അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ ഭാഗം-1
പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ കുറിക്കാൻ ഇസ്ലാമിക വിശ്വാസത്തിൽ ഉപയോഗിക്കുന്ന സംജ്ഞാ നാമമാണ് ‘അല്ലാഹു’. ഈ അടിസ്ഥാന നാമത്തിന് പുറമെ, ഖുർആനിലും ഹദീസുകളിലുമായി അൽ-അസ്മാഉൽ ഹുസ്നാ (ഉത്കൃഷ്ട നാമങ്ങൾ) എന്നറിയപ്പെടുന്ന നിരവധി വിശേഷണ നാമങ്ങൾ അല്ലാഹുവിനുണ്ട്. ഈ സവിശേഷ നാമങ്ങളിലൂടെയാണ് സർവ്വശക്തനായ അല്ലാഹുവിന്റെ ഗുണങ്ങളെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയുന്നത്. ഖുർആനിലും ഹദീസിലുമായി പ്രതിപാദിക്കപ്പെട്ട പ്രധാനപ്പെട്ട അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ പരിചയപ്പെടാം.
അല്ലാഹുവിന്റെ സത്തയെ മനുഷ്യന്റെ ചിന്താശക്തിക്കോ പഞ്ചേന്ദ്രിയങ്ങൾക്കോ ഗ്രഹിക്കാൻ കഴിയില്ല. അതിനാൽ, അവന്റെ രൂപത്തെക്കുറിച്ച് ഗവേഷണം ചെയ്യാതെ, അവന്റെ സവിശേഷ ഗുണങ്ങൾ ഉൾക്കൊള്ളുന്ന നാമങ്ങളെ അറിയുകയും (അൽ-അസ്മാഉ വസ്സ്വിഫാത്ത്) അവ ഉപയോഗിച്ച് അവനോട് പ്രാർഥിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
അൽ ഇലാഹ് (ആരാധ്യൻ), അൽ അവ്വൽ (ആദ്യമുള്ളവൻ/അനാദി), അൽ ആഖിർ (അവസാനമുള്ളവൻ/എന്നെന്നും അവശേഷിക്കുന്നവൻ), അൽ അഹദ് (ഏകൻ), അൽ അഅ്ലാ (അത്യുന്നതൻ), അൽ അക്റം (ഔദാര്യവാൻ) തുടങ്ങിയ ഉത്കൃഷ്ട നാമങ്ങൾ ഈ ലേഖനത്തിൽ വിശകലനം ചെയ്യുന്നു.

അല്ലാഹു എന്ന അടിസ്ഥാന നാമത്തിനു പുറമെ വേറെയും ഉത്കൃഷ്ട നാമങ്ങള്‍ (അല്അസ്മാഉല് ഹുസ്നാ) അവന്നുണ്ട്. ആ നാമങ്ങള്‍ ചേര്‍ത്തുവിളിച്ചും പ്രാര്‍ഥിക്കാവുന്നതാണ്. പറയുക, നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചു കൊള്ളുക. അല്ലെങ്കില്‍ റഹ്മാന് എന്ന് വിളിച്ചുകൊള്ളുക. ഏതുതന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഉത്കൃഷ്ട നാമങ്ങള്‍ (17:110). നബി(സ്വ) ഇക്കാര്യം ഇങ്ങനെ വിശദീകരിച്ചു. അല്ലാഹുവിന് തൊണ്ണൂറ്റി ഒന്‍പത് നാമങ്ങളുണ്ട്. അവ മനസ്സില്‍ സൂക്ഷിക്കുന്നയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കില്ല (ബുഖാരി) 1.
തൊണ്ണൂറ്റി ഒന്‍പത് പേരുകള്‍ റസൂലുല്ലാഹി എണ്ണിപ്പഠിപ്പിച്ചിട്ടില്ല. ഖുര്‍ആനിലും ഹദീസിലും വന്ന ആശയങ്ങള്‍ ചേര്‍ത്ത് ആ പേരുകള്‍ നമുക്ക് മനസ്സിലാക്കാം. എണ്ണത്തില്‍ വലിയ പ്രാധാന്യമില്ല. മാത്രമല്ല, ആ പേരുകള്‍ മനപ്പാഠമാക്കുകയോ എഴുതിത്തൂക്കുകയോ ചെയ്തതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. നേരെമറിച്ച്, അല്ലാഹുവിന്റെ ഉത്കൃഷ്ട നാമങ്ങളും അവയുടെ പൊരുളും അറിഞ്ഞ് അവയിലേതെങ്കിലും വിളിച്ചു പ്രാര്‍ഥിക്കുകയും അവയിലൂടെ അല്ലാഹുവിനെ അടുത്തറിയുകയും ചെയ്യുകയാണ് വിശ്വാസികളുടെ ബാധ്യത.
അല്ലാഹുവിന്റെ പേരുകള്‍ എന്നത് കേവലം അലങ്കാര നാമങ്ങളല്ല. സര്‍വശക്തനായ അല്ലാഹുവിന്റെ ഗുണവിശേഷങ്ങള്‍ ചേര്‍ന്നുകൊണ്ടുള്ള സവിശേഷനാമങ്ങളാണ്. ഈ ഗുണങ്ങളിലൂടെയും നാമങ്ങളിലൂടെയുമാണ് യഥാര്‍ഥത്തില്‍ അല്ലാഹുവിനെ മനസ്സിലാക്കാന്‍ കഴിയുന്നത്. ഇത് ഇസ്ലാമിക വിശ്വാസത്തിന്റെ പ്രത്യേകത കൂടിയാണ്. അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കണം. അപ്പോഴേ പ്രാര്‍ഥനയ്ക്ക് ആത്മാര്‍ഥതയുണ്ടാവൂ. മറ്റു ചില സമൂഹങ്ങള്‍ അല്ലാഹുവില്‍ പങ്കുചേര്ക്കാനിടയായത് സ്രഷ്ടാവിനെ മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു: അല്ലാഹുവിനെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവര്‍ ചെയ്തത് (6: 91).
