മനുഷ്യന് ധാരാളം ഉത്തരവാദിത്തങ്ങളും ബാധ്യതകളും ഉള്ള ജീവിതമാണ് സ്രഷ്ടാവ് സംവിധാനിച്ചിരിക്കുന്നത്. മനുഷ്യജീവിതം സുഗമമാവണമെങ്കില്‍ ഈ കാര്യങ്ങളില്‍ പരസ്പരം വിശ്വസ്തത പൂര്‍ത്തീകരിക്കേണ്ടതുണ്ട്. സംസ്‌കാരമുള്ള ഒരു മനുഷ്യന്‍ നിര്‍ബന്ധമായും നിര്‍വഹിച്ചിരിക്കേണ്ട ബാധ്യതകളാണ്, ബാധ്യതകള്‍ എന്ന ഈ അധ്യായത്തില്‍ വിശദീകരിക്കുന്നത്.
ഭരണകര്‍ത്താക്കളോടുള്ള ബാധ്യതകള്‍, പ്രജശളോടുള്ള ബാധ്യതകള്‍, മുസ്‌ലിംകളോടുള്ള ബാധ്യതകള്‍, അമുസ്‌ലിംകളോടുള്ള ബാധ്യതകള്‍, പക്ഷിമൃഗാദികളോടുള്ള ബാധ്യതകള്‍, പ്രകൃതിയോടുള്ള ബാധ്യതകള്‍ എന്നിവ വിശദമായി ഇവിടെ വായിക്കാം.
ഭരണകര്‍ത്താക്കളോടുള്ള ബാധ്യതകള്‍
സമൂഹത്തിന്റെ ഏറ്റവും വലിയ ഘടകമാണ് രാഷ്ട്രം. ഭരണകര്‍ത്താക്കളും പ്രജകളുമായുള്ള ഈടുറ്റ ബന്ധമാണ് രാജ്യത്തിന്റെ നന്‍മ. ഏറ്റെടുത്ത കാര്യങ്ങളില്‍ ഗുണകാംക്ഷ കാണിക്കുക, ഭരണകര്‍ത്താക്കള്‍ അശ്രദ്ധരാവുമ്പോള്‍ അവരെ ഓര്‍മിപ്പിക്കുക, സത്യത്തില്‍ നിന്നു വ്യതിചലിക്കുമ്പോള്‍ അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക, അല്ലാഹുവിന് എതിരാവാത്ത കാര്യങ്ങളില്‍ അവരെ അനുസരിക്കുക മുതലായവ പ്രജകളുടെ ബാധ്യതയാണ്. കാര്യങ്ങള്‍ വ്യവസ്ഥാപിതമായി മുന്നോട്ടു പോവുന്നതിനും സമൂഹത്തില്‍ സമാധാനവും നന്‍മയും നിലനില്ക്കുന്നതിനും ഇത് അനിവാര്യമാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍. അവന്റെ ദൂതനെയും നിങ്ങളില്‍ നിന്നുള്ള ഭരണകര്‍ത്താക്കളെയും അനസരിക്കുവിന്‍ (4:59).
രാജ്യത്തിന്റെ പൊതുനന്‍മയും പൗരന്‍മാരുടെ ക്ഷേമവും മുന്‍നിര്‍ത്തി ഭരണകര്‍ത്താക്കള്‍ മുന്നോട്ടു വെയ്ക്കുന്ന നിയമനിര്‍ദേശങ്ങള്‍ അല്ലാഹുവിന്റെ കല്പനക്ക് എതിരാവുന്നില്ലെങ്കില്‍ ഭരണീയര്‍ അനുസരിക്കണം. ഭരണാധികാരി കാര്യനിര്‍വഹണത്തിന്റെ സൗകര്യത്തിന്നായി വല്ലവരെയും ചുമതലപ്പെടുത്തുകയോ മന്ത്രിമാരോ ഗവര്‍ണര്‍മാരോ ആയി നിയമിക്കുകയോ ചെയ്യുകയാണെങ്കില്‍ അവരെയും അനുസരിക്കേണ്ടത് ഭരണീയരുടെ ബാധ്യതയാണ്. അനസ് ബ്‌നു മാലിക്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ഉണങ്ങിയ മുന്തിരി പോലെ തോന്നുന്ന തലയുള്ള ഒരു നീഗ്രോ അടിമയാണ് നിങ്ങളുടെ ഭരണാധികാരിയായി നിയമിക്കപ്പെട്ടതെങ്കില്‍ പോലും അദ്ദേഹത്തിന്റെ കല്പനകള്‍ നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക (സ്വഹീഹുല്‍ ബുഖാരി)
ഭരണീയരോടുള്ള ബാധ്യതകള്‍ മനസ്സിലാക്കി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്ന ഒരു ഭരണാധികാരിയുടെ ഭാഗത്തു നിന്നുപോലും ചിലപ്പോള്‍ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടായേക്കാം. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുകയോ ജനങ്ങളുടെ കാര്യങ്ങള്‍ ഏല്പിക്കപ്പെടുകയോ ചെയ്തിട്ടുള്ള ഭരണ കര്‍ത്താവിനെ കേള്‍ക്കാനും അനുസരിക്കാനും പ്രജകള്‍ എപ്പോഴും തയ്യാറാവണം. വാഇല് ബ്‌നു ഹുജുര്‍(റ) പറയുന്നു: സലമ(റ) നബിയോട് ചോദിച്ചു: പ്രവാചകരേ, ചില ഭരണാധികാരികള്‍ ഞങ്ങളെ ഭരിക്കുന്നു. ഞങ്ങളില്‍ നിന്ന് അവര്‍ക്കുള്ള അവകാശങ്ങള്‍ ചോദിച്ചു വാങ്ങുകയും ഞങ്ങള്‍ക്ക് അവരില്‍ നിന്നുള്ള അവകാശങ്ങള്‍ അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ എന്തു ചെയ്യണമെന്ന് താങ്കള്‍ പറഞ്ഞുതന്നാലും. നബി(സ്വ) അദ്ദേഹത്തില്‍ നിന്നും തിരിഞ്ഞു കളഞ്ഞു. വീണ്ടും ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക’. അവരുടെ ബാധ്യത അവര്‍ക്കുണ്ട്. (അവര്‍ ആ കാര്യത്തില്‍ വിചാരണ ചെയ്യപ്പെടും) നിങ്ങളുടെ ബാധ്യത നിങ്ങള്‍ക്കുമുണ്ട് (സ്വഹീഹ് മുസ്‌ലിം)
