ദുഃസ്വഭാവങ്ങള്‍ – 1
നന്മയും തിന്മയും ആത്യന്തികമായി മനുഷ്യ ബുദ്ധികൊണ്ട് വിവേചിച്ചറിയുക സാധ്യമല്ല. മനുഷ്യസംസ്‌കാരത്തെ മഹത്വപ്പെടുത്തുന്ന സദ്ഭാവങ്ങള്‍ ഏതെല്ലാമാണ്, ദുഃസ്വഭാവങ്ങള്‍ ഏതെല്ലാമാണ് എന്ന് കണ്ടെത്തുക അതുകൊണ്ടുതന്നെ മനുഷ്യബുദ്ധിക്ക് അസാധ്യമാണ്. അതിനാല്‍ തന്നെ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു, ഏതെല്ലാമാണ് സദ്ഭാവങ്ങള്‍ എന്നും ദുഃസ്വഭാവങ്ങളെന്നും കൃത്യമായി വിവരിക്കുന്നുണ്ട്. ഇസ്‌ലാം മ്ലേഛമായി കാണുന്ന അസത്യം, അഹങ്കാരം, അസൂയ, കോപം തുടങ്ങിയ ദുഃസ്വഭാവങ്ങളെക്കുറിച്ച വിശദമായ പഠനമാണ് ചുവടെ.
ഓരോ മനുഷ്യനും സമൂഹത്തില്‍ വിലയിരുത്തപ്പെടുന്നത് അയാളുടെ സ്വഭാവഗുണങ്ങള്‍ അനുസരിച്ചാണ്. അതിശക്തനാണ് മനുഷ്യന്‍. മനുഷ്യനെ നിയന്ത്രിക്കുന്നതാകട്ടെ അവന്റെ മനസ്സും. സദ്ഗുണസമ്പന്നമായ മനസ്സില്‍ നിന്ന് നല്ല വ്യക്തിത്വം ഉണ്ടായിത്തീരുന്നതുപോലെ ദുര്‍ഗുണ മനസ്സില്‍ നിന്ന് ദുഷ്ടതയാണ് പുറത്തു വരിക. മനുഷ്യമനസ്സില്‍ ഈ രണ്ടു ഗുണങ്ങളും പ്രകൃത്യാ അന്തര്‍ലീനമാണ്. പ്രകൃത്യാ ഉള്ള ദുര്‍ഗുണങ്ങളും സാഹചര്യങ്ങളില്‍ നിന്നു പകരുന്ന ദുശ്ശീലങ്ങളും മനുഷ്യനെ ദുഷ്ടതയിലേക്കു നയിക്കുന്നു. അവയില്‍ ദുശ്ശീലങ്ങള്‍ പൂര്‍ണമായി കയ്യൊഴിക്കുകയും ദുര്‍ഗുണങ്ങളെ കണ്ടറിഞ്ഞു നിയന്ത്രിക്കുകയും ചെയ്തവര്‍ ജീവിത വിജയം കൈവരിക്കുന്നു. ഇസ്‌ലാമിക വീക്ഷണത്തില്‍ സദ്ഗുണസമ്പന്നതയാണ് വ്യക്തിയെ പൂര്‍ണതയിലേക്കു നയിക്കുന്നത്. അത് മതത്തിന്റെ താത്പര്യത്തില്‍ പെട്ടതാണു താനും. വിശ്വാസ-അനുഷ്ഠാന-ആചാരങ്ങള്‍ കൊണ്ട് സ്വഭാവ സംസ്‌കാരങ്ങള്‍ കൂടി നന്നാക്കിയെടുക്കുക എന്നതാണ് മതകീയ ജീവിതത്തിന്റെ വഴി. അതാണ് സ്വര്‍ഗപാത.
ദുഃസ്വഭാവങ്ങളുടെ വര്‍ജനം
സമുന്നതമായ വ്യക്തിത്വവും ഉത്കൃഷ്ടമായ സ്വഭാവ ഗുണങ്ങളുമാണ് സമൂഹത്തില്‍ ഓരോ വ്യക്തിയെയും നല്ല നിലയില്‍ ജീവിക്കാന്‍ പ്രാപ്തനാക്കുന്നത്. നമ്മുടെ സഹവാസവും സാന്നിധ്യവും മറ്റുളളവര്‍ക്ക് ഹൃദ്യമാകാന്‍ നാം സദ്ഗുണങ്ങളുടെ ഉടമകളാവേണ്ടതുണ്ട്. സത്‌സ്വഭാവിയാകുമ്പോഴാണ് അയാള്‍ക്ക് സ്‌നേഹവും പരിഗണനയും ആദരവും ലഭിക്കുന്നത്. പണവും, പദവികളും, പാണ്ഡിത്യവും, പ്രാഗത്ഭ്യവുമൊക്കെയുണ്ടെങ്കിലും ദുസ്വഭാവിയാണെങ്കില്‍ സമൂഹത്തില്‍ അനഭിമതനായി ജീവിക്കേണ്ടി വരും. ദുശ്ശീലങ്ങള്‍ വെടിഞ്ഞ്, ദുസ്വഭാവങ്ങളില്‍ നിന്നെല്ലാം മോചിതനായി ഹൃദയ വിശുദ്ധിയോടെ ജീവിക്കാന്‍ സത്യവിശ്വാസം പ്രചോദനമായിത്തീരണം. വിശ്വാസത്തിന്റെ മികവ് സ്വഭാവമേന്മയിലത്രെ. പ്രവാചകന്‍ പറയുന്നു. ‘സത്യവിശ്വാസത്തില്‍ പൂര്‍ണത പ്രാപിച്ചവന്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്. നിങ്ങളിലേറ്റവും നല്ലവന്‍ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനും’ (തിര്‍മിദി) 1
തിന്മകളോട് ആഭിമുഖ്യം പുലര്‍ത്തുന്ന മനുഷ്യമനസ്സ് ദേഹേഛയെ പിന്‍പറ്റുമ്പോള്‍ ദുര്‍ഗുണങ്ങളില്‍ നിന്ന് മോചിതനാവാന്‍ കഴിയാതെ പോവുന്നു. വിവേചന ബുദ്ധിയും, ചിന്താശേഷിയും മനുഷ്യനെ ഇതര ജന്തുജാലങ്ങളില്‍ നിന്ന് വ്യതിരിക്തനാക്കുന്നുണ്ടെങ്കിലും ദുര്‍ഗുണങ്ങളും ദുഷിച്ച സംസ്‌കാരവും അവനെ കാലികളേക്കാള്‍ അധഃപതിച്ചവനാക്കുന്നു. ദു:സ്വഭാവങ്ങളുടെ വര്‍ജനം മനുഷ്യനെന്ന സൃഷ്ടിയെ ആദരവിന് അര്‍ഹനാക്കുന്നു. കണ്ണും കാതും മനസ്സും ദൈവപ്രീതി കാംക്ഷിച്ച് ഉപയോഗപ്പെടുത്തുന്നതിനു പകരം താന്തോന്നിയായി ജീവിക്കുന്നവര്‍ക്കുള്ള നിന്ദ്യമായ ശിക്ഷയെക്കുറിച്ച് അല്ലാഹു താക്കീത് നല്‍കിയിട്ടുണ്ട്. ‘ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും വളരെ ആളുകളെ നരകത്തിന് വേണ്ടി നാം സൃഷ്ടിച്ചുണ്ടാക്കിയിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്, അവ കൊണ്ട് അവര്‍ ഗ്രഹിച്ചു മനസ്സിലാക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്; അവ കൊണ്ട് അവര്‍ കാണുകയില്ല. അവര്‍ക്ക് കാതുകളുണ്ട്; അവ കൊണ്ട് അവര്‍ കേട്ടറിയുകയില്ല. അക്കൂട്ടര്‍ കാലികളെപ്പോലെയാകുന്നു എന്നല്ല, അവയേക്കാള്‍ പിഴച്ചവരാകുന്നു. അക്കൂട്ടര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍’(7:179). അന്തിമപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ഉദാത്ത മാതൃകയാണ് ജീവിതത്തില്‍ നാം അനുധാവനം ചെയ്യേണ്ടത്. അല്ലാഹു പ്രവാചകന്നു(സ്വ) നല്‍കിയ ഏറ്റവും സവിശേഷമായ പ്രശംസ ‘ഉത്തമ സ്വഭാവത്തിനുടമ’ എന്നതാണ്. മാനുഷികമായി റസൂല്‍(സ്വ)യില്‍ സംഭവിച്ചുപോയ പിഴവുകള്‍ അല്ലാഹു തിരുത്തുകയും ചെയ്തിട്ടുണ്ട്. സത്‌സ്വഭാവത്തിന്റെ മഹിതമാതൃക കാഴ്ചവെച്ചതാണ് റസൂല്‍(സ്വ)യുടെ ദൗത്യം ജനങ്ങള്‍ വളരെ വേഗത്തില്‍ ചെവിക്കൊള്ളുന്നതിന് കാരണമായത് എന്ന് കൂടി അല്ലാഹു അറിയിക്കുന്നു. ”നീ കഠിന മനസ്‌കനും പരുഷ സ്വഭാവിയുമായിരുന്നെങ്കില്‍ (നിന്റെ കൂടെയുളളവരെല്ലാം) നിന്നില്‍ നിന്ന് വിട്ടകന്നുപോകുമായിരുന്നു”(3: 159).
സത്യവിശ്വാസവും സത്കര്‍മവും ആണ് ആന്ത്യന്തിക വിജയത്തിലേക്ക് നയിക്കുന്നത്. ഒരു സത്യവിശ്യാസിയുടെ സ്വഭാവദൂഷ്യം ദുര്‍ഗുണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള കഴിവില്ലായ്മ, വ്യക്തിത്വത്തിലെ പോരായ്മകള്‍ എന്നിവ കാരണം അയാള്‍ക്ക് ജനങ്ങളില്‍ നിന്ന് അതൃപ്തി സമ്പാദിക്കേണ്ടി വരുന്നു. ആരാധന കര്‍മങ്ങളിലുള്ള പോരായ്മകള്‍ പരമകാരുണികനായ അല്ലാഹു ഉദ്ദേശിച്ചാല്‍ പൊറുത്തു തന്നേക്കാം. എന്നാല്‍ മനുഷ്യരോടുളള സമീപനത്തിലെ കുഴപ്പങ്ങളും ദുഃസ്വഭാവങ്ങളും സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും അതൃപ്തിക്ക് കാരണമാവുന്നു.
നബി(സ്വ) പറഞ്ഞു: ‘ആരാധനകളില്‍ ദൗര്‍ബല്യമുളളവനെങ്കിലും ഉത്തമ സ്വഭാവം കാരണമായി അടിമ പരലോകത്ത് മഹത്തായ പദവിയും ശ്രേഷ്ഠമായ സ്ഥാനവും നേടുന്നു. എന്നാല്‍ സ്വഭാവദൂഷ്യം കാരണമായി അടിമ നരകത്തിന്റെ അടിത്തട്ടിലെത്തിപ്പെടുന്നു (ത്വബ്‌റാനി) 2
ഒരിക്കല്‍ നബി(സ്വ)യോട് ഒരാള്‍ ചോദിച്ചു ‘അല്ലാഹുവിന്റെ ദൂതരേ, ഒരു സ്ത്രീയുണ്ട്. അവര്‍ തന്റെ നമസ്‌കാരത്തിന്റെയും നോമ്പിന്റെയും ദാനധര്‍മങ്ങളുടെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ സല്‍പേര് നേടിയവളാണ്. പക്ഷേ അവള്‍ അയല്‍ക്കാരെ നാവുകൊണ്ട് ദ്രോഹിക്കുന്നു”. പ്രവാചകന്‍ പറഞ്ഞു. ‘ആ സ്ത്രീ നരകത്തിലായിരിക്കും’. അയാള്‍ പിന്നെയുമിങ്ങനെ പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, മറ്റൊരു സ്ത്രീ വലിയ നമസ്‌ക്കാരക്കാരിയല്ല, നോമ്പെടുക്കുന്നവളുമല്ല, പാല്‍കട്ടി ദാനം ചെയ്യാറുണ്ട്. നാവ് കൊണ്ട് അയല്‍ക്കാരെ അലോസരപ്പെടുത്താറില്ല’ പ്രവാചകന്‍(സ്വ) പ്രതിവചിച്ചു: സ്വര്‍ഗാവകാശിയാണ് അവള്‍ (അഹ്‌മദ്) 3
മറ്റുള്ളവരോടുള്ള സമീപനവും സ്വഭാവവും പെരുമാറ്റവും മോശമാകുന്നത് ആരാധനകര്‍മങ്ങളുടെ സദ്ഫലങ്ങളെപ്പോലും പ്രതികൂലമായി ബാധിക്കുമെന്നും അവ നിഷ്ഫലമാകാനിടയാക്കുമെന്നും തദ്ഫലമായി നരകശിക്ഷക്ക് അക്കൂട്ടര്‍ അര്‍ഹരായി തീരുമെന്നും നബി(സ്വ) വ്യക്തമാക്കി.