ചില മതങ്ങളില്‍ ദൈവം നിര്‍വികാരനും നിര്‍ഗുണനുമാണ്. ചിലര്‍ ദൈവത്തെ കണ്ടത് ക്രൂര സ്വഭാവക്കാരനായിട്ടാണ്. മറ്റുചിലര്‍ ദൈവികത പകര്‍ത്തിയത് രൗദ്രഭാവത്തിലാണ്. ഒട്ടും കാരുണ്യമില്ലാത്ത ഔന്നത്യത്തിലിരിക്കുന്ന ചക്രവര്‍ത്തി കണക്കേ ദൈവത്തെ മനസ്സിലാക്കിയവരുമുണ്ട്. എന്നാല്‍, ഇസ്ലാം അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് വാത്സല്യത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിട്ടാണ്. സ്വന്തം അമ്മയേക്കാള്‍ നമ്മോട് വാത്സല്യം കാണിക്കുന്ന ദൈവത്തെപ്പറ്റിയുള്ള ഓര്മ മനുഷ്യനില്‍ പ്രതീക്ഷ ഉണര്‍ത്തുന്നു. അത്തരം ഗുണവിശേഷങ്ങളുള്ക്കൊള്ളുന്ന സവിശേഷ നാമങ്ങളാണ് അല്ലാഹുവിന്റെ ഉത്കൃഷ്ട നാമങ്ങള്‍. അല്ലാഹു എന്ന പേരുകഴിഞ്ഞാല്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന അല്ലാഹുവിന്റെ നാമം റഹ്മാന്, റഹീം എന്നിവയാണ്. കാരുണ്യാതിരേകത്തിന്റെ മകുടോദാഹരണങ്ങളാണ് ആ നാമങ്ങള്‍.
കരുണ(റഹ്മത്ത്) എന്ന ഗുണവും (സ്വിഫത്ത്) കാരുണ്യവാന് (റഹീം) എന്ന സവിശേഷ നാമവും സ്രഷ്ടാവിന്റെ സ്ഥിതി മനസ്സിലാക്കിത്തരുന്നു. അല്ലാഹുവിന്റെ സത്തയെപ്പറ്റി പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ ചിന്താശക്തികൊണ്ടോ മനസ്സിലാക്കാവതല്ല. പല സമൂഹങ്ങളും തങ്ങളിലെ കലാകാരന്മാരുടെ ഭാവനയ്ക്കനുസരിച്ച് ദൈവങ്ങളെ ചിത്രീകരിച്ചു. നിരവധി തലയും അനേകം കൈകളുമുള്ള രൂപം, മനുഷ്യനും മൃഗവും ചേര്‍ന്ന രൂപം, ആണും പെണ്ണുമല്ലാത്ത വികൃതരൂപം, കൈകാലുകളും ചിറകുകളുമുള്ള രൂപം എന്നിങ്ങനെ ചിത്രീകരിക്കുകയും രൂപങ്ങള്‍ കൊത്തിയുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ദൈവത്തിന്റെ ഗുണവിശേഷങ്ങള്‍ ഉള്‍ക്കൊണ്ട് അവനിലേക്ക് മടങ്ങാന്‍ അവര്‍ക്കൊന്നും പ്രേരണ ലഭിച്ചില്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബി(സ്വ)യും പഠിപ്പിച്ചത് ഇങ്ങനെയാണ്. ‘പ്രപഞ്ച സ്രഷ്ടാവിന്റെ സത്തയും രൂപവും മനുഷ്യചിന്തയ്ക്ക് ഉള്‍ക്കൊള്ളാനാവില്ല. അതിനെപ്പറ്റി ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടു കാര്യമില്ല. എന്നാല്‍ അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങള്‍ നിങ്ങളറിയുക. ആ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉത്കൃഷ്ട നാമങ്ങള്‍(അല്അസ്മാഉ വസ്സ്വിഫാത്ത്) അറിയുകയും അവ വിളിച്ചു തേടുകയും ചെയ്യുക’. ഇങ്ങനെ അല്ലാഹുവിനെ മനസ്സിലാക്കുമ്പോള്‍ മാത്രമേ വിശ്വാസം ഭക്തിയിലേക്കും വിനയത്തിലേക്കും തദ്വാരാ സമാധാനവും ആത്യന്തിക വിജയവുമുള്ള ജീവിതത്തിലേക്കും എത്തിച്ചേരുകയുള്ളൂ.
അല്ലാഹു ആരെന്ന് പരിചയപ്പെടുത്തുന്ന ഏതാനും വിശുദ്ധ വചനങ്ങള്‍ നോക്കാം. നിന്നോട് എന്റെ ദാസന്മാര് എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ അവര്‍ക്ക് ഏറ്റവും അടുത്തുള്ളവനാകുന്നു എന്ന് പറയുക. എന്നെ വളിച്ചു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനയ്ക്ക് ഞാന്‍ ഉത്തരം നല്‍കുന്നതാണ് (2:186)
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. അവന്റെ കണ്ഠനാഡിയേക്കാള് അവനോട് അടുത്തവനാകുന്നു നാം (50:16). അല്ലാഹു തന്റെ ദാസന്മാരോട് അത്യധികം ദയയുള്ളവനാകുന്നു (2:207).
അല്ലാഹുവിന്റെ നാമങ്ങള്‍ അവന്റെ വിശേഷണങ്ങളാണ്. പരമകാരുണികന് (റഹ്മാന്), കരുണാവാരിധി (റഹീം), കൃപാലു (വദൂദ്, റഊഫ്), പാപങ്ങള്‍ പൊറുക്കുന്നവന്‍ (ഗഫൂര്‍, ഗാഫിര്), അന്നദാതാവ് (റസ്സാഖ്), ഉദാരതയുള്ളവന്‍ (കരീം), മഹത്വമുള്ളവന് (മജീദ്), പ്രതാപി (അസീസ്), എല്ലാംകേള്ക്കുന്നവന് (സമീഅ്), എല്ലാം കാണുന്നവന് (ബസ്വീര്‍), എല്ലാം അറിയുന്നവന് (അലീം), ദൃശ്യവും അദൃശ്യവും അറിയുന്നവന് (ആലിമുല്‍ഗൈബി വശ്ശഹാദ), എല്ലാറ്റിനും കഴിവുള്ളവന് (ഖാദിര്‍, ഖദീര്‍) അത്യുന്നതന് (അഅ്ലാ).
ഇവ ഉദാഹരണങ്ങള്‍ മാത്രം. അല്ലാഹുവിന്റെ മഹത്വവും ഗുണവും മനുഷ്യരുമായുള്ള അടുപ്പവും മനസ്സിലാക്കി അവനോട് പ്രാര്‍ഥിക്കുക. അവന്റെ കല്പനകള്ക്ക് വിധേയനായി ജീവിക്കുക എന്നതാണ് മനുഷ്യധര്‍മം. അതുതന്നെയാണ് ഭൂമിയിലെ രക്ഷയ്ക്കും പരലോകത്ത് മോക്ഷത്തിനും നിദാനം.
{പവാചകന് അല്ലാഹുവിന്റെ നാമങ്ങള്‍ കൃത്യമായി എണ്ണിപഠിപ്പിക്കാത്തതിനാല് ഖുര്‍ആനിലും ഹദീസിലുമായി വന്ന ധാരാളം പേരുകള്‍ കാണാം. അവ 99 എന്നതില്‍ നിജപ്പെടുത്താന്‍ സാധ്യമല്ല. ഖുര്‍ആനിലും ഹദീസിലുമായി വന്ന നാമങ്ങളില്‍ ചിലത് മാത്രമാണ് തുടര്‍ന്ന് വിശദീകരിക്കുന്നത്. ആശയ തലത്തില്‍ സാമ്യമുള്ളവ ഒഴിവാക്കിയും അറബിക് അക്ഷരമാലക്രമത്തിലുമാണ് ഇവ തിരഞ്ഞെടുത്തിട്ടുള്ളത്.
അല്‍ ഇലാഹ്
الْإِلَهُ
ആരാധ്യന്‍
The God
ഇലാഹ് എന്ന പദത്തിനര്‍ഥം ആരാധ്യന്‍ എന്നാണ്. അല്‍ എന്ന അവ്യയം ചേര്‍ത്ത് വിശേഷവല്കരിക്കുന്നതോട് കൂടി അല്‍ ഇലാഹിന് സാക്ഷാല്‍ ആരാധ്യന്‍ എന്ന അര്‍ഥം ലഭിക്കുന്നു. ആരാധിക്കപ്പെടുവാന്‍ യഥാര്‍ഥത്തില്‍ അര്ഹതയുള്ളവന് എന്ന ഉദ്ദേശ്യത്തില്‍ അല്ലാഹു എന്ന പദം അല്‍ ഇലാഹ് എന്നതില്‍ നിന്ന് ഉണ്ടായതെന്നാണ് പദോത്പ്പത്തി ശാസ്ത്രജ്ഞരുടെ പക്ഷം.
വിജ്ഞാനത്തിന്റെ സൂക്ഷ്മതകൊണ്ടും കഴിവിന്റെ അപാരതകൊണ്ടും കാരുണ്യത്തിന്റെ വിശാലതകൊണ്ടും സൃഷ്ടികളില്‍ നിന്നെല്ലാം അത്യുന്നതനും മഹാനുമായിട്ടുള്ള അല്ലാഹു മാത്രമാണ് സകലവിധ ആരാധകള്‍ക്കും പ്രാര്‍ഥനകള്‍ക്കും യഥാര്‍ഥത്തില്‍ അര്‍ഹന്‍. തൗഹീദിന്റെ സാക്ഷ്യവചനമായ ‘ലാഇലാഹ ഇല്ലല്ലാഹ്’ സൂചിപ്പിക്കുന്ന ആശയം അത് തന്നെയാണ്.

‘അല്‍ ഇലാഹ്’ എന്ന പദപ്രയോഗം വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു: അവനാകുന്നു ആകാശത്തിലെ ദൈവം. ഭൂമിയിലെ ദൈവവും അവന് തന്നെ. അവന് യുക്തിമാനും സര്‍വജ്ഞനുമാകുന്നു (43:84).
‘ഇലാഹ്’ എന്ന പദപ്രയോഗമാണ് ഇവിടെ നടത്തിയത്. ദൈവം എന്നാണ് അതിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അര്‍ഥം കല്‍പ്പിച്ചിട്ടുള്ളത്.
”പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്, മനുഷ്യരുടെ ദൈവത്തോട്” (114:1,2,3).
ഇലാഹ് വാഹിദ് (ഏക ആരാധ്യന്‍) എന്ന പദപ്രയോഗത്തിലൂടെ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന വിഷയത്തെക്കുറിച്ച് ഖുര്‍ആന്‍ ഉണര്‍ത്തുന്നു: എനിക്ക് ശേഷം ആരെയാണ് നിങ്ങള്‍ ആരാധിക്കുക എന്ന് ആസന്നമരണനായ യഅ്ക്കൂബ്(അ) തന്റെ സന്തതികളോട് ചോദിച്ച സന്ദര്‍ഭത്തില്‍ നിങ്ങളവിടെ ഉണ്ടായിരുന്നോ? അവര്‍ പറഞ്ഞു: അങ്ങയും അങ്ങയുടെ പിതാക്കളായ ഇബ്രാഹിമിന്റെയും ഇസ്ഹാഖിന്റെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്ന് കീഴ്പ്പെട്ടു ജീവിക്കുന്നവരായിരിക്കും (2:133).
”തീര്‍ച്ചയായും നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാണ്” (37:4).
മത്സ്യത്തിന്റെ വായില്‍ അകപ്പെട്ട യൂനുസ് നബി(അ) ആ വിഷമഘട്ടത്തില്‍ അല്ലാഹുവോട് നടത്തുന്ന പ്രാര്‍ഥനയില്‍ ഇലാഹ് എന്ന അല്ലാഹുവിന്റെ നാമം എടുത്തു പറയുന്നു: ദുന്നൂന്‍ കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം അപേക്ഷിച്ചു: നീയല്ലാതെ ദൈവമില്ല. നീ എത്ര പരിശുദ്ധന്! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു (21:87).