ഇസ്‌ലാമിക ഭരണമോ ഇസ്‌ലാമികേതര ഭരണകൂടമോ ആവട്ടെ നിയമങ്ങള്‍ കൈയിലെടുക്കാന്‍ ശ്രമിക്കരുതെന്ന് നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്. ഇസ്‌ലാമികേതര ഭരണകൂടം ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കുന്നില്ലെന്ന കാരണത്താല്‍ അവരെ ധിക്കരിക്കാന്‍ പാടുള്ളതല്ല. ഇസ്‌ലാമിക ഭരണം നിലനില്ക്കുന്ന രാഷ്ട്രങ്ങളില്‍ പോലും ക്രിമിനല്‍ നിയമങ്ങളെ വ്യക്തികള്‍ കൈയിലെടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഒരു മുസ്‌ലിം തന്റെ വിശ്വാസവും അനുഷ്ഠാനവും പരസ്യപ്പെടുത്തി ജീവിക്കുകയാണെങ്കില്‍ ജീവനു ഭീഷണിയുണ്ടാവുന്ന സാഹചര്യങ്ങളില്‍ വിശ്വാസ വും കര്‍മവും ഗോപ്യമാക്കി വെച്ചിട്ട് ജീവിക്കാന്‍ അല്ലാഹു അനുമതി നല്കുന്നു. ഭരണകര്‍ത്താക്കള്‍ നന്‍മയും നീതിയും നടപ്പിലാക്കുമ്പോള്‍ അവരെ അനുസരിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് ഭരണീയരുടെ ബാധ്യതയാണ്. ഭരണാധികാരം ആഗ്രഹിക്കുകയോ ചോദിച്ചു വാങ്ങുകയോ ചെയ്യാത്ത ആളുകള്‍ക്ക് വിശ്വാസപൂര്‍വം അത് ഏല്പിച്ചു കൊടുക്കുകയും ഉത്തരവാദിത്വ നിര്‍വഹണത്തില്‍ പരമാവധി അവരെ സഹായിക്കുകയും ചെയ്യേണ്ടത് പ്രജകളുടെ ബാധ്യതയാണ്.
പ്രജകളോടുള്ള ബാധ്യതകള്‍
ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഭരണകര്‍ത്താക്കള്‍ തങ്ങളുടെ ഉത്തരവാദിത്വത്തിന് കീഴില്‍ വരുന്നവരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുമ്പോഴാണ് സമൂഹത്തില്‍ സുസ്ഥിതിയുണ്ടാവുന്നത്. രാജ്യത്തിന്റെ ഭരണമോ സ്ഥാപനത്തിന്റെ നടത്തിപ്പോ സംഘടനയുടെ നേതൃത്വമോ ഏതായാലും വിശ്വസിച്ചേല്പിക്കേണ്ട (അമാനത്ത്) ഉത്തരവാദിത്വങ്ങളാണ്. ഭരണീയരോട്, അണികളോട്, അനുയായികളോട്, കീഴ് ജീവനക്കാരനോട് എല്ലാമുള്ള ബാധ്യതകള്‍ എന്താണെന്ന് ഇസ്‌ലാം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. ഭരണാധികാരികള്‍ പ്രജകളോടും നേതാക്കന്‍മാര്‍ അനുയായികളോടും വിനയപൂര്‍വം വര്‍ത്തിക്കേണ്ടവരാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ”വിശ്വാസികളില്‍ നിന്ന് താങ്കളെ അനുഗമിച്ചവര്‍ക്ക് താങ്കളുടെ വിനയത്തിന്റെ ചിറകുകള്‍ താഴ്ത്തി ക്കൊടുക്കുക” (26: 215).
ഭരണീയരോടുള്ള വിശ്വാസ്യത പൂര്‍ണാര്‍ഥത്തില്‍ കഴിവിന്റെ പരമാവധി പാലിച്ച് ജീവിക്കാനത്രെ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്. നബി(സ്വ) പറഞ്ഞു: നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്. തങ്ങളുടെ ഭരണീയരെക്കുറിച്ച് നിങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ് (സ്വഹീഹുല്‍ ബുഖാരി)
ഭരണീയരുടെ ക്ഷേമവും സുസ്ഥിതിയുമായിരിക്കണം ഭരണകര്‍ത്താക്കള്‍ ലക്ഷ്യം വെയ്‌ക്കേണ്ടത്. അവരോട് നീതിയും നന്‍മയും പുലര്‍ത്തി ജീവിക്കുകയും വേണം. അല്ലാഹു കല്പിക്കുന്നു: ഒരു ജനതയോടുള്ള ശത്രുത നീതി പാലിക്കാതിരിക്കാന്‍ ഒരിക്കലും നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ നീതി പാലിക്കുവീന്‍. അതാണ് ഭയഭക്തിയോട് ഏറ്റവും അടുത്തത് (5:8).
ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തി പ്രവര്‍ത്തിക്കുന്നതിന് ഉത്തരവാദിത്വമുള്ളവനാണ് ഭരണാധികാരി. ജനങ്ങള്‍ക്ക് അവകാശപ്പെട്ട നന്‍മയും സേവനവും ചെയ്തു കൊടുക്കുന്നതിന് അവരില്‍ നിന്ന് പ്രതിഫലമോ പാരിതോഷികമോ വേണമെന്ന് നിബന്ധന വെക്കുന്നതോ നിര്‍ബന്ധിക്കുന്നതോ മതദൃഷ്ട്യാ തെറ്റാണ്. അത്തരം കാര്യങ്ങള്‍ കൈക്കൂലിയുടെ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. കൈക്കൂലി ഇസ്‌ലാമില്‍ നിഷിദ്ധമാക്കപ്പെട്ട ഒരു സമ്പാദ്യമാണ്. ഭരണകര്‍ത്താവ് നീതിമാനായിരിക്കുക എന്നതാണ് ഭരണീയരോട് നിര്‍വഹിക്കേണ്ട പ്രഥമ ബാധ്യത. കക്ഷി താത്പര്യങ്ങളോ സ്വാര്‍ഥ ചിന്തകളോ പിടി കൂടാതെ ഭരണീയരോട് നീതി പുലര്‍ത്തി ജീവിക്കണം. നബി(സ്വ) അരുളി: ഏതെങ്കിലും ഒരുവനെ ഒരു വിഭാഗത്തിന്റെ ഭരണാധികാരം ഏല്പിച്ചിട്ട് അവരെ വഞ്ചിച്ചു കൊണ്ട് അവന്‍ മരിക്കുകയാണെങ്കില്‍ സ്വര്‍ഗം അവന്ന് നിഷിദ്ധമാക്കാതിരിക്കുകയില്ല (സ്വഹീഹ് മുസ്‌ലിം)
ഭരണകര്‍ത്താവിന് ഭരണീയരോടുള്ള പ്രഥമ ബാധ്യത അവരുടെ സേവകനും ഗുണകാംക്ഷിയുമായി മാറുക എന്നതാണ്. എളിമയോടു കൂടി പെരുമാറാനും അടുപ്പമുള്ള ബന്ധം കാത്തു സൂക്ഷിക്കാനും ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. നബി(സ്വ) പറഞ്ഞു: ഏതെങ്കിലും ഒരു ഭരണാധികാരി മുസ്‌ലിംകളുടെ പ്രശ്‌നം ഏറ്റെടുക്കുകയും എന്നിട്ട് അവന്‍ അവര്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുകയും അവര്‍ക്ക് ഗുണം കാംക്ഷിക്കുകയും ചെയ്താല്‍ അവരോടൊപ്പം അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കുകയില്ല (സ്വഹീഹുത്തര്‍ഗീബ്)
ഒരു ഭരണാധികാരി എവ്വിധമാണ് ഭരണീയരോട് പെരുമാറേണ്ടത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഖലീഫ ഉമര്‍(റ). രാത്രികാലങ്ങളില്‍ പോലും ഉറക്കമിളച്ച് പ്രജകളുടെ ജീവിതാവസ്ഥകള്‍ അന്വേഷിക്കാന്‍ അദ്ദേഹം ഇറങ്ങിത്തിരിക്കുകയും അതിന് പരിഹാരം കാണുകയും ചെയ്തിരുന്നു. ഭരണകര്‍ത്താക്കളും നേതാക്കളും പ്രജാക്ഷേമ തത്പരരാണെങ്കില്‍ അവര്‍ക്ക് സുഖനിദ്രയുണ്ടാവില്ല എന്ന് ഖലീഫ ഉമറിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. പൊതുഖജനാവിലെ പണം സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത് ആഡംബരമില്ലാതെ ജീവിക്കാനും ലാളിത്യത്തിന്റെ ഉത്തമ മാതൃക കാണിച്ചു കൊടുക്കാനുമായിരുന്നു ഉത്തമ നൂറ്റാണ്ടിലെ ഖലീഫമാര്‍ ശ്രദ്ധിച്ചിരുന്നത്.
മുസ്‌ലിംകളോടുള്ള ബാധ്യതകള്‍
മുസ്‌ലിംകള്‍ ഏകോതര സഹോദരന്‍മാരായി വര്‍ത്തിക്കേണ്ടവരാണ്. സത്യസന്ദേശം ഉള്‍ക്കൊണ്ടവര്‍ എന്ന നിലയ്ക്ക് പ്രത്യേകമായ ഹൃദയബന്ധവും മനസ്സിണക്കവും ഉണ്ടാവണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഒരു ശരീരത്തിലെ അവയവങ്ങള്‍ പോലെ ഒരോ മുസ്‌ലിമും സാഹോദര്യ ബന്ധത്തിന്റെ കണ്ണികളായി മാറുകയാണ്. സ്‌നേഹ ബന്ധത്തിന്റെയും സാഹോദര്യ ബോധത്തിന്റെയും നിലനില്പിന് മുസ്‌ലിംകള്‍ പരസ്പരം നിര്‍വഹിക്കേണ്ട ബാധ്യതകള്‍ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള കടമകള്‍ ആറാകുന്നു. കണ്ടാല്‍ സലാം പറയുക, ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക, ഉപദേശം ആവശ്യപ്പെട്ടാല്‍ ഉപദേശിക്കുക, അവന്‍ തുമ്മിയിട്ട് അല്ലാഹുവിനെ സ്തുതിച്ചാല്‍ അവന്നുവേണ്ടി പ്രാര്‍ഥിക്കുക, അവന്നു രോഗം ബാധിച്ചാല്‍ സന്ദര്‍ശിക്കുക, അവന്‍ മരണപ്പെട്ടാല്‍ ജനാസയെ അനുഗമിക്കുക (സ്വഹീഹ് മുസ്‌ലിം)
ഈ ആറു കാര്യങ്ങള്‍ മാത്രമാണ് ബാധ്യതകള്‍ എന്ന അര്‍ഥത്തിലല്ല; അവയുടെ പ്രാധാന്യം എടുത്തുകാണിക്കാന്‍ വേണ്ടിയാവാം നബി ഇങ്ങനെ പറഞ്ഞത്. മുസ്‌ലിംകള്‍ പരസ്പരമുള്ള കടമകള്‍ ഇനിയും ഏറെയാണ്. പരസ്പരം വിദ്വേഷമോ പകയോ അസൂയയോ അഹങ്കാരമോ വഞ്ചനയോ ഇല്ലാതെ, സഹായിച്ചും സഹകരിച്ചും സ്‌നേഹിച്ചും ഗുണദോഷിച്ചും ഏകോദര സഹോദരന്‍മാരായി വര്‍ത്തിക്കുകയാണ് വേണ്ടത്. സമ്പത്തിനും രക്തത്തിനും അഭിമാനത്തിനും പവിത്രത കല്പിച്ചു കൊണ്ട് അക്രമവും നിന്ദയും പാടെ വര്‍ജിച്ച് സാഹോദര്യത്തിന്റെ താത്പര്യമനുസരിച്ച് ജീവിക്കാനുള്ള ശ്രമമാണ് എപ്പോഴുമാണ്ടാവേണ്ടത്.
