നഗ്നത മറയ്ക്കല്‍
മനുഷ്യകുലത്തിന്റെ അടിസ്ഥാന അവബോധങ്ങളിൽ പെട്ടതാണ് നഗ്നത മറയ്ക്കല്‍. തൻറെ ശരീരം, പ്രത്യേകിച്ചും അതിൻറെ ചില ഭാഗങ്ങൾ മറച്ചു വെക്കേണ്ടതുണ്ട് എന്നത് സൃഷ്ടിപ്പു മുതൽ മനുഷ്യരിൽ അന്തർലീനമായ അറിവാണ്. ഈ ബോധം നഷ്ടപ്പെടുമ്പോൾ മനുഷ്യൻ ചെകുത്താൻ ആകും എന്നാണ് ആദം നബിയുടെ കഥയിലൂടെ ഖുർആൻ മനുഷ്യനെ പഠിപ്പിക്കുന്നത്.
തലതിരിഞ്ഞ പരിണാമ സിദ്ധാന്തം പോലും, മനുഷ്യൻ കൂടുതൽ സംസ്കാരമുള്ളവനായപ്പോൾ വസ്ത്രം ധരിച്ചു തുടങ്ങി എന്ന് സമ്മതിക്കുന്നു. കാട്ടിലെ പുല്ലും ഇലയും മരത്തിന്റെ തോലുമെല്ലാം അവൻ വസ്ത്രമാക്കി എന്നാണ് ഈ നരവംശ ശാസ്ത്രം അധ്യാപനം.
എന്നാൽ, നവോത്ഥാനത്തിന്റെയും പുരോഗമനത്തിന്റെയും ലിബറൽ സംസ്കാരം വസ്ത്രരഹിത ജീവിതം പുരോഗതിയുടെ അടയാളമായി കൊട്ടിഘോഷിക്കുന്ന വൈരുധ്യത്തിലാണ് അഭിരമിക്കുന്നത്. സത്യത്തിൽ ഇത് മനുഷ്യത്വത്തോടും മാനവിക ചരിത്രത്തോടുമുള്ള ക്രൂരമായ അനീതിയാണ്. വസ്ത്രം മാനവികതയുടെ അടയാളമായാണ് ഇസ്ലാം കാണുന്നത്. സ്ത്രീയും പുരുഷനും രണ്ടു പ്രകൃതം എന്ന നിലയിൽ വ്യത്യസ്ത വസ്ത്രരീതി ഇസ്ലാം ആവശ്യപ്പെടുന്നു.
ഇസ്ലാം നമസ്കാരം പോലുള്ള ചില പ്രത്യേക ആരാധനകളിലും ജീവിത സന്ദർഭങ്ങളിലും എങ്ങനെ വസ്ത്രം ധരിച്ചിരിക്കണം എന്ന് കൃത്യമായി പഠിപ്പിക്കുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട് പുരുഷന്മാരുടെ വസ്ത്രം, തല മറയ്ക്കൽ, സ്ത്രീകളുടെ വസ്ത്രം, വസ്ത്രം മര്യാദകൾ എന്നിവയെല്ലാം നഗ്നത മറയ്ക്കൽ എന്ന ഈ അധ്യായത്തിൽ പ്രമാണബദ്ധമായി ചർച്ച ചെയ്യുന്നു.
നഗ്നത മറച്ചുവയ്ക്കുക എന്ന ഒരു ബോധം മനുഷ്യര്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ്. പരിഷ്കാരമോ നാഗരികതയോ എന്തെന്നറിയാത്ത വനാന്തരത്തിലെ കാട്ടു മനുഷ്യരും നഗ്നത മറച്ചിരുന്നതായി കാണാം. മനുഷ്യന് ഭൂമുഖത്തു ജീവിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ മനുഷ്യത്വത്തിന്റെ ഭാഗമായി അതുണ്ടായി എന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ”ആദമും ഹവ്വയും ആ വൃക്ഷത്തില്‍ നിന്നു രുചി നോക്കിയതോടെ അവര്‍ക്ക് തങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത് അവര്‍ തങ്ങളുടെ ശരീരം പൊതിയുവാന്‍ തുടങ്ങി’ (7:22). തത്ഫലമായി മനുഷ്യന് വസ്ത്രം ആവശ്യമായി വന്നു. വസ്ത്രത്തിന് രണ്ടുതരം ആവശ്യമുണ്ട്. ഒന്ന് കേവലം നഗ്നത മറയ്ക്കല്‍; മറ്റൊന്ന് അലങ്കാരവും സൗന്ദര്യവും. ഖുര്‍ആന്‍ പറയുന്നു: ”ആദം സന്തതികളേ, നിങ്ങള്‍ക്ക് നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാര വസ്ത്രവും നാം നല്കിയിരിക്കുന്നു” (7:26).
