ഹറാമുകളും ഹലാലുകളും
മനുഷ്യൻറെ വ്യക്തി – കുടുംബ – സമൂഹ ജീവിതത്തിൻറെ സുസ്ഥിതിക്കായി സ്രഷ്ടാവായ അല്ലാഹു ചില നിയന്ത്രണങ്ങൾ നൽകുന്നുണ്ട്. ഇസ്ലാമിക ജീവിതത്തിൻറെ അടിസ്ഥാന ഭാഗമായ ഇവയാണ് ഹറാമുകളും ഹലാലുകളും.
അനുവദനീയതയുടെ അടിസ്ഥാനം, നിഷിദ്ധതയുടെ മാനദണ്ഡം, നിഷിദ്ധങ്ങളിലേക്ക് നയിക്കുന്നവയും നിഷിദ്ധം, നിയമനിർമ്മാണാധികാരം, ഹലാലും ഹറാമും മാറ്റിമറിക്കൽ, സംശയാസ്പദമായ കാര്യങ്ങൾ, നിർബന്ധിതാവസ്ഥകൾ തുടങ്ങിയ ഉപ ശീർഷകങ്ങളിലൂടെ ഇസ്ലാമിക ജീവിതത്തിൽ വളരെ പ്രധാനമായ ഹറാം – ഹലാലുകളെ കുറിച്ച് ഇവിടെ വിശദമായി പഠിക്കാം.
ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യജീവിതം നിയന്ത്രണവിധേയമാണ്. വിധിവിലക്കുകള്‍ (Dos and Don’ts) ഇല്ലാത്ത ഒരു രംഗവും മനുഷ്യനില്ല. ഈ നിയന്ത്രണങ്ങള്‍ക്കു വേണ്ടിയാണ് നിയമങ്ങള്‍. വീട്ടില്‍, വിദ്യാലയത്തില്‍, സര്‍ക്കാര്‍ തലത്തില്‍ തുടങ്ങി മനുഷ്യന് ഇടപെടുന്നേടത്തെല്ലാം നിയന്ത്രണങ്ങളുണ്ട്. ഇത് മനുഷ്യന്റെ പ്രത്യേകതയാണ്. മനുഷ്യജീവിതത്തിന്റെ അനിവാര്യഘടകമായ മതങ്ങളിലും വിധികളും വിലക്കുകളുമുണ്ട്. ഇസ്ലാമിക സാങ്കേതിക പദങ്ങളായ ഹലാല്‍ (അനുവദീയം), ഹറാം (നിഷിദ്ധം) എന്നിവ സൂചിപ്പിക്കുന്നതും ഇതുതന്നെ.
നിഷിദ്ധമെന്ന് പ്രത്യേകം എടുത്തുപറയാത്തതെല്ലാം അനുവദനീയമാണ്. അതാണ് പൊതു തത്ത്വം. വിശുദ്ധ ഖുര്‍ആനും നബിവചനങ്ങളും ജീവിതത്തിന്റെ സമസ്ത മേഖലകളിലും ശ്രദ്ധിക്കേണ്ട വിധിവിലക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവ യഥാവിധി പാലിക്കുക എന്നതു തന്നെയാണ് ഭക്തി അഥവാ തഖ്വ.
അനുവദനീയതയുടെ അടിസ്ഥാനം
അല്ലാഹുവോ അവന്റെ പ്രവാചകനോ അനുവദനീയമാക്കിയത് അഥവാ നിരോധിക്കാത്തതിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് ഹലാല്‍. ഇസ്ലാമില്‍ ഖണ്ഡിതമായി നിരോധിക്കപ്പെട്ട കാര്യങ്ങളെ ‘ഹറാം’ (നിഷിദ്ധം) എന്നു പറയുന്നു. മനുഷ്യന് മോക്ഷം കൈവരിക്കാനുള്ള മാര്‍ഗമായ ദൈവിക മതങ്ങള്‍ മുഖേന നല്കപ്പെട്ട ഹറാമിന്റെയും ഹലാലിന്റെയും വിധിവിലക്കുകള്‍ മഹിതമായ മാനവിക മൂല്യങ്ങളിലേക്ക് മനുഷ്യനെ നയിച്ചു. ശാശ്വതവും സമ്പൂര്‍ണവും സമഗ്രവുമായ ഇസ്ലാമിലൂടെ കാലദേശ ഭേദമന്യേ സര്‍വ മനുഷ്യര്‍ക്കും നന്മ വരുത്താനാവശ്യമായ നിയമ നിര്‍മാണമാണ് അല്ലാഹു പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഈ മൂല്യങ്ങള്‍ പാലിക്കാത്ത സമൂഹങ്ങള്‍ മനുഷ്യകുലത്തിന് ദോഷകരമായി നില്ക്കുന്നു.
ജാഹിലിയ്യാ കാലത്തെ അറേബ്യന്‍ സമൂഹം തന്നെയാണ് മികച്ചൊരുദാഹരണം. മദ്യപാനം, പലിശ, സ്ത്രീപീഡനം, ശിശുഹത്യ തുടങ്ങിയ ജീര്‍ണതകള്‍ അവരുടെ മുഖമുദ്രയായിരുന്നു. ഇസ്ലാം ഹറാമിന്റെയും ഹലാലിന്റെയും മാനദണ്ഡങ്ങള്‍ സുനിശ്ചിതമാക്കി. വ്യക്തിയുടെയും സമൂഹത്തിന്റെയും ബുദ്ധിപരവും ആത്മീയവും ശാരീരികവുമായ നന്മയാണ് ഇസ്ലാം അനുവദനീയമാക്കിയതിന്റെയും നിഷിദ്ധമാക്കിയതിന്റെയും അടിസ്ഥാന മാനദണ്ഡമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്.