ഒരിക്കല്‍ നബി(സ്വ) അനുചരരോട് ചോദിച്ചു: പാപ്പരായവര്‍ ആരെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ പറഞ്ഞു. ”ഞങ്ങള്‍ക്കിടയിലെ പാപ്പരായവര്‍ ദിര്‍ഹമു ദീനാറും ജീവിത വിഭവങ്ങളുമില്ലാത്തവനാണ്.” അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘എന്റെ സമുദായത്തിലെ പാപ്പരായവര്‍ അന്ത്യദിനത്തില്‍ താന്‍ നിര്‍വഹിച്ച നമസ്‌കാരവും നോമ്പും സകാത്തുമായി വരുന്നവനാണ്. പക്ഷേ അയാള്‍ ഒരാളെ ചീത്ത പറഞ്ഞിരിക്കുന്നു. മറ്റൊരാള്‍ക്കെതിരില്‍ അപവാദം പ്രചരിപ്പിച്ചിരിക്കുന്നു. വേറൊരാളുടെ ധനം അപഹരിച്ചിരിക്കുന്നു. മറ്റൊരാളുടെ രക്തം ചിന്തിയിരിക്കുന്നു. വേറൊരാളെ അടിച്ചിരിക്കുന്നു. അതിനാല്‍ അയാളുടെ നന്മകള്‍ അവര്‍ക്ക് നല്‍കപ്പെടുന്നു. പക്ഷേ ബാധ്യതകള്‍ കൊടുത്തു തീരും മുമ്പെ അയാളുടെ നന്മകള്‍ തീര്‍ന്നു പോയാല്‍ അവരുടെ പാപങ്ങള്‍ ഇയാള്‍ക്ക് മേല്‍ ചുമത്തപ്പെടും. അങ്ങനെ ഈ മനുഷ്യന്‍ നരകത്തിലെറിയപ്പെടും”(മുസ്‌ലിം) 4
മനുഷ്യന്റെ രക്തം, സമ്പത്ത്, അഭിമാനം എന്നിവയുടെ പവിത്രതക്ക് പോറലേല്‍ക്കാത്തവിധം വാഗ്‌വിചാര കര്‍മങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തി ജീവിക്കുന്ന, സദാ മറ്റുള്ളവര്‍ക്ക് നന്മയുടെ പരിമളം അനുഭവിക്കാന്‍ കഴിയുന്ന വ്യക്തിത്വമായിരിക്കും സത്യവിശ്വാസികളുടേത്. സദ്ഗുണസമ്പന്നനാവണം വിശ്വാസി എന്നതു പോലെ ദുര്‍ഗുണങ്ങളുടെ വര്‍ജനവും അനിവാര്യവുമാണ്.
അസത്യം
മതങ്ങളെല്ലാം മുന്നോട്ടു വെക്കുന്ന നന്മകള്‍ മൂന്നു പ്രധാന മൗലികാശയങ്ങളില്‍ ഊന്നിയുള്ളതാണ്. സത്യം, ധര്‍മം, നീതി എന്നിവയാണവ. നിരീശ്വര നിര്‍മത പ്രസ്ഥാനങ്ങളുടെ വക്താക്കള്‍ പോലും സമൂഹത്തില്‍ സമാധാന ജീവിതം കളിയാടണമെങ്കില്‍ വീക്ഷണങ്ങളിലും നിലപാടുകളിലും സത്യത്തിന്റെ പാര്‍ശ്വം മുറുകെപ്പിടിക്കണമെന്ന് അംഗീകരിക്കുന്നവരാണ്. അസത്യങ്ങളുടെ പ്രയോഗവല്‍ക്കരണമാണ് അരാജകത്വങ്ങളും അശാന്തിയും വിതയ്ക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല. എന്നാല്‍ സത്യശുദ്ധമായ വിശ്വാസത്തിന്റെ അനുയായികള്‍ക്ക് പോലും വാക്കുകളിലും പ്രവൃത്തികളിലും നയനിലപാടുകളിലും സത്യസന്ധത മുറുകെ പ്പിടിക്കാന്‍ കഴിയുന്നില്ല. മിക്കപ്പോഴും അവന്‍ അസത്യത്തിന്റെ പ്രചാരകരോ പ്രയോക്താക്കളോ ആയി മാറുന്ന വിരോധാഭാസമാണ് കാണാന്‍ കഴിയുന്നത്.
പഞ്ചേന്ദ്രിയങ്ങളുടെ വിവേകപൂര്‍ണമായ വിനിയോഗമാണ് വിശേഷബുദ്ധികൊണ്ട് അനുഗൃഹീതനായ മനുഷ്യനെ ഇതര സൃഷ്ടികളില്‍ നിന്ന് വ്യതിരിക്തനാക്കുന്നത്. ബുദ്ധികൂര്‍മതയും യുക്തിചിന്തയുമൊക്കെ മനുഷ്യനുണ്ടാകുമ്പോഴും അസത്യം കൊണ്ട് അവന്റെ വ്യക്തിത്വം കളങ്കപ്പെട്ടാല്‍ ഈ സമൂഹത്തിലെ ഉത്കൃഷ്ട പദവി അവന് നഷ്ടമാവും. കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസത്തിന്റെ വഴിയെ ജീവിതത്തില്‍ സംസ്‌കരണം സാധ്യമാക്കാന്‍ വിശ്വാസികള്‍ക്ക് മാത്രമാണ് കഴിയുന്നത്. വാക്കിലും നോക്കിലും മറ്റു പ്രവൃത്തികളിലും അല്ലാഹു സദാ തന്നെ നിരീക്ഷിക്കുകയും മലക്കുകള്‍ അത് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന വിശ്വാസമാണ് അവനില്‍ സംസ്‌കരണ ബോധമുണ്ടാക്കുന്നത്. നിജസ്ഥിതിയറിയാതെ സംസാരിക്കുന്നതും കളവ് കലര്‍ന്ന വര്‍ത്തമാനങ്ങള്‍ പറയുന്നതും കാപട്യത്തിന്റെ അടയാളമായി നബി(സ്വ) പഠിപ്പിച്ചു തന്നിട്ടുണ്ട്. അറിവില്ലാത്ത കാര്യങ്ങളെ പിന്തുണയ്ക്കുന്നതും അതനുസരിച്ച് പ്രകീര്‍ത്തിക്കുന്നതും അസത്യത്തിന്റെ കെടുതികള്‍ നമ്മളനുഭവിക്കാന്‍ നിമിത്തമായിതീരും. അല്ലാഹു നിഷ്‌കര്‍ഷിക്കുന്നു. ‘നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്‘(17:36). സത്യം പറയുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ മാനഹാനിയും ജീവഹാനി പോലും സംഭവിച്ചേക്കാം. സമയവും സദസ്സും നോക്കാതെ സത്യമെല്ലാം പറയണമെന്നല്ല ഈ പറഞ്ഞതിന്റെ സാരം. അത് സമാധാനാന്തരീക്ഷത്തിന് വരെ അപകടപ്പെടുത്തുന്ന ദുര്‍ഗതിയിലേക്ക് കാര്യങ്ങള്‍ കൈവിട്ട് പോവും. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ”കള്ളം പറയുന്നവനാകാന്‍ കേട്ടത് മുഴുവന്‍ പ്രചരിപ്പിച്ചാല്‍ മതി” (മുസ്‌ലിം) 5. അവിവേകിയായ ഒരാള്‍ വല്ല വാര്‍ത്തയും കൊണ്ടുവന്നാല്‍ അതിന്റെ നിജസ്ഥിതി വ്യക്തമായി അറിയാതെ അത് മറ്റൊരാളോട് ഏറ്റുപറഞ്ഞാല്‍ അത് ഖേദപൂര്‍വമായ പര്യവസാനമാണ് ഉണ്ടാക്കിവെക്കുന്നത് എന്ന് വിശുദ്ധഖുര്‍ആന്‍ (49:6) ഓര്‍മ്മപ്പെടുത്തുന്നു.
