ഹോം > വ്യക്തി... > ദുഃസ്വഭാവങ്ങള്‍ – 2

1 മിനിറ്റ് വായിച്ചില്ല

ദുഃസ്വഭാവങ്ങള്‍ – 2

നന്മയും തിന്മയും ആത്യന്തികമായി മനുഷ്യ ബുദ്ധികൊണ്ട് വിവേചിച്ചറിയുക സാധ്യമല്ല. മനുഷ്യസംസ്‌കാരത്തെ മഹത്വപ്പെടുത്തുന്ന സദ്ഭാവങ്ങള്‍ ഏതെല്ലാമാണ്, ദുഃസ്വഭാവങ്ങള്‍ ഏതെല്ലാമാണ് എന്ന് കണ്ടെത്തുക അതുകൊണ്ടുതന്നെ മനുഷ്യബുദ്ധിക്ക് അസാധ്യമാണ്. അതിനാല്‍ തന്നെ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു, ഏതെല്ലാമാണ് സദ്ഭാവങ്ങള്‍ എന്നും ദുഃസ്വഭാവങ്ങളെന്നും കൃത്യമായി വിവരിക്കുന്നുണ്ട്. ഇസ്‌ലാം മ്ലേഛമായി കാണുന്ന പരിഹാസം, പിശുക്ക്, വര്‍ഗീയത, വഞ്ചന, ആക്ഷേപം, അത്യാഗ്രഹം തുടങ്ങിയ ദുഃസ്വഭാവങ്ങളെക്കുറിച്ച വിശദമായ പഠനമാണ് ചുവടെ.

പരിഹാസം

മനുഷ്യര്‍ പരസ്പരമുള്ള സഹവാസത്തില്‍ സ്‌നേഹാദരവുകളും പരിഗണനയുമാണ് ബന്ധങ്ങള്‍ സുദൃഢമാക്കുന്നത്. അവഗണനയും ഇകഴ്ത്തലുമെന്നപോലെ ആക്ഷേപവും പരിഹാസവും അഭിമാനത്തിന് ക്ഷതമേല്‍പിക്കുന്നു. ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതിനും ശിഥിലീകരണവും ഛിദ്രതയും സമൂഹത്തില്‍ ഉടലെടുക്കുന്നതിനും ഈ ദുര്‍ഗുണങ്ങള്‍ കാരണമാവുന്നു.

എന്തെങ്കിലും ന്യൂനതകളുള്ള മനുഷ്യനെ സമൂഹമധ്യത്തില്‍ ഇകഴ്ത്തി അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുംവിധം നാവുകൊണ്ട് നോവിക്കുന്നതിനെ പരിഹാസം എന്ന് പറയുന്നു. മനുഷ്യരില്‍ ആരും പൂര്‍ണരല്ലാത്തതുകൊണ്ട് കുറ്റങ്ങളും ന്യൂനതകളും പെരുപ്പിച്ച് കാണിച്ച് പരസ്പരം ഇകഴ്ത്തുന്ന സമീപനം ഒരിക്കലും പാടില്ല. ഏതെങ്കിലും കാര്യത്തില്‍ പോരായ്മകളുള്ള വ്യക്തി മറ്റു പല കാര്യങ്ങളിലും കഴിവും പ്രാപ്തിയുമുള്ളവനായേക്കാം. ആര്‍ക്കും ആരെയും പരിഹസിക്കാന്‍ യഥാര്‍ഥത്തില്‍ അര്‍ഹതയില്ല. ചിലപ്പോള്‍ പരിഹസിക്കുന്ന വ്യക്തിയേക്കാള്‍ പരിഹസിക്കപ്പെടുന്ന വ്യക്തി ഗുണമുള്ളവനാ യിരിക്കുമെന്ന് ഖുര്‍ആന്‍ സൂചന നല്‍കുന്നു. ”സത്യവിശ്വാസികളേ, ഒരു ജനവിഭാഗവും മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ മറ്റുള്ളവരേക്കാള്‍ നല്ലവരായിരുന്നേക്കാം” (49:11).

സത്യവിശ്വാസികള്‍ ഏകോദര സഹോദരങ്ങളാണ്. ഐക്യവും സ്‌നേഹവും സൗഹാര്‍ദവുമാണ് അവര്‍ തമ്മില്‍ കളിയാടേണ്ടത്. സത്യവിശ്വാസികള്‍ തമ്മിലുണ്ടാവേണ്ട മനസ്സടുപ്പത്തെയും ഒരുമയെയും റസൂല്‍(സ്വ) ഒരു ശരീരത്തോട് ഉപമിച്ചു. ശരീരത്തിലെ ഏതെങ്കിലും അവയവത്തിന് വല്ല ദുര്‍ബലതയോ ന്യൂനതയോ ഉണ്ടായാല്‍ മറ്റ് അവയവങ്ങളില്‍ കൂടി അതിന്റെ പ്രതിഫലനങ്ങള്‍ പ്രകടമാവുന്നു. ശാരീരികാവയവങ്ങള്‍ കാര്യമായ യോജിപ്പോട് കൂടി താളനിബദ്ധമായി, വ്യവസ്ഥാപിതമായി അവയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അവയിലൊന്ന്, മറ്റൊന്നിനെ പോറലേല്‍പിക്കുന്ന യാതൊരു വിധ അവസ്ഥയും ഉണ്ടാക്കുന്നേയില്ല. വ്യത്യസ്ത മനസ്ഥിതിയും അഭിരുചിയുമുള്ളവരുടെ സമൂഹത്തില്‍ വിശ്വാസികള്‍ പരസ്പരം ആദരവിന്റെയും പരിഗണനയുടെയും പെരുമാറ്റം കണ്ട് ശീലിക്കണം എന്ന് അല്ലാഹു പഠിപ്പിക്കുന്നു. പരിഹാസവും പരനിന്ദയും നടത്തുമ്പോള്‍ ഒരൊറ്റ ശരീരത്തെപോലെ സ്‌നേഹ വായ്പ് കാത്തു സൂക്ഷിക്കേണ്ട സഹോദര കുടുംബത്തിലെ ഒരംഗത്തെ ഇകഴ്ത്തുകയാണ് ചെയ്യുന്നത്. പരിഹസിക്കാനായി ഇരട്ടപ്പേരുകളിട്ട് വിളിക്കുന്നതും അഭിമാനത്തെ വ്രണപ്പെടുത്തുന്നതും അക്രമത്തിന്റെ ഗൗരവമുള്ള പാതകമാണെന്ന് അല്ലാഹു പഠിപ്പിക്കുന്നു.

‘നിങ്ങള്‍ നിങ്ങളെത്തന്നെ പരസ്പരം കുറവാക്കരുത്. അസഭ്യമായ ഇരട്ടപ്പേരുകളില്‍ അന്യോന്യം വിളിച്ചപമാനിക്കുകയും അരുത്. സത്യവിശ്വാസത്തിന് ശേഷം ദുഷ്‌പേര് എത്ര ചീത്ത. ആര്‍ പശ്ചാത്തപിക്കുന്നില്ലയോ അവരത്രെ അക്രമികള്‍ (49:11).

