സദ്‌സ്വഭാവങ്ങള്‍ – 5
സദ്‌സ്വഭാവങ്ങള്‍ എന്ന ഈ അധ്യായത്തില്‍ മാനവികതയുടെ മഹത്തായ സംസ്‌കാരം സഹസ്രാബ്ധങ്ങളായി പരിപാലിച്ചു പോരുന്ന വിശിഷ്ട സ്വഭാവങ്ങളെ കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് വിശദീകരിക്കുകയാണ്. സൗമ്യത, ക്ഷമ, സമയനിഷ്ഠ, നന്ദി ബോധം, അനുരജ്ഞനം, സഹിഷ്ണുത എന്നീ വിശിഷ്ട ഗുണങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.
സൗമ്യത
മുഹമ്മദ് നബി(സ്വ) ആദര്‍ശ വൈരികള്‍ക്കിടയില്‍ പോലും പ്രിയപ്പെട്ടവനായിരുന്നു. തിരുദൂതര്‍ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും കാത്തുസൂക്ഷിച്ച സൗമ്യതയായിരുന്നു അതിനു കാരണം. ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ”നബിയേ, അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞു പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പു കൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചന നടത്തുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്” (3:159). ഈ മാതൃകയാണ് വിശ്വാസികള്‍ പിന്‍പറ്റി ജീവിക്കേണ്ടത്.
തിരുദൂതര്‍ സദാ സൗമ്യഭാവം പുലര്‍ത്തിയിരുന്നു. അത് ഭീരുത്വമോ ദൗര്‍ബല്യമോ ആയിരുന്നില്ല. വിഷമമുണ്ടായാല്‍ പോലും അപ്രതീക്ഷിതമായ ദൈവിക സഹായത്തിന് നബി(സ്വ)യെയും അനുചരരെയും അര്‍ഹമാക്കിയത് സൗമ്യമായ ഇടപെടലുകളായിരുന്നു. സത്യ വിശ്വാസികളുടെ സത്‌സ്വഭാവത്തിന് മാറ്റു കൂട്ടുന്ന സൗമ്യതയെക്കുറിച്ച് നബി(സ്വ) അരുളി: ഒരു കുടുംബത്തിന് അല്ലാഹു അനുഗ്രഹം നല്‍കാന്‍ ഉദ്ദേശിച്ചാല്‍ അവര്‍ക്കല്ലാഹു സൗമ്യത പ്രദാനം ചെയ്യും (അഹ്‌മദ്) 1. എന്നാല്‍ തിന്‍മയാണുദ്ദേശിച്ചതെങ്കില്‍ സൗമ്യതയെ അവരില്‍ നിന്ന് എടുത്തു കളയുകയും ചെയ്യും. മറ്റൊരിക്കല്‍ പ്രവാചകന്‍(സ്വ) പറഞ്ഞു: അല്ലാഹു സൗമ്യനും സൗമ്യത ഇഷ്ടപ്പെടുന്നവനുമാണ്. സൗമ്യതയുളളവര്‍ക്ക്. പരുഷപ്രകൃതമുള്ളവര്‍ക്കോ മറ്റുള്ളവര്‍ക്കോ നല്‍കാത്തത് അവന്‍ നല്‍കുന്നതാണ് (മുസ്‌ലിം) 2 സൗമ്യത വെടിഞ്ഞ് കര്‍ക്കശ നിലപാട് റസൂല്‍(സ്വ) സ്വീകരിച്ചത് ആദര്‍ശത്തിന്റെ വിഷയത്തില്‍ മാത്രമാണ്. വ്യക്തിപരമായ വിരോധം തീര്‍ക്കാനോ പകപോക്കലിനോ അവസരം കാത്തിരിക്കാതെ അവസരങ്ങള്‍ ഒത്തുവന്നിട്ടും ക്ഷമയും സൗമ്യതയും മുറുകെ പിടിച്ച് അവധാനതയോടെ ഇടപെടുകയായിരുന്നു. മതത്തിന്റെ പവിത്രത കളങ്കപ്പെടുന്നതിനെ നിതാന്ത ജാഗ്രതയോടെ കണ്ടിരുന്നു. ഒരിക്കല്‍ ഉമര്‍(റ) ഒരു ജൂതനെ കണ്ടുമുട്ടി. ജൂതന്‍ തൗറാത്തിലെ ഒരു വചനം ഉദ്ധരിച്ചതില്‍ അദ്ദേഹം ആകൃഷ്ടനായി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ജൂതന്‍ അതിന്റെ ഒരു പകര്‍പ്പ് നല്‍കി. പിന്നീട് ഉമര്‍(റ) പ്രസ്തുത പകര്‍പ്പുമായി നബി(സ്വ)യുടെ അടുത്തെത്തി. അത് വായിച്ചു കേള്‍പ്പിച്ചു. ഉമര്‍(റ) അതില്‍ ആകൃഷ്ടനായത് പ്രവാചകന്റെ ശ്രദ്ധയില്‍പെട്ടു. പൂര്‍വവേദങ്ങള്‍ യഥേഷ്ടം കൈകാര്യം ചെയ്യുന്നത് ആളുകള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇടവരുത്തും ഈര്‍ഷ്യയോടെയായിരുന്നു നബി(സ്വ)യുടെ പ്രതികരണം. ഖത്താബിന്റെ മകനേ, നിങ്ങള്‍ എന്റെ നിയമസംഹിതയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണോ? എന്റെ ആത്മാവ് ആരുടെ കൈകളിലാണോ അവന്‍ തന്നെ സത്യം. സ്ഫടികസമാനമായ ധവളിമയിലാണ് ഞാനത് നിങ്ങള്‍ക്ക് അവതരിപ്പിച്ചത്. അവരോട് ഒന്നിനെക്കുറിച്ചും ചോദിക്കരുത്. അവര്‍ സത്യം പറഞ്ഞാല്‍ നിങ്ങളത് അവിശ്വസിക്കാനും അബദ്ധം പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കാനും സാധ്യതയുണ്ട്. എന്റെ ആത്മാവ് ആരുടെ കരങ്ങളിലാണോ മൂസാ(അ) ജീവിച്ചിരുന്നെങ്കില്‍ എന്നെ പിന്തുടരുകയല്ലാതെ മറ്റൊരു വഴിയും അദ്ദേഹത്തിനില്ല (അഹ്‌മദ്) 3