അല്‍ ഇലാഹ് എന്ന അല്ലാഹുവിന്റെ നാമം അല്ലാഹുവിന്റെ എല്ലാ വിശിഷ്ട നാമങ്ങളുടെയും അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അധിപനും പരിപാലകനും അഭയദാതാവും അത്യധികം സ്നേഹമുള്ളവനും പൊറുക്കുന്നവനും അന്നദാതാവുമായ അല്ലാഹു മാത്രമാണ് യഥാര്‍ഥ ആരാധ്യന്‍. കാര്യകാരണബന്ധങ്ങള്‍ക്കതീതമായ മാര്‍ഗത്തിലൂടെ നമ്മെ സഹായിക്കാനും രക്ഷിക്കാനും അഭയം നല്‍കാനും കഴിയുന്നവന് അല്ലാഹു മാത്രമാണ്. അതുകൊണ്ട് അവന് മാത്രമാണ് രക്ഷാധികാരിയും സഹായിയും ഭരമേല്‍പ്പിക്കപ്പെടാന്‍ അര്‍ഹതപ്പെട്ടവനും. ആ ഒരുവന് മാത്രമാണ് ഇലാഹ് എന്ന വിശേഷണത്തിന് അര്‍ഹന്‍. അല്‍ ഇലാഹ് യഥാര്‍ഥ ദൈവം അഥവാ യഥാര്‍ഥ ആരാധ്യന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മാത്രമാണ്.
അല്‍ അവ്വല്‍
الْأَوَّلُ
ആദ്യമുള്ളവന്‍
The First
അവ്വല്‍ എന്നാല്‍ ആദ്യത്തേത് എന്നാണ് അര്‍ഥം. എന്നാല്‍ അല്ലാഹുവിന്റെ നാമമായി പറയുമ്പോള്‍ അനാദ്യന് എന്നാണ് പറയുന്നത്. കാരണം ആദ്യമെന്നു പറയാനാവാത്തതിനാല്‍ എന്നെന്നും നിലനില്ക്കുന്നവന് എന്നാണതിന്റെ ആശയം. മറ്റു വസ്തുക്കളെല്ലാം അസ്തിത്വം നേടിയത് അല്ലാഹുവില്‍ നിന്നാണ്. അവനാകട്ടെ സ്വയംഭൂവുമാണ്. അവന് മറ്റാരില്‍ നിന്നും അസ്തിത്വം നേടിയതല്ല.

ഏതൊരു വസ്തുവിന്റെയും സൃഷ്ടിയുടെയും സത്തയെക്കുറിച്ച അന്വേഷണവും ജ്ഞാനവും മനുഷ്യബുദ്ധിയുടെ ചിന്തക്കോ ഭാവനക്കോ അപ്പുറമുള്ള പദാര്‍ത്ഥാതീതനായ അല്ലാഹുവിലേക്കാണ് ചെന്നെത്തുന്നത്. അവനെപ്പറ്റി അറിയുന്നതിന് മുമ്പ് നേടുന്ന സര്‍വ്വജ്ഞാനങ്ങളും അവനെക്കുറിച്ച ജ്ഞാനത്തിലേക്കുള്ള വഴിയാണ്. എല്ലാത്തിന്റെയും ആരംഭം അവനില്‍ നിന്നായത് പോലെ എല്ലാം ചെന്നെത്തുന്നതും സ്ഥലകാല പരിമിതികള്‍ക്കൊക്കെ അതീതനായ അല്ലാഹുവിലേക്കാണ്. എല്ലാ ചരാചരങ്ങള്‍ക്കും പ്രപഞ്ചത്തിനു തന്നെയും അന്ത്യമുണ്ട്. അല്ലാഹുവിന് അന്ത്യമില്ല. ഒരുനാളും അവസാനിക്കാതെ അവശേഷിക്കുന്ന അസ്തിത്വം എന്ന നിലയിലാണ് ആഖിര്‍ എന്ന് പറയുന്നത്. നബി(സ്വ) നടത്തിയ പ്രാര്‍ത്ഥനയുടെ സാരംശം ഉള്‍ക്കൊള്ളുമ്പോള്‍ അല്ലാഹുവിന്റെ ഈ വിശിഷ്ട ഗുണം അതില്‍ എടുത്ത് പറയുന്നതായി കാണാന്‍ കഴിയും.
നബി(സ്വ) പ്രാര്‍ത്ഥിച്ചു. നീയാണ് ആദിമന്‍, നിനക്ക് മുമ്പ് യാതൊന്നുമില്ല. നീയാ അന്തിമന്‍, നിനക്ക് ശേഷം യാതൊന്നുമില്ല. നീ പ്രത്യക്ഷനാണ്, നിനക്ക് മുകളിലായി യാതൊന്നുമില്ല. നീ പരോക്ഷനാണ്, നിനക്ക് താഴെയായി യാതൊന്നുമില്ല. ഞങ്ങളുടെ കടം നീ വീട്ടിത്തരേണമേ, ദാരിദ്ര്യത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ധന്യത നല്‍കുകയും വേണമേ (മുസ്ലിം) 2.
അല്‍-ആഖിര്‍ (എന്നെന്നും അവശേഷിക്കുന്നവന്‍) എന്ന വിശേഷണം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതായി മറ്റ് ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയും. അല്ലാഹു പറയുന്നു: ‘ഭൂമുഖത്ത് ഉള്ള എല്ലാവരും നശിച്ചുപോകുന്നു. മഹത്ത്വവും ഉദാരതയും ഉള്ള നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്.’ (55:26,27)
അല്ലാഹു പറയുന്നു: ‘അവന് ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്. അവന് സര്‍വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്’ (57:3).
