സദ്‌സ്വഭാവങ്ങള്‍ – 4
സദ്‌സ്വഭാവങ്ങള്‍ എന്ന ഈ അധ്യായത്തില്‍ മാനവികതയുടെ മഹത്തായ സംസ്‌കാരം സഹസ്രാബ്ധങ്ങളായി പരിപാലിച്ചു പോരുന്ന വിശിഷ്ട സ്വഭാവങ്ങളെ കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് വിശദീകരിക്കുകയാണ്. അവധാനത, പരിഗണന, കൂടിയാലോചന, വിട്ടുവീഴ്ച, ത്യാഗം, മിതവ്യയം, നീതി പാലനം എന്നീ വിശിഷ്ട ഗുണങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.
അവധാനത
മനുഷ്യന്‍ പ്രകൃത്യാ ധൃതി കൂട്ടുന്ന സ്വഭാവക്കാരാണ്. അധ്വാനത്തിന്റെ ഫലം താമസം വിനാ അനുഭവിക്കാനാവണമെന്നും കാത്തിരിപ്പിന്റെ വിരസതയില്ലാതെ കാര്യങ്ങള്‍ നേടിയെടുക്കണെന്നും ഏവരും കൊതിക്കുന്നു. മനുഷ്യപ്രകൃതിയുടെ ഭാഗമായിട്ടുള്ള ധൃതിയെക്കുറിച്ച് അല്ലാഹു പറയുന്നു.
”ധൃതി കൂട്ടുന്നവനായിട്ടാകുന്നു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്റെ ദൃഷ്ടാന്തങ്ങള്‍ വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്. അതിനാല്‍ നിങ്ങള്‍ എന്നോട് ധൃതികാട്ടരുത്’‘ (21:37).
അല്ലാഹുവോട് പ്രാര്‍ഥിക്കുന്ന കാര്യത്തില്‍ പോലും ഈ ധൃതി മനുഷ്യര്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുമെന്ന് അല്ലാഹു അറിയിക്കുന്നു. ”മനുഷ്യന്‍ ഗുണത്തിന് വേണ്ടി പ്രാര്‍ഥിക്കുന്ന പോലെ നാശത്തിനു വേണ്ടിയും പ്രാര്‍ഥിക്കുന്നു. മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു’‘ (17:11).
‘സത്കര്‍മങ്ങളില്‍ നിരതരനാവാന്‍ സത്യവിശ്വാസികള്‍ ധൃതിയും ആവേശവും കാണിക്കേണ്ടത് അനിവാര്യമാണ്. അമാന്തമോ അലസതയോ ഇല്ലാതെ അല്ലാഹുവും നബി(സ്വ)യും പുണ്യകര്‍മങ്ങളായി പഠിപ്പിച്ച് തന്ന കാര്യങ്ങളില്‍ വ്യാപൃതരാവാന്‍ സത്യവിശ്വാസികള്‍ കാണിക്കേണ്ട ഔത്സുക്യം സൂക്ഷ്മതാബോധത്തിന്റെ ഭാഗമാണ്. എന്നാല്‍ സത്യവിശ്വാസികള്‍ കര്‍മങ്ങളില്‍ സ്വീകരിക്കേണ്ട സമീപനരീതി അവധാനത നിറഞ്ഞതായിരിക്കണമെന്ന് പ്രവാചകന്‍(സ്വ) പഠിപ്പിക്കുന്നു. ധൃതിയില്ലാതെ അവധാനപൂര്‍വം കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ അത് കുറ്റമറ്റ രീതിയില്‍ ചെയ്യാന്‍ സാധിക്കും. നബി(സ്വ) അരുളി ” നമസ്‌കാരത്തിന് ഇഖാമത്ത് (വിളി) കേട്ടാല്‍ നിങ്ങള്‍ നമസ്‌കരിക്കാനായി നടന്നു ചെല്ലുക. നിങ്ങള്‍ക്ക് ശാന്തതയും ഗാംഭീര്യവും ഉണ്ടായിരിക്കണം. നിങ്ങള്‍ ധൃതിപ്പെടരുത്. നിങ്ങള്‍ക്ക് ലഭിച്ചത് നമസ്‌കരിക്കുക. നഷ്ടപ്പെട്ടത് പൂര്‍ത്തിയാക്കുക” (ബുഖാരി) 1
ഹജ്ജിന്റെ വേളയില്‍ ജനങ്ങള്‍ തിരക്ക് കൂട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രവാചകന്‍(സ്വ) പറഞ്ഞു. മനുഷ്യരേ, നിങ്ങള്‍ക്ക് അച്ചടക്കം (ശാന്തത) അനിവാര്യമാണ്. നന്മ ഒരിക്കലും ധൃതിപ്പെടുന്നതിലല്ല (ബുഖാരി) 2
ഒരു വാര്‍ത്ത കേള്‍ക്കാനിടവന്നാല്‍ കേട്ട മാത്രയില്‍ അതിന്റെ വസ്തുതകളെയോ, സ്രോതസ്സുകളെക്കുറിച്ചോ ഒന്നും ആലോചിക്കാതെ ഏറ്റു പറയുന്നതും പ്രചരിപ്പിക്കുന്നതും പാടില്ലാത്തതാണ്. കേട്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ധൃതിപ്പെട്ട നിലപാടുകള്‍ എടുക്കുന്നതും ശരിയല്ല. അവധാനപൂര്‍വം അത് കൈകാര്യം ചെയ്യുകയാണ് വിശ്വാസികള്‍ക്ക് കാരണീയമായിട്ടുള്ളത്. അവധാനത കാണിക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ ”കേട്ട വാര്‍ത്തയെക്കുറിച്ച് വ്യക്തമായി അന്വേഷിച്ചറിയണമെന്ന് കല്പിക്കുന്നത് (49:6). നബി(സ്വ) അരുളി, ‘അവധാനത ഏതൊരു കാര്യത്തിലുണ്ടോ, അക്കാര്യത്തെ അത് ഭംഗിയുള്ളതാക്കാതിരിക്കില്ല; ഏതൊരു കാര്യത്തില്‍ നിന്ന്, അവധാനത ഊരി മാറ്റപ്പെടുന്നുവോ, അതിനെ അത് വികൃതമാക്കാതെയുമിരിക്കില്ല (മുസ്‌ലിം) 3
അലസമായി കാര്യങ്ങള്‍ നിര്‍വഹിക്കുക എന്നോ, ആവേശപൂര്‍വം സത്കര്‍മങ്ങളില്‍ മുഴുകുന്നതിനെ വിലക്കുക എന്നതോ അല്ല അവധാനത, ശാന്തത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൃത്യതയും സൂക്ഷ്മതയും കാണിച്ച് കര്‍മങ്ങളെ കുറ്റമറ്റതാക്കാന്‍ സഹായകമാവുന്ന സദ്ഗുണമെന്ന നിലക്ക് വിശ്വാസികള്‍ ശീലിക്കേണ്ട ഒന്നാണത്. നബി(സ്വ) അരുളി: ”സൗമ്യത ഒരാള്‍ക്ക് വിലക്കപ്പെട്ടാല്‍, സകല നന്‍മയും അയാള്‍ക്ക് വിലക്കപ്പെടുന്നതാണ്” (മുസ്‌ലിം) 4
പരിഗണന
സമൂഹ ജീവിയായ മനുഷ്യന്‍ ജീവിതത്തില്‍ പരസ്പരമുള്ള പരിഗണനയും അംഗീകാരവും ആഗ്രഹിക്കുന്നവനാണ്. ബന്ധങ്ങളുടെ ഭദ്രതയ്ക്കും സന്തോഷവും സമാധനവും നിറഞ്ഞ ജീവിതത്തിനും വ്യക്തികള്‍ പരസ്പരം പരിഗണിച്ച് കൊണ്ടുള്ള സഹവര്‍ത്തനം അനിവാര്യമാണ്. പരിഗണനയില്‍ അധിഷ്ഠിതമായ പെരുമാറ്റ രീതിയും ജീവിത ശൈലിയും വിശ്വാസികള്‍ സ്വീകരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു, പ്രായംകൊണ്ട് മുതിര്‍ന്നവരേയും, പാണ്ഡിത്യംകൊണ്ട് ഉന്നത സ്ഥാനീയരേയും അര്‍ഹിക്കുന്ന ആദരവോടെ കാണണമെന്ന് പഠിപ്പിക്കുന്നു. പ്രായത്തില്‍ ഇളയവരെ സ്‌നേഹിച്ചും, അനാഥര്‍, അഗതികള്‍, ദുര്‍ബലര്‍ തുടങ്ങിയവരോട് അനുകമ്പ കാണിച്ചും മാതാപിതാക്കളോട് കാരുണ്യവും ബഹുമാനവും പ്രകടിപ്പിച്ചും ജീവിക്കണമെന്ന് നബി(സ്വ) കല്പിച്ചത് ഒരോരുത്തര്‍ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാനാണ്.