തെറ്റു ചെയ്തവരോടും അബദ്ധം സംഭവിച്ചവരോടും സൗമ്യമായി ഇടപെട്ടുകൊണ്ട് തിരുത്താനും ഗുണകാംക്ഷിയാകാനും ഉപദേശിക്കാനുമുള്ള വിശാലമനസ്‌കതയായിരുന്നു റസൂല്‍(സ്വ) കാണിച്ചത്. ഒരാള്‍ പലായനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ പ്രവാചകന്റെ അടുത്ത് വന്നു പറഞ്ഞു. പലായനം ചെയ്യാന്‍ ഒരുക്കമാണെന്ന് പ്രതിജ്ഞ ചെയ്യാനാണ് ഞാന്‍ വന്നത്. കരഞ്ഞുകൊണ്ടിരിക്കുന്ന മാതാപിതാക്കളെ വീട്ടില്‍ ഉപേക്ഷിച്ചാണ് ഞാന്‍ വരുന്നത്. ഇതുകേട്ട് പ്രവചാകന്‍(സ്വ) അയാളെ കുറ്റപ്പെടുത്തുകയോ അയാളുടെ ചെയ്തിയെ അപലപിക്കുകയോ ചെയ്തില്ല. കാരണം സത്കര്‍മമാണെന്ന സദുദ്ദേശ്യത്തോടു കൂടിയാണയാള്‍ വന്നിട്ടുള്ളത്. നബി(സ്വ) സൗമ്യമായി അദ്ദേഹത്തെ ഉണര്‍ത്തി. ‘നീ അവരുടെ അടുത്തേക്ക് തിരിച്ചുപോയി അവരെ കരയിപ്പിച്ചതുപോലെത്തന്നെ അവരെ സന്തോഷിപ്പിക്കു (അബൂദാവൂദ്) 4
തെറ്റുകളോടുള്ള നമ്മുടെ സമീപനം ഒരിക്കലും തെറ്റിനേക്കാള്‍ ഗുരുതരമായി ആപത്തിലാവാന്‍ പാടില്ല. മാന്യവും ഗുണകാംക്ഷ നിര്‍ഭരവുമായ മനസ്സോടെ തെറ്റുകളെ തിരുത്താനും വീഴ്ചകളെ സൗമ്യമായി പരിഹരിക്കാനും സാധിക്കണമെന്നാണ് തിരുദൂതരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.
ക്ഷമ
ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെയും പ്രതിസന്ധികളെയും ആക്ഷേപങ്ങ ളെയും വിമര്‍ശങ്ങളെയും അക്രമ മര്‍ദനങ്ങളെയും പരിഹാസങ്ങളെയും, പീഡനങ്ങളെ യുമെല്ലാം സഹനത്തോടെ നേരിടുന്നതിനെയാണ് ക്ഷമ എന്നു പറയുന്നത്. സത്യവിശ്വാസി യുടെ ജീവിതത്തില്‍ മുഴുക്കെ പ്രകടമാവേണ്ട സ്വഭാവ ഗുണമാണ് ക്ഷമ. ആപത്ത് ബാധിക്കുമ്പോഴും അനിഷ്ടകരമായ സംഭവങ്ങളുണ്ടാവുമ്പോഴും വിശ്വാസ ദൃഢത കൊണ്ട് സഹനമവലംബിക്കുന്ന ക്ഷമാശീലര്‍ക്ക് കണക്കറ്റ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. പ്രവാചകന്മാരും അനുചരന്മാരും ക്ഷമയില്‍ ഉത്തമ മാതൃക കാഴ്ച വെച്ചവരായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ചരിത്രങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ഖുര്‍ആനില്‍ 103 സ്ഥലങ്ങളില്‍ ക്ഷമ എന്ന സദ്ഗുണത്തിന്റെ മഹത്വമുദ്‌ഘോഷിച്ച പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ട്. ‘അതിനാല്‍ നീ ക്ഷമിക്കുക, ഇഛാ ശക്തിയുള്ള പ്രവാചകന്മാര്‍ ക്ഷമിച്ചതു പോലെ, ഈ സത്യനിഷേധികളുടെ കാര്യത്തില്‍ നീ തിരക്കു കൂട്ടാതിരിക്കുക (46:35). ക്ഷമ പാലിക്കുകയും ക്ഷമ പാലിക്കാന്‍ പരസ്പരമാവശ്യപ്പെടുകയും ചെയ്യുന്നവര്‍ മാത്രമാണ് വിജയം വരിക്കുന്നതെന്ന് ഖുര്‍ആന്‍ വ്യക്തമാകുന്നു. ‘കാലം സാക്ഷി! തീര്‍ച്ചയായും മനുഷ്യരെല്ലാം നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സത്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചവരും സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരം ഉപദേശിച്ചവരുമൊഴികെ’ (103.1-3).
ക്ഷമാപൂര്‍വമായ കാത്തിരിപ്പിന്റെ അഹ്ലാദകരമായ പരിസമാപ്തിയുടെ ഉത്തമോദാഹരണ മായിട്ടാണ് യഅ്ഖൂബ് നബിയുടെ ജീവിതത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. പ്രിയപുത്രന്‍ യൂസുഫിനെ നഷ്ടപ്പെട്ടു. ശേഷം ഇളയ മകന്‍ കൂടി തന്നില്‍ നിന്ന് തട്ടി മാറ്റപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു ‘നന്നായി ക്ഷമിക്കുക തന്നെ. ഒരു വേള അവരെ എല്ലാവരെയും അല്ലാഹു എന്റെ അടുത്തെത്തിച്ചേക്കാം. നിശ്ചയം അവന്‍ സര്‍വജ്ഞനും യുക്തി ജ്ഞാനിയുമാകുന്നു(12:83). വളരെ അന്തസ്സാര്‍ന്ന നിലയില്‍ തന്നെ യഅ്ഖൂബ് നബിക്ക് മക്കളെ തിരിച്ചുകിട്ടുന്നതാണ് ആ ചരിത്രത്തില്‍ നാം കാണുന്നത്.