നഗ്നത മറയ്ക്കുക എന്ന ഈ സാംസ്കാരിക വശം, നമസ്കാരത്തിന്റെ സ്വീകാര്യതയ്ക്ക് ഒരു അവശ്യഘടകമാക്കി ഇസ്ലാം നിശ്ചയിച്ചിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ”ആദം സന്തതികളേ, എല്ലാ ആരാധനാ വേളകളിലും നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക” (7:31).
ഇതിന് ഒരു പശ്ചാത്തലം കൂടിയുണ്ട്. നഗ്നരോ അര്‍ധനഗ്നരോ ആയിക്കൊണ്ട് പ്രാര്ഥിച്ചാലേ ഭക്തിക്കിണങ്ങുകയുള്ളൂ എന്ന ഒരു ധാരണ പല പ്രാകൃത സമൂഹങ്ങളിലും നിലനിന്നിരുന്നു. ഏറെക്കുറെ അത് ഇന്നും നിലനില്ക്കുന്നു. പല പൂജാരിമാരും അര്‍ധ നഗ്നരാണ്. പ്രാകൃതവേഷം ധരിച്ചവരെ സിദ്ധനോ വലിയ്യോ ആയി കണക്കാക്കുന്ന പലരുമുണ്ട് ഇക്കാലത്തും. ആറാം നൂറ്റാണ്ടിലെ അറബികള്‍ കഅ്ബ ത്വവാഫ് ചെയ്തിരുന്നത് പൂര്‍ണ നഗ്നരായിട്ടായിരുന്നു. ഇന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലും നഗ്നാരാധനകള് നടമാടുന്നു.
മനുഷ്യത്വത്തിന്റെ പ്രാഥമികാവശ്യമായ നഗ്നത മായ്ക്കലിന് വേണ്ട വസ്ത്രം ആരാധനാ വേളയില്‍ നിര്‍ബന്ധമായും വേണമെന്നാണ് ഇസ്ലാം നിഷ്കര്‍ഷിച്ചിരിക്കുന്നത്. കഴിയുമെങ്കില്‍ അലങ്കാര വസ്ത്രം ഉപയോഗിക്കുകയും ചെയ്യാം. ഇസ്ലാമിന്റെ ഈ സംസ്കാരം വേരോടിയതു മൂലമാണ് മുസ്ലിംകള് കടന്നുചെന്ന നാടുകളിലെ പല സമൂഹങ്ങളിലും വസ്ത്രം ധരിക്കാന്‍ തുടങ്ങിയത് എന്നതു ശ്രദ്ധാര്‍ഹമാണ്.
നമസ്കാരത്തിന്റെ നിബന്ധനയായി നിര്‍ദേശിച്ച വസ്ത്രധാരണം, നമസ്കാരത്തില്‍ മാത്രം ബാധകമല്ല. ജനമധ്യേ പ്രത്യക്ഷപ്പെടുന്ന ഏതു സമയത്തും അതു പാലിക്കേണ്ടതാണ്. ഗോപ്യസ്ഥാനങ്ങള്‍ (ഔറത്ത്)നിര്‍ബന്ധമായും മറച്ചിരിക്കണം. കൂടുതല്‍ വസ്ത്രവും അലങ്കാര വസ്ത്രവും ആവശ്യവും നല്ലതുമാണ് എന്ന് നമുക്ക് മനസ്സിലാക്കാം
പുരുഷന്മാരുടെ വസ്ത്രം
നിര്‍ബന്ധമായും മറച്ചിരിക്കേണ്ടത് ഗോപ്യ ഭാഗങ്ങള്‍ (ഔറത്ത്) ആണെന്ന കാര്യത്തില്‍ സന്ദേഹമില്ല. എന്നാല്‍ ഔറത്ത് എന്നതില്‍ ഏതു ഭാഗങ്ങളൊക്കെ ഉള്‍പ്പെടുമെന്ന് നോക്കാം. പുരുഷന്മാര് കാല്‍മുട്ടിനും നാഭിക്കുഴിക്കുമിടയിലുള്ള ഭാഗം നിര്‍ബന്ധമായും മറച്ചിരിക്കണം എന്ന കാര്യം മുസ്ലിം ലോകത്ത് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജര്ഹദുല് അസ്ലമി(റ) പറയുന്നു: റസൂല്‍ (സ്വ) നടന്നു വരുമ്പോള്‍ ഞാന്‍ ഒരു വരയുള്ള വസ്ത്രം ധരിച്ചിരിക്കുകയായിരുന്നു. എന്റെ തുട തുറന്നു കിടന്നിരുന്നു. ‘നിന്റെ തുട നീ മൂടിവെയ്ക്കുക. കാരണം തുട ഗോപ്യസ്ഥാനമാണ് എന്ന് നബി(സ്വ) അപ്പോള്‍ പറഞ്ഞു. (ഇര്‍ശാദുല്‍ ഫഖീഹ്, ഇബ്നു കസീര്‍) 1.