അല്ലാഹു സൃഷ്ടിച്ച വസ്തുക്കളുടെയും പ്രയോജനകരമായ പദാര്‍ഥങ്ങളുടെയും മൗലിക സ്വഭാവം അനുവദനീയതയാണ്. അല്ലാഹു നിഷിദ്ധമാക്കിയതിന് വ്യക്തവും സ്വീകാര്യവുമായ തെളിവില്ലാത്തവയൊന്നും തന്നെ നിഷിദ്ധമല്ല. ഇസ്ലാമിക ശരീഅത്തില്‍ അനുവദനീയങ്ങളുടെ മേഖല വളരെ വിശാലവും നിഷിദ്ധങ്ങളുടെ വൃത്തം നന്നെ ചെറുതുമാണ്. നിഷിദ്ധമാക്കിയ കാര്യങ്ങളാകട്ടെ അതിന്റെ പിന്നില്‍ ന്യായമായ കാരണങ്ങളും യുക്തിദീക്ഷയുടെ അടിസ്ഥാനവും കാണും.
ഓരോ പ്രശ്നങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ഹറാം ഹലാല്‍ മതവിധി നല്കുകയായിരുന്നില്ല നബി(സ്വ) ചെയ്തത്. ഹറാമും ഹലാലും മനസ്സിലാക്കാന്‍ അവലംബിക്കേണ്ട തത്വങ്ങളെക്കുറിച്ച് അവരെ ഉണര്‍ത്തുകയാണ് ചെയ്തത്. സല്‍മാനുല്‍ ഫാരിസി(റ) പറയുന്നു: പാല്‍ക്കട്ടി, കൊഴുപ്പ്, രോമവസ്ത്രം എന്നിവയെ സംബന്ധിച്ച് നബി(സ്വ)യോട് ചോദിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ”ഗ്രന്ഥത്തില്‍ അല്ലാഹു അനുവദനീയമാക്കിയതത്രെ ഹലാല്‍; ഗ്രന്ഥത്തില്‍ അല്ലാഹു നിഷിദ്ധമാക്കിയവ ഹറാമും. മൗനമവലംബിച്ചവ നിങ്ങള്‍ക്ക് ഇളവ് നല്‍കപ്പെട്ടവയും” (തിര്‍മിദി) 1
അല്ലാഹു ചില നിര്‍ബന്ധ കാര്യങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതുപേക്ഷിക്കാന്‍ പാടില്ല. ചില പരിധികള്‍ നിര്‍ണയിച്ചിരിക്കുന്നത് ലംഘിക്കാനും പാടില്ല. നിഷിദ്ധങ്ങളായി പ്രഖ്യാപിച്ചത് പാടെ വര്‍ജിക്കുകയും മൗനമവലംബിച്ചത് ചുഴിഞ്ഞന്വേഷിക്കാതിരിക്കുകയും വേണമെന്നാ ണ് നിയമം. നബി(സ്വ) അരുളി. ഞാന്‍ നിങ്ങളോട് നിര്‍ദേശിക്കാതെ ഉപേക്ഷിച്ചതില്‍ നിങ്ങളെന്നെയും ഉപേക്ഷിക്കുക. നിശ്ചയം നിങ്ങളുടെ മുന്‍ഗാമികള്‍ നശിച്ചതിന്റെ കാരണം പ്രവാചകന്മാര്‍ക്കെതിരിലുള്ള അവരുടെ അനാവശ്യ ചോദ്യങ്ങളും ഭിന്നതയുമാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് ഒരു കാര്യം നിരോധിച്ചാല്‍ അത് നിങ്ങള്‍ വര്‍ജിക്കുക. വല്ലതും കല്പിച്ചാല് നിങ്ങള്‍ക്ക് സാധിക്കുന്നതു ചെയ്യുക (ബുഖാരി) 2
നിഷിദ്ധതയുടെ മാനദണ്ഡം
ഇസ്ലാമില്‍ ഖണ്ഡിതമായി നിരോധിക്കപ്പെട്ടതിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് ഹറാം. അല്ലാഹുവോ അവന്റെ പ്രവാചകനോ നിഷിദ്ധമാക്കിയതിനെ അനുവദനീയമായി കണ്ട് അത് പ്രവര്ത്തിക്കുന്നവന് പരലോകത്ത് ശിക്ഷാര്‍ഹനായിത്തീരുന്നു. അല്ലാഹു പരമകാരുണികനും കരുണാനിധിയുമാണ്. അതുകൊണ്ട് മനുഷ്യരുടെ നന്മ ലക്ഷ്യം വെച്ചു കൊണ്ടാണ് അല്ലാഹു ഹറാമും ഹലാലും നിശ്ചയിച്ചത്. സര്‍വ അനുഗ്രഹങ്ങളുടെയും ദാതാവും സര്‍വജ്ഞനുമായ അല്ലാഹുവിന് അവന്റെ ദാസന്മാരോട് ചില കാര്യങ്ങള്‍ നിയമവിധേയങ്ങളും മറ്റു ചില കാര്യങ്ങള്‍ നിയമവിരുദ്ധങ്ങളുമായി പ്രഖ്യാപിക്കാനുള്ള അവകാശമുണ്ട്. അവന് കല്പിച്ച കാര്യങ്ങള്‍ സ്വീകരിക്കുകയും വിരോധിച്ചവ വെടിയുകയും ചെയ്തുകൊണ്ട് അവന് വിധേയമായി ജീവിക്കാനുള്ള ബാധ്യത മനുഷ്യനുണ്ട്.