അല്‍ ആഹിര്‍
الآخِرُ അവസാനമായവന് The Last
അവ്വല്‍ എന്നാല്‍ ആദ്യത്തേത് എന്നാണ് അര്‍ഥം. എന്നാല്‍ അല്ലാഹുവിന്റെ നാമമായി പറയുമ്പോള്‍ അനാദ്യന് എന്നാണ് പറയുന്നത്. കാരണം ആദ്യമെന്നു പറയാനാവാത്തതിനാല്‍ എന്നെന്നും നിലനില്ക്കുന്നവന് എന്നാണതിന്റെ ആശയം. മറ്റു വസ്തുക്കളെല്ലാം അസ്തിത്വം നേടിയത് അല്ലാഹുവില്‍ നിന്നാണ്. അവനാകട്ടെ സ്വയംഭൂവുമാണ്. അവന് മറ്റാരില്‍ നിന്നും അസ്തിത്വം നേടിയതല്ല.

ഏതൊരു വസ്തുവിന്റെയും സൃഷ്ടിയുടെയും സത്തയെക്കുറിച്ച അന്വേഷണവും ജ്ഞാനവും മനുഷ്യബുദ്ധിയുടെ ചിന്തക്കോ ഭാവനക്കോ അപ്പുറമുള്ള പദാര്‍ത്ഥാതീതനായ അല്ലാഹുവിലേക്കാണ് ചെന്നെത്തുന്നത്. അവനെപ്പറ്റി അറിയുന്നതിന് മുമ്പ് നേടുന്ന സര്‍വ്വജ്ഞാനങ്ങളും അവനെക്കുറിച്ച ജ്ഞാനത്തിലേക്കുള്ള വഴിയാണ്. എല്ലാത്തിന്റെയും ആരംഭം അവനില്‍ നിന്നായത് പോലെ എല്ലാം ചെന്നെത്തുന്നതും സ്ഥലകാല പരിമിതികള്‍ക്കൊക്കെ അതീതനായ അല്ലാഹുവിലേക്കാണ്. എല്ലാ ചരാചരങ്ങള്‍ക്കും പ്രപഞ്ചത്തിനു തന്നെയും അന്ത്യമുണ്ട്. അല്ലാഹുവിന് അന്ത്യമില്ല. ഒരുനാളും അവസാനിക്കാതെ അവശേഷിക്കുന്ന അസ്തിത്വം എന്ന നിലയിലാണ് ആഖിര്‍ എന്ന് പറയുന്നത്. നബി(സ്വ) നടത്തിയ പ്രാര്‍ത്ഥനയുടെ സാരംശം ഉള്‍ക്കൊള്ളുമ്പോള്‍ അല്ലാഹുവിന്റെ ഈ വിശിഷ്ട ഗുണം അതില്‍ എടുത്ത് പറയുന്നതായി കാണാന്‍ കഴിയും.
നബി(സ്വ) പ്രാര്‍ത്ഥിച്ചു. നീയാണ് ആദിമന്‍, നിനക്ക് മുമ്പ് യാതൊന്നുമില്ല. നീയാ അന്തിമന്‍, നിനക്ക് ശേഷം യാതൊന്നുമില്ല. നീ പ്രത്യക്ഷനാണ്, നിനക്ക് മുകളിലായി യാതൊന്നുമില്ല. നീ പരോക്ഷനാണ്, നിനക്ക് താഴെയായി യാതൊന്നുമില്ല. ഞങ്ങളുടെ കടം നീ വീട്ടിത്തരേണമേ, ദാരിദ്ര്യത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ധന്യത നല്‍കുകയും വേണമേ (മുസ്ലിം) 2.
അല്‍-ആഖിര്‍ (എന്നെന്നും അവശേഷിക്കുന്നവന്‍) എന്ന വിശേഷണം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതായി മറ്റ് ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയും. അല്ലാഹു പറയുന്നു: ‘ഭൂമുഖത്ത് ഉള്ള എല്ലാവരും നശിച്ചുപോകുന്നു. മഹത്ത്വവും ഉദാരതയും ഉള്ള നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്.’ (55:26,27)
അല്ലാഹു പറയുന്നു: ‘അവന് ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്. അവന് സര്‍വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്’ (57:3).
അല്‍ അഹദ്
الْأَحَدُ
ഏകന്‍
The Unique, The Only One
അസ്തിത്വത്തിന്റെ പ്രത്യേകത കൊണ്ടും തുല്യപ്പെടുത്താന്‍ കഴിയാത്തതു കൊണ്ടും സത്തയിലും ഗുണഗണങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഏകന്‍ എന്ന വിശേഷണത്തിന് അര്ഹനായവന് അല്ലാഹു മാത്രമാണ്. ഏകന്‍ എന്ന അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ അല്‍ അഹദ്, അല്‍ വാഹിദ് എന്നീ പ്രയോഗങ്ങള്‍ വന്നിട്ടുണ്ട്. അവന് ആദിമനാണ്. അവന്നു മുമ്പ് യാതൊന്നുമില്ല. അവന്റെ സത്തയിലോ ഗുണത്തിലോ പ്രവര്‍ത്തനങ്ങളിലോ ഏതെങ്കിലും നിലക്ക് യാതൊന്നിനെയും പങ്കാളികളാക്കാനോ യാതൊന്നിനോടും സാദൃശ്യം സങ്കല്പ്പിക്കാനോ സാധ്യവുമല്ല. അതുകൊണ്ട് രക്ഷാകര്‍തൃത്വത്തിലും ആരാധനയിലും ഗുണനാമങ്ങളിലും അല്ലാഹു ഏകനാണ്.