നബി(സ്വ) പറഞ്ഞു: നമ്മിലെ ഇളയവരോട് കാരുണ്യം കാണിക്കാത്തവരും, മുതിര്‍ന്നവരോട് ബഹുമാനം കാണിക്കാത്തവരും നമ്മില്‍പ്പെട്ടവനല്ല(തിര്‍മിദി) 5 മനുഷ്യ ജീവിതത്തിന്റെ ഗതി മാറ്റത്തില്‍ യുവത്വം പിന്നീട് വാര്‍ധക്യത്തിലെത്തുമ്പോള്‍ അവശതയുടെ പ്രായഘട്ടത്തില്‍ അര്‍ഹമായ പരിഗണനയും ആദരവും വൃദ്ധര്‍ക്ക് ലഭിക്കേണ്ടതുണ്ട്. നബി(സ്വ) പറഞ്ഞു. ‘ഒരു യുവാവ് ഒരു വൃദ്ധനെ അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് ആദരിച്ചാല്‍ ഈ യുവാവ് വൃദ്ധനാകുമ്പോള്‍ അവനെ ആദരിക്കുന്നവരെ അല്ലാഹു ഉണ്ടാക്കുന്നതാണ്'(തിര്‍മിദി) 6
നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നവര്‍ ദുര്‍ബലനായ ആളുകളെയും പ്രായം ചെന്നവരെയും പരിഗണിച്ച് നമസ്‌കാരം ലഘൂകരിക്കണമെന്ന് നബി(സ്വ) നിര്‍ദേശിച്ചിട്ടുണ്ട് (ബുഖാരി) 7
അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം(റ) വിശുദ്ധ ഖുര്‍ആന്‍ കേട്ട് പഠിക്കാനായി വളരെ താത്പര്യപൂര്‍വം നബി(സ്വ)യുടെ സന്നിധിയിലെത്തി. അപ്പോള്‍ നബി(സ്വ) ഉത്ബ, ശൈബ തുടങ്ങിയ പ്രമാണിമാരും ധനാഢ്യരുമായ ആളുകളോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊടുക്കാനുള്ള വ്യഗ്രത നബി(സ്വ) കാണിച്ചു. അവര്‍ ഇസ്‌ലാമിലേക്ക് കടന്നു വന്നിട്ടില്ലെങ്കിലും ചുരുങ്ങിയ പക്ഷം അവര്‍മുഖേനയുള്ള ഉപദ്രവങ്ങള്‍ ലഘൂകരിച്ച് നീതി കിട്ടുകയെങ്കിലും ചെയ്‌തേക്കുമല്ലോ എന്ന് വിചാരിച്ച് പ്രവാചകന്‍(സ്വ) ക്ക് അവരുടെകാര്യത്തില്‍ പ്രത്യേക താത്പര്യമുണ്ടായിരുന്നു. ആ സമയത്ത് അവിടെയെത്തിയ അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം(റ)നെ റസൂല്‍(സ്വ) വേണ്ടത്ര പരിഗണിച്ചില്ല. റസൂല്‍(സ്വ)യുടെ ഈ നിലപാടിനെ ആക്ഷേപിച്ച് കൊണ്ട് സൂറത്തു അബസയിലെ 16 സൂക്തങ്ങള്‍ അവതരിച്ചു. ‘അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞു കളഞ്ഞു. അദ്ദേഹത്തിന്റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍. (നബിയേ) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരുവേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ’ (80:1,2,3).
അന്ധനായ സ്വഹാബിക്ക് അര്‍ഹമായ പരിഗണന റസൂല്‍(സ്വ)യില്‍ നിന്ന് ലഭിക്കാതെ പോയതില്‍ അല്ലാഹു പ്രവാചകനെ ഇവിടെ തിരുത്തുന്നു. വീഴ്ച തിരുത്തി നബി(സ്വ) പിന്നീടുള്ള സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ പ്രത്യേകം പരിഗണിക്കുകയും അര്‍ഹമായ ആദരവ് നല്‍കുകയും ചെയ്തു.
സ്‌നേഹം, ആദരവ്, ദയ, അംഗീകാരം ഇവയൊക്കെ വിശ്വാസിയുടെ ജീവിതത്തില്‍ നില നിര്‍ത്തിപ്പോരേണ്ട സദ്ഗുണങ്ങളാണ്. പണ്ഡിതര്‍, ഇസ്‌ലാമിന് വേണ്ടി ത്യാഗം അനുഷ്ഠിച്ചവര്‍, എന്നിവരെ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ നബി(സ്വ) പരിഗണിച്ചത് അവര്‍ക്ക് അര്‍ഹിക്കുന്ന ആദരവ് ലഭിക്കാനാണ്.
ഉഖ്ബ(റ) നിവേദനം. നബി(സ്വ) അരുളി: ജനങ്ങള്‍ക്ക് ഇമാം നില്‍ക്കേണ്ടത് അവരില്‍ അല്ലാഹുവിന്റെ ഖുര്‍ആന്‍ കൂടുതല്‍ മനഃപാഠമുള്ളവരാണ്. ഖുര്‍ആനില്‍ അവര്‍ സമമായാല്‍ സുന്നത്തില്‍ കൂടുതല്‍ പാണ്ഡിത്യമുള്ളവര്‍ നില്‍ക്കുന്നു. സുന്നത്തിലും അവര്‍ സമന്മാരായാല്‍ കൂടുതല്‍ പ്രായമുള്ളവര്‍ നില്‍ക്കണം എന്നാല്‍ ഒരാള്‍ മറ്റൊരാളുടെ അധികാരത്തില്‍ ഇമാമാവുകയോ അയാളുടെ വീട്ടില്‍ ശ്രേഷ്ഠമായ ഇരിപ്പിടത്തില്‍ അനുവാദമില്ലാതെ ഇരിക്കുകയുമരുത് (മുസ്‌ലിം) 8)
കൂടിയാലോചന
വിശുദ്ധ ഖുര്‍ആനിലെ 42ാമത്തെ അദ്ധ്യായത്തിന്റെ പേര് അശ്ശൂറാ എന്നാണ്. കൂടിയാലോചന എന്നാണ് അതിന്റെ അര്‍ഥം. വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളിലും പ്രവാചക വചനങ്ങളിലും കൂടിയാലോചനയുടെ പ്രാധാന്യവും ഗൗരവവും നമ്മെ ബോധ്യപ്പെടുത്തുന്ന നിരവധി പരാമര്‍ശങ്ങളുണ്ട്. പരലോകത്ത് വിജയം വരിക്കുന്നവരുടെ പ്രത്യേകതകള്‍ വിവരിക്കവെ അല്ലാഹു പറയുന്നു. ‘തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാണവര്‍’ (42:38).