പരിഹാസവും പരനിന്ദയും നടത്തിയ ആളുകള്‍ പശ്ചാത്താപത്തിന്റെ വഴിയിലൂടെ വിശുദ്ധി തേടണമെന്നും അല്ലാത്തപക്ഷം ശിക്ഷാര്‍ഹരായിത്തീരുന്ന അക്രമികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടു പോകുമെന്നും ഉപരിസൂചിത സൂക്തം പഠിപ്പിക്കുന്നു. പ്രവാചകന്‍മാരെല്ലാവരും പരിഹസിക്കപ്പെട്ടതായി കണാന്‍ കഴിയും. സത്യം വളരെ വ്യക്തമായി ബോധ്യപ്പെട്ടിട്ടും, ദൈവിക ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയും ദൈവദൂതന്മാരെ പരിഹസിക്കുകയും ചെയ്തുകൊണ്ട് സത്യനിഷേധത്തില്‍ ഉറച്ചു നിന്നവരായിരുന്നു പ്രബോധിത സമൂഹത്തിലെ ബഹുഭൂരിപക്ഷവും. ദൈവികശിക്ഷയുടെ മുന്നറിയിപ്പുകള്‍ തൃണവല്‍ഗണിച്ച് പരിഹാസം തുടരുകയും മുഴുത്ത ധിക്കാരം തുടരുകയും ചെയ്തപ്പോള്‍, ശിക്ഷയുടെ കനത്ത പ്രഹരങ്ങള്‍ ഇഹത്തില്‍ വെച്ച് തന്നെ സത്യനിഷേധികള്‍ക്ക് അനുഭവിക്കേണ്ടതായിവന്നു. അല്ലാഹു പറയുന്നു:

നിനക്ക് മുമ്പ് പല ദൂതന്മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ പരിഹസിച്ചിരുന്ന വര്‍ക്ക് അവര്‍ പരിഹസിച്ചുകൊണ്ടിരുന്നതെന്തോ അത് വന്നുഭവിക്കുക തന്നെ ചെയ്തു (6:10).

ഭൗതിക ജീവിതത്തെ അലങ്കാരമായി സ്വീകരിക്കുകയും സത്യവിശ്വാസികളെ പരിഹസിക്കുകയും ചെയ്യുന്നത് ഒരു തൊഴിലാക്കിയ സത്യനിഷേധികള്‍ക്ക് അപ്രതിഹതമായ നഷ്ടവും ഖേദവുമാണ് ഉണ്ടായിത്തീരുക എന്ന് അല്ലാഹു പറയുന്നു. പരലോകത്ത് വിചാരണ വേളയില്‍ നടത്തുന്ന വിലാപങ്ങള്‍ എല്ലാം വിഫലമാണ്. ‘എന്റെ നാശമേ, അല്ലാഹുവിന്റെ ഭാഗത്ത് ഞാന്‍ വീഴ്ച വരുത്തിയല്ലോ, തീര്‍ച്ചയായും ഞാന്‍ പരിഹസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെ ആയിപ്പോയല്ലോ എന്ന് ഓരോരുത്തരും പറയും. സത്യവിശ്വാസികള്‍ നടത്തുന്ന സംസാരങ്ങളിലും സമ്പര്‍ക്കങ്ങളിലും മറ്റുള്ളവരെ ഇകഴ്ത്തുകയും പരിഹസിക്കുകയും ചെയ്യുന്ന സൂചനകള്‍ പോലും ഉണ്ടാവാന്‍ പാടില്ലെന്ന് തിരുദൂതര്‍ പഠിപ്പിച്ചു. ഒരിക്കല്‍ നബിയുടെ പ്രിയപത്‌നി ആഇശ(റ) തന്റെ സഹകളത്രയമായ ഹഫ്‌സ(റ)യെ പറ്റി ‘കുറിയവള്‍’ (ഖ്വസ്വീറ) എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞ വാക്യം നാം സദാ ഓര്‍ത്തിരിക്കേണ്ടതാണ്.

‘സമുദ്രത്തില്‍ കലര്‍ത്തിയാല്‍ അതിനെ വിഷലിപ്തമാക്കാന്‍ പര്യാപ്തമായ ഒരു വാക്കാണ് നീ പറഞ്ഞത്’. സത്യവിശ്വാസികള്‍ വാഗ്‌വിചാര കര്‍മങ്ങളില്‍ സൂക്ഷ്മത പാലിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ മറ്റുള്ളവര്‍ ഇഷ്ടപെടാത്തവിധമുള്ള വാക്കുകളും പ്രവൃത്തികളും ഉണ്ടാവുന്നില്ലെന്ന് ഉറപ്പിക്കാന്‍ കഴിയണം.

പിശുക്ക്

സമ്പത്തിനോടുള്ള അഭിനിവേഷം മനുഷ്യ സഹജമാണ്. മനുഷ്യന്‍ രാപകല്‍ അധ്വാനിച്ചുകൊണ്ടിരിക്കുന്നത് സമ്പത്ത് നേടിയെടുക്കാനും, അതുവഴി ജീവിത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമാണ്. സമ്പത്തിന്റെ ലാഭനഷ്ടങ്ങള്‍ക്ക് അമിത പ്രാധാന്യം കല്പിക്കുന്ന മനുഷ്യന്‍, ജീവിതത്തില്‍ ലാഭമുണ്ടാക്കാനുള്ള ആസൂത്രണങ്ങള്‍ നടത്തുകയും നഷ്ടങ്ങള്‍ വരാതിരിക്കാന്‍ മുന്‍ കരുതലുകള്‍ എടുക്കുകയും ചെയ്യുന്നു. സമ്പത്ത് നേടിയെടുക്കുന്നതിന്റെ പിന്നില്‍, മനുഷ്യന്റെ അധ്വാനവും ശേഷിയും നിമിത്തമാണെങ്കിലും അത് സ്രഷ്ടാവിന്റെ ഔദാര്യവും അനുഗ്രഹവുമാണെന്ന ചിന്ത മനുഷ്യന് നഷ്ടപ്പെട്ടുപോകുന്നു. സമ്പത്ത് നേടിയെടുത്ത് അത് ആസ്വദിക്കുകയെന്നത് മാത്രം ലക്ഷ്യമാക്കുന്നയാള്‍ സമ്പത്ത് ചെലവഴിക്കാതെ തടഞ്ഞു വെക്കുകയും, അര്‍ഹര്‍ക്ക് അവകാശപ്പെട്ട വിഹിതം പോലും വിട്ടുകൊടുക്കാന്‍ വൈമനസ്യം കാണിക്കുകയും ചെയ്ത് സങ്കുചിതനായിത്തീരുന്നു. പണത്തോടുള്ള പ്രതിപത്തി കാരണത്താല്‍ ഉണ്ടായിത്തീരുന്ന പിശുക്ക് എന്ന ദുര്‍ഗുണം വിശ്വാസികളുടെ ജീവിതത്തില്‍ നിന്ന് മാറ്റി നിറുത്തണമെന്ന് പറയുന്നത് അതിനാലാണ്. ഈ ദുര്‍ഗുണമാകട്ടെ മനുഷ്യന്റെ സ്ഥായിയായ ഭാവങ്ങളിലൊന്നാണെന്ന് ഖുര്‍ആന്‍ അടിവരയിടുന്നു.

‘പറയുക, എന്റെ നാഥന്റെ അനുഗ്രഹങ്ങളുടെ ഭണ്ഡാരം നിങ്ങളാണ് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍ ചെലവായിത്തീരുമെന്ന ഭയം കാരണം അത് നിങ്ങള്‍ തടഞ്ഞുവെക്കുമായിരുന്നു. മനുഷ്യന്‍ വളരെ പിശുക്കന്‍ തന്നെ(17:100). പിശുക്ക് എന്ന ദുസ്വഭാവം കൊണ്ട് ഇഹത്തിലും പരത്തിലും പരാജയവും പതനവും മാത്രമാണ് ഉണ്ടായിത്തീരുന്നത്. കാരണം അത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിഷേധിക്കലും സഹജീവികളോടുള്ള ബാധ്യതകള്‍ വിസ്മരിക്കലുമാണ്. അല്ലാഹു പറയുന്നു. ‘അല്ലാഹു അവന്റെ ഔദാര്യത്തില്‍ നിന്ന് തങ്ങള്‍ക്ക് നല്‍കിയതില്‍ ലുബ്ധത കാണിക്കുന്നവര്‍, അവര്‍ക്കതു ഗുണകരമാണെന്ന് വിചാരിക്കുകയേ അരുത്. പ്രത്യുത അതവര്‍ക്ക് ദോഷമാണ്. ഏതൊരു സമ്പത്തില്‍ അവര്‍ ലുബ്ധത കാണിച്ചുവോ അത് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്ക് മാലയായി അണിയിക്കപ്പെടും. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരവകാശം അല്ലാഹുവിനാണ് (3:180).