പരമകാരുണികനായ അല്ലാഹു മനുഷ്യന് നന്മയായിതീരുന്നതെല്ലാം അനുവദനീയമാക്കി. ചീത്തയും ഉപദ്രവകരവുമായതിനെ നിഷിദ്ധങ്ങളാക്കുകയും ചെയ്തു. ആത്യന്തികമായി നന്മയും തിന്മയും ആയി ഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സസൂക്ഷ്മം അറിയുന്നവന് അല്ലാഹു മാത്രമാണ്. തീര്‍ത്തും ഉപകാരപ്രദമായത് അനുവദനീയവും ഉപകാരത്തേക്കാള്‍ ഉപദ്രവം കൂടുതലുള്ളത് വിരോധിക്കപ്പെട്ടതും ദോഷത്തേക്കാളേറെ നന്മയുള്ളത് അനുവദിക്കപ്പെട്ടതുമാണ്. മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും കാര്യത്തില്‍ വിശുദ്ധഖുര്ആന് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അല്ലാഹു നിഷിദ്ധമാക്കിയതിന്റെ കാര്യകാരണങ്ങള്‍ മനസ്സിലാക്കാന്‍ മനുഷ്യന് സാധിച്ചുകൊള്ളണമെന്നില്ല. ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണ പഠനങ്ങളും കാലാനുസൃതമായി പുരോഗിക്കുമ്പോള്‍ അല്ലാഹു നിഷിദ്ധമാക്കി നിശ്ചയിച്ചതിന്റെ ദോഷവും ഉപദ്രവും ഉള്‍ക്കൊള്ളാന്‍ സാധിച്ചേക്കാം. പരിമിതമായ ബുദ്ധിയുടെയും യുക്തിയുടെയും വെളിച്ചത്തില്‍ ബോധ്യപ്പെട്ടത് അംഗീകരിക്കുക എന്നതായിരിക്കില്ല ഒരു വിശ്വാസിയുടെ നിലപാട്.
അല്ലാഹുവും റസൂലും നിഷിദ്ധമാക്കിയ വസ്തുക്കളും പ്രവൃത്തികളുമുണ്ട്. അവയില്‍ ചിലതിന്റെ കാരണങ്ങള്‍ നബി (സ്വ) തന്നെ വ്യക്തമാക്കും. ചിലതിന്റെ കാരണങ്ങള്‍ നമുക്ക് ഊഹിക്കാന്‍ കഴിയും. മറ്റു ചില കാര്യങ്ങള്‍ നിരോധിക്കാന്‍ കാരണമെന്തെന്ന് മനസ്സിലായില്ലെന്നു വരും. എന്നാല്‍ അല്ലാഹുവും റസൂലും നിരോധിച്ചത് പൂര്‍ണമായും വര്‍ജിക്കുക എന്നതായിരിക്കണം വിശ്വാസിയുടെ നിലപാട്.
നിഷിദ്ധങ്ങളിലേക്ക് നയിക്കുന്നവയും നിഷിദ്ധം
അല്ലാഹുവും റസൂലും നിഷിദ്ധമാക്കി നിശ്ചയിച്ച സംഗതികള്‍ വിശ്വാസികള്‍ വര്‍ജിച്ചേ പറ്റൂ. നിഷിദ്ധ കര്‍മങ്ങള്‍ ചെയ്യുന്നവര്‍ ശിക്ഷാര്ഹരായിത്തീരുന്നതുപോലെ പ്രത്യക്ഷ പരോക്ഷമായ മാര്‍ഗങ്ങളിലൂടെ അതില്‍ പങ്കാളികളാവുന്നവര്‍ കുറ്റക്കാര്‍ തന്നെയാണ്. മദ്യം നിഷിദ്ധമാണ്. ഇക്കാര്യം വ്യക്തമാക്കിയപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു. മദ്യം വാറ്റുന്നവരെയും കൊണ്ടുവരുന്നവരെയും അതിന്റെ വില ഉപയോഗിക്കുന്നവരെയും കുടിക്കുന്നവരെയുമെല്ലാം നബി ശപിച്ചിരിക്കുന്നു. പലിശ നിഷിദ്ധമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അത് വാങ്ങുന്നവരും കൊടുക്കുന്നവരും കണക്കെഴുതുന്നവരും അതിന് സാക്ഷി നില്‍ക്കുന്നവരും ശപിക്കപ്പെട്ടവരാണെന്ന് നബി(സ്വ) പഠിപ്പിക്കുന്നു 3.