പുരുഷന്മാരുടെ തുടകള്‍ നമസ്കാരത്തിലല്ലാതെയും നിര്‍ബന്ധമായും മറച്ചിരിക്കേണ്ട ഗോപ്യസ്ഥാനം (ഔറത്ത്) ആണോ എന്ന കാര്യത്തില്‍ ഭിന്ന വീക്ഷണങ്ങളുണ്ട്. അനസി(റ)ല്‍ നിന്ന് ബുഖാരി ഉദ്ധരിച്ച ഹദീസില്‍ ഖൈബര്‍ ദിവസം നബി(സ്വ)യുടെ വസ്ത്രം തുടയില്‍ നിന്നു നീങ്ങിപ്പോയിരുന്നു എന്നു കാണാം. നിവേദക പരമ്പരയുടെ പ്രാബല്യത്തില്‍ ഈ ഹദീസ് സ്വഹീഹ് (അംഗീകരിക്കാവുന്നത്) തന്നെയാണ്. ഏതായാലും സൂക്ഷ്മതക്ക് നല്ലത് തുട മറച്ചുവയ്ക്കല്‍ തന്നെയാണ്.
പുരുഷന്മാര് നിര്‍ബന്ധമായും മറച്ചിരിക്കേണ്ട ഔറത്തിനെപ്പറ്റിയാണ് നേരത്തെ പറഞ്ഞത്. എന്നാല്‍ ഒറ്റവസ്ത്രത്തില്‍ നമസ്കരിക്കുകയാണെങ്കില്‍ പിരടിയില്‍ എന്തെങ്കിലും ഉണ്ടായിരിക്കല്‍ നല്ലതാണ്. അബൂഹുറയ്റ(റ)യില്‍ നിന്ന് റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നു: ”നിങ്ങളിലാരും ഒറ്റ വസ്ത്രത്തില്‍ നമസ്കരിക്കരുത്; അതില്‍ നിന്ന് ഒരു ഭാഗം പിരടിയില്‍ ഇല്ലാത്ത നിലക്ക്” (ബുഖാരി) 2.
നബി(സ്വ) അരുളിയതായി ജാബിര്‍(റ) പ്രസ്താവിക്കുന്നു. നീ ഒറ്റ വസ്ത്രത്തില്‍ നമസ്കരിക്കുമ്പോള്‍ അതു വിശാലമെങ്കില്‍ (പിരടിയിലൂടെ) ചുറ്റണം. അതു ചെറുതാണെങ്കില്‍ അരയുടുപ്പാക്കുകയും വേണം (ബുഖാരി) 3. നബി(സ്വ) ഒറ്റ വസ്ത്രത്തില്‍ അതു പിരടിയിലൂടെ ചുറ്റിയ നിലയില്‍ നമസ്കരിച്ചു എന്നും ജാബിര്‍(റ)ല്‍ നിന്ന് നിവേദനംചെയ്യപ്പെടുന്നു (ബുഖാരി) 4.