മനുഷ്യ മനസ്സിന്റെ മ്ലേഛ വികാരങ്ങളിലൊന്നായ പിശുക്ക്, വ്യക്തിക്കും സമൂഹത്തിനും ദോഷം മാത്രമേ വരുത്തി വെക്കുകയുള്ളൂ. സ്വന്തം ആവശ്യങ്ങള്‍ക്കു പോലും സമ്പത്ത് ചെലവഴിക്കാന്‍ മടികാണിക്കുന്ന ലുബ്ധന്‍, സമൂഹ നന്മയ്ക്ക് ഉപകാരപ്പെടുകയും അര്‍ഹരായവരുടെ ആവശ്യങ്ങള്‍ക്ക് നിവര്‍ത്തി ഉണ്ടാക്കിക്കൊടുക്കാനായി സമര്‍പ്പിക്കേണ്ട വിനിയോഗങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുന്നു. അതേ സമയം സമൂഹദ്രോഹപരമായ നീക്കങ്ങള്‍ ലുബ്ധന്റെ സങ്കുചിത മനസ്സ് കൊണ്ടുണ്ടായിത്തീരുന്നു. പിശുക്കി മാറ്റിവെക്കുന്ന സമ്പത്ത് തനിക്ക് ഗുണകരമാകുമെന്ന മിഥ്യാധാരണയുടെ അപകടകരമായ ഫലം വിദൂരമല്ലാത്ത ഭാവിയില്‍ ഇവിടെ വെച്ച് തന്നെ അനുഭവിക്കേണ്ടിവരുന്നു.

പരിശുദ്ധ ഖുര്‍ആനില്‍ വിവരിക്കപ്പെട്ട തോട്ടക്കാരന്റെ കഥ, പിശുക്കന്‍മാര്‍ക്ക് നേരിട്ട ദയനീയ പരിണതിയുടെ വ്യക്തമായ ചിത്രം നമ്മുടെ മുമ്പില്‍ വരച്ചിടുന്നു. ധാരാളം സമ്പത്തിനുടമയായ ഒരു തോട്ടക്കാരന്‍. അത്യുദാരനായ അദ്ദേഹത്തിന്റെ തോട്ടത്തിലെ വിളവെടുപ്പ് ദിവസം പരിസരവാസികളായ സാധുക്കള്‍ക്കെല്ലാം ആഘോഷമായിരുന്നു. അവരോടുളള അലിവു കാരണം പാകമായ പഴങ്ങളെല്ലാം അവര്‍ക്ക് നല്‍കുമായിരുന്നു. ഓരോ വര്‍ഷം തോട്ടത്തിലെ കൃഷി അഭിവൃദ്ധിപ്പെട്ടു കൊണ്ടേയിരുന്നു. തോട്ടക്കാരന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കളാണ് അതിന്റെ അവകാശികളായിത്തീര്‍ന്നത്. വിളവെടുപ്പിനു സമയമായപ്പോള്‍, അവര്‍ അത് പാവങ്ങള്‍ക്ക് നല്‍കാതിരിക്കാനുള്ള വഴികളാണ് ആലോചിച്ചത്. വിഢിയായ പിതാവ് സ്വത്തെല്ലാം പാവങ്ങള്‍ക്ക് തിന്നാനായി വിട്ടു കൊടുത്തത് പോലെ നാമും ചെയ്താല്‍ അത് നമ്മെ കൂടുതല്‍ പാപ്പരാക്കുകയേ ഉള്ളൂ എന്ന് ചിന്തിച്ച അവര്‍, ഈ തോട്ടത്തിന്റെ ഫലങ്ങള്‍ പാകമാവുന്നത് കാത്തിരിക്കുന്ന പാവങ്ങളെ വിവരമറിയിക്കാതെ പഴമൊക്കെ പറിച്ചെടുക്കാമെന്ന് തീരുമാനിച്ചു. ദൈവഭക്തനായ ഒരാള്‍ വിയോജിപ്പ് പറഞ്ഞെങ്കിലും ബാക്കിയുള്ളവര്‍ അത് അംഗീകരിച്ചില്ല. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ആരുമറിയാതെ, നിശ്ശബ്ദരായി തോട്ടത്തിലേക്ക് പുറപ്പെട്ടു. പക്ഷേ അപ്പോഴേക്കും അല്ലാഹു തന്റെ തീരുമാനം നടപ്പാക്കിക്കഴിഞ്ഞിരുന്നു. നേരം പുലര്‍ന്നു കഴിഞ്ഞപ്പോഴേക്ക്, അതിലെ ഫലങ്ങളൊക്കെയും മുറിച്ചു കളഞ്ഞ നിലയിലായി കഴിഞ്ഞിരുന്നു. തോട്ടം കണ്ട് വിലപിക്കാന്‍ തുടങ്ങിയ അവര്‍ പറഞ്ഞു. ‘നാം വഴിതെറ്റിയിരിക്കുന്നു. അല്ല, നാം എല്ലാം നഷ്ടപ്പെട്ടവരായിരിക്കുന്നു (68:27).

ആര്‍ത്തി മൂത്ത മനസ്സില്‍ നിന്ന് രൂപം കൊള്ളുന്ന ലുബ്ധ്, സ്‌നേഹവാത്സ്യങ്ങളെ ഇല്ലാതാക്കി ബന്ധ വിഛേദത്തിന് വഴിവെക്കുന്നുവെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്: നബി(സ്വ)പറഞ്ഞു: ”നിങ്ങള്‍ പിശുക്കിനെ സൂക്ഷിക്കുവിന്‍, നിങ്ങള്‍ക്ക് മുമ്പുള്ള സമുദായങ്ങള്‍ നശിച്ചത് പിശുക്ക് കൊണ്ടാണ്. കുടുംബബന്ധം മുറിക്കുവാന്‍ അത് അവരോട് കല്പിച്ചു. അപ്പോള്‍ അവര്‍ അതു മുറിച്ചു” (അബുദാവൂദ്) 1

സത്യവിശ്വാസിയുടെ ഉന്നത സംസ്‌കാരവുമായി ഒരുവിധേനയും യോജിച്ചു പോകാത്ത പിശുക്ക് എന്ന ദുര്‍ഗുണമുള്ളവര്‍ നിന്ദ്യമായ പരലോകശിക്ഷക്ക് വിധേയരാകുന്നു. ലുബ്ധന്മാര്‍ മറ്റുള്ളവരെ പിശുക്കിന് പ്രേരിപ്പിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തെ തമസ്‌കരിക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: ‘പിശുക്കുകയും പിശുക്കിന് ജനങ്ങളെ പ്രേരിപ്പിക്കുകയും തങ്ങള്‍ക്ക് അല്ലാഹു അവന്റെ ഔദാര്യത്താല്‍ നല്‍കിയ അനുഗ്രഹം കുറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത് (4:37).