നിഷിദ്ധ കാര്യങ്ങളില്‍ നിന്നെന്ന പോലെ നിഷിദ്ധകാര്യം ചെയ്യുന്നതിന് സാഹചര്യമൊരുക്കുന്നവയില് നിന്നും വിട്ടുനില്‍ക്കുക എന്നതാണ് വിശ്വാസി സ്വീകരിക്കേണ്ട നിലപാട്. നിഷിദ്ധത്തിന് സഹായകമായിത്തീരുന്നതെല്ലാം ഹറാമാണ്. വ്യഭിചാരം വലിയ കുറ്റമാണ്. അതോടൊപ്പം അതിലേക്ക് നയിക്കുന്ന മുഴുവന്‍ പ്രേരണകളും നിഷിദ്ധമാണ്. അനാവശ്യമായ നോട്ടം, അഴിഞ്ഞാട്ടം, അനാശാസ്യമാം വിധം അന്യസ്ത്രീയും പുരുഷനും ഒരിടത്ത് തനിച്ചാകല്‍, നഗ്നചിത്രം, അശ്ലീല സാഹിത്യം, ആഭാസ ഗാനങ്ങള്‍ തുടങ്ങിയവയെല്ലാം നിഷിദ്ധങ്ങളില്‍ ഉള്‍പ്പെടുന്നു. കാരണം അവയെല്ലാം വലിയ തിന്മകളിലേക്ക് നയിച്ചേക്കാം.
ശനിയാഴ്ച ദിവസം മീന്‍പിടിക്കുന്നതില്‍ നിന്ന് അല്ലാഹു ജൂതന്മാരെ വിലക്കിയിരുന്നു. അപ്പോള്‍ അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. ശനിയാഴ്ച മത്സ്യം വീഴാന്‍ വേണ്ടി വെള്ളിയാഴ്ച തോടുകള്‍ ഉണ്ടാക്കി. ഞായറാഴ്ച മത്സ്യം പിടിക്കുകയും ചെയ്തു. നിഷിദ്ധമാക്കിയതിനെ നിയമവിധേയമാക്കാന്‍ കുബുദ്ധി കാണിക്കുകയായിരുന്നു. ആ നിഷിദ്ധകാര്യം ചെയ്യാന്‍ അവര്‍ ധൃതികൂട്ടുകയാണ് ചെയ്തത്. നിഷിദ്ധകാര്യങ്ങള്‍ നേര്‍ക്കു നേരെ ചെയ്യുന്നതുപോലെ നിഷിദ്ധമായ മാര്‍ഗങ്ങളിലൂടെ വിരോധിച്ച കാര്യങ്ങള്‍ അനുവദനീയമാക്കുന്നതും അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് കാരണമായിത്തീരുന്നു.
നിയമനിര്‍മാണാധികാരം
ഹറാമും ഹലാലും തീരുമാനിക്കാനുള്ള അധികാരം സ്രഷ്ടാവായ അല്ലാഹുവിന്റെ മാത്രം അവകാശത്തില്‍പ്പെട്ടതാണ്. പണ്ഡിതന്മാര്ക്കോ ഭരണാധികാരികള്‍ക്കോ അല്ലാഹുവിന്റെ അടിമകളുടെ മേല്‍ ഹറാമും ഹലാലും നിശ്ചയിച്ച് നിയമം നിര്‍മിക്കാനുള്ള അധികാരമില്ല. അനുവദനീയവും നിഷിദ്ധവും നിശ്ചയിക്കാനുള്ള അവകാശം പണ്ഡിത പുരോഹിതന്മാര്ക്ക് നല്കിയ വേദക്കാരെ വിശുദ്ധഖുര്ആന് ആക്ഷേപിച്ചിട്ടുണ്ട്.
അല്ലാഹു പറയുന്നു: ‘ദൈവത്തെ വെടിഞ്ഞ് തങ്ങളുടെ മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകന് മസീഹിനേയും അവര്‍ ദൈവങ്ങളാക്കി വെച്ചിരിക്കുന്നു. ഒരേ ഒരു ദൈവത്തിന് വഴിപ്പെട്ടു ജീവിക്കാന്‍ മാത്രമാണ് അവര്‍ കല്പിക്കപ്പെട്ടിരിക്കുന്നത്. അവനല്ലാതെ മറ്റൊരു ദൈവുമില്ല തന്നെ. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനത്രെ പരിശുദ്ധന് (9:31). അദിയ്യുബ്നു ഹാത്തിം പ്രവാചകസന്നിധിയില്‍ വന്നു. ഇസ്ലാമിനു മുമ്പ് അദ്ദേഹം ക്രിസ്ത്യാനിയായിരുന്നു. നബി(സ്വ) ഈ ഖുര്‍ആന്‍ വാക്യം പാരായണം ചെയ്യുന്നത് കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. ‘അല്ലാഹുവിന്റെ പ്രവാചകരേ, വേദക്കാര്‍ പുരോഹിതന്മാരെ ആരാധിക്കുന്നില്ലല്ലോ? അവിടുന്ന് പ്രതിവചിച്ചു. ‘അവര്‍ അനുവദനീയമായത് ജനങ്ങള്‍ക്ക് നിഷിദ്ധങ്ങളാക്കി, അല്ലാഹു നിഷിദ്ധമാക്കിയത് അവര്‍ക്ക് അനുവദിച്ചു കൊടുക്കുകയും ചെയ്തു. ജനങ്ങള്‍ അവരെ അനുസരിച്ചു. (തിര്‍മിദി) 4 ഹലാലും ഹറാമും നിശ്ചയിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമാണെന്നിരിക്കെ ആ നിയമ നിര്‍മാണാധികാരത്തില്‍ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും പങ്കാളികളാക്കുന്നത് കൊടിയ പാപമായ ശിര്‍ക്ക് തന്നെയാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.