മേല്പറഞ്ഞ ഹദീസുകളില്‍ നിന്നും ഔറത്ത് മറയ്ക്കുന്നതിനു പുറമെ പിരടിയില്‍ എന്തെങ്കിലും വസ്ത്രം ഉണ്ടാകുന്നത് ആവശ്യമാണെന്ന് മനസ്സിലാക്കാം. എന്നാല്‍ ഒരു വസ്ത്രമേ ഉള്ളൂവെങ്കില്‍ അരയുടുപ്പായി ധരിക്കാം. അബൂഹുറയ്റ(റ)യില്‍ നിന്നുദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം. ഒറ്റ വസ്ത്രത്തില്‍ നമസ്കരിക്കാമോ എന്നുചോദിച്ച ആളോട് നബി(സ്വ) പറഞ്ഞു: നിങ്ങളില്‍ എല്ലാവര്ക്കും രണ്ടു വസ്ത്രം ഉണ്ടോ?” (ബുഖാരി) 5. ഉണ്ടെങ്കില്‍ രണ്ടാംമുണ്ട് പോലെ തോളില്‍ എന്തെങ്കിലും ഉണ്ടായിരിക്കണം.
തല മറയ്ക്കല്‍
ഔറത്ത് മറയ്ക്കുകയും പിരടിയില്‍ വസ്ത്രത്തലപ്പെങ്കിലും ഉണ്ടായിരിക്കുകയും വേണം. എന്നാല്‍ തലയില്‍ എന്തെങ്കിലും വസ്ത്രമില്ലാതെ നമസ്കരിക്കരുത് എന്ന് പ്രവാചകന്(സ്വ) പറഞ്ഞിട്ടില്ല. തല തുറന്നിട്ട് നമസ്കരിക്കുന്നത് ഭക്തിക്കുറവാണെന്നോ തീരെ തെറ്റായ നടപടിയാണെന്നോ ഉള്ള ധാരണ പൊതുവേ കണ്ടുവരുന്നു. തലയില്‍ വസ്ത്രമില്ലാതെ നമസ്കരിക്കുന്നവരെ അവജ്ഞയോടെ കാണുന്നവരും ഉണ്ട്. ആ ധാരണ ശരിയല്ല. നമസ്കാരത്തില്‍ തലമറയ്ക്കുന്നത് പ്രത്യേകം പുണ്യകരമായ കാര്യവുമല്ല.
മുഹമ്മദുബ്നുല്‍ മുന്‍കദിര്‍(റ) പറയുന്നു: ”ഞാന്‍ ജാബിറുബ്നു അബ്ദില്ല(റ)യുടെ അടുക്കല്‍ ചെന്നപ്പോള്‍ അദ്ദേഹം ഒറ്റവസ്ത്രം പുതച്ചുകൊണ്ട് നമസ്കരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാംമുണ്ട് (അവിടെ) വച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം നമസ്കാരത്തില്‍നിന്നു വിരമിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു. അബൂഅബ്ദില്ലാ, താങ്കള്‍ രണ്ടാം മുണ്ട് (ഇവിടെ) വച്ചിട്ട് നമസ്കരിക്കുകയാണോ? അദ്ദേഹം പറഞ്ഞു: അതെ, നിങ്ങളെപ്പോലുള്ള വിവരമില്ലാത്തവര്‍ ഞാന്‍ ചെയ്യുന്നത് കാണാന്‍ വേണ്ടിയാണിത്. നബി(സ്വ) ഇങ്ങനെ നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്”(ബുഖാരി) 6.
നബി(സ്വ) തലയില്‍ വസ്ത്രം അണിയാറുണ്ടായിരുന്നുവെന്നത് നേരാണ്. എന്നാല്‍ നമസ്കാരത്തിന്റെ പൂര്‍ണതയ്ക്ക് അതാവശ്യമാണ് എന്നതിന് യാതൊരു തെളിവുമില്ല. തലപ്പാവിന്റെ മഹത്വത്തെപ്പറ്റി പറയുന്ന ഹദീസുകളൊന്നും പ്രാമാണികതലമുള്ളതല്ല.
സ്ത്രീകളുടെ വസ്ത്രം
സ്ത്രീയുടെ ശരീരം മുഴുവന്‍ ഔറത്താണ്. അതു മുഴുവന്‍ മറയ്ക്കേണ്ടതുണ്ട്. മുഖവും മുന്‍കൈയും മാത്രമാണ് അതില്‍ നിന്ന് ഒഴിവ്. ”അവരുടെ ഭംഗിയില്‍ പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും ” (24:31).