അല്ലാഹു അത്യുദാരനും മാന്യനുമാണ്. അവനുദേശിക്കുന്നവര്‍ക്ക് സമ്പത്തില്‍ വിശാലത നല്‍കുകയും ചിലര്‍ക്ക് ഞെരുക്കം നല്‍കുകയും ചെയ്തത് പരീക്ഷണത്തിന്റെ ഭാഗമായാണ്. അല്ലാഹുവിന്റെ ഔദാര്യമെന്ന നിലക്ക് ലഭിച്ച സമ്പത്തില്‍ ഒരാള്‍ ലുബ്ധ് കാണിക്കുന്നതു കൊണ്ട് അല്ലാഹുവിന്റെ ആധിപത്യത്തിനോ ധന്യതക്കോ യാതൊരു കോട്ടവും വരാനില്ല. പിശുക്ക് കാണിക്കുന്നവന് തന്നെയാണ് ഇഹത്തിലും പരത്തിലും അതിന്റെ ദോഷം അല്ലാഹു പറയുന്നു. ”ആര് മനസ്സിന്റെ പിശുക്കില്‍ നിന്ന് സംരക്ഷിക്കപ്പെട്ടുവോ അവരത്രെ വിജയികള്‍” (64:16). എന്നാല്‍ ലുബ്ധ് മൂത്ത് സകാത്ത് എന്ന നിര്‍ബന്ധ ബാധ്യതപോലും നിറവേറ്റാതെ സമ്പത്ത് ശേഖരിച്ച് വെച്ചവരുടെയടുക്കല്‍ ആ സമ്പത്ത് വിഷപ്പാമ്പായി പ്രത്യക്ഷപ്പെട്ട് ആഞ്ഞുകൊത്തുമെന്ന് റസൂല്‍(സ്വ) ഗൗരവതരമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് (ബുഖാരി) 2

വര്‍ഗീയത

മനുഷ്യന്‍ സമൂഹമായി ജീവിക്കുമ്പോഴും വര്‍ണം, വര്‍ഗം, ഭാഷ, ദേശം, മതം, ജാതി എന്നിവയിലൊക്കെ വ്യത്യസ്തരാണ്. ഈ ഘടകങ്ങളെ അവഗണിക്കാന്‍ നമുക്കാവില്ല. എന്നാല്‍ അവയോട് അന്ധമായ ആഭിമുഖ്യം പുലര്‍ത്തുന്നത് മതത്തിന്റെയും ജാതിയുടെയും പേരിലോ, ഭാഷയുടെയും, ദേശത്തിന്റെയും പേരിലോ, വര്‍ണവര്‍ഗങ്ങളുടെ പേരിലോ ആയാലും വിഭാഗീയതയുടെ വേലിക്കെട്ടുകള്‍ പണിയാന്‍ കാരണമാകുന്നു. കക്ഷിത്വവും സ്വജനപക്ഷപാതവും ഇതിന്റെ ഫലമായി കടന്നുവരുന്നു. താന്‍ പ്രതിനിധാനം ചെയ്യുന്ന കക്ഷിയുടെ തെറ്റിനെ ന്യായീകരിക്കാനും അന്യരുടെ ശരിയെപ്പോലും തെറ്റായി വ്യാഖ്യാനിക്കുവാനും കിണഞ്ഞു പരിശ്രമിക്കുകയും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നതിനു പകരം, അന്ധമായ കക്ഷിത്വത്തിന്റെ പേരില്‍ അന്യായത്തിന് പിന്തുണയേകുകയും ചെയ്യുന്ന ദുഷ്പ്രവണതയ്ക്കാണ് വര്‍ഗീയത എന്നു പറയുന്നത്. വാസില(റ) പറയുന്നു: ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, എന്താണ് വര്‍ഗീയത? നബി(സ്വ) പറഞ്ഞു. ‘സ്വന്തം ആളുകളെ അന്യായത്തില്‍ നീ പിന്തുണക്കലാണ് അത് (അബൂദാവൂദ്) 3 സത്യവും നീതിയും ആരുടെ ഭാഗത്തായിരുന്നാലും അവരെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുക എന്നതാണ് മുസ്‌ലിമിന്റെ ബാധ്യത. മനുഷ്യരെല്ലാം ഒരേ മാതാവിന്റെയും പിതാവിന്റെയും സന്താനങ്ങളാണ്. ആദം-ഹവ്വാഅ് ദമ്പതികളിലൂടെ ലോകത്ത് തലമുറകളായി വന്ന മനുഷ്യര്‍ക്കിടയില്‍ മതം, ജാതി, വര്‍ഗം, വര്‍ണം, ഭാഷ, ദേശം എന്നിവയുടെ വേര്‍തിരിവുകള്‍ പ്രകടമാണ്. എങ്കിലും മനുഷ്യന്‍ എന്ന ഏകകത്തില്‍ ഒരേ മാതാവിന്റെയും പിതാവിന്റെയും സന്തതികള്‍ എല്ലാവരും വിഭാഗീയതകള്‍ മറന്ന് ഒന്നായി കഴിയേണ്ടവരാണ്. ഏതെങ്കിലും വിധേയമുള്ള കക്ഷിത്വത്തിനു ശ്രമിക്കുന്നവര്‍ സമൂഹ ശിഥീലീകരണ പ്രക്രിയക്ക് കുട പിടിക്കുകയാണ് ചെയ്യുന്നത്.

അല്ലാഹു പറയുന്നു: മനുഷ്യരേ, നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വ്യത്യസ്ത വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ അന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിങ്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ കൂടുതല്‍ സൂക്ഷമതയുള്ളവനാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷമജ്ഞാനിയുമാണ് (49:13). ജാതിയുടെയും മതത്തിന്റേയും പേരില്‍ കടുത്ത വിഭാഗീയതയും ഇന്ന് ശക്തിപ്പെട്ടുവരുന്നു. വര്‍ണവെറി, ഭാഷാഭ്രാന്ത് തുടങ്ങിയവ ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. വംശീയ സംഘട്ടനവും തീവ്രവാദ ആക്രമണങ്ങളും ഭീകരവാദികളുടെ ഭീഷണികളും നാട്ടില്‍ അശാന്തി പടര്‍ത്തുന്നു. ഈ അരാജകത്വങ്ങളുടെയെല്ലാം മുഖ്യ കാരണം വര്‍ഗീയതയാണെന്ന് നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നു. റസൂല്‍(സ്വ) പറഞ്ഞു. ”വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല, വര്‍ഗീയതയ്ക്കു വേണ്ടി യുദ്ധത്തിലേര്‍പ്പെടുന്നവന്‍ നമ്മില്‍ പെട്ടവനല്ല, വര്‍ഗീയതയുടെ പേരില്‍ മരിക്കുന്നവനും നമ്മില്‍ പെട്ടവനല്ല” (അബുദാവുദ്) 4 ജാതി, മത, വര്‍ഗ, വര്‍ണ, ഭാഷാ, സംസ്‌കാരങ്ങളിലൊക്കെ വൈവിധ്യം നിലനില്‍ക്കുന്ന സാമൂഹിക സാഹചര്യത്തില്‍ വര്‍ഗീയത വേരുറച്ച് കക്ഷിത്വവും ഭിന്നതയും ശക്തിപ്പെട്ടു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെ വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി കാണാതെ, സംഘട്ടനത്തിന് പകരം ആരോഗ്യപരമായ സഹവര്‍ത്തനത്തിലൂടെ സൗഹാര്‍ദാന്തരീക്ഷം നിലനിര്‍ത്താനുള്ള ബാധ്യത ഒരോ പൗരനുമുണ്ട്. ഇസ്‌ലാമിക ചരിത്രവും തിരുദൂതരുടെ ജീവിതവും ബഹുസ്വര സമൂഹത്തില്‍ വര്‍ഗീയതയില്ലാതെ നീതിയിലും നന്മയിലും എങ്ങനെ ജീവിക്കാമെന്നതിനുള്ള മികച്ച മാതൃകയാണ്. ഒരു പ്രദേശത്തോ രാജ്യത്തോ സമാധാനാന്തരീക്ഷം നിലവില്‍ വരാന്‍ ആരുമായിട്ടൊക്കെ സഹകരിച്ചാലാണോ സാധ്യമാകുന്നത് അവരോടെല്ലാം അവരുടെ മതമോ ജാതിയോ വംശമോ ഭാഷയോ നോക്കാതെ സഹകരിക്കുക എന്ന നിലപാടാണ് നബി(സ്വ) മാതൃക കാണിച്ചത്. ജനങ്ങളോടെല്ലാം നല്ലത് പറയുക എന്ന വിശുദ്ധഖുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ സംസാരത്തിലും സമ്പര്‍ക്കത്തിലും വിഭാഗീയതകള്‍ ഒന്നുമില്ലാതെ മാന്യതയും നന്മയും നിലനിര്‍ത്തണമെന്നാണ്. പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹകരിക്കാനും പാപത്തിലും അതിക്രമത്തിലും സഹകരിക്കാതിരിക്കാനുമുള്ള അല്ലാഹുവിന്റെ കല്പന (5:2) നന്മതിന്മകളെ വിലയിരുത്തുന്നതിലും വിഭാഗീയത കടന്നു വരാനുള്ള പഴതുകള്‍ അടക്കുകയാണ് ചെയ്യുന്നത്.

