ്ങളുടെ ഉറക്കം, ഭക്ഷണം, പാനീയം എന്നിവയെ തടയുന്നു. അതിനാല്‍ തന്റെ ആവശ്യം നിറവേറ്റിക്കഴിഞ്ഞാല്‍ ഉടനെ വീട്ടുകാരുടെ അടുത്തേക്ക് വേഗത്തില്‍ തിരിച്ചുപോകട്ടെ. (സ്വഹീഹുല്‍ ബുഖാരി) 11.
യാത്ര പുറപ്പെടുമ്പോള്‍ പ്രത്യേകമായ സുന്നത്ത് നമസ്കാരം നിര്‍ദേശിക്കപ്പെട്ടിട്ടില്ല. എന്നാല്‍ യാത്ര കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയാല്‍ അല്ലാഹുവിന് നന്ദി പറഞ്ഞ് രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കാം. ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിച്ച് പ്രാര്ഥനയോട് കൂടി യാത്ര ആരംഭിക്കുകയാണ് വേണ്ടത്. യാത്ര അയക്കുന്നവര്‍ യാത്രക്കാരന് വേണ്ടി ഇപ്രകാരം പ്രാര്‍ഥിക്കണം. ‘താങ്കളുടെ മതകാര്യങ്ങളും വശ്വസ്തതയും പ്രവര്‍ത്തന ഫലങ്ങളും അല്ലാഹുവിങ്കല്‍ സുരക്ഷിതമായിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു’. (സുനതു തിര്‍മിദി) 12
ദീര്‍ഘയാത്ര കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയാല്‍ രാത്രിയില്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തുന്നത് പ്രയാസം സൃഷ്ടിക്കുന്നു. ആയതിനാല്‍ നബി(സ്വ) രാത്രിയില്‍ തിരിച്ചെത്തി വീട്ടുകാരെ ശല്യം ചെയ്യുന്നത് വിലക്കി. വീട്ടുകാരെ മുന്‍കൂട്ടി അറിയിച്ചശേഷം അവര്‍ക്ക് പ്രയാസകരമാവാത്തവിധം പ്രഭാതത്തിലോ വൈകുന്നേരമോ ആയിട്ടാണ് നബി(സ്വ) യാത്ര കഴിഞ്ഞ് വീട്ടില്‍ പ്രവേശിക്കാറുണ്ടായിരുന്നത്.
ആതിഥ്യമര്യാദകള്
അതിഥി ഏറെ ആദരണീയനാണ്. ഇസ്ലാമിന്റെ ആഗമനത്തിനു മുമ്പു തന്നെ പൂര്‍വ അറേബ്യയിലും അതിഥികള്‍ മാനിക്കപ്പെട്ടിരുന്നു. ഒരാള്‍ അതിഥിയാത്തെിയാല് മൂന്നു ദിവസം വരെ ആരെന്നോ എവിടെ നിന്നെന്നോ എന്തിനു വന്നെന്നോ ചോദ്യമില്ലാതെ അവരെ സത്ക്കരിക്കുക അറബികളുടെ പതിവായിരുന്നു. അത് ഇസ്ലാം അവകാശമാക്കി (ബുഖാരി) 13 കൂടാതെ ഇസ്ലാം അതിഥി സത്ക്കാരം വിശ്വാസത്തിന്റെ ഭാഗമാക്കി. ”ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന് അതിഥിയെ ആദരിക്കട്ടെ” എന്നാണ് മുഹമ്മദ് നബി(സ്വ) പറഞ്ഞത് (ബുഖാരി) 13 തനിക്കും കുട്ടികള്‍ക്കു പോലും തികയാത്ത ഭക്ഷണം സ്വയം പട്ടിണി കിടന്ന് അതീവ രഹസ്യമായി അതിഥിക്കു നല്കിയ മദീനക്കാരനായ പ്രവാചകശിഷ്യനെ അല്ലാഹു പ്രകീര്‍ത്തിച്ചു (ഖുര്‍ആന്‍ 59:9). അതിഥിക്കു വേണ്ടി വീട്ടില്‍ സൗകര്യങ്ങള്‍ കരുതി വെക്കുന്നത് ഇസ്ലാം അനുവദിച്ചു. അതിഥിയെ ഭയപ്പെടുത്തുന്ന വിധത്തില്‍ നായയെ പോറ്റുന്നത് പോലും ഇസ്ലാം വിലക്കി.
അതിഥിയോട് ഇരിക്കാന്‍ പറയുക, അദ്ദേഹത്തിന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുക, അയാള്‍ക്ക് വിളമ്പിക്കൊടുക്കുക, തിരിച്ചു പോകുമ്പോള്‍ പുരയിടത്തിന്റെ അതിര്‍ത്തി വരെ കൂടെ പോവുക എന്നിവയെല്ലാം ഇസ്ലാമിലെ ആതിഥ്യമര്യാദകളാണ്. അന്യയാണെങ്കിലും ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ അതിഥികളായ പുരുഷന്മാര്ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ വീട്ടുകാരിക്ക് അനുവാദമുണ്ട്.