ഈ ആയത്തില്‍ സൂചിപ്പിച്ച പ്രത്യക്ഷമായത് എന്നത്കൊണ്ടുള്ള വിവക്ഷ മുഖവും മുന്‍കൈകളുമാണെന്നാണ് പണ്ഡിതന്മാരില് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ചിലര്‍ പാദങ്ങള്‍ കൂടി അതിലുള്‍പ്പെടുത്തിയിട്ടുണ്ട്. വെളിയിലിറങ്ങുമ്പോഴും നമസ്കരിക്കുമ്പോഴും ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ മറച്ചിരിക്കല്‍ നിര്‍ബന്ധമാണെന്ന കാര്യത്തില്‍ അഭിപ്രായഭിന്നതയില്ല. സ്ത്രീകളോടുള്ള ആദരവിന്റെ ഭാഗം കൂടിയാണിത്.
നബി(സ്വ) അരുളിയതായി ആഇശ(റ) പ്രസ്താവിക്കുന്നു. (തലയും മറ്റും മറയുന്ന തട്ടം) അണിഞ്ഞെങ്കിലല്ലാതെ പ്രായപൂര്‍ത്തിയെത്തിയ സ്ത്രീയുടെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല.’ (സ്വഹീഹ് ഇബ്നുഖുസൈമ) 7. ഉമ്മുസലമ(റ) പറയുന്നു: ”അരയുടുപ്പില്ലാത്ത നിലയില്‍ നീളന്‍ കുപ്പായവും തലമൂടിയും മാത്രം ധരിച്ചുകൊണ്ട് സ്ത്രീക്ക് നമസ്കരിക്കാമോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ നബി(സ്വ) മറുപടി പറഞ്ഞു. നീളന്‍ കുപ്പായം അവളുടെ പാദങ്ങളുടെ പുറംഭാഗം മൂടുമെങ്കില്‍ (ആവാം).”(ഔനുല്‍ മഅ്ബൂദ്) 8.
പാദങ്ങളുടെ അടിഭാഗം പുറത്തു കാണുന്നതില്‍ തെറ്റില്ല എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. ഗോപ്യസ്ഥാനങ്ങള്‍ (ഔറത്ത്) മറയ്ക്കേണ്ട കാര്യത്തില്‍, സ്ത്രീ പുരുഷന്മാര്ക്കിടയിലെ വ്യത്യാസം സ്വാഭാവികവും മനുഷ്യത്വപരവുമാണ്. സ്ത്രീ സൗന്ദര്യം ആകര്‍ഷകവും ദുരുപയോഗപ്പെടുത്താന്‍ ഇടയുള്ളതുമായതിനാല്‍, ശരീരം മറയ്ക്കണമെന്ന് സുക്ഷ്മതക്കുവേണ്ടി ഇസ്ലാം നിര്‍ദേശിക്കുന്നു.
സ്ത്രീ പുരുഷന്മാരുടെ ഔറത്തിനെപ്പറ്റി പറയുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഔറത്തായ ഭാഗങ്ങള്‍ വസ്ത്രം കൊണ്ടു മറച്ചാല്‍ മാത്രമേ നമസ്കാരം സ്വീകാര്യമാവൂ. എന്നാല്‍ നമസ്കാരത്തില്‍ മാത്രം ഈ രൂപത്തില്‍ വസ്ത്രം ധരിക്കുകയും ബാക്കി സമയങ്ങളില്‍ എങ്ങനെയുമാകാം എന്ന് കരുതുകയും ചെയ്യുന്നത് ശരിയല്ല. വെളിയിലേക്കിറങ്ങുമ്പോള്‍ ഔറത്ത് മറച്ചിരിക്കണമെന്നതു നിര്‍ബന്ധമാണ്.