അല്ലാഹുവിന്റെ ‘അല്‍ വാഹിദ്’ എന്ന നാമം വിശുദ്ധ ഖുര്‍ആനില്‍ 22 ആയത്തുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ‘അല്‍-അഹദ്’ എന്ന ഗുണനാമം സൂറത്തുല്‍ ഇഖ്ലാസില് വന്നിട്ടുണ്ട്. രണ്ടു നാമങ്ങളുടെയും പദനിഷ്പത്തി ‘വഹദ’യില്‍ നിന്നാണ്. സത്തയിലോ, ഗുണനാമങ്ങളിലോ പങ്കുകാരില്ലെന്നും അവന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുകാരെ സങ്കല്പ്പിക്കാന് പോലും സാധ്യമല്ലെന്നും അതുകൊണ്ട് ആരാധ്യന്‍ എന്ന നിലക്ക് ഏകന്‍ അവന് മാത്രമാണെന്നും അല്‍ വാഹിദ് എന്ന പദം സൂചിപ്പിക്കുന്നു. അവന് തുല്യരായി ആരുമില്ല. അല്ലാഹു പറയുന്നു: ‘ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു അവന്. നിങ്ങള്‍ക്ക് നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ അവന് ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. നാല്കാലികളിലും ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അതിലൂടെ നിങ്ങളെ അവന് സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു. അവന്നു തുല്യമായി യാതൊന്നുമില്ല. അവന് എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു’(42:11).
അല്ലാഹുവിന്റെ അസ്തിത്വത്തിലും ഗുണനാമങ്ങളിലുമുള്ള ഏകത്വത്തെ കൃത്യമായി പഠിപ്പിക്കുന്നതിലൂടെ അല്ലാഹു മാത്രമാണ് ആരാധ്യന്‍ എന്ന ഇസ്ലാമിന്റെ കറകളഞ്ഞ ആദര്‍ശം വ്യക്തമായി വിവരിക്കുന്ന അധ്യായമാണ് സൂറത്തുല്‍ ഇഖ്ലാസ്. ‘നിഷ്കളങ്കത’ എന്ന് അധ്യായത്തിന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ ഏകത്വം ലളിതമായി ഇതില്‍ പ്രതിപാദിക്കുന്നു. ‘നബിയേ പറയുക, അല്ലാഹു ഏകനാണ്. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന് ആര്‍ക്കും ജന്മം നല്‍കിയിട്ടില്ല. ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരുമില്ല’ (112:1-4).
ഇസ്ലാമിന്റെ അടിസ്ഥാന ആദര്‍ശമായ ഏകദൈവാരാധനയെ ലളിതവും കൃത്യവുമായി പഠിപ്പിക്കുന്ന ഈ സൂറത്ത് വിശുദ്ധ ഖുര്‍ആനിന്റെ മൂന്നിലൊന്നാണ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
വാഹിദ് എന്ന പദപ്രയോഗം ഖുര്‍ആനില്‍ അല്ലാഹുവിന്റെ ഏകത്വത്തെ സൂചിപ്പിക്കുവാന്‍ ധാരാളം സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. ‘അഹദ്’ എന്നത് വാഹിദ് (ഏകന്‍) എന്നതിനേക്കാള്‍ സാഹിത്യപരമായി ഉയര്ന്നുനില്ക്കുന്ന പ്രയോഗമാണ്. അതായത് സൃഷ്ടിപ്പ്, രക്ഷാകര്‍തൃത്വം, അന്നം നല്കല്, ജീവിപ്പിക്കല്‍, മരിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഏകനായവന്. അവന് യാതൊരു നിലക്കും അവന്റെ ഗുണങ്ങളിലും പ്രവൃത്തികളിലും തുല്യന്മാരോ പങ്കുകാരോ ഇല്ല. അതുകൊണ്ട് തന്നെ യാതൊന്നിനോടും അവനെ സാദൃശ്യപ്പെടുത്താനും സാധ്യമല്ല.
അല്‍ അഅ്ലാ
الْأَعْلَى
ഉന്നതന്
The Most High
അത്യുന്നതന് എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്ന അല്ലാഹുവിന്റെ ഗുണനാമങ്ങളാണ് അലിയ്യ്, അല്‍ അഅ്ലാ, അല്‍ മുതആല്‍ എന്നിവ. അല്‍ അലിയ്യ് എന്ന ഗുണനാമം വിശുദ്ധ ഖുര്‍ആനില്‍ 8 സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. ‘നിശ്ചയമായും അല്ലാഹു അത്യുന്നതനും മഹാനുമാകുന്നു’ (22:62). ”അത്യുന്നതന്നായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക‘ (87:1). ‘പ്രത്യുപകാരം നല്കപ്പെടേണ്ട യാതൊരു അനുഗ്രഹവും അവന്റെ പക്കല്‍ ഒരാള്‍ക്കുമില്ല; തന്റെ അത്യുന്നതനായ രക്ഷിതാവിന്റെ പ്രീതിതേടുക എന്നതല്ലാതെ’ (92:19-20). ‘അദൃശ്യത്തെയും ദൃശ്യത്തെയും അറിയുന്നവനും മഹാനും ഉന്നതനുമാകുന്നു അവന്’ (13:9).

അല്ലാഹു അവന്റെ സത്തയിലും കഴിവിലും ആധിപത്യത്തിലും വിജ്ഞാനത്തിലും പ്രതാപത്തിലും വിശേഷണങ്ങളിലും എല്ലാം അത്യുന്നത പദവിയിലാണ് ഉള്ളത്. താന്‍ സിംഹാസനത്തിന് മുകളിലാണെന്ന് അവന് പറഞ്ഞിട്ടുണ്ട്. സിംഹാസനമെന്നത് ജഡിക വസ്തുക്കളില്‍ ഏറ്റവും മഹത്തായതാണ്. എല്ലാത്തിനേക്കാളും ഉന്നതമാണതിന്റെ സ്ഥാനം. അല്ലാഹു പദവിയില്‍ എല്ലാവരേക്കാളും മേലെയാണെന്ന് കുറിക്കാനാണ് താന്‍ സിംഹാസനത്തിന് മേലെയാണെന്ന് അവന് പറഞ്ഞിരിക്കുന്നത്. ‘പരമകാരുണികന് സിംഹാസനസ്ഥനായിരിക്കുന്നു‘ (20:05).