വാര്‍ത്തകള്‍ ലഭിച്ച സ്രോതസ്സുകളെക്കുറിച്ച് യാതൊരു അന്വേഷണവുമില്ലാതെ അര്‍ധസത്യങ്ങളെ സത്യങ്ങളായി അവതരിപ്പിക്കുകയോ, അസത്യങ്ങളെ കൂടുതലാളുകളിലേക്ക് പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് സമൂഹമാധ്യമങ്ങള്‍ നല്ല ഒരു ഇടമാണ്. നബി(സ്വ) പറഞ്ഞ വാക്ക് സ്മരണീയമത്രെ. നബി(സ്വ) മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് ചോദിച്ചു. ഏറ്റവും വലിയ വന്‍പാപം എന്തെന്ന് ഞാന്‍ അറിയിച്ച് തരട്ടെയോ? ഞങ്ങള്‍ പറഞ്ഞു. അതേ പ്രവാചകരെ, അവിടുന്ന് പറഞ്ഞു. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുക, മാതാപിതാക്കളെ കഷ്ടപ്പെടുത്തുക, തിരുമേനി ചാരിയിരിക്കുകയായിരുന്നു. പിന്നീട് നിവര്‍ന്നിരുന്ന് ഇങ്ങനെ തുടര്‍ന്നു: കളവ് പറയലും കള്ള സാക്ഷ്യം വഹിക്കലും. എന്നിട്ട് അവിടുന്ന് നിര്‍ത്തിയെങ്കില്‍ എന്ന് ഞങ്ങള്‍ പറയുവോളം അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു” (ബുഖാരി) 6
വാക്കുകളില്‍ അസത്യം കലരാതിരിക്കാനുള്ള സൂക്ഷ്മത പോലെത്തന്നെ പ്രവൃത്തികളിലും വിശ്വാസ്യത ഉറപ്പുവരുത്താനുള്ള ബാധ്യത വിശ്വാസികള്‍ക്കുണ്ട്. അസ്മാഅ്(റ)പറയുന്നു: ഒരിക്കല്‍ ഒരു സ്ത്രീ പറഞ്ഞു. പ്രവാചകരേ, എനിക്ക് ഒരു സഹകളത്ര (ഭര്‍ത്താവിന്റെ മറ്റൊരു ഭാര്യ) ഉണ്ട്. ഭര്‍ത്താവില്‍ നിന്ന് കിട്ടാത്ത എന്തെങ്കിലും കിട്ടിയതായി അഭിനയിക്കല്‍ കുറ്റകരമാണോ? നബി(സ്വ) പറഞ്ഞു. കിട്ടാത്ത എന്തെങ്കിലും കിട്ടിയതായി അഭിനയിക്കുന്നവന്‍ കളവിന്റെ രണ്ട് വസ്ത്രം ധരിക്കുന്നതിന് തുല്യമാണ് (ബുഖാരി) 7
സംസാരത്തില്‍ കളവ് കലരുന്നതു പോലെ വാക്ക് പാലിക്കാതിരിക്കുന്നതും വഞ്ചിക്കുന്നതുമെല്ലാം അസത്യം പ്രവൃത്തികളിലും നയ നിലപാടുകളിലുമെല്ലാം സ്വാധീനം ചെലുത്തുന്നതിന്റെ അടയാളമാണ്. അതാവട്ടെ നബി(സ്വ) കാപാട്യത്തിന്റെ ലക്ഷണങ്ങളായി പഠിപ്പിച്ചു തരികയും ചെയ്തിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: സത്യം പറയല്‍ നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്നപക്ഷം അല്ലാഹുവിങ്കല്‍ അവന്‍ തികഞ്ഞ സത്യസന്ധനായി രേഖപ്പെടുത്തപ്പെടും. കള്ളംപറയുന്ന ശീലം ദുര്‍വൃത്തിയിലേക്കും ദുര്‍വൃത്തി നരകത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ കള്ളം പറയാന്‍ തുടങ്ങിയാല്‍ അവസാനം ഏറ്റവും അധികം കള്ളം പറയുന്നവനായി അവന്റെ പേര് അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തും(ബുഖാരി) 8
അഹങ്കാരം
സ്വന്തത്തെ മഹത്വവല്‍ക്കരിച്ച് മറ്റുള്ളവരെ നിസ്സാരമായി കാണുന്ന മനോഭാവമാണ് അഹങ്കാരം. സത്യത്തെ തമസ്‌കരിക്കുകയെന്നത് ഈ ദു:സ്വഭാവത്തിന്റെ പ്രകടഭാവമാണ്. ഒരാളുടെ മനസ്സില്‍ അഹങ്കാരം അങ്കുരിച്ചാല്‍ സത്യത്തെ അംഗീകരിക്കാന്‍ അയാള്‍ ഒരിക്കലും കൂട്ടാക്കുകയില്ല. തന്നെ സംബന്ധിച്ച് അതിരുകളില്ലാത്ത അഭിമാനവും, അന്യരോടുള്ള അമിതമായ അവമതിപ്പും ദൈവികദൃഷ്ടാന്തങ്ങളെ നിഷേധിക്കാന്‍ പോലും കാരണമായിത്തീരുന്നു. ഇഹത്തിലും പരത്തിലും പരാജയവും നിന്ദ്യതയും സത്യനിഷേധികള്‍ ഏറ്റുവാങ്ങാനിടയാക്കുന്നത് ന്യായം കൂടെതെയുള്ള അഹങ്കാരം നിമിത്തമായിരിക്കുമെന്ന് ഖുര്‍ആനില്‍ പറയുന്നു. ”ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ചുകൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ്. എല്ലാ ദൃഷ്ടാന്തങ്ങളും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍മാര്‍ഗം കണ്ടാല്‍ അവരതിനെ മാര്‍ഗമായി സ്വീകരിക്കില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത് മാര്‍ഗമായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ചു കളയുകയും അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്യുന്നതിന്റെ ഫലമാണത്’‘ (7:146).