സ്ത്രീകളുടെ, വീട്ടിലെ വസ്ത്രധാരണാരീതിയും ശ്രദ്ധിക്കേണ്ടതാണ്. ദമ്പതികള്‍ക്കിടയില്‍ മാത്രം വെളിവാക്കാവുന്ന ഗോപ്യസ്ഥാനങ്ങളുണ്ട്. മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത ബന്ധുക്കള്‍ക്കിടയില്‍ തലയും കൈകാലുകളുമൊക്കെ വെളിവാകുന്നതിന് വിരോധമില്ല. എന്നാല്‍, അന്യരുടെ ഇടയിലേക്ക് ഇറങ്ങുമ്പോള്‍ മേല്പറഞ്ഞ രീതിയില്‍ വസ്ത്രം ധരിക്കണം. വസ്ത്രത്തിന്റെ രീതിയും സ്വഭാവവും, നാടിനും കാലത്തിനും സാമ്പത്തിക സ്ഥിതിക്കും അനുസരിച്ച് മാറിയെന്നുവരാം. ഏതുതരം വസ്ത്രമായാലും മുഖവും മുന്‍കൈയും പാദത്തിന്റെ അടിഭാഗവും ഒഴിച്ചുള്ള ഭാഗങ്ങള്‍ മറഞ്ഞിരിക്കുക തന്നെ വേണം. പേരിന് വസ്ത്രം ധരിക്കുകയും അവയവങ്ങള്‍ പുറത്തുകാണുകയും ചെയ്യുന്ന സ്ഥിതി ഒരിക്കലും ഉണ്ടായിക്കൂടാ.
നമസ്കാരത്തിന് വേണ്ടി മാത്രം പ്രത്യേകതരം വസ്ത്രം(നമസ്കാരക്കുപ്പായം) നബി(സ്വ)യുടെ ഭാര്യമാര്‍ക്കോ സ്വഹാബീ വനിതകള്‍ക്കോ ഉണ്ടായിരുന്നില്ല. വെളിയിലേക്കിറങ്ങുമ്പോള്‍ ധരിക്കുന്ന വസ്ത്രംതന്നെ നമസ്കാരത്തിനും മതി. സൂക്ഷ്മതക്ക്വേണ്ടി പാദവും മറയ്ക്കുന്നതാണ് നല്ലത്. ഏതെങ്കിലും കാരണത്താല്‍, പാദത്തിന്റെ അടിഭാഗം പുറത്തു കാണാനിടയായാലും വിരോധമില്ല എന്ന് താഴെ ചേര്‍ത്ത നബിവചനത്തില്‍നിന്നു മനസ്സിലാക്കാം. ‘സ്ത്രീകള്‍ വസ്ത്രം താഴ്ത്തിയിട്ടു നടന്നാല്‍ നജസുകള്‍ പറ്റിയെങ്കിലോ’ എന്ന് ചോദിച്ചപ്പോള്‍ ‘ഭൂമിതന്നെ അതിനെ ശുദ്ധിയാക്കിക്കൊള്ളു’മെന്ന് റസൂല്‍(സ്വ) പറഞ്ഞതായി ഹദീസുകളില്‍ കാണാം. വീട്ടില്‍നിന്നു പുറത്തുപോകുന്നവര്‍ ഒരു സോക്സ് മാത്രം കൈയില്‍ വെച്ചാല്‍ നമസ്കാരം പ്രയാസമായിത്തീരുകയില്ല.
വസ്ത്ര മര്യാദകള്‍
വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഇസ്ലാമിനു നിഷ്കര്‍ഷയുണ്ട്. എന്നാല്‍ മുസ്ലിംകള്ക്ക് പ്രത്യേക യൂണിഫോമുകളില്ല. മുസ്ലിംകളില് പണ്ഡിതന്മാര്ക്കോ മറ്റോ പ്രത്യേക സ്ഥാനവസ്ത്രവുമില്ല. ഏറ്റവും ചുരുങ്ങിയ രീതിയില്‍ ഔറത്ത് മറയണം. ഭംഗിക്കുവേണ്ടി കൂടുതല്‍ വസ്ത്രം ധരിക്കാം; അമിതമാകരുത്. എന്നാല്‍ പട്ടുവസ്ത്രം പുരുഷന്മാര്ക്ക് നിഷിദ്ധമാണ്.
ഹുദൈഫ(റ) പറയുന്നു: ”സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പാത്രത്തില്‍ കുടിക്കുന്നതും തിന്നുന്നതും പട്ടുവസ്ത്രം ധരിക്കുന്നതും അതിന്മേല് ഇരിക്കുന്നതും റസൂല്‍(സ്വ) നമ്മോട് വിലക്കിയിരിക്കുന്നു”(ബുഖാരി) 9.