ദിവ്യവെളിപാട് ലഭിച്ചു കൊണ്ടിരുന്ന മുഹമ്മദ് നബി(സ്വ) സൃഷ്ടികളില്‍ ഉത്തമനാണ്. എന്നിട്ടുപോലും കാര്യങ്ങളില്‍ കൂടിയാലോചന അനിവാര്യമാണെന്ന് അല്ലാഹു നബിയോട് കല്‍പിക്കുന്നു. മതപരമായ നിയമങ്ങളും കല്‍പനകളും ദൈവികമായതിനാല്‍ ദിവ്യ വെളിപാടിന്റെയും നബി(സ്വ)യുടെ വിശദീകരണത്തിന്റെയും അടിസ്ഥാനത്തില്‍ പിന്‍പറ്റാന്‍ നാം ബാധ്യസ്ഥരാണ്. അതില്‍ കൂടിയാലോചനയ്‌ക്കോ മനുഷ്യരുടെ അഭിപ്രായങ്ങള്‍ക്കോ പ്രസക്തിയേതുമില്ല. എന്നാല്‍ ഭൗതിക കാര്യങ്ങളില്‍ നബി(സ്വ)യെക്കാള്‍ പ്രാപ്തിയും അറിവും പരിചയവും ഉള്ള ആളുകള്‍ ഉണ്ടാകുമെന്നതിനാല്‍ നബി(സ്വ) മറ്റുള്ളവരുമായി കൂടിലോചനക്ക് തയ്യാറാവണമെന്ന് അല്ലാഹു കല്‍പിക്കുന്നു (42:38).
പ്രതിരോധമെന്ന നിലയ്ക്ക് യുദ്ധങ്ങള്‍ക്ക് സൈനിക സജ്ജീകരണം നടത്തിയ പ്രവാചകന്‍(സ്വ) യുദ്ധങ്ങളില്‍ സ്വീകരിക്കേണ്ട തന്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനുചരരോട് കൂടിയാലോചിച്ചു. ബദ്ര്‍ യുദ്ധത്തിന് പുറപ്പെടുന്നതിനെ സംബന്ധിച്ച് കൂടിയാലോചിച്ചു. പിന്നീട് അബൂസുഫ്‌യാന്റെ നേതൃത്തിലുള്ള കച്ചവട സംഘം രക്ഷപ്പെട്ടുവെന്നറിഞ്ഞപ്പോള്‍ യാത്ര തുടരണമോയെന്ന് കൂടിയാലോചിച്ചു. യുദ്ധത്തില്‍ സ്വീകരിക്കേണ്ട രീതിയെ സംബന്ധിച്ചും നിലയുറപ്പിക്കേണ്ട ഇടത്തെകുറിച്ചും അനുയായികളുടെ അഭിപ്രായമാരാഞ്ഞു. യുദ്ധം വിജയിച്ചപ്പോള്‍ യുദ്ധത്തടവുകാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കൂടിയാലോചിച്ചു.
ഉഹ്ദില്‍ മുസ്‌ലിംകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ കാരണങ്ങളിലൊന്ന് മദീനയ്ക്കു പുറത്ത് പോയതാണെന്ന് വിലയിരുത്താവുന്നതാണ്. യുവസ്വഹാബികളുടെ അഭിപ്രായം മാനിച്ചാണ് മദീനക്കു പുറത്തു പോയത്. എന്നിട്ടും പ്രവാചകനോ പ്രമുഖ സ്വഹാബികളോ തങ്ങളുടെ അഭിപ്രായം അംഗീകരിക്കാത്തതിനാലാണ് അപകടം പറ്റിയത് എന്ന് പറഞ്ഞില്ല. നബി(സ്വ)യുടെ പത്‌നി ആഇശ(റ)യെക്കുറിച്ച് ചിലരുടെ കുതന്ത്രത്താല്‍ അപവാദം പ്രചരിച്ചത് നബി(സ്വ)ക്ക് ഏറെ മനോവിഷമമുണ്ടാക്കി. പ്രസ്തുത സംഭവത്തെക്കുറിച്ചു പോലും നബി തന്റെ സന്തത സഹചാരികളുമായി ചര്‍ച്ച നടത്തി.
കുടുംബം മുതല്‍ രാഷ്ട്രംവരെയുള്ള സാമൂഹിക സ്ഥാപനങ്ങളുടെ സുഗമമായ നിലനില്‍പ്പിന് അതില്‍ അംഗങ്ങളായിട്ടുള്ള എല്ലാവരുടെയും അഭിപ്രായ ഐക്യവും തീരുമാനങ്ങളും അനിവാര്യമാണ്. നേതൃപദവിയിലുള്ളവര്‍ തങ്ങളുടെ സഹചരരുമായി കാര്യങ്ങള്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കണം. സ്വാര്‍ഥ താത്പര്യങ്ങളില്ലാതെ ന്യായമായ അഭിപ്രായങ്ങളെ മാനിക്കാനും ഗുണകരമായത് സ്വീകരിക്കാനുമുള്ള വിശാലമനസ്സാണ് ഉണ്ടാവേണ്ടത്. ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ നടപ്പിലാക്കപ്പെടുന്ന കാര്യങ്ങള്‍ പുര്‍ണ സഹകരണത്തോടെ വിജയപ്രാപ്തിയിലെത്തും. ഓരോരുത്തര്‍ക്കും സ്വാഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നല്‍കി ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ കാര്യങ്ങള്‍ തീരുമാനിക്കുക എന്നതാണ് സ്വീകരിക്കേണ്ട നിലപാട്.
ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കും മാത്രം ബാധകമായ ഒന്നല്ല കൂടിയാലോചന. രണ്ടോ അതിലധികമോ ആളുകളുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നത്തിലും തീരുമാനമെടുക്കുന്നത് കൂടിയാലോചനയിലൂടെയായിരിക്കണമെന്ന് അല്ലാഹു ഖുര്‍ആനിലൂടെ കല്പിക്കുന്നു(2:233).
ഖലീഫ ഉമറുല്‍ ഫാറൂഖ് കുത്തേറ്റ് ആസന്ന മരണനായിരിക്കെ ജനങ്ങളുമായി കൂടിയാലോചിച്ച ശേഷം ഭാവി ഭരണാധികാരിയെ തിരഞ്ഞെടുക്കാന്‍ ആറംഗസമിതിയെ നിശ്ചയിച്ചു. സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട ആ ആറു പേരില്‍ കുഴപ്പത്തിന് കാരണക്കാരാവുന്നവരെ വധിച്ചുകളയാനും ഖലീഫ നിര്‍ദേശം നല്‍കി. കൂട്ടായ്മയില്‍ കൂടിയാലോചനയിലൂടെ ഒരു കാര്യം തീരുമാനിച്ചാല്‍ അല്ലാഹുവിങ്കല്‍ ഭരമേല്‍പ്പിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്.