സത്യ പ്രബോധനത്തില്‍ അക്ഷമ കാണിച്ച് നീനുവ വാസികളില്‍ നിന്ന് വിട്ടകന്നു പോയ യൂനുസ് നബി(അ) കപ്പല്‍ യാത്രക്കിടയില്‍ ദൈവിക പരീക്ഷണത്തിന് വിധേയനായി. ഒടുവില്‍ പശ്ചാത്താപ വിവശനായി അല്ലാഹുവിനോട് പാപമോചനം തേടിയ യൂനുസ് നബിയെ അല്ലാഹു രക്ഷിക്കുകയും അദ്ദേഹത്തിന് തണലും ആഹാരവും പാനീയവും നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. പിന്നീട് അല്ലാഹു അദ്ദേഹത്തെ തന്റെ ജനതയിലേക്കു തന്നെ നിയോഗിക്കുകയും പതിനായിരങ്ങള്‍ സന്മാര്‍ഗം സ്വീകരിക്കുകയും ചെയ്തു. ക്ഷമാ ശീലര്‍ക്കുണ്ടാകുന്ന ഐഹിക ജീവിതത്തിലെ ശുഭകരമായ പര്യവസാനമാണ് ഈ ചരിത്രത്തില്‍ നിന്ന് നമുക്ക് ഉള്‍ക്കൊള്ളാനുള്ള പാഠം.
നബി(സ്വ) പറഞ്ഞു: ”ജനങ്ങളുമായി ഇടപഴകി ജീവിക്കുകയും. എന്നിട്ടവരുടെ ദ്രോഹം ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസിയാണ് ജനങ്ങളോട് കൂടിക്കലരാതെയും അവരുടെ ദ്രോഹം സഹിക്കാതെയും ജീവിക്കുന്ന വിശ്വാസിയെക്കാളുത്തമം” (ഇബ്‌നിമാജ) 5 പരലോക വിജയവും ക്ഷമാശീലര്‍ക്കാണെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. ”മലക്കുകള്‍ അവരെ അഭിവാദ്യം ചെയ്ത് ഇപ്രകാരം പറയും: നിങ്ങള്‍ ക്ഷമ കൈകൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം. ആ അന്തിമഗൃഹം എത്ര നല്ലത്! ”(13,24).
ക്ഷമ രണ്ടു വിധത്തിലുണ്ട്. ഒന്ന്, തിരിച്ചടിക്കാന്‍ ന്യായവും അതിനുള്ള ശക്തിയും ഉണ്ടായിട്ടും കോപത്തെ നിയന്ത്രിച്ച് മാപ്പു കൊടുക്കുക. രണ്ട്, കടുത്ത ജീവിതാനുഭവങ്ങളുണ്ടാവുമ്പോള്‍ അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് വിചാരിച്ച് നിരാശനാവാതെ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മനസ്സിനെ ശാന്തമാക്കുക. അല്ലാഹു പറയുന്നു: ‘കുറച്ചൊക്കെ ഭയം, പട്ടിണി, ധന നഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ ‘ഞങ്ങള്‍ അല്ലാഹുവിന്റെ അധീനതയിലാണ് അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാണ് എന്നായിരിക്കും അവര്‍ (ക്ഷമാശീലര്‍) പറയുക. അവര്‍ക്കാകുന്നു തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരാകുന്നു സന്മാര്‍ഗം പ്രാപിച്ചവര്‍’ (2:155-157).
പ്രതിസന്ധികള്‍ ജീവിതത്തില്‍ പല രൂപത്തില്‍ അഭിമുഖീകരിക്കേണ്ടിവന്ന പ്രവാചകന്മാരുടെ ചരിത്രത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ പാഠവും ക്ഷമ അവലംബിക്കുന്നവരെ അല്ലാഹു സഹായിക്കാമെന്നതാണ്. രോഗ ബാധിതനായ അയ്യുബ് നബി(അ) ക്ഷമാപൂര്‍വ്വം പ്രതീക്ഷയര്‍പ്പിച്ച് അല്ലാഹുവോട് ദൂആ ചെയ്യുന്നു. അല്ലാഹു പ്രവാചകന്റെ രോഗം ഭേദപ്പെടുത്തിക്കൊടുത്തു. അല്ലാഹു കല്പിക്കുന്നു: സത്യവിശ്വാസികളേ, സഹനംകൊണ്ടും നമസ്‌കാരം കൊണ്ടും നിങ്ങള്‍ സഹായം തേടുവിന്‍. നിശ്ചയം, അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ് (2:153) ക്ഷാമാലുക്കള്‍ക്ക് സ്വര്‍ഗത്തിലുള്ള ഉന്നത പദവികളെ സംബന്ധിച്ച്, വിശുദ്ധ ഖുര്‍ആനില്‍(25:75) പറയുന്നുണ്ട്. ക്ഷമ എന്ന സദ്ഗുണം വിശ്വാസിയുടെ ജീവിതത്തില്‍ സദാ ഉണ്ടായിരിക്കേണ്ടതാണെന്ന് ഇതെല്ലാം ഓര്‍മിപ്പിക്കുന്നു.