അമുസ്‌ലിംകളോടുള്ള ബാധ്യതകള്‍
ഇസ്‌ലാമികദൃഷ്ട്യാ മനുഷ്യരെല്ലാം സമന്‍മാരാണ്. അവരെല്ലാം ഒരേ മാതാപിതാ ക്കളുടെ മക്കളാണ്. ധര്‍മബോധത്തോടെ ജീവിക്കുന്നവര്‍ക്കാണ് അല്ലാഹുവിങ്കല്‍ ശ്രേഷ്ഠതയുള്ളത്. അന്യോന്യം അറിയേണ്ടതിനാണ് മനുഷ്യരെ വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത് (49:13). ഇതാണ് ഇസ്‌ലാമിലെ മാനവിക കാഴ്ചപ്പാട്. അതുകൊണ്ടു തന്നെ മുസ്‌ലിംകളല്ലാത്ത മതവിഭാഗത്തില്‍പ്പെട്ടവരോടും നല്ല ബന്ധം നിലനിര്‍ത്താനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആദര്‍ശപരമായ ഭിന്നതയും വിശ്വാസപരമായ വീക്ഷണവ്യത്യാസവും മാനുഷിക ബന്ധങ്ങള്‍ മുറിക്കുന്നതിന് കാരണമായിക്കൂടെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു.
അല്ലാഹുവിനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചു കൊണ്ട് പ്രാര്‍ഥിക്കുന്നവരോട് പോലും അവരുടെ ദൈവങ്ങളെ ആക്ഷേപിക്കുന്ന ശൈലി ഉപയോഗിക്കരുതെന്ന് അല്ലാഹു ഉണര്‍ത്തുന്നു. ”അല്ലാഹുവിനു പുറമെ അവര്‍ ആരാധിക്കുന്നവയെ (വിഗ്രഹങ്ങള്‍) നിങ്ങള്‍ അധിക്ഷേപിക്കരുത്. അപ്പോള്‍ ചിന്തയില്ലാതെ അല്ലാഹുവിനെ ശത്രുതാപൂര്‍വം അവരും ചീത്ത പറയും”(6:108). തന്റെ മാതാപിതാക്കള്‍ ഇതരമതസ്ഥരാണെങ്കില്‍ പോലും ഭൗതിക ജീവിതത്തില്‍ അവരെ സഹായിച്ചും അവരോട് സഹകരിച്ചും പെരുമാറാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. രക്തബന്ധം മുറിച്ചു കളയരുതെന്ന് ഗൗരവപൂര്‍വം നിര്‍ദേശിക്കുന്നു.
നബി(സ്വ) മുസ്‌ലിംകളല്ലാത്തവരുമായി നല്ല മാനുഷിക ബന്ധം പുലര്‍ത്തിയിരുന്നു. ഒരിക്കല്‍ നബി(സ്വ)യുടെ മുന്നിലൂടെ ജൂതന്റെ ജനാസ(മൃതദേഹം) കൊണ്ടു പോവുമ്പോള്‍ നബി(സ്വ) എഴുന്നേറ്റു നിന്നു. അനുചരര്‍ അതു കണ്ട് അത്ഭുതത്തോടെ ചോദിച്ചു. അത് ജൂതന്റെ ശവമല്ലേ? നബി(സ്വ)യുടെ മറുപടി ഇപ്രകാരമായിരുന്നു ‘ജൂതനും മനുഷ്യനല്ലേ!’
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഉന്‍മൂലനാശത്തിനായി യുദ്ധം പ്രഖ്യാപിച്ചവരെ സംരക്ഷിക്കുകയോ പരിഗണിക്കുകയോ ചെയ്യേണ്ട ഒരു ബാധ്യതയും മുസ്‌ലിംകള്‍ക്കില്ല. അല്ലാഹു പറയുന്നു: ”മത കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചു മാത്രമാണ് അവരോട് മൈത്രി കാണിക്കുന്നത് അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അതിക്രമകാരികള്‍” (60:9).
അമുസ്‌ലിംകളില്‍പ്പെട്ടവര്‍ സംരക്ഷണത്തിന്നായി അഭയം തേടിയാല്‍ അവര്‍ക്ക് നിശ്ചയിച്ച സ്ഥലത്ത് നിര്‍ണിത കാലമത്രയും സംരക്ഷണം നല്‌കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്കുണ്ട്. അല്ലാഹു പറയുന്നു: ”ബഹുദൈവ വിശ്വാസികളില്‍ വല്ലവനും നിന്റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്റെ വചനം അവന്‍ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന് അഭയം നല്കുക. എന്നിട്ട് അവന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചു കൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജന വിഭാഗമാണ് എന്നതു കൊണ്ടാണത് (9:6).
മുസ്‌ലിംകളും ബഹുദൈവ വിശ്വാസികളും തമ്മില്‍ സന്ധിയായിട്ടുള്ള കാലം വരെ അവരോടുള്ള കരാര്‍ പൂര്‍ത്തിയാക്കല്‍ ബാധ്യതയാണ്. അതിന് അവര്‍ക്കുള്ള കരാര്‍ അവരും പാലിക്കണം. അതില്‍ വീഴ്ച വരുത്തുകയോ മതത്തെ അധിക്ഷേപിക്കുകയോ ചെയ്യരുത്. അല്ലാഹു പറഞ്ഞു: ‘എന്നാല്‍ ബഹുദൈവ വിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് നിങ്ങള്‍ കരാറിലേര്‍പ്പെടുകയും എന്നിട്ട് നിങ്ങളോട് അത് പാലിക്കുന്നതില്‍ യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാണ്. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധി വരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു‘ (9:4).