വിട്ടുവീഴ്ച
മനുഷ്യരെല്ലാം വ്യത്യസ്ത പ്രകൃതമുള്ളവരാണ്. മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പ്രതിജനഭിന്നമാണ്. അന്യരുടെ അടുക്കല്‍ നിന്നുള്ള അനിഷ്ടകരമായ വാക്കുകളും, പ്രവൃത്തികളും സഹിഷ്ണുതയോടെ നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ബന്ധങ്ങളില്‍ അത് വിള്ളല്‍ വീഴ്ത്തും. കോപത്തെ നിയന്ത്രിക്കാനും തെറ്റുകള്‍ക്ക് മാപ്പു കൊടുത്ത് വിട്ടുവീഴ്ചാ സമീപനം സ്വീകരിക്കാനും വിശ്വാസികള്‍ക്ക് കഴിയണമെന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു ”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റ ബന്ധുവെന്നോണം ആയിത്തീരുന്നു (41:34). ഏറ്റവും നല്ലതുകൊണ്ട് ചീത്തയെ തടുക്കണമെങ്കില്‍ ക്ഷമയും വിട്ടുവീഴ്ചയും സംയമനവും വേണം. നബി(സ്വ) പറഞ്ഞു: ”പ്രതിയോഗിയെ ഇടിച്ചുവീഴ്ത്തുന്നവനല്ല ശക്തന്‍, കോപം വരുമ്പോള്‍ സ്വയം നിയന്ത്രിക്കുന്നവനാകുന്നു” (ബുഖാരി 9, മുസ്‌ലിം 10 ).
സ്വര്‍ഗാവകാശികളുടെ പട്ടികയില്‍ കോപത്തെ നിയന്ത്രിക്കുന്നവരെയും ജനങ്ങള്‍ക്ക് മാപ്പു നല്‍കുന്നവരെയും അല്ലാഹു ഉള്‍പ്പെടുത്തിയിരിക്കുന്നു. ”സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. സത്കര്‍മികളെ അല്ലാഹു സ്‌നേഹിക്കുന്നു” (3:134). ഭാര്യമാര്‍ക്കിടയിലും സന്താനങ്ങള്‍ക്കിടയിലും സത്യവിശ്വാസികള്‍ക്ക് ശത്രുവുണ്ടാകും. അവരെ സൂക്ഷിക്കണമെന്ന് പറഞ്ഞ ശേഷം അല്ലാഹു ഇങ്ങനെ ഉപദേശിക്കുന്നു ”നിങ്ങള്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’‘ (64:14).
മനുഷ്യരുടെ ഭാഗത്തു നിന്ന് തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അതിന് അവര്‍ക്ക് മാപ്പു കൊടുക്കാന്‍ മാത്രം ഹൃദയവിശാലതയാണ് വിശ്വാസികളുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത് എന്ന് അല്ലാഹു കല്പിക്കുന്നു. പ്രതികാരത്തിന് പകരം സ്‌നേഹം നല്‍കാന്‍ സാധിക്കുമ്പോള്‍ മാത്രമാണ് അങ്ങേയറ്റം ദയാപരനും സ്‌നേഹനിധിയും മാപ്പരുളുന്നവനുമായ അല്ലാഹുവിന്റെ കാരുണ്യത്തിന് നാം അര്‍ഹരായിത്തീരുന്നത്. ”നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്പിക്കുകയും അവിവേകികളെ വിട്ട് തിരിഞ്ഞു കളയുകയും ചെയ്യുക” (7:199).
പ്രതികരിക്കാനും തിരിച്ചടിക്കാനും സാഹചര്യങ്ങളെല്ലാം ഒത്തിണങ്ങിവന്നപ്പോഴും വിട്ടുവീഴ്ച മനോഭാവത്തോടെ പെരുമാറി മാതൃക കാണിക്കുകയായിരുന്നു പ്രവാചകന്‍(സ്വ). മക്കാ വിജയദിനത്തില്‍ നബി(സ്വ) മക്കയില്‍ പ്രവേശിച്ചു. കഅ്ബ തവാഫ് ചെയ്ത ശേഷം കഅ്ബ ശുദ്ധീകരിക്കുകയും അതില്‍ പ്രവേശിച്ച് നമസ്‌കരിക്കുകയും ചെയ്തു. അനന്തരം അവിടുന്ന് ഖുറൈശികളെ അഭിമുഖീകരിച്ചു. അവര്‍ നബി(സ്വ)യെയും വിശ്വാസികളെയും നിരന്തരം മര്‍ദിച്ചവരാണ്. മക്കയില്‍ നിന്ന് മുസ്‌ലിംകളെ ആട്ടിയോടിച്ചവരാണ്. മദീനയില്‍ അഭയാര്‍ത്ഥികളായി കഴിയാന്‍ അവരെ അനുവദിക്കാതെ ഭീഷണിപ്പെടുത്തുകയും അവരോട് യുദ്ധങ്ങള്‍ നടത്തുകയും ചെയ്തവരാണ്. എത്രയോ വിശ്വാസികളെ നിഷ്ഠൂരം കൊന്നൊടുക്കിയവരാണ്. അങ്ങനെ മാപ്പര്‍ഹിക്കാത്ത നിരവധി കുറ്റങ്ങള്‍ ചെയ്ത ശത്രുക്കളോട് പ്രവാചകന്‍(സ്വ) പറഞ്ഞു: ”ഇന്ന് നിങ്ങളോട് ഒരു പ്രതികാരവുമില്ല. നിങ്ങള്‍ പോയ്‌ക്കൊള്ളൂ, നിങ്ങള്‍ സ്വതന്ത്രരാണ്”
നബി(സ്വ)യെ വധിക്കാന്‍ വേണ്ടി മദീനയിലേക്ക് ഉമൈറുബ്‌നു വഹബിനെ അയച്ച കഠിന ശത്രുവമാണ് സ്വഫ്‌വാനുബ്‌നു ഉമയ്യ. അതിനാല്‍ മക്കാവിജയദിനം അയാള്‍ മക്ക വിട്ട് യമനിലേക്ക് യാത്ര പുറപ്പെട്ടു. ഉമൈര്‍ വിവരം നബി(സ്വ) യോട് പറയുകയും മാപ്പിന്നപേക്ഷിക്കുകയും ചെയ്തു. നബി(സ്വ) ഉമൈറിനെന്നപോലെ സ്വഫ്‌വാനും മാപ്പ് പ്രഖ്യാപിച്ചു. അക്കാര്യം ഉമൈര്‍ സ്വഫ്‌വാന്റെ അടുക്കല്‍ചെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ അയാള്‍ തിരിച്ചു നബി(സ്വ)യുടെ അടുക്കല്‍ വരികയും അവിടുന്ന് മാപ്പ് നല്‍കുകയും ചെയ്തു. അയാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതിന് രണ്ട് മാസം വേണമെന്നാവശ്യപ്പെട്ടു. നബി(സ്വ) അയാള്‍ക്ക് നാല് മാസം നല്‍കി (സുനനു അബീദാവൂദ്).