അല്ലാഹുവിന്റെ പരമോന്നതി നിരുപാധികമാണ്. അവനൊഴികെയുള്ള സകലതും താഴെയുള്ളതിനെ അപേക്ഷിച്ചാണ് ഉന്നതമാകുന്നത്. മീതെയുള്ളതിനെ അപേക്ഷിച്ചാണ് താഴെയാകുന്നത്. എന്നാല്‍ അള്ളാഹുവിന്റെ സ്ഥിതി തീര്‍ത്തും ഭിന്നമാണ്. ഒരു വസ്തുവിനെയും അതിന്റെ ഹേതുവിനെയും പദവി നിശ്ചയിക്കുമ്പോള്‍ പദവിയില്‍ ഉന്നത സ്ഥാനം ഹേതുവിനാണ്. അപ്പോള്‍ ഏറ്റവും വലിയ ഔന്നത്യത്തിന് അര്‍ഹത ഹേതുക്കളെ ഉണ്ടാക്കിയവനായിരിക്കും. അതായത് അല്ലാഹുവിന് അല്ലാഹുവിന്റെ ഔന്നത്യത്തിന്റെയും മഹത്വത്തിന്റെയും അടയാളങ്ങളില്പ്പെട്ടതുതന്നെയാണ് വിശുദ്ധഗ്രന്ഥം, സത്യദീന്‍, അവന്റെ സച്ചരിതരും സത്യസന്ധരുമായ അടിമകള്‍ എന്നിവര്‍.
അഅ്ലാ, അലിയ്യ് എന്നൊക്കെ വേദഗ്രന്ഥത്തെയും പ്രവാചകനെയും ഉദ്ദേശിച്ച് ഖുര്‍ആനില്‍ പ്രയോഗിക്കുമ്പോള്‍ അതില്‍ ഉദ്ദേശിക്കപ്പെടുന്നത് അതിന്റെയെല്ലാം സാക്ഷാല്‍ ഹേതുവായ അല്ലാഹുവിന്റെ ഔന്നത്യവും അത്യുന്നത പദവിയുമാണ്. വിശുദ്ധ ഖുര്‍ആനെക്കുറിച്ച് അല്ലാഹു പറഞ്ഞ് തരുന്ന വാക്കുകള്‍ ശ്രദ്ധിക്കുക: ‘തീര്‍ച്ചയായും മൂലഗ്രന്ഥത്തില്‍ നമ്മുടെ പക്കല്‍ സൂക്ഷിക്കപ്പെട്ടതാണിത്. അത് ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു‘ (43:4)
ജാലവിദ്യക്കാരോട് ഏറ്റുമുട്ടേണ്ടി വന്ന മൂസാ(അ) നബിയുടെ മനസ്സില്‍ ഭയം അങ്കുരിച്ചപ്പോള്‍ അല്ലാഹു നല്കുന്ന സമാശ്വാസം ഇപ്രകാരമാണ്: അപ്പോള്‍ മൂസാക്ക് തന്റെ മനസ്സില്‍ ഒരു പേടി തോന്നി. നാം പറഞ്ഞു: പേടിക്കേണ്ട, തീര്‍ച്ചയായും നീ തന്നെയാണ് കൂടുതല്‍ ഔന്നത്യം നേടുന്നവന്: (20: 67-68).
സാക്ഷാല്‍ ഔന്നത്യത്തിന്റെ ഉടമസ്ഥന് അല്ലാഹു മാത്രമായത് കൊണ്ട് സൃഷ്ടികളെ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും അധികാരവും കഴിവുമുള്ളവനും അവന് മാത്രമാണ്. നബി(സ്വ) പറഞ്ഞു: ‘നിശ്ചയം അല്ലാഹു ഈ വേദഗ്രന്ഥം കൊണ്ട് ചില ആളുകളെ ഉയര്‍ത്തും ചിലരെ അതുകൊണ്ട് താഴ്ത്തും’ (മുസ്ലിം) 3.
സകല വസ്തുക്കളുടെയും സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട അവന്റെ അത്യുന്നത പദവിയെ വകവെക്കാനോ മറ്റുവല്ലതിനോടും സാമ്യപ്പെടുത്താനോ ഒരു നിലക്കും സാധ്യമല്ല. അത്യുന്നതന് എന്നര്‍ഥമുള്ള അല്‍ അലിയ്, അല്‍ അഅ്ലാ, അല്‍ മുതആല്‍ എന്ന ഗുണനാമത്തിന് യഥാര്‍ഥ അര്‍ഹന്‍ അല്ലാഹു മാത്രമാണ്.
അല്‍ അക്റം
الأَكْرَمُ
ഔദാര്യവാന്
The Most Generous
ഉത്കൃഷ്ടതയുടെ സകലമാന ഗുണങ്ങളും സമ്മേളിച്ചവന് അല്ലാഹു മാത്രമാണ് മാന്യതയുടെയും ശ്രേഷ്ടതയുടെയും ഗുണങ്ങളായി നാം കണക്കാക്കിപ്പോരുന്ന കരാര്‍പാലനം, ഉദാരമനസ്കത, സര്‍വര്‍ക്കും അഭയം നല്കല്, സമീപസ്ഥന്‍ എന്നിവയെല്ലാം തുല്യപ്പെടുത്താനോ ഉപമിക്കാനോ കഴിയാത്ത വിധം ഉടമപ്പെടുത്തിയവന് അല്ലാഹു മാത്രമാണ്. അത്യുത്കൃഷ്ടന്‍ എന്ന അര്‍ഥം ലഭിക്കുന്ന അല്‍ കരീം, അല്‍ അക്റം എന്നീ പ്രയോഗങ്ങള്‍ അല്ലാഹുവിന്റെ നാമവിശേഷണങ്ങളായി ഖുര്‍ആനില്‍ പല സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. ‘നന്ദി കാണിക്കുന്നവര്‍ സ്വന്തം ഗുണത്തിനായിട്ട് തന്നെയാണ് നന്ദി കാണിക്കുന്നത്. എന്നാല്‍ വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം എന്റെ രക്ഷിതാവ് പരാശ്രയ മുക്തനും ഉത്കൃഷ്ടനുമാകുന്നു’ (27:40).