അല്ലാഹു പറയുന്നു: ‘ഇനി അവര്‍ കാരാറിലേര്‍പ്പെട്ട ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യ നിഷേധത്തിന്റെ നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. തീര്‍ച്ചയായും അവര്‍ക്ക് ശപഥങ്ങളേയില്ല. അവര്‍ വിരമിച്ചേക്കാം‘ (9:12).
ഒരു രാജ്യത്ത് ഇസ്‌ലാമിക ഭരണമാണ് നിലവിലുള്ളതെങ്കില്‍ ആ രാജ്യത്തെ അമുസ്‌ലിംകളോട് ഭരണാധികാരിക്ക് വളരെ കൂടുതല്‍ കടപ്പാടുണ്ട്. മുസ്‌ലിം രാജ്യത്ത് ജീവിക്കുന്ന അമുസ്‌ലിംകള്‍ക്ക് അവകാശങ്ങളും കടമകളുമുണ്ട്. അവര്‍ക്ക് അവിടെ സംരക്ഷണവും പരിഗണനയും ലഭിക്കുന്നു. അവര്‍ നികുതി നല്കുകയും ചെയ്യുന്നു. അതിനാല്‍ അവരുടെ ശരീരം, സമ്പത്ത്, അഭിമാനം എന്നീ കാര്യങ്ങളില്‍ ഇസ്‌ലാമിക വിധി നടപ്പിലാക്കിക്കൊണ്ട് സംരക്ഷിക്കുകയും അവര്‍ നിഷിദ്ധമാണെന്ന് വിശ്വസിക്കുന്ന കാര്യങ്ങളില്‍ സ്വാതന്ത്ര്യം നല്കുകയും ചെയ്യേണ്ട ബാധ്യത മുസ്‌ലിം ഭരണ കര്‍ത്താക്കള്‍ക്കുണ്ട്. സുരക്ഷിതമായി ആ നാട്ടില്‍ ജീവിക്കാനാവശ്യമായ സാമൂഹ്യ സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുവാനുള്ള ബാധ്യത ആ നാട്ടിലെ ഭരണാധികാരികള്‍ക്കാണ്.
പക്ഷിമൃഗാദികളോടുള്ള ബാധ്യതകള്‍
മൃഗങ്ങളും പക്ഷികളും എല്ലാം തന്നെ മനുഷ്യരെപ്പോലെ തന്നെ ഓരോ സമുദായങ്ങ ളാണെന്ന് അല്ലാഹു (6:38) ഓര്‍മിപ്പിക്കുന്നു. അതിനാല്‍ അവയോടുള്ള പെരുമാറ്റം ഏറ്റവും നല്ല നിലയില്‍ ആയിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. മൃഗങ്ങളോട് മാന്യമായി പെരുമാറിയാല്‍ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ എന്ന് അനുചരര്‍ ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: പച്ചക്കരളുള്ള ഏതൊന്നിന്റെ കാര്യത്തിലും പുണ്യമുണ്ട് (സ്വഹീഹ് അദബുല്‍ മുഫ്‌റദ്)
ഒരാള്‍ വഴിയരികിലൂടെ നടക്കുന്നതിനിടയില്‍ ദാഹം ശക്തമായി. വെള്ളമെടുക്കാനായി ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. ദാഹമകറ്റി. പുറത്തു വന്നപ്പോള്‍ ഒരു നായ കഠിനദാഹത്താല്‍ മണ്ണു കപ്പുന്നത് അദ്ദേഹം കാണാനിടയായി. തനിക്കുണ്ടായ ദാഹം ഈ നായയെയും ബാധിച്ചതായി ആ വഴിയാത്രക്കാരന്‍ മനസ്സിലാക്കി. വെള്ളമെടുക്കാനായി അദ്ദേഹം കിണറിലിറങ്ങി. തന്റെ ഷൂവില്‍ വെള്ളം നിറച്ച് വായ കൊണ്ട് അത് കടിച്ചുപിടിച്ച് മുകളിലെത്തി. എന്നിട്ട് നായയെ കുടിപ്പിച്ചു. അക്കാരണത്താല്‍ അല്ലാഹു അദ്ദേഹത്തിന്റെ പാപം പൊറുത്തു കൊടുത്തു. അതുകേട്ട അനുചരര്‍ ചോദിച്ചു. മിണ്ടാപ്രാണികളുടെ കാര്യത്തിലും പ്രതിഫലമുണ്ടോ? നബി(സ്വ) പറഞ്ഞു: പച്ചക്കരളുള്ള ഏതൊന്നിന്റെ കാര്യത്തിലും നിങ്ങള്‍ ചെയ്യുന്ന നന്‍മ പുണ്യകരമാണ് (സ്വഹീഹ് മുസ്‌ലിം)
പക്ഷിമൃഗാദികളോട് ക്രൂരമായി പെരുമാറുന്നതും അവയെ വേദനിപ്പിക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷാര്‍ഹമായ പാപമായിട്ടാണ് റസൂല്‍(സ്വ) പഠിപ്പിച്ചത്. അമ്പെയ്ത്തു പഠിപ്പിക്കാന്‍ വേണ്ടി ജീവനുള്ളതിനെ ഉന്നം വെയ്ക്കാന്‍ പാടുള്ളതല്ലെന്ന് നബി(സ്വ) നിഷ്‌കര്‍ഷിച്ചു.