പ്രവാചക പത്‌നി ആഇശ(റ)യുടെ പേരില്‍ അപവാദം നടത്തിയവരില്‍ മിസ്ത്വഹ്(റ) കുടുങ്ങിപ്പോയി. അബൂബക്ര്‍ സിദ്ദീഖ്(റ)ല്‍ നിന്ന് സഹായങ്ങളൊക്കെ സ്വീകരിച്ച് ജീവിക്കുന്ന സാധുവായിരുന്നു മിസ്ത്വഹ്. ആഇശയുടെ പേരില്‍ അപവാദപ്രചാരണത്തില്‍ പങ്കെടുത്തതിനാല്‍ ഇനി മുതല്‍ മിസ്ത്വഹിന്ന് യാതൊരു സഹായവും ചെയ്തുകൊടുക്കുന്നതല്ല എന്ന് അബൂബക്ര്‍ പ്രതിജ്ഞ ചെയ്തു. ആഇശ(റ)യെ ഈ വിഷയത്തില്‍ കുറ്റവിമുക്തയാക്കി വിശുദ്ധ ഖുര്‍ആനിന്റെ അവതരണമുണ്ടായി. മിസ്ത്വഹ്(റ) പോലെയുള്ളവര്‍ ഈ നടന്ന പ്രചാരണത്തില്‍ കണ്ണിചേരാന്‍ പാടില്ലായിരുന്നു എന്നത് സത്യമാണെന്നിരിക്കെ, ആ വിഷയത്തില്‍ അദ്ദേഹത്തിന് മാപ്പു കൊടുക്കാന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും അതിന്റെ പേരില്‍ ദാനധര്‍മങ്ങള്‍ മുടക്കം ചെയ്യാന്‍ പാടില്ലെന്നും പറഞ്ഞ് നബി(സ്വ) അബൂബക്ര്‍ സിദ്ദീഖിനെ തിരുത്തി. അല്ലാഹു പറഞ്ഞു ‘നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞുവന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ’ (24:22).
ഏറെ മാപ്പരുളുന്നവനും പൊറുക്കുന്നവനുമായ അല്ലാഹുവിന്റെ മാപ്പ് ആഗ്രഹിക്കുന്ന വിശ്വാസികള്‍ സൃഷ്ടികളോടും വിട്ടുവീഴ്ചയും മാപ്പും നല്‍കാന്‍ തയ്യാറാവണമെന്നാണ് ഖുര്‍ആനും പ്രവാചകവചനങ്ങളും പഠിപ്പിക്കുന്നത്.
ത്യാഗം
ഉന്നത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനായി ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതിനെ അവഗണിച്ചുകൊണ്ട് സാഹസപ്പെടാനുള്ള സന്നദ്ധതയാണ് ത്യാഗം. സത്യവിശ്വാസികള്‍ ത്യാഗം എന്ന മഹദ് ഗുണത്തിന്റെ ഉടമകളായിരുന്നാല്‍ മാത്രമേ സത്കര്‍മങ്ങളില്‍ മുന്നേറാനാവുകയുള്ളു. പ്രവാചകന്മാരുടെയും സച്ചരിതരുടെയും ജീവിതപ്പാത ത്യാഗത്തിന്റേതായിരുന്നു. സത്യവിശ്വാസത്തിന്റെ ദൃഢതകൊണ്ട് സത്യപ്രബോധനത്തിന്റെ വഴിയെ ത്യാഗോജ്ജ്വലമാതൃകകള്‍ കാണിച്ചു തന്ന അവരുടെ ചരിത്രം വിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും ധാരാളമാണ്. സഹനത്തിലും ക്ഷമയിലും മികവ് പുലര്‍ത്തി ജീവിച്ചവര്‍ക്കാണ് അല്ലാഹുവിന്റെ സഹായവും വിജയവും ഉണ്ടായിത്തീരുന്നത്. ത്യാഗമനോഭാവവും അര്‍പ്പണ ബോധവുമാണ് ക്ഷമിക്കാന്‍ വിശ്വാസികള്‍ക്ക് കരുത്തേകുന്നത്. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച പ്രവാചക ചരിതങ്ങളും ത്യാഗമനസ്‌കതയുടെ മകുടോദാഹരണങ്ങളാണ്.
തൊള്ളായിരത്തി അമ്പതാണ്ട് ഒരേ സത്യം സമൂഹത്തോട് പറഞ്ഞു നോക്കിയ നൂഹ് നബി(അ) തെല്ലും മടുപ്പോ, നിരാശയോ ഇല്ലാതെ തന്റെ ദൗത്യം തുടര്‍ന്നു. ദുഃശാഠ്യത്തിലും നിഷേധത്തിലുമുറച്ചു നിന്ന ആ ജനത സത്യത്തിന് ചെവികൊടുത്തില്ല. പ്രതികൂലതകളെ തീര്‍ത്തും അവഗണിച്ച് തന്നിലര്‍പ്പിതമായ ദൗത്യം നിര്‍വ്വഹിക്കാന്‍ നൂഹ്‌നബി(അ) കാണിച്ച ത്യാഗസന്നദ്ധതയെയാണ് നമുക്ക് മാതൃകയാക്കാനുള്ളത്. അല്ലാഹു ഇക്കാര്യം ഇപ്രകാരം വ്യക്തമാക്കിത്തരുന്നു. ‘നാഥാ രാവും പകലും ഞാനെന്റെ ജനത്തെ വിളിച്ചു, എന്നാല്‍ എന്റെ ക്ഷണം അവരെ കൂടുതല്‍ അകറ്റുകയാണുണ്ടായത്. നീ അവര്‍ക്ക് മാപ്പേകാനായി ഞാനവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ കാതില്‍ വിരല്‍ തിരുകുകയും വസ്ത്രം കൊണ്ട് മൂടുകയുമായിരുന്നു. അവര്‍ തങ്ങളുടെ ദുശ്ശാഠ്യത്തിലുറച്ചുനിന്നു. അങ്ങേയറ്റം അഹങ്കരിക്കുകയും ചെയ്തു. വീണ്ടും ഞാനവരെ ഉറക്കെ വിളിച്ചു. പിന്നെ പരസ്യമായും വളരെ രഹസ്യമായും പ്രബോധനം നടത്തി’ (71:5-9).