പ്രപഞ്ചത്തിലെ പ്രഥമ പാപിയും മനുഷ്യവംശത്തിന്റെ ആ ജന്മശത്രുവായി പിശാച് ആദമിനു സ്രാഷ്ടാംഗം പ്രണമിക്കാനുളള ദൈവികകല്പനയെ ധിക്കരിച്ചു. ”മണ്ണു കൊണ്ട് സൃഷ്ടിക്കപ്പെട്ട ആദമിന് തീകൊണ്ട് സൃഷ്ടിക്കപ്പെട്ട ഞാന്‍ സുജുദ് ചെയ്യുകയോ” എന്ന് ഇബ്‌ലീസ് ചോദിക്കുന്നുണ്ട് (7:12). ജന്മം കൊണ്ട് താന്‍ ഭേദപ്പെട്ടവനാണെന്ന അഹങ്കാര ചിന്ത പിശാചിന്റെ പതനത്തിന് പാതയൊരുക്കി. അതിന്റെ പേരില്‍ നിന്ദ്യനും അവഹേളിക്കപ്പെട്ടവനുമായി പുറന്തളപ്പെടുകയും ചെയ്തു(7:13). പിശാചിന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് ജീവിക്കുന്നവര്‍ അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളാണെന്നും അത്തരക്കാരുടെ സങ്കേതം നരകാഗ്‌നിയാണെന്നും അല്ലാഹു പറഞ്ഞു തരുന്നു. ‘‘അതുകൊണ്ട് നരകത്തിന്റെ വാതിലുകളിലൂടെ കടന്നുചെല്ലുവിന്‍. അവിടെ നിത്യവാസികളായി ജീവിക്കുന്നവനാവാന്‍. അങ്ങനെ അഹങ്കാരികളുടെ പാര്‍പ്പിടം എത്ര ചീത്ത!’‘ (16:29:)
അഹങ്കാരം നിറഞ്ഞ മനസ്സ് കൊണ്ട് സത്യത്തെ അഗീകരിക്കാന്‍ കൂട്ടാക്കാത്ത സ്ഥിതിയുണ്ടാവുമെന്നതിന് മനുഷ്യചരിത്രത്തില്‍ നടന്ന ആദ്യത്തെ ദാരുണമായ കൊലപാതക സംഭവം വെളിപ്പെടുത്തിരുന്നു. അഹങ്കാരം കൂട് കെട്ടിയ ദുഷിച്ച മനസ്സിന്റെ പ്രേരണയില്‍ സഹോദരനെ വധിക്കാന്‍ തയ്യാറായി. ഒടുവില്‍ സഹോദരന്റെ മൃതദേഹം മറവ് ചെയ്യേണ്ടതെങ്ങെനെയെന്ന് പോലും അറിയാതെ നിന്ന പശ്ചാത്തലത്തില്‍ അത് പഠിപ്പിക്കാന്‍ കാക്ക വേണ്ടി വന്നു. അഹങ്കാരത്തിനേറ്റ ഒരു പ്രഹരമായി വിശുദ്ധ ഖുര്‍ആനില്‍ ഈ സംഭവം നമുക്ക് പഠിപ്പിച്ച് തരുന്നു (5:31).
950 വര്‍ഷക്കാലം രഹസ്യവും പരസ്യവുമായി പ്രബോധന ദൗത്യം നിര്‍വഹിച്ചിട്ടും വിരലില്ലെണ്ണാവുന്ന അനുയായികള്‍ മാത്രമാണ് നൂഹ് നബി(അ)ക്ക് ലഭിച്ചത്. അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് വിധേയരായി ആ ജനത ജലപ്രളയത്തിലൂടെ നശിപ്പിക്കപ്പെട്ടു. മുഴുത്ത ധിക്കാരകളായ ആ ജനതയെക്കുറിച്ച് അല്ലാഹു പറയുന്നു. ”നൂഹ് പറഞ്ഞു: നീ അവര്‍ക്ക് മാപ്പേകാനായി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെ അവര്‍ കാതില്‍ വിരല്‍ തിരുകുകയും വസ്ത്രം കൊണ്ട് മൂടുകയും തന്നെയായിരുന്നു ചെയ്തിരുന്നത്. അവര്‍ തങ്ങളുടെ ദുശ്ശാഠ്യത്തിലുറച്ചുനിന്നു. അങ്ങേയറ്റം അഹങ്കരിക്കുകയും ചെയ്തു” (71:7). അവിശ്വാസത്തിന്റേ അടിവേര് അഹന്തയാണെന്ന് പ്രവാചകന്മാര്‍ക്കെതിരെ അണിനിരന്ന പ്രമാണിവര്‍ഗത്തിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നു. ”ഞങ്ങളിലേറ്റവും അധസ്ഥിതരായ ആളുകളല്ലാതെ നിന്നെ അനുഗമിക്കുന്നതായി ഞങ്ങള്‍ കാണുന്നില്ല. ഞങ്ങളേക്കാള്‍ നിങ്ങള്‍ക്കൊരു ശ്രേഷ്ഠതയും ഞങ്ങള്‍ ദര്‍ശിക്കുന്നില്ല” (11:27).
ഇബ്‌റാഹീം നബിയുടെ കാലത്ത് അധികാരത്തിന്റെ ഹുങ്കില്‍ ജനങ്ങളെ ജീവിപ്പിക്കാനും മരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് പ്രഖ്യാപിച്ച ഭരണാധികാരിയുടെ പതനവും ഖുര്‍ആന്‍ വരച്ചു കാണിക്കുന്നുണ്ട്. ഞാനാണ് നിങ്ങളുടെ പരമോന്നതനായ റബ്ബ് എന്ന് പ്രഖ്യാപിക്കാന്‍ മാത്രം അഹങ്കാരത്തിന്റെ മൂര്‍ത്തരൂപമായിരുന്ന ഫിര്‍ഔന്‍ മൂസനബി(അ)യെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. തന്റെ കൊട്ടാരത്തില്‍ വളര്‍ന്നുവന്ന ഒരടിമച്ചെറുക്കന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടത് സഹിക്കാന്‍ കഴിയാതെ അദ്ദേഹം മൂസാനബിയോട് നിന്ദയോടെ ചോദിക്കുന്നു. ”നീ കുട്ടിയായിരുന്നപ്പോള്‍ നിന്നെ ഞങ്ങള്‍ ഞങ്ങളിലൊരുവനായി വളര്‍ത്തിയില്ലേ? നീ നിന്റെ ആയുസ്സില്‍ വളരെ വര്‍ഷങ്ങള്‍ ഞങ്ങളില്‍ കഴിച്ചുകൂട്ടിയിട്ടില്ലേ?” (26:18). സത്യത്തെ തള്ളിക്കളയലും ജനങ്ങളെ നിസ്സാരന്മാരായി കാണലുമാണ് അഹങ്കാരമെന്ന് റസൂല്‍ പഠിപ്പിച്ചു തന്നത് ഖുര്‍ആനില്‍ വിവരിക്കപ്പെട്ട സത്യനിഷേധികളുടെ ചരിത്രം വായിക്കുമ്പോള്‍ കൂടുതല്‍ ബോധ്യപ്പെടും.