വസ്ത്രങ്ങളില്‍ ഏറ്റവും ഉത്തമം വെള്ള വസ്ത്രമാണ്. റസൂല്‍ (സ്വ) അരുളിയതായി ഇബ്നു അബ്ബാസ്(റ) പറയുന്നു: ”നിങ്ങളുടെ വസ്ത്രങ്ങളില്‍ നിന്നും വെളുത്തത് നിങ്ങള്‍ ധരിച്ചുകൊള്ളുക. നിങ്ങളുടെ വസ്ത്രങ്ങളില്വച്ച് ഏറ്റവും ഉത്തമമായതാണത്. മൃതദേഹങ്ങളെ അതില്‍ പൊതിയുകയും ചെയ്തുകൊള്ളുക.”(തിര്‍മിദി) 10.
പുരുഷന്മാര് വസ്ത്രം ധരിക്കുമ്പോള്‍ വസ്ത്രം നിലത്ത് ഇഴയുന്ന രീതിയില്‍ ആയിത്തീരാന്‍ പാടില്ല. റസൂല്‍(സ്വ) പറഞ്ഞതായി അബൂഹുറയ്റ(റ) പ്രസ്താവിക്കുന്നു. ഉടുപ്പില്‍ നിന്നും നെരിയാണിയുടെ താഴെയുള്ള ഭാഗം നരകത്തിലാണ് (ബുഖാരി) 11. എന്നാല്‍ ഭംഗിയായി വസ്ത്രം ധരിക്കുന്നതിന് വിരോധമില്ല. അത് അഹങ്കാരമല്ല എന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു (മുസ്ലിം) 12).
ഇബ്നു അബ്ബാസ്(റ) പറയുന്നു: ”സ്ത്രീവേഷം കെട്ടുന്ന പുരുഷന്മാരെയും പുരുഷവേഷം കെട്ടുന്ന സ്ത്രീകളെയും നബി(സ്വ) ശപിച്ചിരിക്കുന്നു” (ബുഖാരി) 13.
മറ്റുകാര്യങ്ങളിലെന്ന പോലെ വസ്ത്രം ധരിക്കുമ്പോള്‍ വലതുഭാഗം കൊണ്ടു തുടങ്ങുന്നത് നല്ലതാണെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു. പാദരക്ഷ ധരിച്ചുകൊണ്ട് നമസ്കരിക്കുന്നതിനും വിരോധമില്ല. അബൂസലമ എന്ന സഈദുബ്നുയസീദ് പറയുന്നു: ”നബി(സ്വ) പാദരക്ഷ ധരിച്ചുകൊണ്ട് നമസ്കരിക്കാറുണ്ടോ എന്ന് ഞാന്‍ അനസി(റ)നോടു ചോദിച്ചപ്പോള്‍ ‘ഉവ്വ്’ എന്നദ്ദേഹം പറയുകയുണ്ടായി.”(ബുഖാരി) 14.
References
- ഇര്‍ശാദുല്‍ ഫഖീഹ് ഇലാ മഅ്രിഫത്തി അദില്ലതി ത്തന്ബീഹ്, ഇബ്നു കസീര്‍ അദ്ദിമശ്ഖീ, മുഅസ്സിസത്തുര്റിസാല ലിത്താബാഅ, ലബ്നാന്‍, ഒന്നാം പതിപ്പ്, 1996, വാള്യം 01, പേജ് 108[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 81, ഹദീസ് 359[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 81, ഹദീസ് 361[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 80, ഹദീസ് 353[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 81, ഹദീസ് 358[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 83, ഹദീസ് 370[↩]
- സ്വഹീഹു ഇബ്നി ഖുസൈമ, അബൂബക്ര് മുഹമ്മദുബ്നു ഇസ്ഹാഖ് ബ്നു ഖുസൈമ അരുുലമി അന്നൈസാബൂരി, അല്‍ മക്തബതുല്‍ ഇസ്ലാമി, ബൈറൂത്, വാള്യം 01, പേജ് 380, പേജ് 775[↩]
- ഔനുല്‍ മഅ്ബൂദ് വ ഹാശിയതു ഇബ്നില്‍ ഖയ്യിം, മുഹമ്മദ് അശ്റഫ് ബ്നു അമീര്‍ അല്‍ അളീമാബാദി, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 242, ഹദീസ് 640[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 150, ഹദീസ് 5837[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 310, ഹദീസ് 994[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 141, ഹദീസ് 5787[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 93, ഹദീസ് 147 (91[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 171, ഹദീസ് 6834[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 153, ഹദീസ് 6834[↩]