സമയനിഷ്ഠ
അല്ലാഹു നല്‍കിയ അതിമഹത്തായ അനുഗ്രമാണ് സമയം. നമുക്ക് ഈ ഭൂമിയില്‍ നിവസിക്കാനുള്ള സമയം എപ്പോഴാണ് അവസാനിക്കുക എന്നത് നമുക്ക് തീര്‍ത്തും അജ്ഞാതമാണ്. അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ ഐഹിക ജീവിതത്തില്‍ അവന്‍ നമുക്ക് അനുഗ്രഹിച്ചരുളിയ സമയത്തെ കൃത്യതയോടെ വിനിയോഗിക്കാന്‍ നാം ബാധ്യസ്ഥരാണ്. പ്രവാചകന്‍(സ്വ) പറയുന്നു ”ആയുസ്സ് എന്തിന് വിനിയോഗിച്ചു, യുവത്വം ഏത് കാര്യത്തിനാണ് തുലച്ചത്, ധനം എങ്ങനെ സമ്പാദിച്ചു, എങ്ങനെ വിനിയോഗിച്ചു, അറിവുകൊണ്ട് എന്ത് ചെയ്തു എന്നീ നാലു കാര്യങ്ങളെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടാതെ അന്ത്യദിനത്തില്‍ ഒരടിമയുടെയും ഇരുകാലുകള്‍ മുന്നോട്ട് നീങ്ങുകയില്ല” (തിര്‍മുദി) 6.
ആരോഗ്യവും സമയവും യഥാവിധി വിനിയോഗിച്ചാല്‍ അത് ലാഭകരമാവും. എന്നാല്‍ അത് പാഴാക്കിക്കളഞ്ഞാല്‍ ആ നഷ്ടം നികത്തപ്പെടുന്നതല്ല. നബി(സ്വ) പറഞ്ഞു: ”ഏറെ പേരും നഷ്ടപ്പെട്ടവരാകുന്ന രണ്ടു കാര്യങ്ങളുണ്ട്. ആരോഗ്യവും ഒഴിവുസമയവുമാണവ” (ബുഖാരി) 7 സമയനഷ്ടത്തെ സമ്പത്തിന്റെ നഷ്ടത്തേക്കാള്‍ ഗൗരവമായി കാണാന്‍ വിശ്വാസിക്ക് കഴിയണം. പണം ലാഭിക്കുന്നതിനേക്കാള്‍ ജാഗ്രതയോടെ സമയം ലാഭിക്കാന്‍ ജാഗ്രത പുലര്‍ത്തണം.
വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു. ”അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് ഒട്ടും നീട്ടി കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായി അറിയുന്നവനാണ് അല്ലാഹു” (63:11).
ഇസ്‌ലാമിലെ അനുഷ്ഠാനങ്ങള്‍ സമയനിഷ്ഠ പരിശീലിപ്പിക്കാന്‍ പര്യാപ്തവും സഹായകവുമാണ്. അഞ്ചുനേരത്തെ നമസ്‌കാരം സമയനിര്‍ണിതവും സമയബന്ധിതവുമാണ്. നോമ്പ് നിര്‍ണിതമാസത്തിലാണ്. നിശ്ചിത സമയം മുതല്‍ നിര്‍ണയിക്കപ്പെട്ട സമയം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് നാം വ്രതാനുഷ്ഠാനത്തിലാവുന്നു. സകാത്ത് നല്‍കേണ്ടതും വര്‍ഷത്തിലൊരിക്കലാണ്, ഹജ്ജിന് നിശ്ചിത മാസവും സമയവും ഉണ്ട്. ഇസ്‌ലാമില്‍ എല്ലാ ആരാധനാകര്‍മങ്ങളും സമയനിഷ്ഠ പാലിക്കാന്‍ വിശ്വാസിയെ പ്രാപ്തനാക്കുന്നു. രാവിലെ നേരത്തെ ഉണര്‍ന്ന് പ്രാര്‍ഥനാനിരതനാവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. ”എന്റെ സമുദായത്തെ നീ അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രഭാത വേളയില്‍ ചെയ്യുന്നതില്‍ അനുഗ്രഹിക്കേണമേ” (അബൂദാവൂദ്) 8
നന്ദി ബോധം
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്താവുന്നതല്ല. സൃഷ്ടികള്‍ സൃഷ്ടികള്‍ക്ക് വല്ല ഉപകാരവുംചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍ അതിന് പ്രത്യുപകാരം ചെയ്യുകയോ നന്ദിവാക്ക് പറയുകയോ ചെയ്യുന്നത് പ്രാഥമിക മര്യാദയാണല്ലോ.
സ്വന്തം അധ്വാന പരിശ്രമങ്ങളില്ലാതെ ലഭ്യമായ ശരീരവും ശാരീരികാവയവങ്ങളും ജീവനും ജീവിതവും വെള്ളവും വെളിച്ചവും മറ്റ് പ്രകൃതിവിഭവങ്ങളും പൂര്‍ണമായ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കുന്ന മനുഷ്യന്‍ പലപ്പോഴും അവയുടെ ദാതാവിനെ വിസ്മരിച്ചു പോകുന്നു. ദിവ്യാനുഗ്രഹങ്ങളുടെ നടുവിലാണ് താന്‍ ജനിക്കുകയും ജീവിക്കുകയും ചെയ്തു കൊണ്ടിരുന്നതെന്ന് മനുഷ്യന്‍ ഓര്‍ക്കുമ്പോഴാണ് അനുഗ്രഹദാതാവായ സ്രഷ്ടാവിനോട് നന്ദി പ്രകാശിപ്പിക്കേണ്ടതുണ്ട് എന്ന ചിന്തയുണ്ടാകുന്നത്.
ഒരു തത്ത്വജ്ഞാനി ഹാറൂന്‍ റശീദിനോട് ചോദിച്ചു: താങ്കള്‍ മരുഭൂമിയിലൂടെ സഞ്ചരിക്കവേ ദാഹിച്ചു വലഞ്ഞു. കണ്ണെത്താവുന്ന ദൂരത്തെവിടെയും വെള്ളമില്ല. മരിക്കാന്‍ പോകുന്ന താങ്കള്‍ക്ക് ഒരു ഗ്ലാസ് വെള്ളം കിട്ടിയാല്‍ എന്തു വില നല്‍കും? എന്റെ സാമ്രാജ്യത്തിന്റെ പാതി നല്‍കും. ഹാറൂന്‍ റശീദ് പറഞ്ഞു. വീണ്ടും അയാള്‍ ചോദിച്ചു. ‘താങ്കള്‍ മൂത്രമൊഴിക്കാന്‍ കഴിയാതെ കഠിനമായി പ്രയാസപ്പെടുന്നു. അപ്പോള്‍ മൂത്രം പോകാന്‍ സഹായിക്കുന്ന മരുന്ന് തരുന്നയാള്‍ക്ക് എന്ത് കൊടുക്കും? ‘എന്റെ സാമ്രാജ്യത്തിന്റെ ബാക്കി മുഴുവനും നല്‍കും’ ഒരു ഗ്ലാസ് വെള്ളം കുടിച്ച് മൂത്രമൊഴിക്കുന്നതിന്റെ വില വിശാലമായ സാമ്രാജ്യത്തോളമാണെങ്കില്‍ ആയുസ്സ് മുഴുവനും അതുത്തന്നെ ചെയ്യുന്നതിന്റെ വില ആര്‍ക്കാണ് കണക്കാക്കാനാവുക!
”നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെ എണ്ണുകയാണെങ്കില്‍ അതിനെ തിട്ടപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിശ്ചയം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’‘(16:18). അല്ലാഹു പറയുന്നു ‘അല്ലാഹുവാണ് നിങ്ങള്‍ക്ക് കണ്ണും കാതും ഹൃദയവും ഉണ്ടാക്കിത്തന്നത്. എന്നിട്ടും വളരെ കുറച്ച് മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ’ (23:78).
അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹത്തിന്റെ വിലയറിയണമെങ്കില്‍ ആ അനുഗ്രഹം ലഭിക്കാതെ പോയ ആളുകളെക്കുറിച്ച് ചിന്തിക്കണം. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹം വര്‍ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍ നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം ശ്രദ്ധേയമത്രേ’(14:7).
ഐഹിക ജീവിത്തില്‍ മനുഷ്യരുടെ സൃഷ്ടിപ്പ് വിഭിന്നാവസ്ഥയിലാണ്. സമ്പത്ത് , ആരോഗ്യം, ഭൗതിക വിഭവങ്ങള്‍ എന്നിവ ഓരോരുത്തര്‍ക്കും നല്കപ്പെട്ടിട്ടുള്ള അളവും തോതും തീര്‍ത്തും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ സുഖജീവിതത്തിന്റെ ഉപാധികളായ സമ്പത്തിന്റെയും സന്താനങ്ങളുടെയും ഭൗതിക വിഭവങ്ങളുടെയും കാര്യത്തില്‍ അത് അത്രതന്നെ ലഭിക്കാതെ പോയ ആളുകള്‍ക്ക് നിരാശ തോന്നുക സ്വാഭാവികമാണ്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് ലഭിച്ച അനുഗ്രഹത്തിന്റെ അടയാളങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു. അനുഗ്രഹങ്ങളെ വിസ്മരിച്ചവര്‍ നന്ദികേട് കാണിക്കുന്നു. ഇക്കൂട്ടരോട് അല്ലാഹു കല്‍പിക്കുന്നത് ഇപ്രകാരമാണ്. ‘അവരില്‍(അവിശ്വാസികളില്‍)പെട്ട പല വിഭാഗക്കാര്‍ക്കും നാം സുഖസൗകര്യങ്ങള്‍ നല്‍കിയിട്ടുള്ളതിന്റെ നേര്‍ക്ക് നീ നിന്റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുത്. അവരെപ്പറ്റി നീ വ്യസനിക്കേണ്ട‘(15:88).
അല്ലാഹു പറയുന്നു. ‘അവരില്‍(മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹിക ജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്റെ ദൃഷ്ടികള്‍ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍(ഉദ്ദേശിക്കുന്നു). നിന്റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും(20:131).
ജീവിത നിലവാരത്തിലും ഭൗതിക വിഭവങ്ങളിലും ഏറ്റ വ്യത്യാസങ്ങള്‍ മനുഷ്യരില്‍ പ്രകടമാവുന്നതിനാല്‍ ഓരോരുത്തര്‍ക്കും ലഭിച്ച അനുഗ്രഹത്തിന്റെ മഹാത്മ്യം അറിയാനും നന്ദിയുള്ളവരായി ജീവിക്കാനും നബി(സ്വ) ഒരു ഉപദേശം നല്‍കുന്നു.
‘നിങ്ങള്‍ നിങ്ങളേക്കാള്‍ താഴ്ന്നവരിലേക്ക് നോക്കുക. നിങ്ങള്‍ നിങ്ങളെക്കാള്‍ മീതെയുള്ളവരിലേക്ക് നോക്കരുത്, അതാണ് നിങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളെ നിങ്ങള്‍ നിസ്സാരമായി കാണാതിരിക്കാന്‍ ഏറ്റവും നല്ലത്’.(മുസ്‌ലിം) 9
അനുരഞ്ജനം
മനുഷ്യര്‍ സ്വഭാവ വിശേഷങ്ങളിലും വീക്ഷണ നിലപാടുകളിലും ഭിന്നത പുലര്‍ത്തുന്നവരാണ്. യോജിപ്പുണ്ടാകുന്നത് പോലെ വിയോജിപ്പും പിണക്കങ്ങളും മനുഷ്യ സഹജമാണ്. ഇണങ്ങിയും പരസ്പരം സഹകരിച്ചും ജീവിക്കുന്നവര്‍ക്കിടയില്‍ അസ്വാരസ്യമോ, അഭിപ്രായ വ്യത്യാസമോ ഉണ്ടാകുമ്പോള്‍ അത് ശത്രുതയായി വളരാതിരിക്കാന്‍ അനുവാര്യമായ ഇടപെടലുകള്‍ സദുദ്ദേശ്യപൂര്‍വ്വം നടത്തുന്നതിനാണ് അനുരഞ്ജനം (സുല്‍ഹ്) എന്ന് പറയുന്നത്. പിണങ്ങിയ മനസ്സുകളെ ഇണക്കാനും അറ്റു പോയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാനും അനുരഞ്ജന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയായിട്ട് ഇസ്‌ലാം പഠിപ്പിക്കുന്നു. ആളുകള്‍ക്കിടയില്‍ അനൈക്യത്തിന്റെ വിത്തുപാകി ഛിദ്രതക്ക് വളം വെച്ചു കൊടുക്കുന്ന മുഫ്‌സിദിന്റെ(കുഴപ്പക്കാരന്‍) വേഷമണിയാന്‍ വിശ്വാസികള്‍ക്ക് ഒരിക്കലും സാധ്യമല്ല. അല്ലാഹു പറയുന്നു: നിശ്ചയം സത്യ വിശ്വാസികള്‍ ഏകോദര സഹോദരന്മാരാണ് അതിനാല്‍ നിങ്ങളുടെ സഹോദരന്മാര്‍ക്കിടയില്‍ നിങ്ങള്‍ യോജിപ്പുണ്ടാക്കുക (49:10).