മനുഷ്യന്‍ ദുര്‍ബല സൃഷ്ടിയാണ്. സ്വന്തം ശരീരത്തില്‍ നടക്കുന്ന ജൈവപ്രക്രിയയ്ക്ക് പോലും ഒരു നിമിഷ നേരത്തെ നിസ്സാരമായ പോറലേറ്റാല്‍ നിസ്സഹായനായി കൈമലര്‍ത്താനേ അവന്‍ കഴിയൂ. വിനീതവിധേയരായ ദാസന്മാരായി അല്ലാഹുവിന് താഴ്മ പ്രകടിപ്പിച്ച് ജീവിക്കുന്നവരായിരിക്കും യഥാര്‍ഥത്തില്‍ അറിവും വിവേകവുമുള്ളവര്‍. യാതൊന്നിന്റെ പേരിലും ഒട്ടും അഹങ്കരിക്കാന്‍ അര്‍ഹതയില്ലാത്ത മനുഷ്യന്‍ അഹന്ത വെച്ച് പുലര്‍ത്തുമ്പോള്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തെ നിഷേധിച്ച് നന്ദികെട്ടവനായി ജീവിക്കാന്‍ മത്സരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് റസൂല്‍(സ്വ) ഉണര്‍ത്തി. അണു അളവ് അഹങ്കാരം ഹൃദയത്തിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അപ്പോള്‍ ഒരാള്‍ ചോദിച്ചു: മനുഷ്യന്‍ തന്റെ വസ്ത്രം ഭംഗിയുള്ളതാവാന്‍ ഇഷ്ടപ്പെടുന്നു. അവന്റെ ചെരിപ്പ് ഭംഗിയുള്ളതാവാന്‍ ഇഷ്ടപ്പെടുന്നു. ഇത് അഹംഭാവമാണോ? നബി(സ്വ)പറഞ്ഞു: അല്ലാഹു ഭംഗിയുള്ളവനാണ്. ഭംഗിയെ അവന്‍ ഇഷ്ടപ്പെടുന്നു(മുസ്‌ലിം) 9
വിശ്വാസിയുടെ ജീവിതവുമായി ഒട്ടും പൊരുത്തപ്പെടാത്തതാണ് അഹങ്കാരമെന്ന് അല്ലാഹു പഠിപ്പിക്കുന്നു.
അസൂയ
ഐഹിക വിഭവങ്ങളുടെയും ശേഷികളുടെയും കാര്യത്തില്‍ മനുഷ്യര്‍ ഭിന്നാവസ്ഥയിലാണ്. സമ്പത്ത്, സൗന്ദര്യം, അറിവ്, അധികാരം, സന്താനങ്ങള്‍, സര്‍ഗശേഷി എന്നിവയിലൊക്കെ ഏറെ വ്യത്യാസങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ കാണുന്നു. ഭിന്ന ജീവിത നിലവാരത്തിലേക്ക് മനുഷ്യന്‍ നീങ്ങുന്നതും അല്ലാഹു നല്‍കിയ ഈ അനുഗ്രഹങ്ങളുടെ തോതിലും തരത്തിലുമുള്ള വ്യത്യാസം കാരണമാണ്. സമൂഹമായി ജീവിക്കുമ്പോള്‍ മനുഷ്യര്‍ തമ്മില്‍ ഉള്ളതിന്റെയും ഇല്ലാത്തതിന്റെയും പേരില്‍ അസന്തുഷ്ടിയും അസഹിഷ്ണുതയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ജീവിതത്തില്‍ തനിക്ക് നേടാനാവാത്തത് മറ്റൊരാള്‍ നേടിയെന്നറിയുമ്പോള്‍, അയാള്‍ക്ക് ലഭ്യമായ നേട്ടം നീങ്ങിക്കാണാന്‍ ആഗ്രഹിക്കുകയും അതിന്റെ പേരില്‍ ഈര്‍ഷ്യയും അസന്തുഷ്ടിയും വെച്ചു പുലര്‍ത്തുകയും ചെയ്യുന്നതിനാണ് അസൂയ എന്നു പറയുന്നത്. സ്വന്തം വ്യക്തിത്വത്തെ വികലമാക്കുന്ന ദുര്‍ഗുണമാണ് അസൂയ. അഭിവൃദ്ധിക്കുള്ള മാര്‍ഗം സ്വന്തമായി തേടുന്നതിന് പകരം അന്യരുടെ പതനത്തില്‍ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി അസ്വസ്ഥതയുമായി കഴിയുന്ന സങ്കുചിത മനസ്സായിരിക്കും അസൂയാലുവിന്റേത്. ഉമിത്തീപോലെ നീറുന്ന അസൂയാലുവിന്റെ മനസ്സില്‍ സദ്‌വിചാരങ്ങള്‍ക്ക് സ്ഥാനമുണ്ടാകില്ല. അസൂയാലുവിന്റെ അകം കലുഷവികാരങ്ങളാല്‍ പുകഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ സ്വസ്ഥത നഷ്ടപ്പെടുന്നു. നബി(സ്വ) ഉണര്‍ത്തുന്നു: വിശന്ന രണ്ട് ചെന്നായകളെ ഒരു ആട്ടിന്‍പറ്റത്തിലേക്ക് വിട്ടാല്‍ അവ ആ ആട്ടില്‍ പറ്റത്തില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ നാശം, ധനത്തോടും പദവിയോടുമുള്ള മനുഷ്യന്റെ ആര്‍ത്തിയാണ് ഉണ്ടാക്കുക (തിര്‍മിദി) 10
സങ്കുചിത മനസ്സിന്റെ ഉടമയായ അസൂയാലുവില്‍ നിന്ന് സമൂഹത്തിലെ ഇതര വ്യക്തികള്‍ക്ക് കൂടി ദ്രോഹമുണ്ടാകുന്നതിനാല്‍ അവന്റെ തിന്മയില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ തേടേണ്ടതുണ്ട്. അസുയാലു അസൂയപ്പെടുമ്പോള്‍ അവന്റെ വിപത്തുകളില്‍ നിന്നും ഞാന്‍ രക്ഷ തേടുന്നു (113:5) എന്ന് പ്രാര്‍ഥിക്കാന്‍ അല്ലാഹു പഠിപ്പിച്ചു തരുന്നു.