ഭക്ഷണമോ വെള്ളമോ നല്‍കാതെ ഒരു പൂച്ചയെ കെട്ടിയിട്ടു വിഷമിപ്പിച്ച ഒരു സ്ത്രീ അക്കാരണത്താല്‍ നരകാഗ്‌നിയില്‍ പ്രവേശിച്ചുവെന്ന് നബി(സ്വ) അനുചരരെ ഉണര്‍ത്തി (മുസ്‌ലിം) ജാബിര്‍ ബിന്‍ അബ്ദുല്ല പറയുന്നു: നബി(സ്വ) പറഞ്ഞു. മുഖത്ത് ചൂടു വെയ്ക്കപ്പെട്ട ഒരു കഴുതയുടെ അടുത്തുകൂടി നബി(സ്വ) നടന്നുപോയി. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അതിനെ ചൂട് വെച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു (സുനനു അബൂദാവൂദ്)
ജീവികളെ ദൈവത്തിന്റെ നാമം ഉച്ചരിച്ച് അറുത്തതാണെങ്കിലാണ് അത് ഭക്ഷിക്കാന്‍ ഇസ്‌ലാം അനുവാദം നല്കുന്നത്. ഭക്ഷിക്കാന്‍ അനുവദിക്കപ്പെട്ട മൃഗങ്ങളെ അറുക്കുമ്പോള്‍ പോലും ആ ജീവികളോട് അങ്ങേയറ്റം കൃപയും ദയയും കാണിക്കാന്‍ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. അറുക്കുന്ന സമയത്ത് ജീവിക്ക് വേദന ലഘൂകരിക്കാന്‍ അറുക്കാനുപയോഗിക്കുന്ന കത്തി മൂര്‍ച്ച കൂട്ടി വേഗത്തില്‍ ചലിപ്പിച്ചു കൊണ്ട് രക്തക്കുഴല്‍ മുറിക്കാനാണ് ശ്രമിക്കേണ്ടത്. അറവ് നിര്‍വഹിച്ചാല്‍ ആ ജീവിക്ക് ആശ്വാസം കിട്ടാനായി ബന്ധനം അഴിച്ചുമാറ്റണം. മിണ്ടാപ്രാണികളാണെങ്കിലും മറ്റു മൃഗങ്ങളുടെയും ജീവികളുടെയും മുന്നില്‍ കിടത്തി അറുക്കുന്നത് നബി(സ്വ) വിരോധിച്ചു. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: കത്തി മൂര്‍ച്ച കൂട്ടാനും മൃഗങ്ങളുടെ ദൃഷ്ടിയില്‍ നിന്ന് അകറ്റുവാനും നബി(സ്വ) കല്പിച്ചിരിക്കുന്നു (സുനനുല്‍ കുബ്‌റ ബയ്ഹഖി)
ഒരു മൃഗത്തെ അറുക്കുന്നതിനു മുമ്പ് അംഗവിഛേദം ചെയ്യുന്നത് നബി(സ്വ) നിരോധിച്ചു. അറുക്കുന്ന സ്ഥലത്തേക്ക് വേദനിപ്പിക്കാതെ നല്ലരീതിയില്‍ കൊണ്ടു പോയി അറുക്കുകയാണ് വേണ്ടത്.
വിനോദങ്ങള്‍ക്കോ പീഡനങ്ങള്‍ക്കോ പക്ഷിമൃഗാദികളെ വിധേയമാക്കാന്‍ പാടില്ല. അവയ്ക്ക് അവകാശപ്പെട്ട ഭക്ഷണം, വെള്ളം, ആവാസം എന്നിവ നിഷേധിക്കാനോ നശിപ്പിക്കാനോ പാടില്ല. ഈ ഭൂമിയുടെ അവകാശികള്‍ എന്ന നിലയില്‍ അവയ്ക്കര്‍ഹതപ്പെട്ടത് വിലക്കുന്ന യാതൊരു സമീപനവും വിശ്വാസിയുടെ ഭാഗത്തു നിന്നുണ്ടായിക്കൂടാ.
കൊല്ലാന്‍ അനുവദിക്കപ്പെട്ട ജീവികള്‍
ഉപകാരമില്ലാതിരിക്കുന്നതോടൊപ്പം ഉപദ്രവവും നാശവുമുണ്ടാക്കുന്ന ദുഷ്ടജീവികളെ വധിക്കാന്‍ നബി(സ്വ) അനുവാദം നല്‍കിയിട്ടുണ്ട്. ആഇശ(റ) പറയുന്നു: നബി(സ്വ) പറഞ്ഞിരിക്കുന്നു: അഞ്ച് ജീവികള്‍ ദുഷ്ടജന്തുക്കളാകുന്നു. ഹറമില്‍ വെച്ചും പുറത്തും അവയെ കൊല്ലാവുന്നതാകുന്നു. കാക്ക, കഴുകന്‍, തേള്‍, എലി, കടിക്കുന്ന നായ എന്നിവയാണവ. (സ്വഹീഹുല്‍ ബുഖാരി) കൊല്ലാന്‍ അനുവദിക്കപ്പെട്ട ജീവികളുടെ കൂട്ടത്തില്‍ പാമ്പിനെകൂടി ഉള്‍പ്പെടുത്തിയതായി ബുഖാരിയുടെ നിവേദനത്തിലുണ്ട്. ഇബ്‌നുഉമര്‍(റ) പറയുന്നു. ”പാമ്പിനെ കണ്ടാല്‍ അതിനെ കൊല്ലാതെ വെറുതെ വിടാറുണ്ടായിരുന്നില്ല”(മുസ്‌ലിം) മനുഷ്യന് ജീവപായം ഉണ്ടാക്കുന്ന വിഷജീവി എന്ന നിലക്ക് അതിനെ കൊല്ലാന്‍ അനുവാദമുണ്ട്. പല്ലിയെ നബി(സ്വ) ‘ഫുവയ്‌സിക്’ (കൊച്ചു അധര്‍മി) എന്ന് വിശേഷിപ്പിച്ചിരുന്നു. ആഇശ(റ) പറയുന്നു. നബി(സ) പല്ലിയെ ഫുവയ്‌സിക് എന്ന് പറഞ്ഞിരിക്കുന്നു. അതിനെ കൊന്നുകളയാമെന്ന് നബി(സ്വ) കല്പിച്ചതായി ഞാന്‍ കേട്ടിട്ടില്ല (സ്വഹീഹുല്‍ ബുഖാരി)
നിരുപദ്രവകാരികളായ ജീവികള്‍
വിഷമുള്ളതും ഉപദ്രവവും നാശമുണ്ടാക്കുന്നതുമായ ദുഷ്ട ജീവികളെയാണ് കൊന്നുകളയാന്‍ അനുവാദം നല്‍കപ്പെട്ടിട്ടുള്ളത്. നിരുപദ്രവകരങ്ങളായ ജീവികളെ ഭക്ഷ്യാവശ്യത്തിന്‌യോഗ്യമല്ലെങ്കിലും അവയെ കൊല്ലാന്‍ പാടില്ല എന്ന് റസൂല്‍(സ്വ) നിഷ്‌കര്‍ഷിച്ചതായി കാണാം. ഉറുമ്പ്, തേനീച്ച, മരംകൊത്തി, തത്ത മുതലായവയെ നബി(സ്വ) എടുത്തു പറഞ്ഞു (അബൂദാവൂദ്) കരുണാനിധിയായ അല്ലാഹു അവന്റെ അടിമകളോട് കല്പിക്കുന്നത് മനുഷ്യരുള്‍പ്പെടെയുള്ള സകല ജീവജാലങ്ങളോടും കാരുണ്യത്തില്‍ വര്‍ത്തിക്കാനാണ്. പ്രവാചകന്‍(സ്വ) ആ മഹിതമായ കാരുണ്യ ദര്‍ശനത്തിന് മാതൃക കാണിച്ചുതരികയും ചെയ്തു.