ഗുഢാലോചന (രഹസ്യ സംസാരം), കളവ് പറയല്‍ എന്നിവ പ്രഥമ ദൃഷ്ട്യാ ദുസ്വഭാവങ്ങളുടെ ഗണത്തില്‍ എണ്ണപ്പെടുന്ന കാര്യങ്ങളാണ്. മിക്കപ്പോഴും വ്യക്തികള്‍ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ഇതരവ്യക്തികളുടെ ദോഷത്തിനും അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാനുമാണ് ഇത്തരം ദുസ്വഭാവങ്ങളെ കൂട്ടുപിടിക്കാറുള്ളത്. എന്നാല്‍ സദുദ്ദേശ്യപരമായി മനുഷ്യര്‍ക്കിടയില്‍ വിശേഷിച്ചും സഹോദരങ്ങളെപ്പോലെ കഴിയേണ്ട വിശ്വാസികള്‍ക്കിടയില്‍ ഈ യോജിപ്പിനായി അല്ലെങ്കില്‍ ഭിന്നതയില്ലാതെയാക്കാന്‍ രഹസ്യസംസാരം നടത്തുന്നതും വേണ്ടിവന്നാല്‍ കളവു പറയുന്നതു പോലും തെറ്റില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും തിരുവചനങ്ങളും നമ്മെ പഠിപ്പിക്കുന്നു. സമൂഹനന്മയ്ക്കും ഐക്യത്തിനും വിലങ്ങു തടിയാവുന്ന വിധം ആളുകള്‍ക്കിടയില്‍ അകല്‍ച്ചയും അഭിപ്രായ ഭിന്നതയും ഒരു യോജിപ്പിലേക്ക് എത്താന്‍ കഴിയാത്തവിധം നിലനില്‍ക്കുക എന്നത് ഒരിക്കലും ഗുണകരമല്ല. ഇവിടെയൊക്കെ മൂന്നാം കക്ഷിയുടെ ഇടപെടലുകള്‍ നിമിത്തം അനുരഞ്ജനത്തിലൂടെ മനസ്സുകളെ ഇണക്കത്തിലേക്കും യോജിപ്പിലേക്കും എത്തിക്കാന്‍ വേണ്ടത് ചെയ്യാനുള്ള ബാധ്യത വിശ്വാസിക്ക് ഉണ്ടായിരിക്കുമെന്ന് അല്ലാഹു പറയുന്നു. ”അവരുടെ രഹസ്യസംസാരത്തില്‍ മിക്കതിലും ഒരു നന്‍മയുമില്ല. വല്ല ദാനധര്‍മത്തെയോ (സദാചാര) മര്യാദയെയോ, ന്യായമായ വല്ലതിനും ജനങ്ങളുടെ ഇടയില്‍ സന്ധിയാക്കാനോ സംബന്ധിച്ചു കല്‍പിക്കുന്നവന്റെ വാക്കുകളില്‍ ഒഴികെ, അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് ആരെങ്കിലും അതു ചെയ്യുന്ന പക്ഷം വഴിയെ നാം അവന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്” (4:114).
ഉമ്മുകുല്‍സു(റ) പറയുന്നു: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു. ‘ജനങ്ങളുടെ ഇടയില്‍ യോജിപ്പുണ്ടാക്കുവാന്‍ വേണ്ടി അവാസ്തവം പറയുന്നവന്‍ കളവ് പറയുന്നവനല്ല കാരണം അവന്‍ നന്മ വളര്‍ത്തുന്നു അല്ലെങ്കില്‍ നന്മ പറയുന്നു’ (ബുഖാരി) 10
ദമ്പതിമാരുടെ ഇടയില്‍ അസ്വാരസ്യവും വിയോജിപ്പും ഉണ്ടാകുന്നത് കുടുംബബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിന് നിമിത്തമാകുന്നു. അഭിപ്രായ ഭിന്നതയും പിണക്കങ്ങളും മനസ്സുകള്‍ അകന്ന് പോകുന്ന വിധം വഷളാക്കാതെ നോക്കേണ്ടത് ദാമ്പത്യത്തിന്റെ താളപ്പൊരുത്തത്തിന് അനിവാര്യമാണ്. വിവാഹമെന്ന ഉറച്ച കരാറിലൂെട വിളക്കിച്ചേര്‍ക്കുന്ന പവിത്ര ബന്ധത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കാന്‍ ഭാര്യഭര്‍ത്താക്കന്മാര്‍ ബാധ്യസ്ഥരാണ്. ചെറിയ പിണക്കങ്ങള്‍ അകല്‍ച്ചയിലേക്കും ഒടുവില്‍ വിവാഹ മോചനത്തിലേക്കും എത്തുന്ന ദുരവസ്ഥ ഇല്ലാതെയാക്കേണ്ടത് ദമ്പതിമാര്‍ തന്നെയാണ്. യോജിപ്പിന്റെ ഫോര്‍മുല മുന്നോട്ട് വെച്ച് സൂക്ഷ്മതയോടെ ജീവിക്കാന്‍ ആയിരിക്കണം ദമ്പതിമാര്‍ മനസ്സ് വെക്കേണ്ടതെന്ന് അല്ലാഹു പഠിപ്പിക്കുന്നു. ‘വല്ല സ്ത്രീയും തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ പരസ്പരം തങ്ങള്‍ക്കിടയില്‍ വല്ല യോജിപ്പുണ്ടാക്കുന്നതിന് അവര്‍ക്ക് കുറ്റമില്ല. യോജിപ്പാകട്ടെ ഗുണകരമാകുന്നു. പിശുക്ക് മനസ്സുകളില്‍ നിന്ന് വിട്ടു മാറാത്തതാകുന്നു. നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിലോ നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷമമായി അറിയുന്നവനാകുന്നു (4:128).