സര്‍വ അനുഗ്രഹങ്ങളുടെയും ദാതാവ് അല്ലാഹുവാണ്. ദൈവിക പരീക്ഷണമെന്ന നിലക്ക് ഐഹിക ജീവിതത്തില്‍ അവന്‍ ഇച്ഛിക്കുന്നവിധം മനുഷ്യര്‍ക്ക് ചിലത് നല്‍കുകയും മറ്റു ചിലത് തടയുകയും ചെയ്യുന്നു. നന്മയും, നേട്ടവും ലഭിക്കാന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ളത്. ലഭിക്കാത്തതില്‍ അസന്തുഷ്ടിയോ നിരാശയോ പാടില്ല. സുഖൈശ്വര്യങ്ങളില്‍ കഴിയുന്നവരോട് അതിന്റെ പേരില്‍ അസൂയ കാണിക്കാനും പാടില്ല. അല്ലാഹു പറയുന്നു. ‘അതല്ല, തന്റെ ഔദാര്യത്തില്‍ നിന്നും അല്ലാഹു ചിലര്‍ക്ക് കൊടുത്തിട്ടുള്ളതില്‍ അവര്‍ ആ ജനങ്ങളോട് അസൂയപ്പെടുന്നുവോ’ (4:54).
അസൂയ രണ്ട് കാര്യങ്ങളില്‍ അനുവദനീയമാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. രണ്ടു കാര്യങ്ങളിലല്ലാതെ അസൂയ പാടില്ല. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആനില്‍ പാണ്ഡിത്യം നല്‍കി. എന്നിട്ട് അവന്‍ രാവും പകലും ഖുര്‍ആന്‍ ഓതി ക്കൊണ്ട് നമസ്‌കരിക്കുന്നു. ഒരാള്‍ക്ക് അല്ലാഹു സമ്പത്ത് നല്‍കി. എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രാത്രിയിലും പകലിലും ചെലവഴിക്കുന്നു(ബുഖാരി) 11 സമ്പത്തും വിജ്ഞാനവും ഒരാളെ അനുഗൃഹീതനാക്കിയത് കാണുമ്പോള്‍ അതുപോലെ നന്മയില്‍ മത്സരിച്ച് മുന്നേറാന്‍ ആഗ്രഹിക്കുന്നത് ആരോഗ്യകരമായ അസൂയയാണ് ഇത് ദുര്‍ഗുണമായി വിലയിരുത്താന്‍ കഴിയില്ല എന്നാണ് അവിടുന്ന് പഠിപ്പിച്ചതിന്റെ പൊരുള്‍.
അന്യരുടെ പരാജയം കൊതിക്കുകയും സ്വന്തം നേട്ടത്തില്‍ സംതൃപ്തനാവാന്‍ കഴിയാതെ അസ്വസ്ഥനാവുകയും ചെയ്യുന്നവനാണ് അസൂയാലു. മനസ്സിന്റെ ഏറ്റവും അധമമായ അവസ്ഥ വന്നുപെടാതെ നാം സൂക്ഷിക്കേണ്ടതുണ്ട്. റസൂല്‍(സ്വ) പറഞ്ഞു. ‘നിന്റെ സഹോദരന്റെ കഷ്ടപ്പാടില്‍ നീ സന്തോഷം പ്രകടിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ അല്ലാഹു അവനെ അനുഗ്രഹിക്കുകയും നിന്നെ ക്ലേശിപ്പിക്കുകയും ചെയ്യും'(തിര്‍മിദി).
കോപം
മനുഷ്യമനസ്സിലെരിയുന്ന ഒരു തീപ്പൊരിയാണ് കോപം. കോപത്തിന് അടിമയാകുന്നതോടെ മനുഷ്യന്‍ നിയന്ത്രണാതീതനാവുന്നു. വിവേകം വികാരത്തിന് വഴിമാറുന്നു. അതോടെ തീര്‍ത്തും അപാകമായ വാക്കുകളും ചെയ്തികളും കുപിതനില്‍ നിന്നുണ്ടാവുന്നു. വിവേകത്തിന്റെയും ശാന്തതയുടെയും ശൈലി സ്വീകരിക്കേണ്ട വിശ്വാസിക്ക് കോപാകുലമായ മനസ്സ് ഒട്ടും ചേര്‍ന്നതല്ല. അനിഷ്ടങ്ങളോട് അസഹിഷ്ണത പ്രകടിപ്പിക്കുന്ന പ്രകൃതമാണ് മനുഷ്യര്‍ക്ക് പൊതുവെ ഉള്ളത്. ആത്മസംയമനം പാലിക്കുകയും കോപത്തെ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഇവിടെ സത്യവിശ്വാസി ചെയ്യേണ്ടത്. ഭക്തരുടെ സ്വഭാവം ഖുര്‍ആന്‍ വിവരിക്കുന്നു. ‘സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. സത്കര്‍മികളെ അല്ലാഹു സ്‌നേഹിക്കുന്നു’(3:134). അബൂഹുറയ്‌റ(റ) പറയുന്നു: ഒരാള്‍ നബി(സ്വ)യോട് തനിക്ക് ഉപദേശം നല്‍കാന്‍ അപേക്ഷിച്ചു. അവിടുന്ന് പറഞ്ഞു: ”താങ്കള്‍ കോപിക്കാതിരിക്കുക”. അപേക്ഷ പിന്നെയും ആവര്‍ത്തിച്ചു. അപ്പോഴും അവിടുന്ന് ‘കോപിക്കരുതെ’ന്ന ഉപദേശം തന്നെയാണ് നല്‍കിയത് (ബുഖാരി) 12
കോപത്തിനിടയാക്കുന്ന സാഹചര്യങ്ങളോട് വിവേകപൂര്‍വം പ്രതികരിക്കാനോ അതില്‍ നിന്ന് വിട്ട് നില്‍ക്കാനോ കഴിയാതെ മനുഷ്യന്‍ പലപ്പോഴും പക്വത കളഞ്ഞു കുളിക്കും. ഇവിടെ, റസൂല്‍(സ്വ) കോപത്തെ ഒതുക്കാനുള്ള ചില വഴികള്‍ പറഞ്ഞു തന്നത് ഏറെ ചിന്തനീയമാണ്. പിശാചിന്റെ ഇടപെടല്‍ കാരണം കോപമെന്ന വികാരത്തിന് അടിമപ്പെടുമ്പോള്‍ അല്ലാഹുവിനോട് രക്ഷയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചു. ശപിക്കപ്പെട്ട പിശാചില്‍നിന്ന് അല്ലാഹുവോട് ഞാന്‍ അഭയം തേടുന്നുവെന്ന് പറയുന്ന ഒരാളില്‍ നിന്ന് കോപം നീങ്ങിപ്പോകും (ബുഖാരി) 13.