അക്ഷരാര്‍ഥത്തില്‍ അഗ്നിപരീക്ഷണങ്ങള്‍ക്ക് തന്നെ വിധേയനാകേണ്ടിവന്ന ഇബ്‌റാഹീം (അ) ത്യാഗത്തിന്റെ കഠിന വഴിയിലൂടെ നടന്നുനിങ്ങിയതുകൊണ്ടാണ് അദ്ദേഹം മാതൃകാ നേതാവും അല്ലാഹുവിന്റെ ഉറ്റമിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടത്. ഖുര്‍ആന്‍ പറയുന്നു: ‘ഇബ്രാഹിം സ്വയം തന്നെ ഒരു പൂര്‍ണ സമുദായമായിരുന്നു. അല്ലാഹുവിനോട് വണക്കമുള്ളവനും ഏകാഗ്രചിത്തനും. അദ്ദേഹം ഒരിക്കലും ബഹുദൈവ വിശ്വാസിയായിരുന്നില്ല. അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും നേര്‍മാര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്തു. ഈ ലോകത്ത് അദ്ദേഹത്തിന് നന്മ നല്‍കി. പരലോകത്ത് തീര്‍ച്ചയായും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിലാകുന്നു. (16:120-122). നാട് ഭരിക്കുന്ന രാജാവ് ആദര്‍ശ വിരോധത്തിന്റെ പേരില്‍ ബദ്ധവൈരിയായിത്തീര്‍ന്ന് ഇബ്‌റാഹീമിനെ അഗ്നികുണ്ഠത്തിലെറിഞ്ഞപ്പോള്‍ പതറാതെ ഇബ്‌റാഹീം(അ) ധീരമായി അതിനെ നേരിട്ടു, ജീവിത സായാഹ്‌നത്തില്‍ അല്ലാഹു കനിഞ്ഞേകിയ പൊന്നോമനയെയും അവന്റെ മാതാവിനെയും ജനശൂന്യവും ജലശൂന്യവും ഫലശൂന്യവുമായ മക്കാ താഴ്‌വരയില്‍ താമസിപ്പിച്ചതിലൂടെ ത്യാഗത്തിന്റെ മഹിതമാതൃക അദ്ദേഹം വരച്ചുകാട്ടിത്തന്നു. സ്വന്തം മകനെ ബലി നല്‍കാന്‍ കല്പിക്കപ്പെട്ടപ്പോള്‍ ത്യാഗബുദ്ധിയോടെ സന്നദ്ധനായി. ഹാജര്‍ എന്ന സ്ത്രീനാമം ത്യാഗം തിങ്ങുന്ന ഇബ്‌റാഹീം സ്മരണകളെ പൂര്‍ണമാക്കുന്ന മഹിത മാതൃകയാണ്. അതിരു കാണാത്ത വിശാല താഴ്‌വരയില്‍ ജീവന്റെ തുടിപ്പുപോലുമില്ലാതെ ആ മഹതി, തോല്‍സഞ്ചിയില്‍ അല്പം വെള്ളവും ഇത്തിരി കാരക്കയും മത്രം കരുതി, വെയില്‍ കത്തുന്ന പകലില്‍, രാത്രിയുടെ അന്ധകാരത്തില്‍, ഭീകര നിശ്ശബ്ദതയില്‍ ഏകയായി കഴിച്ചുകൂട്ടിയത് സഹനത്തിന്റെ അനന്യമാതൃക നമുക്ക് കാണിച്ചുതന്നുകൊണ്ടാണ്. ദൃഢവിശ്വാസത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ച് ജീവിക്കുന്ന ത്യാഗിവര്യരായവര്‍ക്ക് ദൈവസഹായമുണ്ടാകുമെന്നുകൂടി ചരിത്രം ഓര്‍മിപ്പിക്കുന്നു. പ്രവാചകരിലും സ്വഹാബികളിലും സ്വഹാബി വനിതകളിലും സച്ചരിതരിലുമെല്ലൊം ത്യാഗനിര്‍ഭരജീവിതത്തിന്റെ അനന്യമാതൃകകള്‍ ഇനിയും വായിച്ചെടുക്കാനാവും.
മിതവ്യയം
മിതത്വം ഇസ്‌ലാമിന്റെ മുഖമുദ്രയാണ്. ആരാധനയില്‍ പോലും മധ്യമനിലപാട് സ്വീകരിക്കാനാണ് റസൂല്‍(സ്വ) പഠിപ്പിച്ചുതന്നിട്ടുള്ളത്. സമ്പത്ത് വിനിയോഗിക്കുന്ന വിഷയത്തിലാണെങ്കില്‍ പിശുക്കും ധൂര്‍ത്തും വര്‍ജ്യമാണ്. രണ്ടിന്റെയും മധ്യേയാണ് ഇസ്‌ലാം നിര്‍ദേശിക്കുന്ന രാജമാര്‍ഗം. അല്ലാഹു പറയുന്നു ‘ചെലവഴിക്കുമ്പോള്‍ അവര്‍ പരിധി വിടുകയില്ല. പിശുക്ക് കാണിക്കുകയില്ല. രണ്ടിനുമിടക്ക് മിതമാര്‍ഗം സ്വീകരിക്കുന്നവരാണവര്‍’ (25:67) നിന്റെ കൈ നീ പിരടിയില്‍ കെട്ടിവെക്കരുത്. അതിനെ മുഴുവനായി നിവര്‍ത്തിയിടുകയുമരുത്. അങ്ങനെ ചെയ്താല്‍ നീ നിന്ദിതനും ദു:ഖിതനുമായിത്തീരും (17:29).
മനുഷ്യശരീരത്തിന്റെ നിലനില്‍പ്പിനും പോഷണത്തിനും ഉതകുന്നവിധം അല്ലാഹു അനുവദിച്ചത് മാത്രം ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക. അമിതത്വം കാണിക്കാന്‍ പാടില്ല. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക. പക്ഷേ പരിധി ലംഘിക്കരുത്. അതിര് ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല‘ (7:31).
ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയില്‍ പോലും വുദു എടുക്കുമ്പോള്‍ വെള്ളം ആവശ്യത്തിലധികം ഉപയോഗിക്കരുതെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. സഅ്ദ് വുദു എടുത്തുകൊണ്ടിരിക്കെ അതുവഴി ചെന്ന നബി (സ്വ) ചോദിച്ചു ‘ഇതെന്ത് ദുര്‍വ്യയമാണ് സഅ്‌ദേ? വുദുവിലും അമിത വ്യയമുണ്ടോ? സഅ്ദ് ആരാഞ്ഞു. ”ഉണ്ട് ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ നിന്നായാലും” (അഹ്‌മദ്) 11
ധൂര്‍ത്ത് സംഭവിച്ചേക്കാവുന്ന എല്ലാറ്റിനേയും നബി(സ്വ) ശക്തമായി വിലക്കി. വീട് നിര്‍മാണം, വസ്ത്രങ്ങള്‍, ആഹാരപാനീയങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയെല്ലാം അമിതവ്യയം കടന്നുവരുന്ന രംഗങ്ങളാണ്. പൊങ്ങച്ചത്തിനും ആര്‍ഭാടത്തിനും വേണ്ടി ധൂര്‍ത്തന്മാരായിത്തീരുന്ന ആളുകളെ പിശാചിന്റെ സഹോദരങ്ങള്‍ എന്നാണ് അല്ലാഹു പഠിപ്പിച്ചിരിക്കുന്നത്. ആദ്, സമൂദ് സമുദായങ്ങള്‍ക്കെല്ലാമുണ്ടായ ദുരന്തപരിണതി ധൂര്‍ത്തിനെതിരെ സ്വീകരിക്കേണ്ട മിതത്വനിലപാട് പഠിപ്പിക്കുന്നു. ഹിജ്‌റയുടെ മുമ്പ് അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ അല്ലാഹു വിരോധിച്ച ഗുരുതരമായ കുറ്റമാണ് ധൂര്‍ത്തും ദുര്‍വ്യയവും. അതിനാല്‍ നമ്മുടെ ജീവിതത്തിന്റെ വ്യത്യസ്ത വ്യവഹാര രംഗങ്ങളില്‍ മിതത്വം ശീലിക്കണമെന്ന് പ്രവാചകന്‍(സ്വ) പഠിപ്പിക്കുന്നു. പ്രവാചകത്വത്തിന്റെ ഇരുപത്തിനാല് അടയാളങ്ങളില്‍പ്പെട്ടതാണ് ഗൗരവവും മിതത്വവും (തുര്‍മുദി) 12
നീതി പാലനം
ഇസ്‌ലാം നീതിയില്‍ അധിഷ്ഠിതമായ മതമാണ്. കുടുംബ തലം തൊട്ട് അന്താരാഷ്ട്ര തലം വരെ നീതിപാലിക്കുന്നവരായി വ്യക്തികളെ വാര്‍ത്തെടുക്കുക എന്നത് ഇസ്‌ലാമികാധ്യാപനങ്ങളുടെ ലക്ഷ്യമാണ്. ജീവിതത്തിന്റ സര്‍വരംഗങ്ങളിലും നീതി പാലിക്കാന്‍ മുസ്‌ലിം ബാധ്യസ്ഥനാണെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. അല്ലാഹു പറയുന്നു: നിങ്ങള്‍ നീതി പാലിക്കുക. നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു(49:9). റസൂല്‍ (സ്വ) പറഞ്ഞു: ‘സ്വകുടുംബത്തിലും തങ്ങള്‍ ഏല്‍പിക്കപ്പെട്ടതിലും നീതി പുലര്‍ത്തുന്നവര്‍ അല്ലാഹുവിങ്കല്‍ പ്രകാശത്തിന്റെ വേദികളിലാണ്’ (മുസ്‌ലിം) 13 പ്രവാചകന്മാരുടെ നിയോഗ ലക്ഷ്യം പോലും നീതി നിര്‍വഹണമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നിശ്ചയമായും നാം നമ്മുടെ ദൂതന്മാരെ തെളിഞ്ഞ തെളിവുകളുമായി നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും, തുലാസും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യര്‍ നീതി നിലനിര്‍ത്താനാണിത് (57.25).