തനിക്ക് ആതിഥ്യവും അവകാശവും നല്‍കാത്തവനാണ് അതിഥിയായി വന്നതെങ്കിലും അവനോടുള്ള അവകാശങ്ങള്‍ നിര്‍വഹിക്കണമെന്ന് നബി(സ്വ) ആവശ്യപ്പെടുന്നു (തിര്‍മിദി) 14 മദ്യം, പന്നി തുടങ്ങിയ നിഷിദ്ധ വസ്തുക്കള്‍ അതിഥിക്ക് പഥ്യമാണെങ്കിലും നാം അതു നല്കാന് പാടില്ല. ധൂര്‍ത്തും പൊങ്ങച്ചവുമാകുന്ന അതിഥിസത്കാരങ്ങളും വര്‍ജിക്കേണ്ടതാണ്. അതിഥിക്ക് ഇത്രയേറെ പ്രാധാന്യം ഇസ്ലാം നല്കുന്നുവെങ്കിലും അസാധ്യമായ കാര്യങ്ങള്‍ അതിഥിക്കു വേണ്ടി ഒരുക്കി പ്രയാസപ്പെടുന്നത് പുണ്യമല്ല. അത് പാപമാണെന്നും നബി(സ്വ) പഠിപ്പിക്കുന്നു. കടം വാങ്ങിയും പലിശ കൊടുത്തുമെല്ലാം അതിഥി സല്കാരം നടത്തുന്നവര്‍ക്കാണ് റസൂല്‍(സ്വ)യുടെ ഈ താക്കീതെന്നോര്ക്കുക.
അതിഥി പാലിക്കേണ്ട ചില മര്യാദകളും ഇക്കൂട്ടത്തിലുണ്ട്. സമ്മതം വാങ്ങിയേ വീട്ടില്‍ പ്രവേശിക്കാവൂ. വാതിലിനു നേരെ അഭിമുഖമായി നിന്ന് സമ്മതം ചോദിക്കരുത്. തുറന്നു കിടക്കുന്ന ജനലുകളിലൂടെയും മറ്റും അകത്തേക്ക് എത്തിനോക്കരുത്. വീട്ടുകാരന്റെ ഇരിപ്പിടത്തില്‍ ഇരിക്കരുത്. വാഹനത്തില്‍ അയാള്‍ക്കു മുന്നില്‍ ഇരിക്കരുത്. ഉദാരത ചൂഷണം ചെയ്ത് ആതിഥേയനെ വിഷമിപ്പിക്കരുത്. നബി(സ്വ) അതിഥിയെ ഓര്‍മപ്പെടുത്തുന്നു. ”വീട്ടുകാരനെ പ്രയാസപ്പെടുത്തുന്ന വിധം അതിഥി അവിടെ താമസിക്കുന്നത് അനുവദനീയമല്ല” (ബുഖാരി) 15.
References
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 123, ഹദീസ് 2819[↩]
- സ്വഹീഹു ഇബ്നി ഹിബ്ബാന്‍, മുഹമ്മദു ബ്നു ഹിബ്ബാനു ബ്നു അഹ്മദു ബ്നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 281, ഹദീസ് 4399[↩]
- സ്വഹീഹു ഇബ്നി ഖുസൈമ, അബൂബക്ര് മുഹമ്മദുബ്നു ഇസ്ഹാഖ് ബ്നു ഖുസൈമ അസ്സുലമി അന്നൈസാബൂരി, അല്‍ മക്തബതുല്‍ ഇസ്ലാമി, ബൈറൂത്, വാള്യം 03, പേജ് 91, പേജ് 1681[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 144, ഹദീസ് 2078[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 146, ഹദീസ് 2085[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2209, ഹദീസ് 3550[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 135, ഹദീസ് 4200[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1078, ഹദീസ് 2790[↩]
- മജ്മഉസ്സവാഇദ് വ മന്‍ബഉല്‍ ഫവാഇദ്, അബുല്‍ ഹസന് നൂറുദ്ദീന്‍ അലിയ്യുബ്നു അബീബക്ര് അല്‍ ഹൈസമി, മക്തബതുല്‍ ഖുദ്സി, കെയ്റോ, വാള്യം 04, പേജ് 62[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 340, ഹദീസ് 2608[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 77, ഹദീസ് 5429[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 499, ഹദീസ് 3442, 3443[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 11, ഹദീസ് 6019[↩][↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 537, ഹദീസ് 2006[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 32, ഹദീസ് 6135[↩]