പകയും വിദ്വേഷവും വിശ്വാസികളോട് വിശേഷിച്ചും പാടില്ലെന്നും അല്ലാഹു കല്പിക്കുന്നു. കോപമുക്തമായ മനസ്സിനായി പ്രാര്‍ഥിക്കാന്‍ നിര്‍ദേശിച്ചു. വിശ്വാസികളോട് ഞങ്ങളുടെ ഹൃദയങ്ങളില്‍ നീ പകയുണ്ടാക്കരുതേ, ഞങ്ങളുടെ നാഥാ, നിശ്ചയം നീ ദയാലുവും കരുണാനിധിയുമാണ്’ (59:10). കോപം വരുന്നതിനിടയുള്ള സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിഞ്ഞാല്‍ ആത്മസംയമനം നിലനിര്‍ത്താന്‍ നമുക്കു കഴിയും. തിന്മയും അതിക്രമവും ചെയ്യുന്നവരോട് വിവേകത്തിന്റെ ഭാഷയില്‍ പ്രതികരിക്കുന്നതിന് പകരം കോപം കൊണ്ട് കലിതുള്ളുന്നവരായി മാറിയാല്‍ അത് വിപരീത ഫലമുളവാക്കും. സ്വന്തം ചെയ്തിയുടെ പേരില്‍ നാം ഖേദിക്കേണ്ടിവരികയും ചെയ്യും. തെറ്റിനോടുള്ള പ്രതികരണം അസ്ഥാനത്തും അപാകം നിറഞ്ഞതുമാകുമ്പോള്‍ അത് കൂടുതല്‍ വലിയ തെറ്റിനെ സൃഷ്ടിക്കുന്നു.
റസൂല്‍(സ്വ) മാതൃക കാണിച്ചുതന്ന ആത്മസംയമനത്തിന്റെ സമീപനം, ശത്രുക്കളെപ്പോലും മിത്രങ്ങളാക്കി മാറ്റിയതാണ് ചരിത്രം കാണിച്ചു തരുന്നത്. നജ്ദിന്റെ ഭാഗത്തു നിന്ന് ഒരു യുദ്ധം അവസാനിപ്പിച്ച് നബി(സ്വ)യും അനുയായികളും മദീനയിലേക്ക് മടങ്ങുകയാണ്. മരങ്ങളുള്ള ഒരു താഴ്‌വരയില്‍ എത്തിയപ്പോള്‍ വിശ്രമിക്കാനുള്ള ഇടങ്ങള്‍ അനുചരര്‍ തേടിയിറങ്ങി. നബി(സ്വ) ഏകനായി ഒരു ഇലന്തമരത്തിന്റെ ചുവട്ടില്‍ വിശ്രമിക്കാന്‍ പോയിക്കിടന്നു. മയക്കത്തിലേക്ക് വഴുതി വീഴുന്നതിനിടയില്‍ ഒരു ശത്രു മരത്തില്‍ തൂക്കയിട്ട വാളെടുത്ത് നബി(സ്വ)യെ വധിക്കാന്‍ ഒരുമ്പെട്ടു. മുഹമ്മദേ, നിന്നെ ആരു രക്ഷിക്കുമെന്ന അക്രമിയുടെ ചോദ്യത്തിന് അക്ഷോഭ്യനായി നബി പറഞ്ഞു: ‘അല്ലാഹ്’. അതുകേട്ട അയാളുടെ കൈയില്‍ നിന്ന് വാള്‍ താഴെ വീഴുകയും നബി(സ്വ) ആ വാളെടുക്കുകയും ചെയ്തു. ഘാതകനായി മുന്നില്‍ വന്ന ശത്രുവെ ഒന്ന് ഭീതിപ്പെടുത്താന്‍ പോലും ഒരുമ്പെടാതെ നബി(സ്വ) അയാള്‍ക്ക് മാപ്പു കൊടുത്തു. തന്നെ വകവരുത്താവുന്ന സാഹചര്യമുണ്ടായിട്ടും തനിക്ക് മാപ്പു നല്‍കി വിട്ടുവീഴ്ച കാണിച്ച നബി(സ്വ)യുടെ സമീപനം ആ മനുഷ്യന്‍ ഗോത്രസമേതം ഇസ്‌ലാം ആശ്ലേഷിക്കാന്‍ കാരണമായി(ബുഖാരി) 14 ഇബ്‌നുല്‍ ജൗസി ഇങ്ങനെ രേഖപ്പെടുത്തുന്നു. ‘നിന്റെ ഇണ കോപിക്കുകയും അരുതാത്തത് പറയുകയും ചെയ്താല്‍ നീയത് ഗൗരവത്തിലെടുക്കരുത്. അപ്പോള്‍ അയാള്‍ സംഭവിക്കുന്നതെന്തെന്ന് അറിയാത്ത ലഹരി ബാധിതനെപ്പോലെയാണ്. കുപിതനായ ആളോട് ആത്മസംയമനം പാലിക്കാതെ കടുത്ത വാക്കുകളാല്‍ ആക്ഷേപിച്ചാല്‍ ഭ്രാന്തനോട് പ്രതികാരം ചെയ്യുന്നവനെപ്പോലെയാകും’ 15
കോപം എന്ന സ്വഭാവദൂഷ്യം കാരണം വ്യക്തി, തന്റെ കുടുംബത്തിലും സമൂഹത്തിലുമൊക്കെ അനഭിമതനായി മാറുന്നു. കോപാന്ധനായി പറഞ്ഞു പോയ ഒരു വാക്ക്, ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു; ഒടുവില്‍ ഖേദിക്കുമെങ്കിലും. അപ്പോഴേക്കുമത് അപരിഹാര്യമായ നഷ്ടം വരുത്തി വച്ചിരിക്കും.
ഏതൊരു മുസ്‌ലിമും, സമൂഹത്തോടുള്ള തന്റെ ബാധ്യതാ നിര്‍വഹണത്തിന്റെ ഭാഗമായി പ്രബോധനം എന്ന ബാധ്യത കൂടി നിര്‍വഹിക്കേണ്ടതാണ്. വാക്കിലും പ്രവൃത്തിയിലും വരുന്ന വീഴ്ചകള്‍ പ്രബോധിത സമൂഹത്തില്‍ വിപരീത ഫലങ്ങളുണ്ടാക്കും.
References- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 454, ഹദീസ് 1162[↩]
- അല്‍ മുഅ്ജമുല്‍ കബീര്‍, സുലൈമാന്‍ ബിന്‍ അഹ്‌മദ് ബിന്‍ അയ്യൂബ് ബിന്‍ മുതൈ്വര്‍ അല്‍ അഹ്‌മിയശ്ശാമി അബുല്‍ ഖാസിം അത്ത്വബ്‌റാനി, മക്തബ ഇബ്‌നു തൈമിയ്യ, കെയ്‌റോ, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 260, ഹദീസ് 754[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 15, പേജ് 421, ഹദീസ് 9675[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 18, ഹദീസ് 2581[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 8, ഹദീസ് 5[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 61, ഹദീസ് 6273 & പേജ് 62 ഹദീസ് 6274[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 35, ഹദീസ് 5219[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 25, ഹദീസ് 6091[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 66, ഹദീസ് 91[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 588, ഹദീസ് 2376[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 102, ഹദീസ് 7316[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 28, ഹദീസ് 6116[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1195, ഹദീസ് 3108[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 114, ഹദീസ് 4135[↩]
- സ്വയ്ദുല്‍ ഖാത്വിര്‍, ഇബ്‌നുല്‍ ജൗസി, പേജ് 295,296[↩]