വര്‍ഗീയതക്കടിമപ്പെട്ടവര്‍ ഏതു വിധേനയും തന്റെയും തന്റെ കക്ഷിയുടെയും നിലപാടുകളെ വെള്ള പൂശുന്ന സമീപനമാണ് സ്വീകരിക്കുക. താന്‍ പ്രതിനിധാനം ചെയ്യുന്ന കക്ഷിയില്‍പ്പെട്ട വ്യക്തിയുടെ ക്രൂരതയെപ്പോലും വെള്ളപൂശുകയും എതിരാളിയുടെ നന്മ ദുര്‍വ്യാഖ്യാനം ചെയ്ത് പുണ്യഹത്യ നടത്തുകയും ചെയ്യും. വര്‍ഗീയത കടുത്ത അനീതി നിറഞ്ഞ നിലപൊടെടുക്കാന്‍ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വര്‍ഗീയതയോട് സന്ധിയാവാന്‍ വിശ്വാസിക്ക് ഒരിക്കലും സാധിക്കുകയില്ല. ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും, നിനക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാവരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. (5:8)

തര്‍ക്കങ്ങളില്‍ വാദം കേള്‍ക്കുമ്പോഴും, പ്രശ്‌നങ്ങളില്‍ തീര്‍പ്പു കല്പിക്കുമ്പോഴും നബി(സ്വ) അങ്ങേയറ്റം അവധാനതയും സൂക്ഷമതയും കാണിച്ചു. നിരപരാധി ശിക്ഷിക്കപ്പെടാനുള്ള സാഹചര്യം ഒഴിവാക്കി. നിയമത്തിന്റെ മുമ്പില്‍ ഏവരും തുല്യരാണെന്ന് തന്റെ നിലപാട് തുറന്നു പറഞ്ഞു. പ്രിയ പുത്രി ഫാത്വിമയാണ് മോഷ്ടിച്ചതെങ്കില്‍ പോലും അവളുടെ കൈ ഛേദിക്കുമെന്ന തിരുദൂതരുടെ വാക്ക്, നീതിയില്‍ അധിഷ്ഠിതമായ സാമൂഹ്യക്രമത്തിലൂടെ വര്‍ഗീയതയെ വേരോടെ പിഴുതെറിയുകയാണ്.

വഞ്ചന

ജീവിതത്തില്‍ സത്യസന്ധത കാത്തു സൂക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ് സത്യവിശ്വാസികള്‍. വഞ്ചനയുടെ ലാഞ്ഛനയില്ലാതെ ജീവിക്കുമ്പോള്‍ മാത്രമേ, കാപട്യത്തിന്റെ കലര്‍പ്പില്ലാത്തതും ശുദ്ധവുമായ ജീവിതം സാധ്യമാകുകയുളളൂ. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്ന കാര്യത്തില്‍ വഞ്ചന കാണിക്കാത്തവരുമാണ് അവര്‍. കാപട്യം എന്നത് അതീവ ഗൗരവമര്‍ഹിക്കുന്ന പാപവും വിശ്വാസ വ്യതിയാനവുമായി ഖുര്‍ആന്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അല്ലാഹു പറയുന്നു. ”വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ചതിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളില്‍ ബോധപൂര്‍വം വഞ്ചന കാണിക്കരുത്’‘(8:27). നബി(സ്വ) പറയുന്നു: ”നാലു കാര്യങ്ങള്‍ ആരിലുണ്ടോ അവന്‍ തികഞ്ഞ കപടവിശ്വാസിയാണ്. അവയില്‍ ഒന്ന് ആരിലെങ്കിലുമുണ്ടെങ്കില്‍ അതൊഴിവാക്കുവോളം കാപാട്യത്തിന്റെ ഒരംശം അയാളിലുണ്ടായിരിക്കും. വിശ്വസിച്ചാല്‍ വഞ്ചിക്കുക, സംസാരിച്ചാല്‍ കള്ളം പറയുക. കരാര്‍ ചെയ്താല്‍ ലംഘിക്കുക, പിണങ്ങിയാല്‍ പുലഭ്യം പറയുക” (ബുഖാരി) 5

അല്ലാഹുവിലും അവന്റെ റസൂലിലുമുള്ള വിശ്വാസത്തില്‍ കാപട്യമുള്ളവര്‍ വഞ്ചകരാണ്. ആ കടുത്ത അപരാധത്തിന്റെ കെടുതികള്‍ സത്യവിശ്വാസികള്‍ കൂടി അവരില്‍ നിന്ന് അനുഭവിക്കേണ്ടിവരും. അതുകൊണ്ട് അത്തരം വഞ്ചകരെക്കുറിച്ച് സദാ ജാഗരൂകരായിരിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (63:4).

അല്ലാഹുവിനെയും റസൂലിനെ(സ്വ)യും വഞ്ചിക്കാന്‍ ശ്രമിക്കുന്ന കപടവിശ്വാസികള്‍ക്ക് സൃഷ്ടികളെ വഞ്ചിക്കാനും യാതൊരു മടിയുമുണ്ടായിരിക്കില്ല. സൃഷ്ടികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലും ക്രയവിക്രയങ്ങളിലുമൊന്നും യാതൊരു വിധേനയും പരസ്പര വിശ്വാസത്തിന് കോട്ടം തട്ടുന്ന, വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പിക്കുന്ന വാക്കുകളോ പ്രവൃത്തികളോ ഉണ്ടായികൂടാത്തതാണ്. ഭാര്യ, ഭര്‍ത്താവ്, തൊഴിലാളി, മുതലാളി, നേതാവ്, അനുയായി, കച്ചവടക്കാരന്‍, ഉപഭോക്താവ് തുടങ്ങിയ എല്ലാ തലങ്ങളിലുമുള്ള വ്യക്തികളും തമ്മിലുണ്ടായിരിക്കേണ്ടത് വിശ്വാസ്യത കൊണ്ട് വിളക്കിച്ചേര്‍ക്കേണ്ട ബന്ധങ്ങളാണ്. വിവാഹമെന്ന ബലവത്തായ കരാറിലൂടെ കുടുംബജീവിതത്തിന് നാമ്പിടുന്ന ഇണകള്‍ പരസ്പരം വിശ്വാസ്യത വീണുടയാതെ ജീവിക്കാന്‍ ബദ്ധശ്രദ്ധരാവണം. സത്‌വൃത്തയായ സ്ത്രീയുടെ സവിശേഷതയായി റസൂല്‍(സ്വ) എണ്ണിപ്പറഞ്ഞതില്‍ വിശ്വാസ്യത കാത്തു സൂക്ഷിക്കുന്നതിന് ഗൗരവ പ്രാധാന്യമുണ്ട്. നബി(സ്വ) പറഞ്ഞു. ”നീ അവളെ നോക്കിയാല്‍ നിന്നെ അവള്‍ സന്തുഷ്ടയാക്കും. കല്പിച്ചാല്‍ അനുസരിക്കും. നീ അവളുടെ അടുത്തില്ലെങ്കില്‍ നിന്റെ സ്വത്തിലും സ്വന്തം ശരീരത്തിലും അവള്‍ നിന്നെ സൂക്ഷിക്കും”.