അല്ലാഹുവിന്റെ മേല്‍ വ്യാജാരോപണം നടത്തുന്ന ഇക്കൂട്ടര്‍ വിജയിക്കുകയില്ലെന്ന് അല്ലാഹു പറയുന്നു. ‘നിങ്ങളുടെ നാവില്‍ വരുന്നതനുസരിച്ച്, ഇത് നിയമാനുസൃതമാണ്. ഇത് നിഷിദ്ധമാണ് എന്നിങ്ങനെ നുണ പറയരുത്. അങ്ങനെ ചെയ്യുന്നത് അല്ലാഹുവിന്റെ മേല്‍ വ്യാജാരോപണം നടത്തലാണ്. അല്ലാഹുവിന്റെ മേല്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ ഒരിക്കലും വിജയിക്കുകയില്ല’ (16:116). വിശുദ്ധഖുര്‍ആനിലൂടെയും സ്വഹീഹായ ഹദീസൂകളിലൂടെയും വ്യക്തമായിട്ടുള്ള നിയമങ്ങള്‍ വിവരിച്ചുകൊടുക്കുകയെന്ന ഉത്തരവാദിത്വമാണ് പണ്ഡിതന്മാര്ക്ക് നിര്‍വഹിക്കാനുള്ളത്. ഹലാല്‍ നിഷിദ്ധമാക്കിക്കൊണ്ടോ ഹറാം അനുവദനീയമാക്കിക്കൊണ്ടോ തെറ്റ് സംഭവിക്കുമോയെന്ന് ഭയന്നിരുന്നതിനാല്‍ മതവിധികള്‍ നല്കുന്നതില് നിന്നും പണ്ഡിതന്മാര് കഴിയുന്നത്ര സൂക്ഷ്മത പാലിക്കുകയും പലപ്പോഴും അതില്‍ ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.
ഇമാം ശാഫിഈ തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു: വ്യാഖ്യാനത്തിന് ഇടമില്ലാതെ വ്യക്തമായി അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ വന്നതിനെക്കുറിച്ചല്ലാതെ ഇന്നത് നിഷിദ്ധമാണെന്നും ഇന്നത് അനുവദനീയമാണെന്നും പറഞ്ഞ് വിധികള്‍ നല്കാന് സമ്മതിക്കരുതെന്ന് നമ്മുടെ ഗുരുക്കന്മാര് മനസ്സിലാക്കിയിരുന്നു (അല്‍ ഉമ്മ്). ഖണ്ഡിതമായി ഹറാമാ െണന്നറിയപ്പെട്ടവയെക്കുറിച്ചല്ലാതെ ഇത് നിഷിദ്ധമാണെന്ന് മുന്‍ഗാമികളാരും പറഞ്ഞിരുന്നില്ല. ഇമാം മാലിക്, അബൂഹനീഫ, അഹ്മദ്ബ്നുല്‍ ഹന്ബല് തുടങ്ങിയ പണ്ഡിതന്മാരോട് ഏതെങ്കിലും കാര്യത്തെ സംബന്ധിച്ച് അന്വേഷിച്ചാല്‍ ഞാനത് വെറുക്കുന്നു, ഇഷ്ടപ്പെടുന്നില്ല, അല്ലെങ്കില്‍ എനിക്കത് നന്നായി തോന്നുന്നില്ല, അതുമല്ലെങ്കില്‍ അതെന്നെ സന്തോഷിപ്പിക്കുന്നില്ല എന്നിങ്ങനെയാണ് മറുപടി നല്‍കിയിരിക്കുന്നത്. ഖണ്ഡിതമായി ഹറാം, ഹലാല്‍ വിധി വരാത്ത വിഷയങ്ങളില്‍ മതവിധി നല്കുന്നതില് ഹലാല്‍ ഹറാമായോ, ഹറാം ഹലാലായോ തെറ്റു സംഭവിക്കാതിരിക്കാനുള്ള സൂക്ഷ്മതയായിരുന്നു സാത്വികരായ പണ്ഡിതന്മാര് പുലര്‍ത്തിയിരുന്നത്. കാരണം മതനിയമങ്ങള്‍ നിര്‍മിക്കാനുള്ള അധികാരം അല്ലഹുവിനാണ്. ഇസ്ലാമിക നിയമങ്ങള്‍ക്കാണ് ശരീഅത്ത് എന്നു പറയുന്നത്.
നിയമനിര്‍മാണധികാരം അല്ലാഹുവിന് മാത്രമാണ് എന്നതിന്റെ ഉദ്ദേശ്യം മതനിയമങ്ങളാണ്. അതേ സമയം ഭൗതിക കാര്യങ്ങളില്‍ നിയമങ്ങള്‍ നിര്‍മിക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. അവ പക്ഷേ മൗലികമായ ശരീഅത്ത് നിയമങ്ങള്‍ക്ക് വിരുദ്ധമാകരുത്. സമൂഹ നന്മയ്ക്കു വേണ്ടി മനുഷ്യരുണ്ടാക്കിയ നിയമങ്ങള്‍ പാലിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. രാഷ്ട്രത്തിന്റെ ഭരണഘടന, സിവില്‍ നിയമങ്ങള്‍, ശിക്ഷാനിയമങ്ങള്‍ മുതലായവ ഇതില്‍പ്പെടുന്നു.
ഹലാലും ഹറാമും മാറ്റിമറിക്കല്‍
ഹലാലും ഹറാമും നിശ്ചയിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമാണുള്ളത്. മതനിഷ്ഠയിലും ഭക്തിയിലുള്ള ചിലരുടെ അമിതാവേശവും അതിരുകവിയലും കാരണം അല്ലാഹു അനുവദനീയമാക്കിയതു പോലും വേണ്ടെന്നു വെയ്ക്കുന്ന ദുഷ്പ്രവണത പ്രകടമായപ്പോള്‍ റസൂല്‍(സ്വ) ശക്തമായ ഭാഷയില്‍ നാശത്തെക്കുറിച്ച് ഇക്കൂട്ടര്‍ക്ക് മുന്നറിയിപ്പ് നല്കുകയുണ്ടായി.