ഭക്ഷണക്കാര്യത്തില്‍ മനുഷ്യന്റെ ബുദ്ധിക്കും സംസ്‌കാരത്തിനും പ്രകൃതിക്കും ഉപകരിക്കുന്നതും ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്നതുമാണ് നല്ലത് (ത്വയ്യിബ) എന്നതിന്റെ വിവക്ഷയില്‍പെടുന്നത്. പ്രകൃതിയോട് കലഹിക്കുന്നതും ഉപദ്രവവും വിനാശവും ഉണ്ടാക്കുന്നതുമായ എല്ലാ മ്ലേഛകരമായതുമായിരിക്കും. അതാണ് (ഖബീസ്) ചീത്ത എന്നതിന്റെ അര്‍ഥപരിധിയില്‍ വരുന്നത്. വിശിഷ്ട വസ്തുക്കള്‍ അനുവദനീയവും മ്ലേഛകരമായത് നിഷിദ്ധങ്ങളിലും ഉള്‍പ്പെടുത്തുമ്പോള്‍ പ്രത്യേകമായ നിരോധം വന്നിട്ടില്ലാത്ത ചിലതും നിഷിദ്ധങ്ങളായി പരിഗണിക്കേണ്ടതായിവരും. കാരണം അത് മനുഷ്യപ്രകൃതിക്ക് ഒട്ടും യോജിക്കാത്തതും സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിന് തീരെ ഇണങ്ങിച്ചേരാത്തതുമായ ഭക്ഷ്യപദാര്‍ഥങ്ങളാണ് എന്നതാണ് കാരണം. ഈ അടിസ്ഥാനത്തിലാണ് പ്രാണികളും മറ്റു ക്ഷുദ്രജീവികളും നിഷിദ്ധമാക്കപ്പെട്ട ഭക്ഷ്യവസ്തുവായി പരിഗണിക്കുന്നത്.
അബ്ദുറഹ്‌മാനുബ്‌നു ഉസ്മാന്‍ പറഞ്ഞു. ”നബിസ്വയുടെ അടുക്കല്‍ വെച്ച് ഒരു വൈദ്യന്‍ മരുന്നിനെ കുറിച്ചും അതില്‍ തവളയെ ചേര്‍ക്കുന്നതിനെ സംബന്ധിച്ചും സംസാരിക്കുകയുണ്ടായി. അപ്പോള്‍ നബി(സ്വ) തവളയെ കൊല്ലുന്നത് നിരോധിച്ചു” (അബൂദാവൂദ്)
പ്രകൃതിയോടുള്ള ബാധ്യതകള്‍
പ്രപഞ്ചഘടനയില്‍ വാസയോഗ്യമായ ഇടമാണ് നമ്മുടെ ഭൂമി. അതുകൊണ്ടു തന്നെ ഭൂമിയും അതിലെ വിഭവങ്ങളും സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യന്നുണ്ട്. ജൈവമണ്ഡലം എന്നര്‍ഥം ലഭിക്കുന്ന അറബി പദമാണ് അര്‍ള്. വായു, ജലം, മണ്ണ്, പ്രകാശം, കാറ്റ്, മഴ, ജീവജാലങ്ങള്‍, മറ്റു വസ്തുക്കള്‍ ഇവയെല്ലാം ചേര്‍ന്നതാണ് ഭൂമിയും ജൈവമണ്ഡലവും. മനുഷ്യവാസത്തിന് അനുഗുണമായ വിധത്തിലാണ് അല്ലാഹു ഈ ഭൂപ്രകൃതിയെയും അതിലെ എണ്ണമറ്റ വിഭവങ്ങളെയും സംവിധാനിച്ചിരിക്കുന്നത്. ഈ ജൈവമണ്ഡലത്തെ സന്തുലിതമായ രീതിയില്‍ അല്ലാഹു സംവിധാനിച്ചിരിക്കുന്നു. അതുകൊണ്ട് ഈ സന്തുലിതത്വത്തെ തകര്‍ക്കാതെ നീതിയുക്തമായ ഇടപെടലിലൂടെ ഈ പ്രകൃതിയെ സംരക്ഷിച്ചു നിര്‍ത്തുക എന്നതാണ് മനുഷ്യനോട് അല്ലാഹുവിന്റെ കല്പന. അല്ലാഹു പറയുന്നു: സൂര്യനും ചന്ദ്രനും കണക്കിനു വിധേയമാകുന്നു. ചെടികളും മരങ്ങളുമെല്ലാം അവന്ന് സുജൂദ് ചെയ്യുന്നു. അവന്‍ ആകാശങ്ങളെ ഉയര്‍ത്തി, ത്രാസ് സ്ഥാപിച്ചു. നിങ്ങള്‍ ത്രാസില്‍ കൃത്രിമം കാണിച്ചുകൂടാത്തതാണ്. നീതിപൂര്‍വം ശരിയാംവണ്ണം തൂക്കുക. ത്രാസില്‍ കുറവു വരുത്തരുത്. ഈ മഹാഗോളങ്ങള്‍ അല്ലാഹുവിന്റെ വ്യവസ്ഥയില്‍ ബന്ധിക്കപ്പെട്ടതാണ് (55:5-10).