കച്ചവടത്തിലും സാമ്പത്തിക ഇടപാടുകളിലും വഞ്ചന കടന്നുവരാനുള്ള സാധ്യത കൂടുതലാണ്. കച്ചവടം ചെയ്യുമ്പോള്‍ വില്പനക്കാരനും ഉപഭോക്താവും ചരക്കിന്റെയും വിലയുടെയുമൊക്കെ കാര്യത്തില്‍ പരസ്പരം പൂര്‍ണ തൃപ്തരായിരിക്കണമെന്നത് കച്ചവടത്തിന്റെ സാധ്യതക്കുളള ഇസ്‌ലാമികമായ നിബന്ധനവും മര്യാദയും ആണ്. നനഞ്ഞ് കുതിര്‍ന്ന ധാന്യമണികള്‍ മറച്ചുവെച്ച് ന്യൂനതകളെ പരസ്യപ്പെടുത്താതെ കച്ചവടം ചെയ്യുമ്പോള്‍ റസൂല്‍(സ്വ)യുടെ ശ്രദ്ധയില്‍ അത് പെട്ടു. വഞ്ചനയാണ് കച്ചവടക്കാരന്‍ ചെയ്യുന്നത് എന്ന് സഗൗരവം ഉണര്‍ത്തി. ‘നമ്മെ വഞ്ചിച്ചവന്‍ നമ്മില്‍പ്പെട്ടവനല്ല (മുസ്‌ലിം) 6

അമിതവില ഈടാക്കാനുള്ള, പൂഴ്ത്തിവെപ്പ് നടത്തുന്നതും കരിഞ്ചന്തയുമൊക്കെ എക്കാലത്തും കച്ചവടത്തില്‍ നടക്കുന്ന വഞ്ചനയാണ്. പരലോകത്ത് വഞ്ചകന്മാര്‍ അപമാനിതരായിരിക്കുമെന്ന് റസൂല്‍(സ്വ) ഉണര്‍ത്തി.

നബി(സ്വ) പറഞ്ഞു: സര്‍വ വഞ്ചകന്മാര്‍ക്കും പരലോകത്ത് അപമാനത്തിന്റെ കൊടിയുണ്ടായിരിക്കും (ബുഖാരി) 7 കള്ളംപറയുകയും വഞ്ചന നടത്തുകയും ചെയ്തു കൊണ്ട് കൊള്ളലാഭം കൊയ്യാന്‍ കൂടുതല്‍ സാധ്യതയുളള രംഗം കച്ചവടമായിനാല്‍ റസൂല്‍(സ്വ) വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കച്ചവട മേഖലയില്‍ സത്യസന്ധത കാത്തുസൂക്ഷിക്കാന്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചു.

അബൂഖാലിദില്‍ നിന്ന് നിവേദനം: പ്രവാചകന്‍ പ്രഖ്യാപിച്ചിരിക്കുന്നു: ‘വാങ്ങുന്നവനും വില്‍ക്കുന്നവനും വേര്‍പിരിയുന്നതിന് മുമ്പ് കച്ചവടം ദുര്‍ബലപ്പെടുത്താന്‍ ഇരുവര്‍ക്കും അവകാശമുണ്ട്. ഇരുവരും സത്യം പറയുകയും എല്ലാം സുതാര്യമാക്കുകയും ചെയ്യുന്നുവെങ്കില്‍ തങ്ങളുടെ കച്ചവടത്തില്‍ ഇരുവരും അനുഗ്രഹിക്കപ്പെടും. മറിച്ച് മറച്ചുവെക്കുകയും കള്ളം പറയുകയുമാണെങ്കില്‍ ഇരുവരുടെയും വ്യാപാരത്തില്‍ അനുഗ്രഹം നിഷേധിക്കപ്പെടുകയും ചെയ്യും (ബുഖാരി) 8

ബാധ്യതകള്‍ വിസ്മരിക്കയും അവകാശങ്ങളെക്കുറിച്ച് ബോധവാനാകുകയും ബോധാവാനാകുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നത് നിസ്സാരവത്ക്കരിക്കുകയും ചെയ്യുന്നവരായിരിക്കും വഞ്ചകന്മാര്‍. കച്ചവടത്തില്‍ മാത്രമല്ല തൊഴില്‍ മേഖലകളിലെല്ലാം തൊഴിലിന്റെ ഗുണഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പിക്കാന്‍ കഴിയണം. അല്ലാഹു പറയുന്നു. ”അളവില്‍ കുറയ്ക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും, ജനങ്ങള്‍ അളന്നു കൊടുക്കുകയോ തൂക്കി കൊടുക്കുയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ? ഭയങ്കരമായ ഒരു ദിവസത്തിനായിട്ട് തങ്ങള്‍ എഴുന്നേല്പിക്കപ്പെടുന്നവരാണെന്ന്? അതേ ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം (83:1-6).

ആക്ഷേപം

മനുഷ്യരുടെ ജീവന്ന് ഇസ്‌ലാം പവിത്രത കല്പിച്ചതുപോലെ അവരുടെ അഭിമാനത്തിനും അന്തസ്സിനും ഇസ്‌ലാം പവിത്രത കല്പിക്കുന്നു. അവയ്ക്ക് ക്ഷതമേല്‍ക്കുന്ന യാതൊന്നും മറ്റുള്ളവരില്‍ നിന്നുണ്ടാവാന്‍ പാടില്ല എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. നാവ് എയ്തു വിടുന്ന ആക്ഷേപശരങ്ങള്‍ മറ്റൊരാളുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്നു. ”വാളിനാലുള്ള വ്രണം കാലത്താല്‍ നികന്നിടും, നാവിനാലുള്ള വ്രണം മാറുകയില്ലൊരിക്കലും” എന്ന കവിവാക്യം ചിന്തനീയം തന്നെ.

കെട്ടുറപ്പുള്ള സമൂഹത്തിന്റെ ഐക്യത്തിനും ഭദ്രതക്കും പരസ്പരം സഹകാരികളും സംരക്ഷകരുമായി ജീവിക്കുകയാണ് വേണ്ടത്. ആക്ഷേപത്തിന്റെയോ കുറ്റപ്പെടുത്തലിന്റെയോ ദുഷിച്ച വഴിയിലേക്ക് നീങ്ങാന്‍ വിശ്വാസികള്‍ക്ക് പാടില്ല-”നിങ്ങള്‍ നിങ്ങളെത്തന്നെ അധിക്ഷേപിക്കരുത്” എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ആരെങ്കിലും തന്റെ സഹോദരനെ കുത്തുവാക്ക് പറയുന്നുവെങ്കില്‍ അവന്‍ യഥാര്‍ത്ഥത്തില്‍ തന്നെത്തന്നെയാണ് ആക്ഷേപിക്കുന്നത്. അല്ലാഹു പറയുന്നു: നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിന് ശേഷം അധാര്‍മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! ഇങ്ങനെ ചെയ്തിട്ട് വല്ലവരും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍ (49:11).