അറേബ്യയിലെ ബഹുദൈവവിശ്വാസികള്‍ വിവിധ തരം മൃഗങ്ങളെയും ധാന്യങ്ങളെയും തങ്ങള്‍ക്ക് സ്വയം നിഷിദ്ധമാക്കിയിരുന്നു. അവര്‍ വഴിപാടായി ഉഴിഞ്ഞിടുകയും ഉപയോഗിക്കല്‍ നിഷിദ്ധമാക്കുകയും ചെയ്ത മൃഗങ്ങള്‍ ബഹീറ, സാഇബ, വസീല, ഹാം എന്നെല്ലാം അറിയപ്പെട്ടിരുന്നു. അല്ലാഹു പറയുന്നു: ബഹിറ, സാഇബ, വസീല, ഹാം എന്നിവയൊന്നും അല്ലാഹു നിശ്ചയിച്ചിട്ടില്ല. സത്യനിഷേധികള്‍ ദൈവത്തിന്റെ പേരില്‍ കള്ളമാരോപിക്കുകയാണ്. അവരിലധികമാളുകളും ചിന്തിക്കുന്നില്ല. അല്ലാഹു അവതരിപ്പിച്ച സന്ദേശങ്ങളിലേക്കും പ്രവാചകചര്യയിലേക്കും വരികയെന്ന് അവരോട് പറയപ്പെട്ടാല്‍ നടന്നുകണ്ടവ മാത്രം മതി ഞങ്ങള്‍ക്ക് എന്ന് അവര്‍ പറയുന്നു. അവരുടെ പിതാക്കളൊന്നുമറിയാത്തവരും നേര്‍മാര്‍ഗം പ്രാപിക്കാത്തവരുമായിരുന്നു (5:103, 104).
ഒട്ടകം, പശു, ചെമ്മരിയാട്, കോലാട് എന്നീ നാല്ക്കാലികളില് നിഷിദ്ധങ്ങളെന്ന് അവര്‍ വാദിച്ചിരുന്നതിനെ സംബന്ധിച്ച് അല്ലാഹു പറയുന്നു: എട്ട് ഇണകളുണ്ട്. ചെമ്മരിയാടില്‍ രണ്ടെണ്ണം, കോലാടില്‍ രണ്ടിനങ്ങള്‍, അതിനാല്‍ ചോദിക്കുക. രണ്ട് ആണ്‍വര്‍ഗത്തെയോ രണ്ട് പെണ്വര്ഗത്തേയോ അതുമല്ലെങ്കില്‍ രണ്ട് പെണ്വര്ഗത്തിന്റെയോ ഗര്‍ഭാശയം ഉള്‍ക്കൊള്ളുന്നതിനെയോ ഏതിനെയാണ് അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്? നിങ്ങള്‍ സത്യവാന്മാരാണെങ്കില് അറിവിന്റെ അടിസ്ഥാനത്തില്‍ എന്നോട് പറയുക. ഒട്ടകത്തില്‍ രണ്ടിനവും പശുവില്‍ രണ്ട് വര്‍ഗവുമുണ്ട്. അതിനാല്‍ ചോദിക്കുക. രണ്ട് ആണിനെയോ അതല്ല രണ്ട് പെണ്ണിനെയോ ഏതിനെയാണ് നിഷിദ്ധമാക്കിയത് (6:143, 144).
മദീനയില്‍വെച്ച് ചില മുസ്ലിംകള് ഭക്തിയുടെ പേരില്‍ നല്ല പദാര്‍ഥങ്ങള്‍ സ്വയം നിഷിദ്ധമാക്കിയിരുന്നു. അപ്പോള്‍ അല്ലാഹു അവരെ ദൈവിക നിയമത്തിന്റെപരിധിയില്‍ ഒതുങ്ങിനിന്ന് നേരെ ചൊവ്വെയുള്ള ദീനിന്റെ പാത സ്വീകരിക്കാന്‍ അല്ലാഹു അവരോട് കല്പിച്ചു. ‘സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് നിയമവിധേയങ്ങളാക്കിതന്നിരിക്കുന്ന നല്ല സാധനങ്ങള്‍ നിങ്ങള്‍ നിഷിദ്ധങ്ങളാക്കരുത്. നിങ്ങള്‍ പരിധി ലംഘിക്കരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിങ്ങള്‍ക്ക് നല്കിയ പദാര്‍ഥങ്ങളില്‍ നല്ലതും നിയമാനുസൃതമായതും ഭക്ഷിച്ചുകൊള്ളുക. നിങ്ങള്‍ വിശ്വസിച്ചിരിക്കുന്ന അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക (5:87,88)’.
സംശയാസ്പദമായ കാര്യങ്ങള്‍
ദൈവിക മതമായ ഇസ്ലാമിലെ വിധിവിലക്കുകള്‍ സുവ്യക്തമാണ്. അത് ലളിതവും കൃത്യവുമായി പ്രമാണങ്ങളില്‍നിന്ന് ഗ്രഹിക്കാന്‍ കഴിയും. അവ്യക്തതകളേതുമില്ലാതെ ഹലാലിന്റെയും ഹറാമിന്റെയും കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേര്‍തിരിച്ച് കൊടുത്തു എന്നത് അല്ലാഹു ചെയ്ത അനുഗ്രഹമായി ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ”നിങ്ങള്‍ക്ക് നിഷിദ്ധമായത് നിങ്ങള്‍ക്കവന്‍ വിശദീകരിച്ചു തന്നിട്ടുണ്ട്” (6:119).