പിണക്കങ്ങള്‍ ശത്രുതയായി എളുപ്പത്തില്‍ വളരുകയും ഒടുവില്‍ കലഹത്തിന് കളമൊരുക്കി സമാധാനന്തരീക്ഷം നഷ്ടപ്പെടുന്ന സാഹചര്യം സംജാതമായിത്തീരുകയും ചെയ്യാറുണ്ട്. ഇവിടെ അനുരഞജന നീക്കത്തിലൂടെ നീതിയുടെ നിലപാടുമായി മുന്നോട്ട് പോകാന്‍ അല്ലാഹു വിശ്വാസികളോട് കല്പിക്കുന്നു. സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ പോരടിച്ചാല്‍ അവര്‍ക്കിടയില്‍ നിങ്ങള്‍ രഞജിപ്പുണ്ടാക്കണം. എന്നിട്ട് രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്റെ കല്പനയിലേക്കു മടങ്ങി വരുന്നത് വരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങി വരികയാണെങ്കില്‍ നീതിപൂര്‍വം അവര്‍ക്കിടയില്‍ രഞജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു (49:9).
സഹിഷ്ണുത
സ്വന്തം അഭിരുചിക്ക് ഇണങ്ങാത്തതിനെയായാലും ക്ഷമയോടെ നോക്കിക്കാണാനും അംഗീകരിക്കാനുമുള്ള സന്നദ്ധതയാണ് സഹിഷ്ണുത. എന്നാല്‍ ആധുനിക കാലഘട്ടം വിയോജിപ്പുകളെ വിരോധങ്ങളായി കാണുകയും പകയിലേക്കും വൈരാഗ്യങ്ങളിലേക്കും കലാപങ്ങളിലേക്കും നീങ്ങുകയും ചെയ്യുന്ന ഒരു കാലാമായി മാറുകയാണ്. മതം, ജാതി, രാഷ്ട്രീയം, വര്‍ണം, വര്‍ഗം, വിശ്വാസം, നാട്, ആഹാരം, വേഷം, ജോലി, ചിന്ത, ആചാരങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അസഹിഷ്ണുക്കളായി മനുഷ്യര്‍ മാറിക്കൊണ്ടിരിക്കുന്നു.
അല്ലാഹുവിന്റെ ഏകത്വവും മാനവരാശിയുടെ ഏകത്വവും ദൈവഭക്തന്മാരുടെ ഏക ഭാവവും ഉദ്‌ഘോഷിക്കുന്ന മതമാണ് ഇസ്‌ലാം. ഒരു മാതാവിന്റെയും പിതാവിന്റെയും സന്തതികള്‍ എന്ന നിലക്ക് മനുഷ്യസമൂഹം ഭിന്നതകളെല്ലാം മാറ്റിവെച്ച് ഒന്നായി കഴിയേണ്ടവരാണ്.
മനുഷ്യ സമൂഹം ഒരു ജാതിയാണ്. വര്‍ണത്തിന്റെയും വര്‍ഗത്തിന്റെയും വേര്‍തിരിവുകള്‍ മാറ്റിവെച്ച് മനുഷ്യര്‍ എന്ന നിലക്ക് പരസ്പരം ആദരവും സ്‌നേഹവും നിലനിര്‍ത്തി ജീവിക്കേണ്ടവരാണെന്നു ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ‘ദൈവത്തിന്റെ നിരവധി സൃഷ്ടികളെക്കാള്‍ അല്ലാഹു മനുഷ്യന് ഔന്നത്യം നല്‍കിയിട്ടുണ്ട് ‘(17:70). മാതാപിതാക്കളും ബന്ധുക്കളും അമുസ്‌ലിംകളായിരുന്നാലും അവര്‍ മാതാപിതാക്കളും ബന്ധുക്കളും അല്ലാതാകുന്നില്ല. അല്ലാഹു പറയുന്നു. ”നിനക്ക് അറിവില്ലാത്തത് എന്നില്‍ പങ്കുചേര്‍ക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാല്‍ നീ അവരെ അനുസരിക്കരുത്. എന്നാല്‍ നല്ല നിലക്ക് അവരിരുവരോടും ഭൗതിക കാര്യങ്ങളില്‍ സഹവസിക്കുക” (31:15).