കുടുംബത്തിന്നകത്തു നിന്ന് തന്നെ നീതിയുടെ ശിക്ഷണവും അനുശീലനവും തുടങ്ങേണ്ടതുണ്ട്. സ്‌നേഹപ്രകടനത്തിന്റെയോ ധനവിതരണത്തിന്റെയോ കാര്യത്തില്‍ ഒരു മുസ്‌ലിം പിതാവില്‍ നിന്ന് മക്കള്‍ക്ക് അനീതിയുടെ കയ്പ് അനുഭവിക്കാന്‍ ഇടവരരുതെന്ന് റസൂല്‍(സ്വ) പഠിപ്പിക്കുന്നു. നുഅ്മാനു ബ്‌നു ബശീറിനെ അദ്ദേഹത്തിന്റെ പിതാവ് നബി(സ്വ)യുടെ അടുക്കല്‍ കൊണ്ട് പോയി ഇങ്ങനെ പറഞ്ഞു: ‘എന്റെ ഈ മകന് ഞാനൊരു അടിമയെ കൊടുത്തു. അപ്പോള്‍ നബി(സ്വ) ചോദിച്ചു. ഇതു പോലെ എല്ലാ കുട്ടികള്‍ക്കും കൊടുത്തുവോ? ഇല്ലെന്ന് മറുപടി കിട്ടിയപ്പോള്‍ നബി(സ്വ) പറഞ്ഞു. എങ്കില്‍ അടിമയെ തിരിച്ചു വാങ്ങുക (ബുഖാരി) 14
ഒന്നിലധികം ഭാര്യമാരുള്ളവര്‍ കണിശമായ നീതി പുലര്‍ത്തിയാണ് അവരോട് സഹവര്‍ത്തിക്കേണ്ടതെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. നബി(സ്വ) അരുളി ‘രണ്ടു ഭാര്യമാരുള്ള ഒരാള്‍ ഒരു ഭാര്യയുടെ അടുക്കലേക്ക് ചാഞ്ഞാല്‍ അന്ത്യദിനത്തില്‍ ഒരു ഭാഗത്തേക്ക് ചാഞ്ഞു കൊണ്ടാണ് അവന്‍ വരിക(അബൂദാവൂദ്) 15.
നബി(സ്വ)യുടെ കുടുംബജീവിതത്തില്‍ ഭാര്യമാര്‍ക്കിടയില്‍ സഹശയനത്തിന് ദിവസങ്ങള്‍ ഭാഗിക്കുകയും സഹയാത്രികയാവാന്‍ അവര്‍ക്കിടയില്‍ നറുക്കിടുകയും ചെയ്തു കൊണ്ട് നീതിയുടെ മാതൃക നമുക്ക് കാണിച്ചു തന്നു. നീതി പാലിക്കാന്‍ സാധിക്കുമോ എന്ന് ഭയപ്പെട്ടാല്‍ രണ്ടാമത് വിവാഹം ചെയ്യാന്‍ പാടില്ലെന്ന് അല്ലാഹു ഉണര്‍ത്തുന്നു. ‘എന്നാല്‍ അവര്‍ക്കിടയില്‍ നീതി പുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെട്ടാല്‍ രണ്ടാമത് വിവാഹം ചെയ്യാന്‍ ഒരുവളെ മാത്രം വിവാഹം ചെയ്യുവിന്‍‘(4:3).
ആദര്‍ശ ശത്രുവോട് പോലും നീതി പാലിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ് (5:8). ഇസ്‌ലാമിലെ അതിപ്രധാന ആരാധനകര്‍മമായ നമസ്‌കാരത്തിന്റെ വിശദാംശങ്ങളില്ലാത്ത വിശുദ്ധ ഖുര്‍ആനില്‍ ഒരു ജൂതന്റെ നീതിക്ക് വേണ്ടി ഒമ്പത് സൂക്തങ്ങള്‍ അവതീര്‍ണമായിരിക്കുന്നു. ബനൂ സഫര്‍ എന്ന അന്‍സ്വാരി ഗോത്രത്തിലെ തുഅ്മതുബ്‌നു ഉബൈരിക് ഒരു പടയങ്കി മോഷ്ടിച്ചു. കാണാതായ പടയങ്കിയെപ്പറ്റി ഉടമ അന്വേഷിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹമത് ഒരു യഹൂദന്റെ വശം സൂക്ഷിക്കാന്‍ കൊടുത്തു. പടയങ്കിയുടെ ഉടമ പ്രവാചകന്‍(സ്വ)യോട് പരാതി പറയുകയും തുഅ്മത്തിനെ സംശയിക്കുന്നതായി അറിയിക്കുകയും ചെയ്തു. തുഅ്മത്ത് സ്വന്തം കുടുംബക്കാരെ സമീപിച്ച് സഹായം തേടി അങ്ങനെ കുറ്റം യഹൂദിയുടെ മേല്‍ ചുമത്താന്‍ അവര്‍ ഒന്നിച്ച് തീരുമാനിച്ചു. വിചാരണവേളയില്‍ യഹൂദി സത്യം വെളിപ്പെടുത്തിയെങ്കിലും തുഅ്മത്തിന്‍െ കുടുംബം അയാള്‍ക്ക് വേണ്ടി ശക്തമായി വാദിച്ചു. അവര്‍ പറഞ്ഞു. ‘ഇവന്‍ സത്യത്തെയും തിരുദൂതനെയും നിഷേധിക്കുന്നവന്‍ ആകയാല്‍ ഇവന്റെ വാദം ഒരിക്കലും വിശ്വസനീയമല്ല’. തൊണ്ടിസാധനം യഹൂദിയുടെ വശമായതിനാല്‍ പ്രത്യക്ഷ തെളിവ് തുഅ്മത്തിന് അനുകൂലമായിരുന്നു. ആയതിനാല്‍ നബി(സ്വ) യഹൂദനെതിരെ വിധി പ്രസ്താവിച്ച് തുഅ്മത്തിനെതിരെ ആരോപണമുന്നയിച്ചതിന് ശിക്ഷ നല്‍കുകയുമായിരുന്നു. അപ്പോഴാണ് യഹൂദന്റെ നിരപരാധിത്വം പ്രഖ്യാപിച്ച് അയാള്‍ക്കെതിരെ നിലകൊണ്ട മുസ്‌ലിംകളെ രൂക്ഷമായി ആക്ഷേപിച്ച് സൂറത്തു നിസ്സാഅിലെ 105 മുതല്‍ 113 വരെയുള്ള സൂക്തങ്ങള്‍ അവതരിപ്പിച്ചത്. അതിന്റെ ആദ്യഭാഗമിങ്ങനെ ‘നാം നിനക്ക് സത്യ സന്ദേശവുമായി ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു കാണിച്ചതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധികല്‍പ്പിക്കാന്‍ വേണ്ടിയാണിത്. നീ വഞ്ചകന്മാര്‍ക്ക് വേണ്ടി വാദിക്കുന്നവനാകരുത്’ (4.105).
അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ഒരു ദിവസം ഏഴ് വിഭാഗം മനുഷ്യര്‍ക്ക് അല്ലാഹു തണലിട്ട് കൊടുക്കുന്നതാണ്. അവയിലൊന്ന് നീതിമാനായ ഭരാണാധികാരിയാണ് എന്ന് നബി(സ്വ) പഠിപ്പിച്ചു (ബുഖാരി) 16. മക്കാ വിജയാനന്തരം കഅ്ബാലയത്തിന്റെ താക്കോല്‍ കൈവശക്കാരനായ ഉസ്മാനുബ്‌നു ത്വല്‍ഹയുടെ കൈയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം അത് പിടിച്ചു വാങ്ങി. ഈ നടപടി ശരിയല്ലെന്ന് സൂചിപ്പിച്ച് കൊണ്ട് അല്ലാഹു സൂറത്ത് നിസാഇലെ 58-ാമത്തെ സൂക്തം അവതരിപ്പിച്ചു. വിശ്വസിച്ചേല്‍പ്പക്കപ്പെട്ട ഇടപാടുകള്‍ അതിന്റെ ഉടമകള്‍ക്ക് തിരിച്ചേല്‍പ്പിക്കണമെന്നും, ജനങ്ങള്‍ക്കിടയില്‍ വിധിക്കുന്ന പക്ഷം നീതി പൂര്‍വം വിധിക്കണമെന്നുമുള്ള ദൈവിക കല്‍പന കേട്ട ഉസ്മാനുബ്‌നു ത്വല്‍ഹ ഇസ്‌ലാം ആശ്ലേഷിച്ചു. ആരും അനീതിക്കിരയാകാന്‍ പാടില്ല എന്ന് നീതിയില്‍ അധിഷ്ഠിതമായ ഇസ്‌ലാം മതത്തിന് നിര്‍ബന്ധമുണ്ട്. അതു കൊണ്ടാണ് ‘നിങ്ങള്‍ കോപിഷ്ഠരായിരിക്കെ രണ്ടുപേര്‍ക്കിടയില്‍ വിധി പറയരുതെന്ന്’ നബി(സ്വ) പറഞ്ഞത്. മനസ്സിന്റെ സമതുലിതാവസ്ഥ താളം തെറ്റുമ്പോള്‍ നടത്തുന്ന വിധി പ്രസ്താവത്തില്‍ അനീതി കടന്നുവരാനുള്ള സാധ്യതയുള്ളതുകൊണ്ടാണിത്.
നീതിയുടെ കാവലാളായി ചരിത്രത്തില്‍ വിഖ്യാതനായ വ്യക്തിത്വമാണ് ഖലീഫ ഉമര്‍. ഉമറുബ്‌നുല്‍ ഖത്താബ്(റ) ഭരണാധികാരി എന്ന നിലക്ക് ജീവിതകാലം മുഴുവന്‍ നീതി പൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. യമനില്‍ നിന്നു വന്ന വസ്ത്രം വിതരണം ചെയ്ത ഖലീഫ ഉമര്‍ പിറ്റെ ദിവസം പുതുവസ്ത്രമണിഞ്ഞ് പ്രസംഗിക്കാന്‍ എഴുന്നേറ്റ് നിന്നു. സംസാരം ആരംഭിച്ചതോടെ സദസ്സിലുണ്ടായ സല്‍മാന്‍ എഴുന്നേറ്റ് നിന്ന് ഇങ്ങനെ വിളിച്ചു പറഞ്ഞു. നിങ്ങളുടെ സംസാരം ഞാന്‍ കേള്‍ക്കുകയില്ല അനുസരിക്കുകയുമില്ല. താങ്കളണിഞ്ഞ കുപ്പായം എവിടെ നിന്ന് കിട്ടിയെന്ന് എനിക്കറിയണം. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഒരേ പോലെയുള്ള ഒരു തുണിക്കഷ്ണമല്ലേ കിട്ടിയത്. ഇവ്വിധം ദീര്‍ഘ കായനായ താങ്കള്‍ നീണ്ട കുപ്പായം ധരിക്കാന്‍ തുണി മതിയാവില്ലല്ലോ?. ഫാറൂഖ് ഉമര്‍(റ) ഉടനെ മകനെ വിളിച്ചുവരുത്തി ചോദിച്ചു: മോനേ ഈ കുപ്പായം തുന്നാന്‍ ഞാനുപയോഗിച്ച ശീല ആരുടേതാണ്? പാതി എന്റേത്, പാതി അങ്ങയുടേത്. നമുക്ക് കിട്ടിയ വിഹിതം. അബ്ദുല്ലാഹിബ്‌നു ഉമര്‍ വിശദീകരിച്ചു. എങ്കില്‍ താങ്കള്‍ പ്രസംഗം തുടരുക, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യാം. സല്‍മാന്‍ പറഞ്ഞു. ഇസ്‌ലാമിക ചരിത്രത്തില്‍ ഇത്തരത്തില്‍ നിരവധി അനുഭവങ്ങള്‍ വായിക്കാന്‍ കഴിയും. അനീതി, അക്രമം എന്നതിന് നബി(സ്വ) ഒരേ പദമാണ് ഉപയോഗിച്ചത്. ളുല്‍മ് എന്ന പദമാണ് ഹദീസില്‍വന്നത് ഇതിന് അക്രമം എന്നും അര്‍ഥമുണ്ട്. പ്രപഞ്ചത്തോടും അതിലെ ജീവജാലങ്ങളോടും പ്രകൃതിയോടുമെല്ലാം നീതിപുലര്‍ത്താന്‍ ബാധ്യസ്ഥനാണ്. അറുക്കുന്ന ഉരുവിനോട് പോലും അനീതി അരുത്. അതുകൊണ്ടാണ് അറുക്കുന്ന കത്തി മൂര്‍ച്ച കൂട്ടണമെന്ന് നബി(സ്വ) നിര്‍ദേശിച്ചത് 17.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 129, ഹദീസ് 635[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 164, ഹദീസ് 1671[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 22, ഹദീസ് 2594[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 22, ഹദീസ് 2592[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 321, ഹദീസ് 1919[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 372, ഹദീസ് 2022[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 30, ഹദീസ് 90[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 133, ഹദീസ് 491 (673[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 28, ഹദീസ് 6114[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 30, ഹദീസ് 2609[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 11, പേജ് 636,637, ഹദീസ് 7065[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 366, ഹദീസ് 2010[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 07, ഹദീസ് 1827[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 157, ഹദീസ് 2586 [↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 208, ഹദീസ് 2133[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 517, ഹദീസ് 1357[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 72, ഹദീസ് 1955[↩]