സത്യവിശ്വാസികള്‍ മറ്റൊരാളുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുകയും അത് പരസ്യമാക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുകയും വേണം. സത്യവിരുദ്ധമായതോ, അര്‍ധസത്യമോ ആയ ഒരു കാര്യത്തിന്റെ പേരില്‍ ഒരാളെ ആക്ഷേപത്തിനിരയാക്കിയാല്‍ പാപത്തിന്റെ ഗൗരവം വര്‍ധിക്കുന്നു. അല്ലാഹു പറയുന്നു. ”സത്യവിശ്വാസികളായ പുരുഷന്മാരെയും സത്യവിശ്വാസിനിയായ സ്ത്രീകളെയും അവര്‍ ചെയ്യാത്ത കുറ്റത്തിന് ദ്രോഹിക്കുന്നവര്‍ വ്യക്തമായ പാപവും കുറ്റവും പേറേണ്ടിവരും (33:58). നബി(സ്വ) പറഞ്ഞതായി ഇബ്‌നു മസ്ഊദ്(റ)പറയുന്നു: ഒരു മുസ്‌ലിമിനെ ശകാരിക്കല്‍ പാപവും അവനെ കൊലപ്പെടുത്തല്‍ സത്യനിഷേധവുമാണ്.” (ബുഖാരി) 9

തെറ്റു ചെയ്തവന് മാതൃകാപരമായ ശിക്ഷ ഇസ്‌ലാം വിധിക്കുന്നുണ്ട്. ഇസ്‌ലാമിക ഭരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശരീഅത്ത് താത്പര്യപ്പെടുന്ന ശിക്ഷാമുറ നടപ്പിലാക്കാന്‍ അതത് ഭരണാധികാരികളാണ് മുന്‍കൈയ്യെടുക്കേണ്ടത്. എന്നാല്‍ ശിക്ഷ നടപ്പിലാക്കുന്നതിനപ്പുറം കുറ്റവാളികളുടെ മനസ്സിനെ വേദനിപ്പിക്കുന്ന പരിധിവിട്ട വാക്കുകള്‍ പ്രയോഗിക്കാന്‍ പാടില്ല എന്ന് റസൂല്‍(സ്വ) പറഞ്ഞു തരുന്നു.

മനുഷ്യന്റെ കര്‍മങ്ങള്‍ക്കുള്ള വിചാരണയും രക്ഷാ ശിക്ഷകളും നടപ്പിലാക്കാന്‍ സമ്പൂര്‍ണമായ അധികാരം അല്ലാഹുവിന് മാത്രമാണ്. നന്മ കല്പിക്കാനും തിന്മ വിരോധിക്കാനുമാണ് വിശ്വാസികള്‍ക്ക് ബാധ്യതയുള്ളത്. ഒരാളെ അവിശ്വാസിയായി മുദ്രകുത്താനോ അയാളില്‍ സത്യനിഷേധം ആരോപിക്കാനോ ആര്‍ക്കും അധികാരമില്ല. അത്തരത്തിലുള്ള ആക്ഷേപ ശരങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കടുത്ത ശിക്ഷയുണ്ടാകുമെന്ന് റസൂല്‍(സ്വ) മുന്നറിയിപ്പ് നല്‍കുകയുണ്ടായി. അബൂദര്‍ദ്ദാഅ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: സത്യനിഷേധം (കുഫ്‌റ്), ദുര്‍ന്നടപ്പ് (ഫിസ്ഖ്) എന്നിവകൊണ്ട് ആരും മറ്റൊരാളെ കുറ്റപ്പെടുത്തുകയില്ല; അവന്‍ അതിന് അര്‍ഹനല്ലെങ്കില്‍ ആ കുറ്റപ്പെടുത്തിയവനിലേക്ക് തന്നെ അത് തിരിച്ചെത്തിയിട്ടല്ലാതെ (മുസ്‌ലിം) 10

അത്യാഗ്രഹം

അതിരില്ലാത്ത ആഗ്രഹങ്ങളും പരിധിയില്ലാത്ത മോഹങ്ങളുമായിട്ടാണ് മനുഷ്യന്‍ ജീവിക്കുന്നത്. അന്ത്യ നിമിഷം വരെ ഇത് തുടരുകയും ചെയ്യും. നബി(സ്വ)അരുളി: മനുഷ്യന്ന്, ധനത്തിന്റെ രണ്ട് താഴ്‌വര ഉണ്ടായാല്‍ മൂന്നാമതൊന്നുകൂടി അവന്‍ ആഗ്രഹിക്കും മണ്ണ് മാത്രമേ മനുഷ്യന്റെ ഉള്ള് നിറക്കുകയുള്ളൂ (ബുഖാരി) 11

സമ്പത്തും ജീവിത വിഭവങ്ങളും മതിവരുവോളം നേടി സൗഖ്യപൂര്‍ണമായ നിലവാരത്തിലേക്ക് ജീവിതം എത്തിക്കണമെന്ന് നിനച്ച്, ഉള്ളതില്‍ സംതൃപ്തിയടയാതെ അത്യാഗ്രഹങ്ങളുടെ പിന്നാലെ പായുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. അല്പായുസ്സ് മാത്രമേ ഇവിടെ തനിക്കുള്ളൂവെന്ന സത്യം അവന്‍ വിസ്മരിച്ചു പോകുന്നു. നബി(സ്വ) അരുളി: ആദമിന്റെ മക്കള്‍ (മനുഷ്യര്‍ക്ക്) വാര്‍ധക്യം ബാധിക്കുന്നയവസരത്തിലും രണ്ടു സംഗതികള്‍ യുവത്വം പ്രാപിച്ചുകൊണ്ടിരിക്കും. ഐഹികതയോടുള്ള ഇഷ്ടവും പ്രതീക്ഷയുടെ ദൈര്‍ഘ്യവും (ബുഖാരി) 12 ‘ജീവിതത്തോടും ധനത്തോടുമുള്ള ഇഷ്ടവുമെന്ന് മറ്റൊരു റിപ്പോര്‍ട്ടിലും കാണാം(ബുഖാരി) 13

പരലോക മോക്ഷം ലക്ഷ്യം വെച്ച് ലഭ്യമായ അനുഗ്രഹങ്ങളില്‍ ആത്മസംതൃപ്തിയടഞ്ഞ് ജീവിക്കുന്ന വിശ്വാസി ആഗ്രഹങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. പരലോക വിജയത്തിന് വിഘാതമാവത്തക്കവിധം മോഹങ്ങള്‍ക്ക് അതിര് നിശ്ചയിക്കാന്‍ അവന് സാധിക്കും. റസൂല്‍ (സ്വ) പറഞ്ഞു: ‘ആരുടെയെങ്കിലും മുഖ്യ പരിഗണന ഐഹിക ജീവിതമായാല്‍, അല്ലാഹു കാര്യങ്ങള്‍ ഛിന്നഭിന്നമാക്കുകയും ദാരിദ്ര്യം അവന്റെ തൊട്ടുമുന്നില്‍ ആക്കുകയും ചെയ്യാതിരിക്കില്ല. അവന്ന് രേഖപ്പെടുത്തി വെച്ചിട്ടുള്ളതല്ലാതെ ദുനിയാവില്‍ നിന്ന് ഒന്നും തന്നെ അവന്ന് ലഭ്യമാവുകയുമില്ല. (അല്‍ ജാമിഉസ്സ്വഹീഹ്) 14 അറ്റമില്ലാത്ത ദുഃഖം, അവസാനിക്കാത്ത ജോലിത്തിരക്ക്, വിരാമമില്ലാത്ത വറുതി, അറുതിയില്ലാത്ത ആര്‍ത്തി എന്നിവയാണവ’. പ്രമുഖ പണ്ഡിതനും ചിന്തകനുമായിരുന്ന ഇമാം ശാഫിയുടെ വരികള്‍ ഇതോട് ചേര്‍ത്തു വായിക്കാം. ‘ജീവിക്കുകയാണെങ്കില്‍ എനിക്ക് ആഹാരം കിട്ടാതിരിക്കില്ല. മരിച്ചാല്‍ ആറടി മണ്ണു കിട്ടും. അതിനാല്‍ എന്റെ ധൈര്യം രാജാക്കന്മാര്‍ക്ക് പോലും അന്യം; മനസ്വാതന്ത്ര്യവും.”