വ്യക്തമായും അനുവദനീയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ മതപരമായി യാതൊരു വിലക്കുമില്ല. സ്പഷ്ടമായും നിരോധിക്കപ്പെട്ടവ നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍ വ്യക്തമായ നിഷിദ്ധങ്ങളുടെയും സ്പഷ്ടമായ അനുവദനീയങ്ങളുടെയും മധ്യേ ഒരു മേഖലയുണ്ട്. സംശയാസ്പദമായ ഇത്തരം കാര്യങ്ങള്‍ വ്യക്തമായി ഹറാമെന്നോ ഹലാലെന്നോ വിധി പറഞ്ഞുകൂടാത്തതാണ്. സൂക്ഷ്മതയ്ക്കായി ഇത്തരം അവ്യക്തമായ കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. നിഷിദ്ധങ്ങളിലകപ്പെടാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമായി അവര്‍ വര്‍ജിക്കുന്നതാണ് കൂടുതല്‍ നല്ലത്.
സംശയാസ്പദമായ കാര്യങ്ങളില്‍ ഈ ഒരു നിലപാട് സ്വീകരിക്കുന്നതിന്റെ അടിസ്ഥാനം പ്രവാചകന്റെ ഒരു വചനമാണ് നബി(സ്വ) പറഞ്ഞു. ”അനുവദനീയങ്ങളായവ വ്യക്തമാണ്. നിഷിദ്ധങ്ങളായവ സ്പഷ്ടങ്ങളുമാണ്” അവയ്ക്കിടയില്‍ സാദൃശ്യങ്ങളുള്ള കാര്യങ്ങളുണ്ട്. അധികമാളുകള്‍ക്കും അവ അറിയുകയില്ല. അത്തരം അവ്യക്തമായ കാര്യങ്ങളില്‍ പെട്ടുപോകാതെ സൂക്ഷിക്കുന്നവന് തന്റെ മതത്തിനും അഭിമാനത്തിനും പോറലേല്‍ക്കാതെ രക്ഷപ്പെട്ടു. അത്തരം അവ്യക്തത കാര്യങ്ങളില്‍പെട്ട് പോകുന്നവന് നിഷിദ്ധമായവയിലകപ്പെടുന്നു. സംരക്ഷിതമേഖലയ്ക്ക് ചുറ്റും അതിര്‍ത്തിയോടടുത്ത് മേയുന്നതു പോലെയാണത്. അതിരു കടന്ന് മേയാനിടയുണ്ട്. അറിയുക, ഓരോ രാജാവിനും ഓരോ സംരക്ഷിത മേഖലയുണ്ട്. അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളത്രെ അവന്റെ സംരക്ഷിത സ്ഥലം (ബുഖാരി) 5
നിര്‍ബന്ധിതാവസ്ഥകള്‍
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു അവന്റെ ദാസന്മാര്ക്ക് ക്ലേശവും ഞെരുക്കവും ഉണ്ടാക്കാന്‍ വേണ്ടിയല്ല ജീവിതത്തില്‍ വിധിവലക്കുകള്‍ നിര്‍ണയിച്ചിരിക്കുന്നത്. അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ നന്മയുണ്ടാകുന്നതു പോലെ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങള്‍ ഇരുലോകത്തും ഉപദ്രവകരവും നാശഹേതുവുമായിരിക്കും. അതുകൊണ്ട് നിഷിദ്ധ കാര്യങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുക എന്ന നിലപാടാണ് വിശ്വാസി സ്വീകരിക്കേണ്ടത്. നിഷിദ്ധങ്ങളിലേക്ക് ചെന്നെത്തുന്ന മുഴുവന്‍ മാര്‍ഗങ്ങളും ഇസ്ലാം കൊട്ടിയടച്ചിട്ടുണ്ട്. നിഷിദ്ധങ്ങളിലേക്ക് നയിക്കുന്നതും നിഷിദ്ധമായി ഗണിക്കപ്പെടുന്നതുപോലെ, നിഷിദ്ധത്തിന് വഴിയൊരുക്കുന്നതില്‍ നിന്നെല്ലാം നിരോധിക്കപ്പെട്ടത് എന്ന നിലക്ക് വിട്ടുനില്ക്കേണ്ടതാണ്. എങ്കിലും മനുഷ്യജീവിതത്തിലെ നിര്‍ബന്ധിതാവസ്ഥയെയും മനുഷ്യന്റെ നിസ്സഹായാവസ്ഥയെയും ഇസ്ലാം പരിഗണിച്ചിട്ടുണ്ട്. ഇത്തരം നിര്‍ബന്ധിതാവസ്ഥയുടെ സമ്മര്‍ദഘട്ടങ്ങളില്‍ ജീവഹാനി ഒഴിവാക്കാന്‍ അത്യാവശ്യമായ തോതില്‍ നിഷിദ്ധങ്ങളായവ ഉപയോഗിക്കുന്നത് ഇസ്ലാം മുസ്ലിമിന് അനുവദിക്കുന്നു.