ജലം ജീവന്റെ ആധാരമാണ്. പരിശുദ്ധ ഖുര്‍ആനില്‍ നാലു സ്ഥലങ്ങളില്‍ ശുദ്ധ ജലത്തെ കുറിച്ച പരാമര്‍മുണ്ട്. ഒഴുകുന്ന വെള്ളം, അനുഗൃഹീത വെള്ളം, മധുരജലം, ശുദ്ധജലം എന്നിങ്ങനെ അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്. ഈ വെള്ളത്തെ മലിനപ്പെടുത്തുകയോ ധൂര്‍ത്തടിക്കുകയോ ചെയ്യരുതെന്ന് നബി(സ്വ) നിഷ്‌കര്‍ഷിച്ചു. കെട്ടി നില്ക്കുന്ന വെള്ളത്തില്‍ വിസര്‍ജിക്കരുതെന്നും അംഗശുദ്ധി ചെയ്യാനാണെങ്കില്‍ പോലും വെള്ളം അമിതമായി ഉപയോഗിക്കരുതെന്നും നബി പഠിപ്പിച്ചു. പ്രകൃതിയുടെ അമൂല്യവിഭവം എന്ന നിലയ്ക്ക് വെള്ളത്തെ വിനിയോഗിക്കുന്നതില്‍ വിശ്വാസികള്‍ പാലിക്കേണ്ട സൂക്ഷ്മതയാണ് നബി(സ്വ) പകര്‍ന്നു തന്നത്.
ഭൂമിയുടെ നിലനില്പിന്നായി സ്ഥിരതയുടെ ആണിക്കല്ല് എന്ന നിലയ്ക്ക് അല്ലാഹു സംവിധാനിച്ചവയാണ് പര്‍വതങ്ങള്‍. ഇവയുടെ സംരക്ഷണ ബാധ്യത മനുഷ്യന്നു തന്നെയാണ്. പര്‍വതങ്ങള്‍ തുരന്ന് ദുരുപയോഗം ചെയ്ത സമുദായത്തെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നുണ്ട്. ”താഴ്‌വരയില്‍ പാറ വെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെ കൊണ്ടും”(89:9). പര്‍വതങ്ങളെ ആണിക്കല്ലായി നിര്‍ത്തി ഭൂമിയുടെ സ്ഥിരത ഉറപ്പിച്ച അല്ലാഹു, മനുഷ്യനോട് പ്രകൃതിയില്‍ ഈ അതിക്രമവും അസന്തുലിതത്വവും ഉണ്ടാക്കി വെക്കരുതെന്ന് കല്പിക്കുകയാണ്. ”കരയിലും കടലിലും വിപത്തുകള്‍ വ്യാപകമായതിന്റെ ഉത്തരവാദി മനുഷ്യകരങ്ങളാണ് എന്നുണര്‍ത്തിയ ശേഷം (30:41) മനുഷ്യന്‍ ചെയ്യുന്ന പരിധിവിട്ട പ്രവര്‍ത്തനത്തിന്റെ അനന്തരഫലം അവന്‍ അനുഭവിച്ചേ തീരൂ എന്നുകൂടി അല്ലാഹു നമ്മെ ബോധ്യപ്പെടുത്തുന്നു.
മനുഷ്യവാസത്തിന്നായി അല്ലാഹു ഈ ഭൂമിയെ വിഭവസമൃദ്ധമായി സംവിധാനിച്ചിരിക്കുന്നു. കൃഷി ചെയ്യുന്നതിലൂടെ ഭൂമിയെ ജീവസ്സുറ്റതാക്കി ത്തീര്‍ക്കാനുള്ള ബാധ്യത മനുഷ്യനാണ്. ഭൂമിയോട് നീതി പുലര്‍ത്തി ജീവിക്കുന്നതിന്റെ ഭാഗമാണ് ഈ മണ്ണിനെ കൃഷിയോഗ്യമാക്കി ഉപയോഗപ്പെടുത്തുക എന്നത്. ആരും കൃഷിയിറക്കാത്ത ഭൂമിയില്‍ ഒരാള്‍ കൃഷി ചെയ്താല്‍ ആ ഭൂമി കൃഷി ചെയ്തയാളുടേതാണെന്ന് നബി(സ്വ) ഉണര്‍ത്തി. അനസുബ്‌നു മാലിക്(റ) പറയുന്നു: ഒരു മുസ്‌ലിം ചെടി നടുകയോ കൃഷി ചെയ്യുകയോ ചെയ്തിട്ട് അതിന്റെ വിളവ് (കായ്കനികളില്‍ നിന്ന്) മനുഷ്യനോ പക്ഷിയോ മൃഗമോ ഭക്ഷിച്ചുപോയാല്‍ അത് അവന്റെ പേരില്‍ ധര്‍മമായി രേഖപ്പെടുത്തപ്പെടും (സ്വഹീഹുല്‍ ബുഖാരി)
യുദ്ധത്തിന് സൈനിക സജ്ജീകരണം നടത്തുന്ന സന്ദര്‍ഭത്തില്‍ പോലും ഖലീഫമാരായ അബൂബക്ര്‍(റ), ഉമര്‍(റ) എന്നിവര്‍ സൈനിക നായകന്‍മാരെ ഉപദേശിച്ചത് കരുതലോടെ ഈ പ്രകൃതിയെയും അതിലെ വിഭവങ്ങളെയും കൈകാര്യം ചെയ്യണമെന്നായിരുന്നു. ‘നിങ്ങള്‍ യുദ്ധഭൂമിയില്‍ പ്രവേശിച്ചാല്‍ കുട്ടികളെ വധിക്കരുത്, സ്ത്രീകള്‍ക്കു നേരെ അതിക്രമം കാണിക്കരുത്, കൃഷി നശിപ്പിക്കുകയോ മരങ്ങള്‍ മുറിക്കുകയോ ചെയ്യരുത്’ എന്നായിരുന്നു. മനോഹരമായ ഭൂപ്രകൃതിയും അതിലെ അനുഗൃഹീതമായ വിഭവങ്ങളും കരുതലോടെ വിനിയോഗിക്കാനും കൈകാര്യം ചെയ്യാനും വിശ്വാസികള്‍ ബാധ്യസ്ഥരാണ്.
References