മനുഷ്യന്റെ ധനതൃഷ്ണയും ഭൗതികവിഭവങ്ങളിലുള്ള അതിമോഹവുമാണ് സ്രഷ്ടാവിനോട് നന്ദികെട്ടവനായി ജീവിക്കാന്‍ നിമിത്തമായിതീരുന്നത്. ഭൗതികവിഭവങ്ങള്‍ ഭൂമിയിലെ മനുഷ്യക്കിടയില്‍ ഏറ്റ വിത്യാസത്തോടെ നല്‍കിയ അല്ലാഹു ധനാഡ്യരെയും- ദരിദ്രരെയും പരീക്ഷിക്കുകയാണ് ചെയ്യുന്നത്.

സമ്പത്തിനോടുള്ള ആര്‍ത്തി കൊണ്ട് അവര്‍ ഇഹലോകത്ത് ശാശ്വത വാസികളാണെന്ന മട്ടില്‍ ജീവിക്കുന്നു. ആര്‍ത്തിക്ക് അറുതി വരുത്തി സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥനായ അല്ലാഹുവിനോട് നന്ദികാണിച്ചുകൊണ്ടുള്ള ജീവിതം നയിക്കണമെന്ന സന്ദേശമാണ് ഖാറൂന്‍ മുതലാളിയുടെ ദയനീയ അന്ത്യം വിവരിച്ചതിലൂടെ ഖുര്‍ആന്‍ നമുക്ക് മുമ്പില്‍ വയ്ക്കുന്നത്. സ്വന്തം കഴിവും അറിവും കൊണ്ട് നേടിയതാണ് തന്റെ സമ്പത്തൊക്കെയും എന്ന് അയാള്‍ അഹങ്കരിച്ചു. അല്ലാഹുവിനെ മറന്ന് ധിക്കാരികളായി ജീവിച്ചവര്‍ക്കുണ്ടായ ദയനീയ പരിണതിയില്‍ നിന്ന് അത്യാഗ്രഹിയായ ഖാറൂന്‍ പാഠമുള്‍കൊണ്ടില്ല. ഐഹിക വിഭവങ്ങളില്‍ സുഖം കണ്ടെത്തി ഈ കാഴ്ച്ച കണ്ടയാളുകളില്‍ ചിലര്‍ പറഞ്ഞു ഖാറൂന് കിട്ടിയത് പോലെ ഞങ്ങള്‍ക്കും കിട്ടിയിരുന്നെങ്കില്‍! ഖാറൂന്‍ ഭാഗ്യവാന്‍ തന്നെ. എന്നാല്‍ അറിവുള്ളവര്‍ പറഞ്ഞത് ഇപ്രകാരമാണ് ‘നിങ്ങള്‍ക്കു നാശം. സത്യവിശ്വാസം സ്വീകരിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന് അല്ലാഹുവിന്റെ പ്രതിഫലമാണ് ഏററവും വലുത്. എന്നാല്‍ ക്ഷമാശീലര്‍ക്കല്ലാതെ അത് ലഭ്യമല്ല.’

സുഖാഡംബരങ്ങളുടെ പറുദീസയില്‍ അത്യാഗ്രഹിയും അഹങ്കാരിയുമായി കഴിഞ്ഞിരുന്ന ഖാറൂന് ദയനീയമായ അന്ത്യമുണ്ടായി. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭവനത്തെയും ഭൂമിയില്‍ അല്ലാഹു ആഴ്ത്തിക്കളഞ്ഞു. നിസ്സഹായവസ്ഥയില്‍ നിന്ദ്യമായ പര്യവസാനം ഖാറൂന് അനുഭവിക്കേണ്ടിവന്നപ്പോള്‍, ഖാറൂനിനെപ്പോലെയാവാന്‍ കൊത്തിച്ചവര്‍ ഇപ്രകാരം പറയാനും തുടങ്ങി: അല്ലാഹു നമ്മോട് ഔദാര്യം കാണിച്ചില്ലായിരുന്നെങ്കില്‍ നമ്മെയും അവന്‍ ഭൂമിയില്‍ ആഴ്ത്തികളയുമായിരുന്നു. കഷ്ടം സത്യനിഷേധികള്‍ വിജയം വരിക്കയില്ല (28:82).

മനുഷ്യന്റെ ആര്‍ത്തിയും പൊങ്ങച്ചവും അവന്‍ മരിച്ചു മണ്ണടിയുന്നതുവരെ ശമിക്കുകയില്ല എന്ന് അല്ലാഹു പഠിപ്പിക്കുന്നുണ്ട് (102:1-4). ഉള്ളതില്‍ സംതൃപ്തിയടയുന്ന മനസ്സിനല്ലാതെ സമാധാനമനുഭവിക്കാന്‍ കഴിയില്ല.

ആഗ്രഹവും പ്രതീക്ഷയുമാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. മനുഷ്യപുരോഗതിക്കു നിദാനവും ഈ രണ്ടു ഘടകങ്ങള്‍ തന്നെ. ആഗ്രഹങ്ങള്‍ സഫലമാവാതെ പോയാല്‍ ഭഗ്‌നാശരായിത്തീരാതെ അടുത്തതിലേക്കു നീങ്ങുകയാണ് വേണ്ടതെന്ന് അല്ലാഹുവും റസൂലും പഠിപ്പിക്കുന്നു. ആധുനിക മനഃശ്ശാസ്ത്രവും ഇതുതന്നെ പറയുന്നു. കൊതിച്ചതല്ല വിധിച്ചതാണ് നമുക്കുള്ളതെന്ന വിശ്വാസം മുസ്‌ലിമിനെ സംതൃപ്തജീവിതം നയിക്കാന്‍ പ്രാപ്തനാക്കുന്നു.

അത്യാഗ്രഹവും അമിതപ്രതീക്ഷയും മനുഷ്യനെ നാശത്തിലേക്കു നയിക്കുന്നു. യാഥാര്‍ഥ്യേബാധമില്ലാതെ അത്യാഗ്രഹവും അതിമോഹവും വച്ചുപുലര്‍ത്തുന്നവര്‍ക്ക് കടുത്ത നിരാശയും മോഹഭംഗവുമായിരിക്കും ഫലം.

 

 

References
  1. സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 61, ഹദീസ് 1698[]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 38, ഹദീസ് 4565[]
  3. സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 493, ഹദീസ് 5119[]
  4. സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 494, ഹദീസ് 5121[]
  5. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 16, ഹദീസ് 34[]
  6. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 69, ഹദീസ് 101[]
  7. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 104, ഹദീസ് 3188[]
  8. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 58, ഹദീസ് 2079[]
  9. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 50, ഹദീസ് 7076[]
  10. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 56, ഹദീസ് 60[]
  11. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 92, ഹദീസ് 6436[]
  12. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 89, ഹദീസ് 6420[]
  13. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 99, ഹദീസ് 1046[]
  14. അല്‍ ജാമിഉസ്സ്വഹീഹ് ലിസ്സുനനി വല്‍ മസാനിദി, വാള്യം 10, പേജ് 363, ഹദീസ് 451926[]
മുൻപത്തെ ലേഖനം ദുഃസ്വഭാവങ്ങള്‍ – 3
അടുത്ത ലേഖനം ദുഃസ്വഭാവങ്ങള്‍ – 1

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History