മനുഷ്യന്റെ ജീവന്, അഭിമാനം, സമ്പത്ത് എന്നിവക്ക് ഇസ്ലാം ഏറെ പവിത്രത കല്പിച്ചിട്ടുണ്ട്. ജീവഹാനി ഭയക്കുന്ന നിര്‍ബന്ധിതാവസ്ഥയില്‍ നിഷിദ്ധമായതും അനുവദിക്കപ്പെട്ടി രിക്കുന്നു. ശവവും രക്തവും പന്നിമാംസവും അല്ലാഹു അല്ലാത്തവര്‍ക്കായി അറുക്കപ്പെട്ടതും മാത്രമാണവന് നിങ്ങള്‍ക്ക് വിരോധിച്ചിരിക്കുന്നത്. എന്നാല്‍ വല്ലവനും നിര്ബന്ധിതനായിത്തീര്ന്നാല് ആഗ്രഹമോ പരിധിലംഘനമോ കൂടാതെ അവ ഉപയോഗിക്കുന്നതില്‍ വിരോധമില്ല. അല്ലാഹു വളരെയേറെ പൊറുക്കുന്നവനും പരമകാരുണികനുമത്രെ (2:173).
നിര്‍ബന്ധിതാവസ്ഥയില്‍ നിഷിദ്ധങ്ങളോടുള്ള സമീപനത്തില്‍ അനുവദിച്ച ഈ ഇളവ് ഒരിക്കലും ദുരുപയോഗം ചെയ്തുകൂടാ. ആത്മനിയന്ത്രണം കൈവിടാതെ നിര്‍ബന്ധിതാവസ്ഥയില്‍ അതുപയോഗിക്കുന്നവന് ഹലാലിലേക്ക് ഉടന്‍ മടങ്ങാനുള്ള ജാഗ്രത കാണിക്കുകയും അതിനുള്ള പോംവഴി തേടുകയും വേണ്ടതുണ്ട്.
ഇസ്ലാമിന്റെ ആദ്യകാല വിശ്വാസികളില്‍പ്പെട്ട അമ്മാറും കുടുംബവും ഖുറൈശികളുടെ ക്രുരവും മൃഗീയവുമായ മര്‍ദനമുറകള്‍ക്ക് ഇരയായി. പീഡനമുറകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ വിണ്ടു കീറിയ മുറിവുകളോടെ അദ്ദേഹത്തെ കിടത്തി. ശരീരമാസകലം വേദനകൊണ്ട് പുളയുന്ന അമ്മാറിനെ വെള്ളത്തില്‍ മുക്കി. സ്വബോധം നഷ്ടപ്പെട്ട അദ്ദേഹത്തോട് തങ്ങളുടെ ദേവന്മാരെ വാഴ്ത്തിപ്പറയണമെന്ന് മര്‍ദകര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പറയേണ്ട വാക്കുകള്‍ ചൊല്ലിക്കൊടുത്തു. ക്രൂരപീഡനത്തിന് അയവ് വരുത്തി ജീവന് അപകടപ്പെടുത്താതിരിക്കാന്‍ അത് ഏറ്റുപറയുകയല്ലാതെ വേറെ വഴിയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അര്‍ധബോധാവസ്ഥയില്‍ അദ്ദേഹം അത് ഏറ്റു പറഞ്ഞു. വേദനയുടെ കാഠിന്യം കുറഞ്ഞ് സ്വബോധം വീണുകിട്ടിയപ്പോള്‍ നബി(സ്വ)യോട് കുറ്റബോധത്തോടെ സങ്കടം പറഞ്ഞു. നബി(സ്വ) അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. ഇനിയും അവര്‍ ആവര്‍ത്തിച്ചാല്‍ അങ്ങനെതന്നെ പറഞ്ഞാല്‍ മതി. നിര്‍ബന്ധിത സാഹചര്യത്തില്‍ ജീവന് നിലനിര്‍ത്താന്‍ ശത്രുപീഡനത്തിന്റെ സമ്മര്‍ദ്ദത്താല്‍ സത്യനിഷേധത്തിന്റെ വാക്കുമൊഴിഞ്ഞാല് ശിക്ഷാര്ഹരാവുന്നില്ല എന്ന് പഠിപ്പിക്കുന്ന ഖുര്‍ആന്‍ വാക്യം ഓതിക്കേള്‍പ്പിച്ചപ്പോള്‍ അമ്മാറിന് മനഃസമാധാനമായി. ”ഒരാള്‍ വിശ്വാസം കൈക്കൊണ്ടശേഷം സത്യത്തെ നിഷേധിച്ചാല്‍ അയാളുടെ ഹൃദയത്തില്‍ വിശ്വാസം ദൃഡമായിരിക്കെ അതിന് നിര്‍ബന്ധിക്കപ്പെട്ടതാണെങ്കില്‍ (സാരമില്ല) എന്നാല്‍ സമ്മതത്തോടെ സത്യനിഷേധം അംഗീകരിക്കുന്നവര്‍ ക്രോധത്തിനിരയാകുന്നു. അങ്ങനെയുള്ളവര്‍ക്ക് ബീഭത്സമായ ശിക്ഷയുണ്ട്”(16:106).
References
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 220, ഹദീസ് 1726[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 94, ഹദീസ് 7288[↩]
- സുനനു ഇബ്നി മാജ, ഇബ്നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്നു യസീദില്‍ ഖസ്വീനി, ദാറു ഇഹ്യാഇല് കുതുബില്‍ അറബിയ്യ, പേജ് 721, ഹദീസ് 3380[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 278, ഹദീസ് 3095[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 20, ഹദീസ് 52[↩]