അല്ലാഹുവിന്റെ മഹത്വത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുള്ള അവന്റെ സിംഹാസനം (അര്‍ശ്) അല്‍ കരീം എന്ന് വിശേഷിക്കപ്പെട്ടിട്ടുണ്ട്. ‘എന്നാല്‍ യഥാര്‍ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ ദൈവമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനാണ് അവന്’ (23:116).
അല്‍ അക്റം (അത്യുത്കൃഷ്ടന്‍) എന്ന പദപ്രയോഗം ദിവ്യവെളിപാടിന്റെ പ്രാരംഭവാക്യമായി അവതീര്‍ണമായ സൂറത്തുല്‍ അലഖിലെ മൂന്നാമത്തെ സൂക്തത്തില്‍ കാണാന്‍ കഴിയും. ‘സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന് ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക, നിന്റെ രക്ഷിതാവ് അത്യുതാരനാകുന്നു. അവന് പേനകൊണ്ട് പഠിപ്പിച്ചു’ (96:1-4).
ഉപരിസൂചിത ഖുര്‍ആന്‍ സൂക്തത്തില്‍ (96:3) അല്‍-അക്റം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അത്യുദാരന്‍ എന്നാണ്. അഥവാ ഉത്കൃഷ്ടതയുടെ ഒരു ഗുണമായി ഔദാര്യത്തെയാണ് സൂചിപ്പിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളുടെ ദാതാവായ അല്ലാഹുവിന്റെ അടുക്കലാണ് ആകാശഭൂമികളുടെയെല്ലാം ആധിപത്യവും ഉടമസ്ഥാവകാശവുമുള്ളത്. ഭാവനയില്‍ പോലും സങ്കല്പ്പിക്കാന് കഴിയാത്ത വിധം അനന്തവും വിശാലവുമായിക്കിടക്കുന്ന അനുഗ്രഹങ്ങള്‍ അവന് ഔദാര്യപൂര്‍വ്വം നല്കിക്കൊണ്ടിരിക്കുന്നു.
അല്ലാഹുവിലേക്ക് സര്‍വ്വരും ആവശ്യക്കാരും, ആശ്രിതരുമാണ്. അവന്റെയടുക്കല്‍ നിന്ന് സഹായവും അനുഗ്രഹവും ലഭിക്കാനായി ചോദിക്കുന്ന പ്രാര്‍ത്ഥന കൊണ്ട് അല്ലാഹു അവന്റെ ഔദാര്യത്തില്‍ നിന്ന് നല്കുന്നു. തേടിയവനോട് അല്ലാഹു പരിഗണന കാണിക്കുകയും ചെയ്യുന്നു. ക്ഷമാലുക്കള്‍, സ്വാലിഹുകള്‍, ഭയഭക്തര്‍, പശ്ചാത്താപം നടത്തുന്നവര്‍ എന്നിവര്‍ക്കൊക്കെ അല്ലാഹു അവന്റെ ഔദാര്യത്തില്‍ നിന്ന് നല്കിക്കൊണ്ടിരിക്കുന്നു. സുലൈമാന്‍(അ)യോട് അല്ലാഹു പറയുന്നത് ‘ഇത് നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെക്കുകയോ ചെയ്തുകൊള്ളുക. കണക്ക് ചോദിക്കല്‍ ഉണ്ടാവില്ല’ (38:39). അല്ലാഹുവിന്റെ മഹത്വത്തിന്റെ പ്രധാന ഗുണമാണ് ഇവിടെ പറയപ്പെടുന്നത്.
അല്‍ കരീം (അത്യുത്കൃഷ്ടന്‍) എന്നതിന്റെ അര്ഥകല്പനയില് വരുന്ന മറ്റൊന്നാണ് വാഗ്ദാനം പാലിച്ചും വിട്ടുവീഴ്ച്ച ചെയ്തും അല്ലാഹു അവന്റെ മഹത്വം പ്രകടിപ്പിക്കുന്നു എന്നത്. ‘നിശ്ചയം അല്ലാഹു വാഗ്ദാനം ലംഘിക്കുന്നവനല്ല‘ (3:9).
പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥന അല്ലാഹു ഒരിക്കലും വൃഥാവിലാക്കുന്നില്ല. ചോദിക്കുന്നവന്റെ ആവശ്യങ്ങളെ അല്ലാഹു അവഗണിക്കുന്നില്ല. നബി(സ്വ) യുടെ വചനങ്ങളില്‍ അല്ലാഹുവിനെ കരീം എന്ന് പരിചയപ്പെടുത്തിയത് പ്രാര്‍ഥിക്കുന്നവനോട് അല്ലാഹു കാണിക്കുന്ന പരിഗണന എന്ന ഗുണത്തിന്റെ പേരിലാണ്. നബി(സ്വ) പറഞ്ഞു: ”നിശ്ചയമായും നിങ്ങളുടെ രക്ഷിതാവ് എന്നെന്നും ജീവിച്ചിരിക്കുന്നവനും ഉത്കൃഷ്ടനുമാകുന്നു. അവന്റെ അടിമ അവനിലേക്ക് കൈകളുയര്‍ത്തിയാല്‍ വെറും കൈയോടെ അടിമയെ മടക്കുന്നത് അവന് ലജ്ജിക്കുന്നു” (അബൂദാവൂദ്) 4.
‘തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു‘ (49:13).
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, പതിപ്പ് ഒന്ന്, വാള്യം 9, പേജ് 118, ഹദീസ് നമ്പര്‍ 7392.[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാഥില്‍ ഇസ്ലാമീ ബൈറൂത്ത്, വാള്യം 4, പേജ് 2084, ഹദീസ് നമ്പര്‍ 2713.[↩][↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാസില്‍ ഇസ്ലാമി ബൈറൂത്ത്, വാള്യം 1, പേജ് 559, ഹദീസ് നമ്പര്‍ 269[↩]
- സുനനു അബീ ദാവൂദ്, അബൂ ദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 2, പേജ് 78, ഹദീസ് 1488.[↩]