അസമാഅ്(റ) പറയുന്നു: നബി(സ്വ)യുടെ കാലത്ത് ബഹുദൈവ വിശ്വാസിയായിരുന്ന എന്റെ മാതാവ് സഹായം ചോദിച്ചു കൊണ്ട് എന്റെ അടുത്ത് വരികയുണ്ടായി. ഞാന്‍ ഇതിനെക്കുറിച്ച് നബി(സ്വ)യോട് മതവിധി അന്വേഷിച്ചു. അവരുടെ കുടുംബബന്ധം നിലനിര്‍ത്തേണ്ടതുണ്ടോ എന്നായിരുന്നു എനിക്ക് അറിയേണ്ടത്. നബി(സ്വ) പറഞ്ഞു. നീ അവരുമായി കുടുംബബന്ധം പുലര്‍ത്തുക (ബുഖാരി) 11
വിമതസ്ഥരുമായി നല്ല മാനുഷിക ബന്ധം നിലനിര്‍ത്താന്‍ ഇസ്‌ലാം വിശ്വാസികളോടാവശ്യപ്പെടുന്നു. ഒരിക്കല്‍ ഒരു മൃതദേഹം കൊണ്ടുപോകുന്നതു കണ്ടപ്പോള്‍ നബി(സ്വ) ആദരപൂര്‍വ്വം എഴുന്നേറ്റു നിന്നു. അനുചരന്മാര്‍ അത്ഭുതത്തോട ചോദിച്ചു. അത് ഒരു ജൂതന്റെ ശവമല്ലേ? പ്രവാചകന്‍(സ്വ) പ്രതിവചിച്ചത് ‘അദ്ദേഹവും മനുഷ്യനല്ലേ’ എന്നായിരുന്നു (ബുഖാരി) 12
സഹോദരങ്ങള്‍ എന്ന നിലക്ക് മനുഷ്യരുടെ പൊതു ആവശ്യങ്ങളില്‍ പരസ്പരം സഹകരിക്കാനും മാനുഷിക ബന്ധങ്ങള്‍ നിലനിര്‍ത്താനും ബാധ്യതകള്‍ നിര്‍വ്വഹിക്കാനും ഇസ്‌ലാം പഠിപ്പിക്കുന്നു. ഇസ്‌ലാമിന്റെ ബദ്ധ വൈരികളായ ജൂതരോടു പോലും സൗഹൃദം നിലനിര്‍ത്തിയതിന്റെയും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെയും ഉദാഹരണങ്ങള്‍ നബി(സ്വ)യുടെ ജീവിതത്തിലുണ്ട്. നബി(സ്വ)യെ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്ന ജൂത സ്ത്രീയുടെ ശല്യപ്പെടുത്തല്‍ ഒരു ദിവസം ഇല്ലാതായപ്പോള്‍ നബി(സ്വ) വിവരമന്വേഷിച്ചു. അപ്പോള്‍ അവര്‍ രോഗിയാണെന്ന് അറിഞ്ഞു. ഉടന്‍ തിരുദൂതര്‍ വീട്ടില്‍ ചെന്ന് അവരെ സന്ദര്‍ശിച്ചു.
ഇസ്‌ലാം സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മതമാണെന്ന് നബി(സ്വ)യുടെ ജീവിതം കൊണ്ട് മാതൃക കാണിച്ചുതന്നു. വിശ്വാസസംബന്ധമായ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറാവാതെ അന്യമതസ്ഥര്‍ക്ക് അവരുടെ വിശ്വാസപ്രകാരം ജീവിക്കാനും ആരാധന നിര്‍വഹിക്കുവാനുമുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ചെയ്യുന്നത്. ഒരിക്കല്‍ നജ്‌റാനിലെ ക്രിസ്ത്യാനികള്‍ നബി(സ്വ)യുമായി സംസാരിക്കാന്‍ മസ്ജിദുന്നബവിയില്‍ വന്നു. അവരുടെ പ്രാര്‍ഥനാ സമയമായപ്പോള്‍ ബയ്തുല്‍ മുഖദ്ദസിന് നേരെ തിരിഞ്ഞ് പ്രാര്‍ഥിക്കാന്‍ അവര്‍ക്ക് നബി(സ്വ) അനുമതി നല്‍കി (സാദുല്‍ മആദ്) 13
വൈവിധ്യങ്ങളെ വസ്തുതയായി അംഗീകരിച്ച് വൈരുധ്യങ്ങളുടെ കാതലില്‍ വിയോജിച്ചും മാനുഷികമായ സഹവര്‍ത്തിത്വം പുലര്‍ത്താന്‍ കഴിയണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സഹവര്‍ത്തിത്വത്തിന്റെ മുന്‍ ഉപാധിയാണ് സഹിഷ്ണുത. അമുസ്‌ലിം സമൂഹത്തോടുള്ള സഹിഷ്ണുതയില്‍ അധിഷ്ഠിതമായ സഹവര്‍ത്തനത്തിന്റെ രീതി അല്ലാഹു പഠിപ്പിക്കുന്നു. ”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങള്‍ അവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് വിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു’‘ (60:8).
നബി(സ്വ)യുടെ മക്കാജീവിത കാലഘട്ടത്തില്‍ ഏറെ ദുരിതങ്ങള്‍ അമുസ്‌ലിംകളില്‍ നിന്ന് സഹിക്കേണ്ടി വന്നപ്പോഴും നബി(സ്വ) സഹിഷ്ണുത നിലനിര്‍ത്തിക്കൊണ്ട് അവരോട് സഹവര്‍ത്തിച്ചു. മദീനയിലെത്തിയ ശേഷവും ജൂതന്‍മാരുമായും അമുസ്‌ലിം ഗോത്രത്തലവന്‍മാരുമായും നബി(സ്വ) സഖ്യത്തിലേര്‍പ്പെട്ടു. സഖ്യകക്ഷികളുടെ ആദര്‍ശ ഭിന്നത മദീന എന്ന നാടിനെ അക്രമിക്കുന്നവര്‍ക്കെതിരെ ഒന്നിച്ച് നേരിടാന്‍ മുസ്‌ലിംകള്‍ക്ക് തടസ്സമായിരുന്നില്ല.
References
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നി ഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 41, പേജ് 255, ഹദീസ് 24734[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 22, ഹദീസ് 2593[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 23, പേജ് 349, ഹദീസ് 15156[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 17, ഹദീസ് 2528[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 05, പേജ് 160, ഹദീസ് 4032[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 217, ഹദീസ് 2417[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 88, ഹദീസ് 6412[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 35, ഹദീസ് 2606[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 213, ഹദീസ് 2963[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 183, ഹദീസ് 2692[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 164, ഹദീസ് 2620[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 85, ഹദീസ് 1312[↩]
- സാദുല്‍ മആദി ഫീ ഹദ്‌യി ഖൈറില്‍ ഇബാദി, മുഹമ്മദു ബ്‌നു അബീബക്ര്‍ ബ്‌നു അയ്യൂബി ബ്‌നു സഅ്ദില്‍ ശംസിദ്ദീന്‍, ഇബ്‌നില്‍ ഖയ്യിം(റ), മുഅസ്സതുര്‍റിസാല ബൈറൂത്ത് & മക്തബതുല്‍ മനാറില്‍ ഇസ്‌ലാമിയ്യ, കുവൈത്ത്, 27ാം പതിപ്പ്, വാള്യം 03, പേജ് 549, ഹദീസ് 549[↩]
